ഗവ. എൽ.പി .സ്കൂൾ‍‍‍‍ , വഞ്ചിയം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
         1973 നവംബർ പതിനൊന്നാം തീയതി ഒരു  താൽക്കാലിക ഷെഡ്ഡിൽ  അന്നത്തെ കാസർഗോഡ് എം.പി ആയിരുന്ന ശ്രീ. കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ച ഈ കൊച്ചു വിദ്യാലയം വഞ്ചിയം ആടാം പാറ നിവാസികളുടെ തീവ്രമായ ആശയ അഭിലാഷങ്ങളുടെ സഫലീകരണമാണ്. പ്രതികൂല കാലാവസ്ഥയോടും ഭൂപ്രകൃതിയോടും മല്ലിട്ടു ജീവിക്കുന്ന ഒരു ജന സമൂഹത്തിന്റെ പ്രകാശഗോപുരം ആണ് ഈ സരസ്വതി ക്ഷേത്രം
        1969 ൽ അന്നത്തെ കേരള സർക്കാർ ഗവൺമെന്റ് മേഖലയിൽ മാത്രമേ സ്കൂളുകൾ അനുവദിക്കൂ എന്ന നിയമം കൊണ്ടുവന്നു. സ്കൂളിന് ആവശ്യമായ സ്ഥലവും സൗകര്യങ്ങളും ഉണ്ടാക്കി സർക്കാരിനെ ഏൽപ്പിച്ചാൽ സ്കൂൾ അനുവദിക്കുകയും ബാക്കി കാര്യങ്ങൾ സർക്കാർ നേരിട്ട് നടപ്പിലാക്കുകയും ചെയ്യും. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന വഞ്ചിയം പ്രദേശത്തെ ജനങ്ങൾക്ക് സ്കൂളിനുവേണ്ടി സ്ഥലവും കെട്ടിടവും ലഭ്യമാക്കുക എന്നത് വളരെ വിഷമകരമായ ഒരു കാര്യമായിരുന്നു.എന്നാൽ തങ്ങളുടെ കൊച്ചുകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം കിട്ടണമെന്നുള്ള തൃഷ്ണ ഒരു വെല്ലുവിളിയായി സ്വീകരിക്കുകയും ശ്രീ. സി. എ.മാത്യു പ്രസിഡണ്ടായി ഒരു സ്പോൺസർ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങുകയും ചെയ്തു. വഞ്ചിയംപ്രദേശം ഉൾക്കൊള്ളുന്ന തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ ശ്രീ.ഇ .പി. ഗോവിന്ദൻ നമ്പ്യാർ അവർകളുടെ എല്ലാവിധ സഹായ സഹകരണത്തോട് കൂടി കമ്മിറ്റിയുടെ നിരന്തരമായ ഇടപെടൽമൂലം സ്കൂൾ അനുവദിപ്പിക്കുവാൻ കഴിഞ്ഞു. ഏരുവേശ്ശി പഞ്ചായത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്ന 20 സെന്റ് സ്ഥലം ശ്രീ. സി. എ.മാത്യു  സൗജന്യമായി നൽകുകയും കേരള കർഷകസംഘം പ്രസ്ഥാനം  പൊതു ആവശ്യത്തിനായി നീക്കിവെച്ച സ്ഥലത്തുനിന്ന് ഒരേക്കർ സ്ഥലം സ്കൂളിന് സംഭാവനയായി ലഭിക്കുകയും ചെയ്തു. 1972 ൽ സ്കൂൾ അനുവദിച്ചുവെങ്കിലും 1973 നവംബർ പതിനൊന്നാം തീയതി ഒരു താൽക്കാലിക ഷെഡിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു
            1973 ൽ താൽക്കാലിക ഷെഡിൽ ആരംഭിച്ച സ്കൂൾ ശ്രീ. സി. എ.മാത്യുവിൻറെ  നേതൃത്വത്തിൽ വഞ്ചിയം ആടാംപാറ അരീക്കാമല തുടങ്ങിയ മേഖലകളിലെ ആദിവാസിവിഭാഗങ്ങളുടെയും മറ്റു നാനാജാതി ജനങ്ങളുടെയും നിരന്തരമായ ശ്രമദാനം മൂലമാണ് നിലനിർത്തിപ്പോന്നത്.  1975 ൽ നാലു ക്ലാസിനു പറ്റിയ ഒരു ഷെഡ് ആക്കി മാറ്റി. എങ്കിലും വർഷംതോറുമുള്ള അറ്റകുറ്റപ്പണികൾ കെട്ടിടം മേയൽ നാട്ടുകാർ തന്നെ ചെയ്തുപോന്നു. 1984  ൽ എരുവേശി ഗ്രാമപഞ്ചായത്തിലെ സഹായത്തോടുകൂടി ഒരു സെമി പെർമെനെന്റ് ബിൽഡിങ് ആക്കുവാൻ കഴിഞ്ഞു. PWD യുടെ നേതൃത്വത്തിൽ 1988 ൽ കെട്ടിടത്തിലെ തറ സിമന്റ് ചെയ്തു. ജനകീയ ആസൂത്രണ പരിപാടിയിൽ ഉൾപ്പെടുത്തി ഭിത്തിയുടെ വാതിലുകളും ഉണ്ടാക്കി. 1999  ൽ ഭിത്തി പ്ലാസ്റ്ററിംഗ് നടത്തുവാനും ഈ പദ്ധതി മൂലം കഴിഞ്ഞു. തുടർന്ന്  SSA, എരുവേശി ഗ്രാമപഞ്ചായത്ത് തുടങ്ങിയ സർക്കാർ സഹായത്തോടെ 4 ക്ലാസ് മുറികളും പഠന മുറിയും, കഞ്ഞി പുരയും ലഭിച്ചു
             കർണാടക വനാതിർത്തിയോട് ചേർന്നുനിൽക്കുന്ന വഞ്ചിയം ഗ്രാമം നിരന്തരമായ വന്യ മൃഗങ്ങളുടെ ആക്രമണവും പ്രകൃതിക്ഷോഭങ്ങളും ഗതാഗത വാർത്താവിനിമയ സംവിധാനങ്ങളിലെ അപര്യാപ്തതയും കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങൾ മറ്റു സ്ഥലങ്ങളിലേക്ക് മാറിതാമസിക്കാൻ നിർബന്ധിതരായി. തന്മൂലം വഞ്ചിയം കരിമ്പാല ആദിവാസി കോളനികൾ ഉൾപ്പെടെ കുറച്ച്  കുടുംബങ്ങൾ മാത്രമേ ഇപ്പോൾ ഈ മേഖലയിൽ നിലനിൽക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ സ്കൂളിലേക്ക് പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണവും കുറവാണ്. 1992 മുതൽ ഈ സ്കൂൾ അൺ എക്കണോമിക് മേഖലയിലാണ്.പ്രൈമറി വിദ്യാഭ്യാസത്തിനു ഉള്ള ഏക സ്ഥാപനമാണ് ഈ സ്കൂൾ. ഉപരിപഠനത്തിന് ഇപ്പോഴും 7, 8 കിലോമീറ്റർ അപ്പുറത്തുള്ള സ്കൂളുകളിൽ പോകേണ്ട അവസ്ഥയാണ് ഉള്ളത്.