ഗവ. എച്ച് എസ് എസ് അങ്ങാടിക്കൽ സൗത്ത്/എന്റെ ഗ്രാമം
എന്റെ നാട് ചെങ്ങന്നൂർhttps://en.wikipedia.org/wiki/Chengannur
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഒരു പട്ടണം ആണ് ചെങ്ങന്നൂർ. ആലപ്പുഴ ജില്ലയുടെ കിഴക്കേ അറ്റത്താണ് ചെങ്ങന്നൂർ സ്ഥിതിചെയ്യുന്നത്. ചെങ്ങന്നൂർ ഒരു മുനിസിപ്പാലിറ്റി ഭരണപ്രദേശമാണ്. ചെങ്ങന്നൂർ ആസ്ഥാനമായി അതേ പേരിൽ തന്നെ ചെങ്ങന്നൂർ താലൂക്കും, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തും നിലവിലുണ്ട്. പമ്പാനദിയുടെ കരയിലാണ് ചെങ്ങന്നൂർ പട്ടണം സ്ഥിതിചെയ്യുന്നത്.
പുരാതനകാലത്ത് “ശോണാദ്രി” എന്നറിയപ്പെട്ടിരുന്ന പ്രദേശമാണത്രെ ആധുനികകാലത്ത് ചെങ്ങന്നൂർ എന്നായി മാറിയത്. ശോണാദ്രി മലയാള വായ്മൊഴിയിൽ ചെങ്കുന്നായി പരിണമിക്കുകയും, കാലാന്തരത്തിൽ അത് ചെങ്ങന്നൂർ എന്നായി മാറുകയും ചെയ്തു. [അവലംബം ആവശ്യമാണ്] പമ്പയും, അച്ചൻകോവിലാറും, പമ്പയുടെ കൈവഴിയായ വരട്ടാറും, മണിമലയാറും ഊർവരതയേകിയ നാടാണ് ചെങ്ങന്നൂർ.

ഭൂമിശാസ്ത്രം
തിരുവനന്തപുരം നഗരത്തിന് 117 കിലോമീറ്റർ വടക്കായി ആണ് ചെങ്ങന്നൂർ സ്ഥിതിചെയ്യുന്നത്. എം.സി. റോഡ് തിരുവനന്തപുരത്തിനെ ചെങ്ങന്നൂരുമായി യോജിപ്പിക്കുന്നു. പമ്പാനദി ചെങ്ങന്നൂരിന്റെ ഹൃദയഭാഗത്തുകൂടെ കൂടി ഒഴുകുന്നു. പത്തനംതിട്ട ജില്ലയുടെ അതിരിലാണ് ചെങ്ങന്നൂർ. ആല, ചെറിയനാട്, തിരുവൻവണ്ടൂർ, പാണ്ടനാട്, പുലിയൂർ, ബുധനൂർ, മാന്നാർ, മുളക്കുഴ, വെൺമണി എന്നീ ഒൻപതു ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്നതാണ് ചെങ്ങന്നൂർ ബ്ളോക്ക് പഞ്ചായത്ത്. ആലപ്പുഴ ജില്ലയുടെ കിഴക്കുഭാഗത്ത് കുന്നുകളും, തകിടിപ്രദേശങ്ങളും, സമതലങ്ങളും പുഞ്ചപ്പാടങ്ങളും തോടുകളും നിറഞ്ഞ ഈ നാടിന്റെ ഭൂപ്രകൃതിയനുസരിച്ച് ഈ ബ്ളോക്കിനെ ഉയർന്ന മലമ്പ്രദേശം, മലഞ്ചെരിവ്, ഇടത്തരം ചെരിവ്, സമതലം, താഴ്വര, വെള്ളം കയറുന്ന സ്ഥലം, പുഞ്ചപ്പാടം, ചാൽ, കുന്നുകൾ, കുന്നിൻ പുറത്തുള്ള സമതലം, വലിയ ചെരിവുകൾ, നദീതീര സമതലം, പാടങ്ങൾ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.
