ഗവ. എച്ച് എസ് എസ് മീനങ്ങാടി/അക്ഷരവൃക്ഷം/നീതിയുക്തം

Schoolwiki സംരംഭത്തിൽ നിന്ന്
നീതിയുക്തം

പരമാവധി മനോഹരമാക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ആ ഉദ്യാനം വികൃതമായിരുന്നു. കുറച്ചകലെയായി ഉയർന്നുനിന്ന കെട്ടിടസമുച്ചയത്തെയും അതിന്റെ നൂറിലൊന്ന് വലുപ്പമില്ലാത്ത ഉദ്യാനത്തേയും ചേർത്ത് വച്ചുനോക്കുമ്പോൾ ആ യുവാവിന് അസ്വസ്ഥതതോന്നി. അയാൾ അവിടെ നിന്ന് നോട്ടം പിൻവലിച്ചു. താൻ നിൽക്കുന്ന മൈതാനം പോലെ നീണ്ടുകിടക്കു ന്ന മുറിയുടെ ഓരോ മൂലയിലേക്കും സംശയത്തോടെ നോക്കി. മുറിയുടെ ചുവരിനോട് ചേർന്ന് കിടക്കുന്ന ചില്ല ലമാര നിറയെ പുസ്തകങ്ങൾ കുറ്റാന്വേഷണകഥകളോ മാസികകളോആയിരിക്കുമെന്ന് യുവാവ് ഊഹിച്ചു. മുറിയിൽ തളം കെട്ടിനിന്ന നിശബ്ദതയ്ക്ക് ഭംഗം വരുത്തിക്കൊണ്ട് ആഡംബരബൂട്ട്സിന്റെ ശബ്ദം അടുത്തടുത്തു വന്നു.യുവാവ് തന്റെ കയ്യിലെ പേപ്പറുകൾ മുറുകെപിടിച്ചു. ആ മുറിയുടെ വലിയ വാതിലുകൾ തുറക്കപ്പെട്ടു.ഒരു കറുത്തുമെലിഞ്ഞ മനുഷ്യൻ അകത്തേക്കു വന്നു. വിദേശനിർമിതമായ വസ്ത്രം അയാൾക്ക് തീരെ ഇണങ്ങുന്നുണ്ടായിരുന്നില്ല.സന്ദർശകന്റെ അങ്കലാപ്പ് മാറ്റുവാനെന്നോണം അയാൾ വെളുക്കെ ചിരിച്ചു. "ഗുഡ്‍മോർണിംഗ് " യുവാവ് അൽപം വിങ്ങലോടെ മറുപടി പറഞ്ഞു. “നമസ്കാരം " ആ അഭിസംബോധന ഇഷ്ടപ്പെടാത്ത മട്ടിൽ ആ മനുഷ്യൻ അതിവേഗംനടന്ന് മുറിയുടെ മൂലയിൽ തനിക്കുവേണ്ടി താൻ തന്നെ പണിത വലിയ കസേരയിലമർന്നു. “ താങ്കൾക്ക് ചായയോ കാപ്പിയോ ? “ യുവാവ് ഒന്നും വേണ്ടെന്ന് തലയാട്ടി. അയാൾ ഒരു കടുത്ത പാൽകാപ്പി കൊണ്ടുവരാൻ ആരോടോ ആജ്ഞാപിച്ചു.ശേഷം യുവാവിന്റെ മുഖത്തേക്കു നോക്കി. “ സീ മിസ്റ്റർ , നിങ്ങളെ പോലീസും പഞ്ചായത്തും മന്ത്രിമാരുമെല്ലാം കൈവെടിഞ്ഞെന്നല്ലേ പറഞ്ഞത് ? “ യുവാവ് അതെയെന്ന് തലയാട്ടി. “ സ്വാഭാവികമായും ഇത്തരം കേസുകൾ ചാനലിന്റെറേറ്റിംഗ് കൂട്ടാറുണ്ട്. നീതിയുക്തം എന്ന ഞങ്ങളുടെ പരിപാടി കാണാറില്ലേ....?” യുവാവ് തന്റെ ഭാരമിറക്കിവെച്ച് ചെറുതായി ചിരിക്കാൻ ശ്രമിച്ചു.അപ്പോഴേക്കും ഒരാൾ ചില്ലുക്ലാസ്സിൽ അത്യുഗ്രൻ പാൽകാപ്പിയുമായി വന്നു. “ നീതിയുക്തം ഞാൻ കാണാറുണ്ട്,അതു കണ്ടിട്ടാണ് ഞാൻ ഇവിടെ....”യുവാവ് സാവകാശം നിർത്തി. “ എല്ലാം ശരിയാണ്. സംഭവം ഇന്ററസ്റ്റിംഗ് ആകണം.അയാൾ ചൂടുകാപ്പി ഊതിത്തണുപ്പിക്കാൻ ശ്രമിച്ചു. ഇടുങ്ങിയ ജനലിലൂടെ അടിച്ചെത്തിയ പൊടിക്കാറ്റ് യുവാവിന്റെ മുടിയിഴകളെ തടവി പെട്ടെന്ന് കടന്നുപോയി. സാർ , നവോമി തെറ്റുചെയ്തിട്ടില്ല. . തെളിവുകളെല്ലാം ഞങ്ങൾക്കനുകൂലമാണ്. പക്ഷെ എല്ലാവരും ഞങ്ങളെ കൈയ്യൊഴിയുകയാണ്. യുവാവ് നിസ്സഹായനായി.