ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/പ്രവാസി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രവാസി

ആദിത്യകിരണങ്ങൾ മനോഹാരിതയുടെ പുതിയ ചിത്രം വരയ്ക്കുന്ന പ്രഭാതത്തിലേയ്ക്ക് പറവകളുടെ ഗീതങ്ങൾ എന്നെ സ്വാഗതം ചെയ്തു.ദേവദാരുക്കളുടെ ഇലകളിൽ തങ്ങിനിന്ന തുഷാരബിന്ദുക്കളിൽ സൂര്യരശ്മി തട്ടി പ്രതിഫലിച്ച് മനോഹരമായ ദൃശ്യവിരുന്നൊരുക്കിയത് ആസ്വദിയ്ക്കുമ്പോഴും ദുബായിൽനിന്നും വീട്ടിലേയ്ക്കെത്തിയപ്പോൾ നാടനെ ദുരിതത്തിലേയ്ക്ക് നയിയ്ക്കാനായി എത്തിയിരിയ്ക്കുന്നൊരു അന്യഗ്രഹജീവിയെന്നപോലെ ഭീതിയുടെ അഗ്നിജ്വാലയാൽ നിറഞ്ഞ നേത്രങ്ങൾ എന്നിൽ സൃഷ്ടിച്ച ആഘാതം എന്നെ വല്ലാതെ അസ്വസ്ഥനാക്കി.

കാലത്തിന്റെ കുത്തൊഴുക്കിൽപ്പെട്ടൊരു മണൽത്തരിയായിരുന്നെനിയ്ക്ക് വീടിനകത്തുള്ള ഈ ജീവിതം മടിപ്പുളവാക്കുന്നതായിരുന്നു.കാറ്റിന്റെ നൈർമല്യംആസ്വദിയ്ക്കാനായി ഞാൻ മുറ്റത്തേയ്ക്കിറങ്ങി.ശാരദച്ചേച്ചി മുറ്റമെല്ലാം മനോഹരമായിസൂക്ഷിച്ചിരിയ്ക്കുന്നത് ദർശിച്ച് സംതൃപ്തിയടഞ്ഞ് മുന്നോട്ട് ചുവടുകൾ വച്ചപ്പോഴാണ് ഞാൻതോട്ടത്തിലേയ്ക്ക് ശ്രദ്ധിച്ചത്.പപ്പയുടേയുംഅമ്മയുടേയുംമരണത്തിനുശേഷം ആരും ശ്രദ്ധിയ്ക്കാതിരുന്ന തോട്ടത്തിലേയ്ക്ക് ബാല്യകാല സ്മരണകൾ കോർത്തെടുക്കാനായി ഞാൻ നടന്നു.എന്നാൽ അവിടെ കണ്ട കാഴ്ചകൾ എന്നെ അസ്വസ്ഥനാക്കി.കരിയിലകളാൽ നിറഞ്ഞ തോട്ടത്തിൽ അവിടവിടായി വെള്ളം കെട്ടി നിൽക്കുന്നു....നിറയെ മാലിന്യങ്ങൾ.....വ്യക്തി ശുചിത്വത്തിൽ ഏറെ പ്രാധാന്യംനൽകിയിരുന്ന എന്റെ കപട സാംസ്ക്കാരിക മൂല്യബോധത്തിന്റെ തെളിവാണ് ഈ തോട്ടമെന്ന് ഞാൻ തിരിച്ചറിഞ്ഞതിനാൽ അടുത്തദിവസം തന്നെ തൂമ്പയും ചൂലുമായി തോട്ടത്തിലേയ്ക്കിറങ്ങി.

സൗഭാഗ്യത്തിന്റെ തൊട്ടിലിൽ ആർത്തുല്ലസിയ്ക്കുന്ന ഞാൻ തൂമ്പയുമായി തോട്ടത്തിലേയ്ക്കിറങ്ങിയത് ദർശിച്ച അയൽക്കാരുടെ മനസ്സ് പലവിധ വികാര വിചാരങ്ങളാൽ കലുഷിതമായി.

രണ്ട് മൂന്ന് ദിവസം കൊണ്ട് ഞാൻ പറമ്പും പരിസരവും വൃത്തിയാക്കി.എന്റെ പ്രവർത്തികൾ ദർശിച്ച് സന്ദേഹങ്ങളുടെ സാഗരത്തിലേയ്ക്ക് വഴുതി വീണവരിലൊരാൾ എന്നെ ഫോൺ വിളിച്ചു.കൊറോണയെ അകറ്റാൻ മാസ്ക്ക് ധരിച്ചിട്ടോ ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ചിട്ടോ സ്വന്തം നാടിനായി ഇത്രയും നാൾ മെഴുകുതിരിപോലെ കത്തിയെരിഞ്ഞ പ്രവാസികളെ അകറ്റിയിട്ടോ പ്രയോജനമില്ല.വ്യക്തി ശുചിത്വത്തിലേറെ പ്രാധാന്യം കൽപ്പിയ്ക്കുന്ന നമ്മൾ പരിസരശുചിത്വത്തിലേറെ പിന്നിലാണ്.വീടിന്റെ ഭംഗിയേക്കാളുപരി പരിസര ശുചിത്വത്തിന് നാം മുൻഗണന നൽകിയാൽ പകർച്ചവ്യാധികളിൽ നിന്ന് മുക്തരാകുവാൻ നമുക്ക് സാധിയ്ക്കും.അതുതന്നെയാണ് ഞാനും ചെയ്തത്....ചെയ്ത പ്രവൃത്തിയിൽ സംതൃപ്തനായ ബന്ധുമിത്രാദികളെയെല്ലാം ഉപേക്ഷിച്ച് സ്വന്തം നാടിനായി ചോര നീരാക്കി മണലാരണ്യത്തിൽ ജീവിയ്ക്കുന്ന പ്രവാസികളിലൊരാളായ ഞാൻ മറുപടി നൽകി.

സിയ ഫസിൽ
8G ജി വി എച്ച് എസ്സ് എസ്സ് കടയ്ക്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 02/ 2022 >> രചനാവിഭാഗം - കഥ