ഗവ. എച്ച്. എസ്. തച്ചങ്ങാട്/വിദ്യാരംഗം/2025-26
വിദ്യാരംഗം കലാസാഹിത്യ വേദി വായനദിനം പരിപാടികൾ
2025 ജൂൺ 19 വായന ദിനത്തിൽ രാവിലെ 10:30 ന് കോൺഫറൻസ് ഹാളിൽ വെച്ച് ഹെഡ് മിസ്ട്രസ്സ് സജിത ടീച്ചറുടെ അധ്യക്ഷതയിൽ നടന്നചടങ്ങിൽ യുവകവി പത്മരാജ് എരവിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും മറ്റ് ക്ലബ്ബുകളുടേയും ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാരംഗം കോഡിനേറ്റർ ഹരിത വിവേക് സ്വാഗതം പറഞ്ഞു. കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്താനുതകും വിധം മനോഹരമായിരുന്നു കവി പത്മരാജ് എരവിലിന്റെ പ്രഭാഷണം. പാട്ടും കളിയു ചിരിയുമായി ഒരു മണിക്കൂർ നീണ്ടുനിന്ന പരിപാടിയിൽ സ്റ്റാഫ് സെക്രട്ടറി മധുസൂദനൻ മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ എന്നിവരും സംസാരിച്ചു. എൽ.പി വിഭാഗം വിദ്യാരംഗം കോഡിനേറ്റർ സുജാത ടീച്ചർ നന്ദി പറഞ്ഞു. ഉച്ചയ്ക്ക് ശേഷം 3:00 മണിക്ക് വിദ്യാരംഗം കലാസാഹിത്യവേദി എക്സിക്യൂട്ടീവ് അംഗങ്ങൾ സ്കൂൾ ലൈബ്രറി സന്ദർശിക്കുകയും പുസ്തകങ്ങൾ കൈപ്പറ്റുകയും ചെയതു. ശേഷം ഓരോ കുട്ടിയും പുസ്തകങ്ങൾ വായിക്കുന്നതിനനുസരിച്ച് വിവരങ്ങൾ ഒരു വളരുന്ന വായനമരത്തിന്റെ രൂപത്തിൽ പ്രദർശിപ്പിക്കാൻ തീരുമാനിച്ചു.
2025 ജൂൺ 20 വെള്ളിയാഴ്ച ഉച്ചക്ക് 3:00 മണിക്ക് വായനമരത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് സജിത ടീച്ചർ നിർവ്വഹിച്ചു.
വായനദിനം ഉദ്ഘാടനം
പുസ്തക വണ്ടി പുസ്തക പ്രദർശനം
*പുസ്തകോത്സവം*
വായന മാസാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവൺമെൻറ് ഹൈസ്കൂളിൽ പുസ്തകോത്സവം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട്ടെ 'പുസ്തക വണ്ടി'യുമായി സഹകരിച്ച് വിദ്യാലയത്തിലെ വിദ്യാരംഗം കലാസാഹിത്യ വേദിയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.24 ,25 തീയതികളിലായി നടന്നുവരുന്ന പുസ്തകോത്സവത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളുമുൾപ്പെടെ നിരവധിയാളുകൾ പുസ്തകം വാങ്ങാനായി എത്തുന്നുണ്ട്. പ്രധാന അധ്യാപിക സജിത കെ എം ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ അധ്യാപകരായ ടി. മധുസൂദനൻ, ഹരിത വിവേക് ,പ്രേമചന്ദ്രൻ എന്നിവർ സംസാരിച്ചു. നബിൻ ഒടയൻചാൽ നന്ദി പറഞ്ഞു.
