ഗവ. ആർ എസ് ആർ വി എച്ച് എസ് എസ് വേലൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |

1925ലാണ് നമ്മുടെ വിദ്യാലയം ആരംഭിച്ചത് ദുർഗാ വിലാസം ലോവർ സെക്കൻഡറി സ്കൂൾ വേലൂർ എന്നായിരുന്നു ആദ്യത്തെ പേര് . വിദ്യാലയ സ്ഥാപകർ എന്ന് വിശേഷിക്കപ്പെടുന്നത് ത്രിമൂർത്തികൾ എന്ന് വേലൂരിലെ ജനങ്ങൾ വിളിച്ചാദരിച്ച മൂന്നുപേരാണ് -സ്ഥാപക ഹെഡ്മാസ്റ്റർ കെ എ വെങ്കിടേശ്വര അയ്യർ
സാരഥിയായ സി കെ നായർ എന്ന സി കുട്ടികൃഷ്ണൻ നായർ , മാനേജരായിരുന്ന കെ എൻ നീലകണ്ഠയ്യർ.
എഴുത്തച്ഛൻകുന്ന് കയറ്റത്തിൽ (വേലൂർ വില്ലേജ് ഓഫീസ് പരിസരം) പനമ്പ് മറച്ച് ക്ലാസുകൾ നടത്തി ആണ് വിദ്യാലയത്തിന് ആരംഭം കുറിച്ചത്. തെക്കേമഠം കാര്യസ്ഥനായിരുന്ന കെഎൻ നീലകണ്ഠയ്യർ 30 സെൻറ് സ്ഥലം അനുവദിച്ച തോടുകൂടിയാണ് വ്യവസ്ഥാപിതമായി സ്കൂൾ ആരംഭിക്കാൻ കഴിഞ്ഞത്. ഇന്നത്തെ യുപി വിഭാഗം പ്രവർത്തിക്കുന്ന സ്ഥലമാണ് ആദ്യകാലത്തെ വിദ്യാലയ അങ്കണം. എൽപി വിഭാഗവും യുപി വിഭാഗവുമായി ആരംഭിച്ചുവെങ്കിലും 1930കെ പി ഗണപതി മാസ്റ്ററുടെ നേതൃത്വത്തിൽ പ്രൈമറി വിഭാഗം വേറിട്ടു പോയി ഇന്നത്തെ ആർഎംഎസ് പരിസരത്ത് ചൂള മരക്കട്ടിൽ ആണ് എൽ പി വിഭാഗം പ്രവർത്തിച്ചത്. അക്കാലത്ത് ആ വിദ്യാലയത്തെ ചൂളക്കാട് സ്കൂൾ എന്നാണ് നാട്ടുകാർ വിളിച്ചിരുന്നത്.
ദുർഗാ വിലാസം സ്കൂൾ യുപി വിഭാഗം മാത്രമായി ചുരുങ്ങി. 1936ലാണ് ഹൈസ്കൂൾ വിഭാഗം ആരംഭിച്ചത്. 1938-39 ലാണ് ആദ്യത്തെ എസ്എസ്എൽസി ബാച്ച് പുറത്തിറങ്ങുന്നത്. ആ വർഷത്തിൽ
തന്നെയാണ് വിദ്യാലയം കൊച്ചി സർക്കാർ ഏറ്റെടുത്തത്. സർക്കാറിലേക്ക് ഏൽപ്പിച്ചു കൊടുക്കുമ്പോൾ പേര് രാജാസർ രാമവർമ്മ ഹൈസ്കൂൾ എന്ന മാറ്റുകയുണ്ടായി. അന്ന് നാടുഭരിച്ചിരുന്ന രാജാവിന്റെ കാരണവരും കൊച്ചിയിൽ രാജാ ഋഷി എന്ന പേരിലറിയപ്പെട്ടിരുന്നയാളും നാട്ടുകാരുടെ ആരാധന കഥാപാത്രവുമായിരുന്ന അന്തരിച്ച കൊച്ചി രാജാവിനോടുള്ള ആദരസൂചകമായിട്ടാണ് ആ പേര് സ്കൂളിനു നൽകിയത്. ചില പ്രാദേശിക പ്രശ്നങ്ങളുടെ ഭാഗമായി യുപി വിഭാഗം നിർത്തൽ ചെയ്യുകയുണ്ടായി. പിന്നീട് കൊച്ചിരാജ്യത്തെ വിദ്യാഭ്യാസ വകുപ്പ് തലവൻ ഐ എൻ മേനോന്റെ പ്രത്യേക ഉത്തരവ് പ്രകാരം ചോറ്റാനിക്കരയിലെ സംസ്കൃത സ്കൂൾ വേലൂരിലേക്ക് മാർ സ്ഥാപിക്കുകയുണ്ടായി. കാവ്യ ഭൂഷണം വരെ പഠിപ്പിക്കാൻ അക്കാലത്ത് സൗകര്യമുണ്ടായിരുന്നു . പിന്നീട് സംസ്കൃതം യുപിസ്കൂൾ ഹൈസ്കൂളിന്റെ ഭാഗമാക്കി മാറ്റുകയാണുണ്ടായത്. അതേ വരെ രണ്ട് വിഭാഗത്തിനും വെവ്വേറെ ഹെഡ്മാസ്റ്റർമാർ ഉണ്ടായിരുന്നു. രണ്ടായിരത്തിലാണ് ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചത്. ഇപ്പോൾ യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി ആയിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
വെളപ്പായ, എടക്കുളം, അവണൂർ, തങ്ങാലൂർ, പുതുരുത്തി, മുണ്ടത്തിക്കോട്, തയ്യൂർ, വെള്ളാറ്റഞ്ഞൂർ, എരുമപ്പെട്ടി, കടങ്ങോട്, മരത്തംകോട്, കേച്ചേരി, ചൂണ്ടൽ ,പെരുമണ്ണ, മുണ്ടൂർ ,കൈപ്പറമ്പ്, പേരാമംഗലം, വരടിയം, കാരോർ, കിരാലൂർ എന്നീ പ്രദേശങ്ങളിൽ നിന്നും വിദ്യാലയത്തിലേക്ക് വിദ്യാർഥികൾ വന്നിരുന്നു.
