കേരളത്തിലെ വയനാട് ജില്ലയിലെ ഒരു നഗരമാണ് മാനന്തവാടി . നഗരസഭയുടെ അതിരുകൾ വടക്കുഭാഗത്ത് തിരുനെല്ലി പഞ്ചായത്തും, തെക്കും കിഴക്കും ഭാഗങ്ങളിൽ കബനീനദിയും, പടിഞ്ഞാറുഭാഗത്ത് തവിഞ്ഞാൽ പഞ്ചായത്തുമാണ്. പുരാതനകാലത്ത് വയനാടിൻ്റെ ആസ്ഥാനമായിരുന്നു മാനന്തവാടി. ജൈനമതം ശക്തിയാർജ്ജിച്ചിരുന്ന കാലത്ത് അതിൻ്റെ സാംസ്കാരികാടയാളങ്ങളോടുകൂടിയ സ്ഥലനാമങ്ങൾ പ്രത്യേകിച്ച് തിരുനെല്ലി, മാനന്തവാടി, പനമരം, ബത്തേരി എന്നീ പ്രദേശങ്ങളിലെ ഓരോ പ്രദേശത്തിനും ലഭിച്ചിട്ടുണ്ട്. വരദൂരിലെ അനന്തനാഥസ്വാമി ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുള്ള ചെമ്പിൽ പണിയിച്ചിട്ടുള്ള ജലധാരാഫലകത്തിൻ്റെ അടിഭാഗത്തു കാണുന്ന കർണ്ണാടക ലിപിയിലുള്ള ശാസനത്തിൽ മാനന്തവാടിയെ ഹൊസെങ്കാടി എന്നാണ് പരാമർശിച്ചിട്ടുള്ളത്. മാനെ എയ്ത വാടി എന്നു വിളിക്കപ്പെട്ട സ്ഥലമാണ് മാനന്തവാടിയായി മാറിയതെന്ന് പ്രബലമായൊരഭിപ്രായം നിലവിലുണ്ട്. ഈ വാദഗതിക്ക് ഉപോത്ബലകമായി അമ്പുകുത്തി എന്ന സ്ഥലപ്പേരും ഉയർത്തികാണിക്കപ്പെടുന്നു. കേരളവർമ്മ പഴശ്ശിരാജ അന്ത്യവിശ്രമം കൊള്ളുന്ന നാടാണ് മാനന്തവാടി. അദ്ദേഹത്തിന് നഗര മധ്യത്തിലായി ഒരു സ്മാരകമുണ്ട്. അദ്ദേഹത്തെ തളയ്ക്കാൻ ബ്രിട്ടീഷ് പട്ടാളം തമ്പടിച്ചിരുന്ന പ്രധാനകേന്ദ്രമായിരുന്നു മാനന്തവാടി. പട്ടാളബാരക്കുകളും അവയുടെ അനുബന്ധസ്ഥാപനങ്ങളായ കാന്റീൻ, ക്ളബ്ബ് എന്നിവയുടെ ശേഷിപ്പുകളും ഇപ്പോഴുമുണ്ട്. ഇവർക്കുവേണ്ടി പ്രത്യേകം ഏർപ്പെടുത്തിയ സെമിത്തേരിയാണ് ഗോരിമൂലയിലുള്ളത്. ബ്രിട്ടീഷുകാരുടെ ഭരണത്തിൻ കീഴിൽ വയനാട്, മലബാർ ജില്ലയിലെ താലൂക്കുകളിലൊന്നായിരുന്നപ്പോൾ മാനന്തവാടി ആയിരുന്നു താലൂക്ക് ആസ്ഥാനം. സമുദ്രനിരപ്പിൽ നിന്ന് 2570 അടി ഉയരത്തിൽ ഡക്കാൻ പീഠഭൂമിയുടെ ഭാഗമായി സ്ഥിതി ചെയ്യുന്ന കുന്നുകളും താഴ്വരകളും വയലേലകളും ഇടകലർന്ന മനോഹരമായ ഭൂപ്രകൃതിയുള്ള പ്രദേശമാണ് മാനന്തവാടി നഗരസഭ. പേര്യയിൽ നിന്ന് ആരംഭിക്കുന്ന മാനന്തവാടി പുഴ പഞ്ചായത്തിൻ്റെ തെക്കുകിഴക്കേ അതിരുകളിലൂടെ ഒഴുകി കൂടൽകടവിൽ വെച്ച് കബനിയിൽ ലയിക്കുന്നു. 1935-ലാണ് മാനന്തവാടി പഞ്ചായത്ത് രൂപീകൃതമാവുന്നത്. കണിയാരം, ഒഴക്കോടി പ്രദേശങ്ങൾ അന്നത്തെ പഞ്ചായത്തിൽ ഉൾപ്പെട്ടിരുന്നില്ല. ഏതാണ്ട് ഇരുപതുചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമേ അന്നത്തെ പഞ്ചായത്തിനുണ്ടായിരുന്നുള്ളൂ. പിന്നീടാണ് കൂട്ടിച്ചേർക്കലുകൾ നടത്തിയത്. 2015 ജനുവരി 14-ന് മാനന്തവാടിയെ നഗരസഭയാക്കി ഉയർത്തി. ആ വർഷം നവംബറിൽ നഗരസഭയിലേയ്ക്ക് ആദ്യ തിരഞ്ഞെടുപ്പ് നടന്നു.

അവലംബം

വിക്കിപീഡിയ