ഗവ. എച്ച് എസ് കാപ്പിസെറ്റ്/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

എം.എം.ജി എച്ച്.എസ്.കാപ്പിസെറ്റ് പിന്നിട്ട നാൾവഴികളിലൂടെ......

2011ജൂൺമാസത്തിൽ ഗവ.യു പിസ്കൂൾ കാപ്പിസെറ്റ്, ഗവ.ഹൈസ്കൂൾ കാപ്പിസെറ്റായി ഉയർത്തപ്പെട്ടപ്പോൾ കാപ്പിസെറ്റ് നിവാസികളുടെ ആണ്ടുകൾ പഴക്കമുള്ള ഒരു സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയായിരുന്നു. RMSA യടെ കീഴിൽപ്രവർത്തനമാരംഭിക്കുമ്പോൾ മിക്ക സ്കൂളുകളും നേരിടാറുണ്ടായിരുന്ന ബാലാരിഷ്ടതകൾ കാപ്പിസെറ്റിനുമുണ്ടായിരുന്നു.കേവലം നാല് അധ്യാപകർക്ക് മാത്രമാണ് ഇവിടെ സ്ഥിര നിയമനം ലഭ്യമായത്.ഇത്തരത്തിൽ വേണ്ടത്ര അധ്യാപകരുടെയും കെട്ടിടങ്ങളുടെയും അഭാവമുണ്ടായിരുന്നെങ്കിലും അന്നത്തെ എച്ച് .എം .ഇൻ ചാർജ്ജായിരുന്ന ജോർജ് സാറിന്റെ നേതൃത്വത്തിൽ ആവശ്യമുണ്ടായിരുന്ന മറ്റ് അധ്യാപകരെ താത്കാലികമായി നിയമിക്കുകയും മൂന്നുകൊല്ലം തുടർച്ചയായി SSLCപരീക്ഷക്ക് നൂറു ശതമാനം വിജയമുണ്ടാകുകയും ചെയ്തു. ഇത് ജി.എച്ച്.എസ്.കാപ്പിസെറ്റിന്റെ ചരിത്രത്തിൽ പൊൻതൂവലായി.

പരിമിതികളും ന്യൂനതകളും തുടർച്ചയായി അലട്ടിക്കൊണ്ടിരുന്ന സ്കൂളിന് യു.പി. വിഭാഗത്തിനനുവദിച്ചിരുന്ന കംപ്യൂട്ടർ ലാബും ബാത്ത്റൂമുകളും കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. യു.പി.,ഹൈസ്കൂൾ വിഭാഗം അധ്യാപകർ ഒറ്റക്കെട്ടായിരുന്നത് ഇത്തരം പരിമിതികളെ തരണം ചെയ്യാൻ കുറച്ചൊന്നുമല്ല സഹായകമായത്.പി.ടി.എ.യുടെയും നാട്ടുകാരുടെയും നിരന്തരമായ ഇടപെടലുകൾക്കൊടുവിൽMSDP യുടെ മൂന്നുനിലക്കെട്ടിടം പാസ്സായിവന്നു.

13.3.2012ൽ കെ എം തോമസ് സാ‍ർ പ്രഥാനാധ്യാപകനായി ചാർജെടുത്തു. തുടർന്ന് സർവ്വശ്രീ എൻ ഡി തോമസ്,വിനോദ് കുമാർ,മനോജ് ഒ സി,സുമംഗലി,അശോകൻ കെ യു എന്നിവർ പ്രഥാനാധ്യാപകരായി.2016 ജൂലൈയിൽ ചാർജ്ജെടുത്ത അശോകൻ സാറിന്റെ നേതൃത്വത്തിൽ ഒന്നു മുതൽ നാലു വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. ഇതിന്റെ ഫലമായി എൽ പി വിഭാഗത്തിൽ കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. 2018 മെയ് മാസത്തിൽ പുതിയതായി ചാർജെടുത്ത ശ്രീമതി സതിലജ ടീച്ചറുടെ ഇടപെടലുകൾ സ്കൂളിന്റെ മുഖച്ഛായ തന്നെ അടിമുടി മാറ്റിമറിച്ചു. കെട്ടിടത്തിന്റെ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് വിവിധ ഓഫീസുകൾ കയറിയിറങ്ങി മടുത്ത പി .ടി.എയ്ക്ക് ടീച്ചറുടെ രംഗപ്രവേശനം പുത്തനുണർവായി. ടീച്ചറുടെ നേതൃത്വത്തിൽ ദ്രുതഗതിയിൽത്തന്നെ ഇതിനുള്ള ഫണ്ട് അധ്യാപകരിൽ നിന്ന് കണ്ടെത്തി വൈദ്യുതീകരണം പൂർത്തിയാക്കി. ആൺകുട്ടികൾക്കുള്ള ടോയ്ലറ്റ് നിർമ്മാണം,CCTVസ്ഥാപിക്കൽ,ചുറ്റുമതിൽ നിർമ്മാണം എന്നീ ഭൗതിക സാഹചര്യങ്ങൾ സ്കൂളിനായി ഒരുക്കാൻ

ടീച്ചർക്കു സാധിച്ചു.

2019-ൽ സ്കൂളിനായുള്ള സ്ഥലം സംഭാവന ചെയ്ത ശ്രീ മുതലിമാരൻ മാസ്റ്ററുടെ ഓർമ്മയ്ക്കായി സ്കൂളിന്റെ നാമധേയം മുതലിമാരൻ മെമ്മോറിയൽ ഗവൺമെന്റ് ഹൈസ്കൂൾ എന്നായി മാറ്റപ്പെട്ടു. ദീർഘകാലം കാപ്പിസെറ്റ് സ്കൂളിലെ ഓഫീസ് ജീവനക്കാരായിരുന്ന ആന്റണിച്ചേട്ടന്റെ കൈകൾകൊണ്ട് നട്ടുനനച്ചുവളർത്തിയ വൃക്ഷങ്ങൾ സ്കൂൾ അന്തരീക്ഷം ഹരിതാഭമാക്കിയിരിക്കുന്നു.

ഇങ്ങനെ എണ്ണമറ്റ ആളുകളുടെ നിതാന്ത പരിശ്രമത്തിന്റെ ഫലമായി ഇന്ന് എം.എം.ജി.എച്ച്.എസ്., കാപ്പിസെറ്റ് ഗ്രാമത്തിന്റെ ഹൃദയമധ്യത്തിൽ പ്രൗഢിയോടെ നിലകൊള്ളുമ്പോൾ,നിലവിലെ പ്രധാന അദ്ധ്യാപകൻ ശ്രീ സദൻ ടി.പി.യും, പി.ടി.എ. പ്രസിഡന്റ് ശ്രീ ഒ.കെ പീറ്ററും, എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി ലിസാ ജോയിയും മറ്റെല്ലാ ജീവനക്കാരും ഏറെ അഭിമാനിക്കുന്നു..ഇൗയൊരു സ്ഥാപനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ..........