ആസ്വാദനക്കുറിപ്പ് രചന മത്സരം
വായനമാസാചരണത്തോടനുബന്ധിച്ചു 27/06/2025 വെള്ളിയാഴ്ച ഉച്ചയ്ക്ക 1:30 മുതൽ 2:30 വരെ ഹൈസ്കൂൾ,യു പി വിഭാഗം കുട്ടികൾക്ക് ആസ്വാദനക്കുറിപ്പ് രചനാ മത്സരം നടത്തി. ഹൈസ്കൂൾ വിഭാഗത്തിൽ 9A ക്ലാസ്സിലെ പൃഥ്വീരാജ് ഒന്നാം സ്ഥാനവും 10 A ക്ലാസ്സിലെ വൈഷ്ണവി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു പി വിഭാഗത്തിൽ 7A ക്ലാസ്സിലെ കൃഷ്ണ രാമചന്ദ്രൻ ഒന്നാം സ്ഥാനവും 7 F ക്ലാസ്സിലെ ദേവനന്ദ എസ് മേനോൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി
കാവ്യാഞ്ജലി
2025 ജൂലായ് 2 ബുധനാഴ്ച ഉച്ചയ്ക്ക് 2:30 മുതൽ കുട്ടികൾക്കായുള്ള (LP UP HS)കവിതാലാപനം മത്സരം സംഘടിപ്പിച്ചു. പ്രധാന അദ്ധ്യാപിക സജിത കെഎം ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു. ഹൈസ്കൂൾ വിഭാഗത്തിൽ 8H ക്ലാസ്സിലെ അഭിഷേക് P ഒന്നാം സ്ഥാനവും 9A ക്ലാസ്സിലെ പൃഥ്‌വിരാജ് രണ്ടാം സ്ഥാനവും നേടി. യു പി വിഭാഗത്തിൽ 7 എ ക്ലാസ്സിലെ കൃഷ്ണ രാമചന്ദ്രൻ ഒന്നാം സ്ഥാനവും 5E ക്ലാസ്സിലെ അമിയ മണികണ്ഠൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
വായന മത്സരം
ജൂലായ് 3 വ്യാഴാഴ്ച LP കുട്ടികൾക്കു വായന മത്സരം,കൈയ്യെഴുത് മത്സരം എന്നിവ സംഘടിപ്പിച്ചു വായനമത്സരത്തിൽ 3ബി ക്ലാസ്സിലെ ഫിദൽ കെ. ആർ ഒന്നാം സ്ഥാനവും 4എ ക്ലാസ്സിലെ സ്വാതിക വി രണ്ടാം സ്ഥാനവും 4എ ക്ലാസ്സിലെ അനുഗ്രഹ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൈയ്യെഴുത് മത്സരത്തിൽ 4സി ക്ലാസ്സിലെ അവന്തിക ഒന്നാം സ്ഥാനവും 3 എ ക്ലാസ്സിലെ തൻഷിക ലക്ഷ്മി രണ്ടാം സ്ഥാനവും 4 എ ക്ലാസ്സിലെ തീർത്ഥ ലക്ഷ്മി മൂന്നാം സ്ഥാനവും നേടി. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികളെയും പ്രധാനാധ്യാപിക സജിത ടീച്ചർ അഭിനന്ദിച്ചു.
മൾട്ടി മീഡിയ സാഹിത്യ ക്വിസ്
ജൂലായ് 4 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 നു ക്വിസ് മാസ്റ്റർ പ്രേമചന്ദ്രൻ മാഷുടെ നേതൃത്വത്തിൽ മൾട്ടി മീഡിയ സാഹിത്യ ക്വിസ് സംഘടിപ്പിച്ചു. LP ,UP ,HS വിഭാഗങ്ങളിൽ നിന്നായി നിരവധി കുട്ടികൾ പങ്കെടുത്തു. LP വിഭാഗത്തിൽ 4സി ക്ലാസ്സിലെ അനെയ എസ് നാരായൺ ഒന്നാം സ്ഥാനവും,4എ ക്ലാസ്സിലെ ധ്യാൻജിത് രണ്ടാം സ്ഥാനവും 4 സി ക്ലാസ്സിലെ ശിവദാ പി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യു പി വിഭാഗത്തിൽ 7F ക്ലാസ്സിലെ അനിർവേദ് ഒന്നാം സ്ഥാനവും, 6 A ക്ലാസ്സിലെ ദേവിക രണ്ടാം സ്ഥാനവും 6D ക്ലാസ്സിലെ ശ്രീദേവി മോഹൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മികച്ച പ്രകടനം കാഴ്ച വെച്ച 5 A ക്ലാസ്സിലെ ആദിദേവിനെ പ്രത്യേക പ്രോത്സാഹനം നൽകി ഹൈസ്കൂൾ വിഭാഗത്തിൽ 10 A ക്ലാസ്സിലെ വൈഷ്ണവി ഒന്നാം സ്ഥാനവും 9A ക്ലാസ്സിലെ പ്രിത്വീരാജ് രണ്ടാം സ്ഥാനവും 8E ക്ലാസ്സിലെ നേഹ പ്രകാശ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഇമ്മിണി ബല്ല്യ ഒന്ന്
2025 ജൂലായ് 7 തിങ്കളാഴ്ച രാവിലെ 11 മണിയ്ക്ക് പ്രശസ്ത കവി ശ്രീ ബാലഗോപാലൻ കാഞ്ഞങ്ങാട് ബഷീർ അനുസ്മരണ പരിപാടി ഉദ്‌ഘാടനം ചെയ്യുകയും അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു. ബഷീർ കഥകൾ പറഞ്ഞും , കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയതും നടന്ന പരിപാടി കുട്ടികളെ ഏറെ ആകർഷിച്ചു. അദ്ദേഹത്തിന്റെ തന്നെകവിതയായ "കുളിയൻ കോരന് " 8 ജി ക്ലാസ്സിലെ പൗർണമി ആലപിച്ചത് അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടു. പ്രധാനാധ്യാപിക സജിത ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വിദ്യാരംഗം കോർഡിനേറ്റർ ഹരിത ടീച്ചർ സ്വാഗതവും സീനിയറസിസ്റ്റന്റ് ശ്രീജ ടീച്ചർ സ്റ്റാഫ് സെക്രട്ടറി മധുമാഷ് എന്നിവർ ആശംസയും, സുജാത ടീച്ചർ നന്ദിയും പറഞ്ഞു.
വായിക്കാം വരയ്ക്കാം
ബഷീർ ദിനത്തോടനുബന്ധിച്ചു ജൂലായ് 7 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് യു പി ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ബഷീർ കഥാപാത്രങ്ങളുടെ കാരിക്കേച്ചർ രചനയും ബഷീർ കഥ സന്ദര്ഭങ്ങളുടെ ജലഛായ രചനയും നടന്നു. പ്രധാനാധ്യാപിക സജിത ടീച്ചർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കുട്ടികൾ വളരെ മനോഹരമായി ചിത്രങ്ങൾ വരച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ കാരിക്കേച്ചർ രചനയിൽ 8 F ക്ലാസ്സിലെ വൈഗ എരോലും ജലഛായ രചനയിൽ 9G ക്ലാസ്സിലെ ഗോവര്ധനും ഒന്നാം സ്ഥാനം നേടി. 9A ക്ലാസ്സിലെ സൻമൻ ദേവ് ,പ്രിത്വീരാജ് എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. യു പി വിഭാഗത്തിൽ 6 A ക്ലാസ്സിലെ ധ്യാൻ കൃഷ്ണ ഒന്നാം സ്ഥാനവും 6 B ക്ലാസ്സിലെ തന്മയ കൃഷണ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
അമ്മവായന
2025 ജൂലായ് 10 വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് രക്ഷിതാക്കൾക്കായി വായനാമത്സരം സംഘടിപ്പിച്ചു. ഇന്ദുലേഖ ആണ് വായിക്കാനായി നൽകിയത് . എല്ലാവരും മികച്ച പ്രകടനം കാഴ്ച വച്ചു.ജിജികൃഷ്ണ ,രമ്യാകൃഷ്ണൻ,സുജിത ടി എന്നിവർ യഥാക്രമം ഒന്നും,രണ്ടും ,മൂന്നും സ്ഥാനങ്ങൾ നേടി.