യുവാവ് ഉത്സാഹമില്ലാത്ത മട്ടിൽ പറഞ്ഞു. "എന്തായാലും സംഗതി കൊള്ളാം. സംഭവം ഒരു സ്ത്രീയെ ചുറ്റിപ്പറ്റിയാകുമ്പോൾ കുറച്ചുകൂടി നന്നാകും.” അയാൾ ആർക്കോവേണ്ടി പൊട്ടിച്ചിരിച്ചു. യുവാവിന് ആ അരോചകശബ്ദം തന്റെകഴുത്ത് ഞെരിക്കുന്നതായി അനുഭവപ്പെട്ടു. ഇടറിയ ശബ്ദം നേരേയാക്കാൻ ശ്രമിച്ചുകൊണ്ട് യുവാവ് പറഞ്ഞു. “ സർ, എനിക്കുമറ്റു മാർഗമില്ല.എന്റെ നവോമിക്ക് നീതി ലഭിക്കണം. “ യുവാവിന് ആ മുറിയിലെ പ്രാണവായു കൃത്രിമമാണെന്ന് തോന്നി. ശ്വാസമെടുക്കാനും പുറത്തുവിടാനും പ്രയാസമനുഭവപ്പെട്ടു. യുവാവിന്റെ മുഖത്തേക്ക് നോക്കാതെ അയാൾ നിശബ്ദതയ്ക്ക് ഭംഗം വരുത്തി. “നിങ്ങൾ പറയുന്നതൊക്കെ ശരിയാകാം. പക്ഷെപ്രതിയാണെന്ന് പറയുന്നയാളുടെ ചുറ്റുപാടറിയാമല്ലോ ? അതെല്ലാം കണക്കിലെടുത്ത് ഞങ്ങൾ ആവശ്യപ്പെടുന്ന തുക താങ്കൾ തരേണ്ടിവരും. യുവാവ് ഒന്നും മിണ്ടിയില്ല. കാപ്പി തണുക്കും തോറും ഗ്ലാസ്സിനടിയിലേക്ക് മരിച്ചു വീഴുന്ന കാപ്പിപ്പൊടിയിലേക്ക് നോക്കിനിന്നു. യുവാവ് തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് മനസ്സിലായപ്പോൾ അയാൾ ശബ്ദമുയർത്തി. “തുകയെന്ന് പറഞ്ഞാൽ കുറച്ചധികം തന്നെ വേണ്ടിവരും. “ യുവാവ് ശരിയെന്ന് തലയാട്ടി. കാപ്പി കുടിച്ചുതീർത്ത് അയാൾ യുവാവിന് നേരെ ഊന്നിയിരുന്നു. “അപ്പോൾ പണത്തിന്റെ കാര്യം ശരിയായി. പിന്നെ ആ സ്ത്രീയുടെ കുറച്ചു ഫോട്ടോവേണം. കണ്ടാൽ ഭേദമെന്ന് തോന്നുന്നവ. പിന്നെ മരണത്തിന് മുൻപ് കുറച്ചുഇമോഷനലായി സംസാരിച്ചെന്ന് നിങ്ങൾ പറയണം. അത് ഉപകാരപ്രദാകും.” അയാൾപൊട്ടിച്ചിരിച്ചു. യുവാവ് വേദന കടിച്ചമർത്തി കാപ്പിപ്പൊടി മാത്രമവശേഷിച്ച ചില്ലുഗ്ലാസ്സിലേക്ക് നിസ്സഹായനായി നോക്കിനിന്നു.“ പിന്നെ നിങ്ങളോട് ഞങ്ങൾ ഒന്നും അറിയാത്തമട്ടിൽ പലതും ചോദിക്കും. അപ്പോഴൊക്കെ കുറച്ചധികം വിഷമം അഭിനയിച്ച് നിങ്ങൾ എന്തെങ്കിലുമൊക്കെ പറയണം കേട്ടോ ..” അയാൾ വികൃതമായി ചിരിച്ചു.യുവാവിന് വീണ്ടും ശ്വാസം മുട്ടുന്നതായി അനുഭവപ്പെട്ടു. ഒന്നും മിണ്ടാതെ വേഗത്തിൽപുറത്തേക്ക് നടന്നു. പിന്നിൽ നിന്നയാൾ വിളിക്കുന്നുണ്ട്. പക്ഷെ യുവാവ് തിരിഞ്ഞുനോക്കിയില്ല. വേഗത്തിൽ നടന്ന് വീടിനുപുറത്തുചാടി ആ വലിയ കവാടവും കടന്ന്കുറെ ദൂരം...ഒടുവിൽ മരവിച്ച ഹൃദയവുമായി എന്നോ വീണുടഞ്ഞ നിർജ്ജീവമായ ആത്മാ വിന്റെ മാറിലേക്ക് പതിയെ വീണു. ആ നിസ്സഹായനെ നോക്കി ആരൊക്കെയോ ആർത്തു ചിരിക്കുന്നുണ്ടായിരുന്നു.

സന യാസ്‍മിൻ
പ്ലസ്സ് വൺ ഹ്യമാനിറ്റീസ് ജി.എച്ച്.എസ്.എസ് മീനങ്ങാടി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