ഗവ. എൽ പി എസ് എളന്തിക്കര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

നമ്മുടെ ഗ്രാമത്തിൽ 1947 ൽ സ്ഥാപിതമായ സരസ്വതി ക്ഷേത്രമാണ് എളന്തിക്കര സർക്കാർ പള്ളിക്കൂടമായി നമ്മുടെ മുന്നിൽ തലയെടുപ്പോടെ നിൽക്കുന്നത്. ഈ ഗ്രാമത്തെ വെളിച്ചത്തിലേക്ക് നയിച്ച മഹാനുഭാവനായ ചെറുകളത്തിൽ ഡോ.ശങ്കരൻ അവർകൾ ആണ് നമ്മുടെ നാടിന്റെ സാംസ്ക്കാരിക ക്ഷേത്രമായ ഈ വിദ്യാലയം സ്ഥാപിച്ചത്. അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം 'വിദ്യകൊണ്ട് പ്രബുദ്ധരാവുക' എന്ന ശ്രീ നാരായണ ഗുരുവിന്റെ ദർശനം കൂടിയായിരിക്കാം. വിദ്യാഭ്യാസം ഒരു സ്വപ്നമായിരുന്ന നമ്മുടെ ഗ്രാമത്തിലെ പൂർവ്വികർ ഏറെ ത്യാഗം സഹിച്ച് പ്രാഥമിക വിദ്യാഭ്യാസം പോലും നേടാൻ ദൂരസ്ഥലമായ ചേന്ദമംഗലം, പറവൂർ എന്നിവിടങ്ങളിലാണ് പോയിരുന്നതെന്നോർക്കുമ്പോൾ നാം ഇന്ന് അനുഭവിക്കുന്ന സുഖസൗകര്യം കെട്ടിപൊക്കാൻ നമ്മുടെ പൂർവ്വികർ ത്യാഗപൂർണ്ണമായ ജീവിതം നയിച്ചതിന്റെ സാക്ഷ്യപത്രമാണെന്ന തിരിച്ചറിവ് നമുക്കേവർക്കും ഉണ്ടായിരിക്കേണ്ടതാണ്. ഏറെ പ്രകൃതി രമണീയവും എളന്തിക്കര ദേശത്തിന്റെ തിലകക്കുറിയുമായ ഒരു കുന്നിന്റെ മുകളിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഉദയസൂര്യന്റെ നൈർമല്ല്യവും അസ്തമയ സൂര്യന്റെ വിട വാങ്ങലും നമ്മുടെ വിദ്യാലയത്തിന്റെ തിരുമുറ്റത്ത് നിന്നും ദർശിക്കാൻ കഴിയുന്ന ഭാഗ്യവും നമുക്ക് ലഭ്യമാണ്. ഈ അവസരത്തിൽ ഒരു ജനതയുടെ സാംസ്ക്കാരികവും സാമ്പത്തികവുമായ ഉയർച്ചയ്ക്ക് കൈവിളക്കായി നിന്ന ഒരു പറ്റം ഗുരുഭൂതന്മാരെ നമ്രശിരസ്ക്കരായി നമുക്ക് വണങ്ങിടാം. കർത്താവ് സാർ, ജോസഫ് മാസ്റ്റർ, ശങ്കരൻ മാസ്റ്റർ, ബാലൻ മാസ്റ്റർ, ക്ലാര ടീച്ചർ, സുകുമാരൻ മാസ്റ്റർ, മൈഥിലി ടീച്ചർ, കൊച്ചമ്മിണി ടീച്ചർ, സുമതി ടീച്ചർ, ആന്റണി മാസ്റ്റർ, സെബാസ്റ്റ്യൻ മാസ്റ്റർ, വേലായുധൻ മാസ്റ്റർ, മോഹനൻ മാസ്റ്റർ ഇവരെ കൂടാതെ നന്മയിൽ നിന്നും അകന്നു പോയ കർമ്മ ധീരന്മാരായ നിരവധി അദ്ധ്യാപിക – അദ്ധ്യാപകന്മാർ ഇവരെല്ലാം ചേർന്ന് കൊളുത്തി വെച്ച ഈ ഭദ്രദീപം ഒളിമങ്ങാതെ നമുക്ക് കാത്തു സൂക്ഷിക്കാം. നമ്മുടെ നാടിനു ചുറ്റും മുളച്ചു പൊന്തുന്ന പല തരത്തിലുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ പശ്ചാത്തല സൗകര്യത്തേക്കാൾ ഏറെ മികവാർന്ന സൗകര്യങ്ങളാണ് എളന്തിക്കര ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളിന്റേതെന്ന് നമുക്കേവർക്കും അഭിമാനിക്കാവുന്നതാണ്. മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും വളരെ ശ്രദ്ധയോടെയാണ് നമ്മുടെ സ്കൂളിൽ പഠിപ്പിക്കുന്നത്.സ്കൂളിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങൾ ജില്ലാ തലത്തിൽ തന്നെ ഏറെ ശ്രദ്ധപിടിച്ചു പറ്റിയിട്ടുള്ളതാണ് . ഇവിടെ ജോലി ചെയ്യുന്ന അദ്ധ്യാപകരുടേയും അവർക്ക് തേതൃത്വം നൽകുന്ന ഹെഡ് മാസ്റ്റർ വത്സലൻ മാസ്റ്ററുടേയും കൂട്ടായ പരിശ്രമവും സർവ്വോപരി രക്ഷാകർത്താക്കളുടേയും നാട്ടുകാരുടേയും നിർലോഭമായ സഹായ സഹകരണങ്ങൾ സ്കൂളിന്റെ പാഠ്യ- പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് മികവ് പുലർത്താൻ സാധിക്കുന്നു. കുട്ടികൾക്ക് നൽകി വരുന്ന പ്രഭാത ഭക്ഷണം നമ്മുടെ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്. സാങ്കേതിക പരിജ്ഞാനം കൊച്ചു കുട്ടികൾക്ക് പകർന്ന് നൽകാൻ പര്യാപ്തമായ സ്മാർട്ട്റൂം നമ്മുടെ സ്ഥാപനത്തിലുള്ളത് നാട്ടുകാരിൽ ഏറെ മതിപ്പുളവാക്കിയിട്ടുണ്ട്. സാധാരണക്കാരുടെ പ്രാഥമിക പഠനകേന്ദ്രമായ ഈ സ്കൂളിലേക്ക് സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവരുടെ കുട്ടികൾ കൂടി വന്നുചേരുന്നതും അവരെല്ലാം തന്നെ ഒത്തൊരുമയോടെ പ്രവർത്തിക്കുന്നതും നമ്മുടെ വിദ്യാലയത്തിന്റെ മികവുകൊണ്ടു മാത്രമാണ്. സർക്കാർ പള്ളിക്കൂടങ്ങൾ നിലനിൽക്കേണ്ടത് ഒരു നാടിന്റെ സാംസ്ക്കാരിക വളർച്ചയ്ക്കും അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവിലേക്ക് എത്തിച്ചേർന്ന എല്ലാ സുമനസുകളേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.