കുന്നംകുളത്തു നിന്നും വടക്കാഞ്ചേരിയിൽനിന്നും എംഎൽഎയായ സിപിഐഎം നേതാവും കലാ മർമജ്ഞനും സംസ്കാരിക നായകനുമായ എ എസ് എൻ നമ്പീശൻ മാസ്റ്റർ, എം പിയും എം എംഎൽഎയും കേരള സർക്കാർ ചീഫ് വിപ്പും സിപിഐഎം നേതാവുമായിരുന്നു കെ പി അരവിന്ദാക്ഷൻ , മുൻ എംഎൽഎ യും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഐ നേതാവുമായ പി എ മാധവൻ , മഹാത്മാഗാന്ധിയുടെ ശിഷ്യനും കണ്ണൂരിലെ സർവോദയ പ്രസ്ഥാനം നായകനുമായിരുന്നു നെല്ലുവായ് കെ എൻ നമ്പീശൻ, പ്രശസ്ത സാഹിത്യകാരൻ മാരായ യൂസഫലി കേച്ചേരി ,മാടമ്പ് കുഞ്ഞുക്കുട്ടൻ ,പ്രമുഖ സിപിഐ നേതാവായിരുന്ന സി പി ജോസ് തുടങ്ങിയവർ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ പ്രഗത്ഭരാണ്. എസ് എൻ നമ്പീശൻ മാസ്റ്റർ വിദ്യാലയത്തിലെ പൂർവ്വ അദ്ധ്യാപകനുമായിരുന്നു.
ആദ്യകാല യുപി അധ്യാപകരിൽ പ്രമുഖർ സി കെ നായർ, അനന്തൻ എഴുത്തച്ഛൻ, നാരായണൻ നമ്പ്യാർ , ഉണ്ണികൃഷ്ണ മേനോൻ, രാമനാഥ അയ്യർ,ഉഴുത്ര വാരിയർ, മാനവിക്രമ പണിക്കർ എന്നിവരായിരുന്നു.
ഹൈസ്കൂൾ ക്ലാസുകൾ ആരംഭിച്ചപ്പോൾ പി കൊച്ചു കൃഷ്ണൻ നായർ, കെ രാഘവൻ മേനോൻ , ടി എൻ കൃഷ്ണൻ നമ്പിടി, പി ആർ പരമേശ്വരയ്യർ എന്നിവർ അധ്യാപകരായിരുന്നു. കെ എ വെങ്കിടേശ്വരൻ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ. കരുണാകരൻ നായരും കൊച്ചുണ്ണി എഴുത്തച്ഛനും ആദ്യകാല ശില്പി മാരായിരുന്നു. പണ്ഡിതനായ നാരായണപിഷാരടി മാസ്റ്റർ, പാത്രമംഗലത്തെ ടിവി മാധവവാര്യർ മാസ്റ്റർ ,വേലൂർ തെക്കേക്കരയിലെ തൈക്കാട്ടിൽ പൊറിഞ്ചുണ്ണി മാസ്റ്റർ, മറ്റം കാക്കശ്ശേരി ചക്കോരു മാസ്റ്റർ , അറങ്ങാശ്ശേരി തോമസ് മാസ്റ്റർ , പാറന്നൂരിലെ കുഞ്ഞിറ്റിമാസ്റ്റർ, പ്രസിദ്ധ കന്നട നോവലിസ്റ്റ് ശ്രീകൃഷ്ണ ആലനഹള്ളി യുടെ കാട്, പാവത്താൻ, ദശാവതാരങ്ങൾ എന്ന പ്രശസ്ത നോവൽ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ എ വി എം നാരായണൻ മാസ്റ്റർ, ശില്പിയും നാടക സംവിധായകനും നടനുമായ മാടമ്പ് സൂര്യ ശർമൻ മാസ്റ്റർ എന്നിവരെല്ലാം ഈ വിദ്യാലയത്തിലെ പൂർവ്വകാല അധ്യാപകരിൽ ഉൾപ്പെടുന്നവരാണ്.
അക്കാദമിക് രംഗത്തും കലാ കായിക രംഗത്തും ശ്രദ്ധേയമായ വളർച്ചയാണ് വിദ്യാലയത്തിന് നേടാൻ സാധിച്ചിട്ടുള്ളത്. കഴിഞ്ഞ പത്തുവർഷമായി എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളിൽ 90 ശതമാനത്തിനു മേൽ വിജയം തുടർച്ചയായി നേടാൻ സാധിച്ചിട്ടുണ്ട്.