വായന മാസാചരണം സമാപനവും സമ്മാനദാനവും
ഒരുമാസക്കാലമായി നടന്നു വന്ന വൈവിധ്യങ്ങളായ പരിപാടികൾക്ക് തിരശീല വീഴ്ത്തി കൊണ്ട് ജൂലായ് 16 ബുധനാഴ്ച വായനമാസാചരണം സമാപനം നടന്നു. മത്സര പരിപാടികളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. സമാപന സമ്മേളനം എഴുത്തുകാരനായും പ്രഭാഷകനും ആയ ശ്രീ പദ്മനാഭൻ ബ്ലാത്തൂർ ഉദ്‌ഘാടനം ചെയ്തു. വിദ്യാരംഗം കോർഡിനേറ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രധാനാധ്യാപിക അധ്യക്ഷത വഹിച്ചു. ശ്രീ വിനയചന്ദ്രൻ പിലിക്കോടിന്റെ പുസ്തകങ്ങൾ അദ്ദേഹത്തിന്റെ സഹോദരൻ പ്രേമചന്ദ്രൻ മാസ്റ്റർ സ്കൂൾ ലൈബ്രറിയിലേക് സമ്മാനിച്ച്. സ്റ്റാഫ് സെക്രട്ടറി , സീനിയർ അസിസ്റ്റന്റ് എന്നിവർ ആശംസകൾ അറിയിച്ചു.
മുകുളം ക്യാമ്പ്
കുട്ടികളിലെ സാഹിത്യാഭിരുചി വളർത്തുന്നതിനും കലാവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി പള്ളിക്കര പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന തനത് പരിപാടിയായ മുകുളം സാഹിത്യ രചന ശില്പശാല 2025 ഓഗസ്റ്റ് 11 തിങ്കളാഴ്ച സ്കൂൾ കോൺഫറൻസ് ഹാളിൽ വച്ച് നടന്നു. പ്രധാനാധ്യാപിക അധ്യക്ഷത വഹിച്ച പരിപാടി പള്ളിക്കര ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാൻ ശ്രീ എം.മണികണ്ഠൻ ഉദ്‌ഘാടനം ചെയ്തു. എഴുത്തുകാരനും പ്രഭാഷകനും റിട്ട അധ്യാപകനും ആയ ശ്രീ ബാലകൃഷ്ണൻ നാറോത് ക്ലാസ് കൈകാര്യം ചെയ്തു. കുട്ടികൾക്ക് അവരുടെ സർഗ്ഗശേഷി പ്രകടിപ്പിക്കുന്നതിനും പുതിയ അറിവുകൾ ആർജിക്കുന്നതിനും ഏറെ സഹായകമായ പരിപാടിയിലൂടെ ഒട്ടേറെ വിദ്യാർത്ഥികൾ തങ്ങളുടേതായ കഥ ,കവിതകൾ രചിക്കുകയും അവ കൂട്ടിച്ചേർത്ത ഒരു കൈയ്യെഴുത് മാഗസിൻതയ്യാറാക്കുകയും ചെയ്തു. കുട്ടികൾക്ക് വേറിട്ടൊരു അനുഭവം സമ്മാനിക്കാൻ ഈ ശില്പശാലയുടെ സാധിച്ചു.
വയലാർ അനുസ്മരണവും ഗാനാർച്ചനയും
ഈ മനോഹര തീരത്തു ഒരു ജന്മം കൂടി ആശിച്ചു അകാലത്തിൽ പൊലിഞ്ഞു പോയ മലയാളത്തിന്റെ വിപ്ലവ കവിയും ഗാനരചയിതാവുമായാ വയലാർ രാമവർമയുടെ ഓർമകിലൂടെ അദ്ദേഹത്തിന്റെ ഗാനങ്ങൾ ഇഴ ചേർത്തു കൊണ്ട് വിദ്യാരംഗം കലാസാഹിത്യവേദി 2025 ഒക്ടോബര് 27 നു വയലാർ അനുസ്മരണവും ഗാനാർച്ചനയും സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ നിരവധി അധ്യാപകരും വിദ്യാർത്ഥികളും അദ്ദേഹത്തിന്റെ കവിതകളും സിനിമാഗാനങ്ങളും ആലപിച്ചു.