ഹരിതാഭമായി വാരാമ്പറ്റ

ജി.എച്ച്.എസ്. സ്കൂളിൽ ‘അമ്മയ്ക്കൊരു മരം’ മാസ് പ്ലാന്റേഷൻ ഡ്രൈവ് സംഘടിപ്പിച്ചു

വാരാമ്പറ്റ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജി.എച്ച്.എസ്. വാരാമ്പറ്റയിൽ വേറിട്ടൊരു ഹരിത മുന്നേറ്റം. സ്കൂളിലെ എക്കോ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ‘അമ്മയ്ക്കൊരു മരം’ എന്ന പേരിൽ വിപുലമായ മാസ് പ്ലാൻ്റേഷൻ ഡ്രൈവ് സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണവും പ്രകൃതിയോടുള്ള ആദരവും വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാതൃകാപരമായ പദ്ധതിക്ക് സ്കൂൾ അധികൃതർ തുടക്കം കുറിച്ചത്. ജി.എച്ച്.എസ്. വാരാമ്പറ്റയിലെ ഹെഡ്മിസ്ട്രസ് ദിവ്യ ടീച്ചർ, പിടിഎ പ്രസിഡണ്ട് പി.സി. മമ്മൂട്ടി എന്നിവർ ചേർന്ന് സ്കൂൾ കാമ്പസിൽ ആദ്യത്തെ വൃക്ഷത്തൈ നട്ടുകൊണ്ട് ഈ മാസ് പ്ലാന്റേഷൻ ഡ്രൈവിന് ഔപചാരികമായി തുടക്കം കുറിച്ചു. "നാളെക്കായി ഒരു മരം നട്ടുപിടിപ്പിക്കുക എന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഈ ഹരിത ക്യാമ്പയിൻ കുട്ടികളിൽ പരിസ്ഥിതി ബോധം വളർത്താൻ ഏറെ സഹായിക്കും," എന്ന് ചടങ്ങിൽ സംസാരിച്ചവർ കൂട്ടിച്ചേർത്തു. സ്കൂളിലെ എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഈ പദ്ധതിയിൽ വിദ്യാലയത്തിലെ വിവിധ സേവന സംഘടനകൾ ഒത്തൊരുമയോടെ കൈകോർത്തു.SPC, SSSS, JRC തുടങ്ങിയ ക്ലബ്ബുകളിലെ വിദ്യാർത്ഥികളും അധ്യാപകരും പരിപാടിയിൽ സജീവ പങ്കാളികളായി. സ്കൂൾ കോമ്പൗണ്ടിൽ ഫലവൃക്ഷത്തൈകളും തണൽമരങ്ങളും ഉൾപ്പെടെ നിരവധി തൈകളാണ് ഈ മുന്നേറ്റത്തിന്റെ ഭാഗമായി നട്ടു പിടിപ്പിച്ചത്. നട്ട തൈകൾ കൃത്യമായി പരിപാലിക്കുമെന്ന ഉറപ്പോടെയാണ് വിദ്യാർത്ഥികൾ പരിസ്ഥിതി ദിന സന്ദേശം നെഞ്ചിലേറ്റിയത്. വരും ദിവസങ്ങളിലും ക്യാമ്പയിന്റെ ഭാഗമായി വിപുലമായ പരിപാടികൾ തുടരുമെന്ന് സ്കൂൾ അധികൃതർ തീരുമാനിച്ചു.