ഗവ.എൽ പി എസ് കൊണ്ടാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
 രാമപുരം പഞ്ചായത്തിലെ കൊണ്ടാട് എന്ന ഗ്രാമത്തിന്റെ സാംസ്കാരിക പൈതൃകത്തിന് നിദാനമായ കൊണ്ടാട് ഗവ.എൽ.പി.സ്കൂൾ സ്ഥാപിതമായത് 1916 - ൽ ആണ്. സ്കൂൾ സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തി മാളിയേക്കൽ ആശാൻ എന്ന പേരിൽ നമുക്കിപ്പോൾ അനുസ്മരിക്കാവുന്ന ബഹുമാന്യ ദേഹമാണ്. തെങ്ങനാൽ ആശാൻ, വള്ളിപ്പറമ്പിൽ ആശാൻ, തുടങ്ങിയവരെപ്പോലെ ഈ നാട്ടിൽ സ്ക്കൂളുകൾ വരുന്നതിനുമുമ്പ് വിദ്യാദാനം നടത്തിയിരുന്ന വ്യക്തിയായിരുന്നു മാളിയേക്കൽ ആശാൻ എന്നു പഴമക്കാർ പറയുന്നു. മാളിയേക്കൽ ആശാൻ മുൻകൈയെടുത്തു സ്ഥാപിച്ച കൊണ്ടാട് സ്കൂൾ അധികം കഴിയുന്നതിനു മുൻപു തന്നെ ജനകീയ കമ്മറ്റിയിൽ നിന്നുള്ള മാനേജർമാർ സ്കൂൾ ഭരണം ആരംഭിച്ചു. ആദ്യത്തെ മാനേജർ നാലുന്നടിയിൽ ശ്രീ. ആഗസ്തി ആയിരുന്നു. ക്രിസ്ത്യാനികൾ, ഈഴവർ, നായന്മാർ എന്നിവർക്ക് പ്രാതിനിധ്യമുള്ളതായിരുന്നു ജനകീയ കമ്മറ്റി. ക്രിസ്ത്യാത്യാനികൾക്കു പകുതി അവകാശം ബാക്കിയുള്ളതിന്റെ രണ്ടവകാശം ഈഴവർക്ക്, ഒരവകാരം നായന്മാർക്ക് എന്ന രീതിയിൽ ആനുപാതിക പ്രാതിനിധ്യ സ്വഭാവത്തിലുള്ളതായിരുന്നു ജനകീയ കമ്മറ്റി.
      ഓലക്കെട്ടിടമായിരുന്നു അന്ന് സ്ക്കൂളിന് ഉണ്ടായിരുന്നത്. നാട്ടുകാരുടെ മാനേജ്മെൻറ്, സ്കൂളിന് ഒരു നല്ല കെട്ടിടം പണികഴിപ്പിച്ചു. ഗവൺമെന്റ് ഗ്രാന്റ് സമയത്ത് കിട്ടുകയില്ല. ആ തുകമാത്രം നൽകിയാൽ അദ്ധ്യാപകർക്ക് വളരെ തുച്ഛമായ വേതനമേ ആകുകയുള്ളൂ താനും. ഗവൺമെൻറു സ്കൂളുകളാണങ്കിൽ അദ്ധ്യാപകർക്കു നേരിട്ടു ശമ്പളം കിട്ടും. ശമ്പളക്കൂടുതലുമുണ്ട്. ഈ കാര്യങ്ങളെല്ലാം മുൻനിർത്തി 1948-ൽ സ്ക്കൂൾ ഗവൺമെന്റിലേയ്ക്ക് വിട്ടുകൊടുത്തു.  അതിനുമുമ്പ് രാമപുരം പള്ളി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ സ്കൂൾ ഏറ്റെടുക്കാൻ ജനകീയ കമ്മറ്റി സമീപിക്കുകയുണ്ടായി. ഏതെങ്കിലും പൊതുസ്ഥാപനങ്ങളോ സാമുദായിക സംഘടനകളോ സ്കൂൾ ഏറ്റെടുക്കാൻ തയ്യാറായില്ല. അങ്ങനെയാണ് കൊണ്ടാട് ഗവൺമെന്റ് സ്കൂളുണ്ടായത്. കാവാലിയേൽ കുറു അപ്പൂപ്പൻ, തെങ്ങനാൽ രാമൻ നായർ, കടലംകാട്ട് മാത്തൻ മാപ്പിള, പാണ്ടിക്കാട്ട് ശങ്കരൻ മേമന വർക്കി മാപ്പിള തുടങ്ങിയവർ കൊണ്ടാട് സ്കൂളിന്റെ മാനേജർമാരായി പ്രവർത്തിച്ചിട്ടുണ്ട്.
       സ്കൂൾ ഗവൺമെന്റിലേയ്ക്ക് വിട്ടുകൊടുക്കുന്നതു വരെ ഇവിടെ സൺഡേ സ്ക്കൂളും പ്രവർത്തിച്ചു വന്നിരുന്നു. പിന്നീട് പള്ളിക്കണ്ടത്തിനടുത്ത് പുതിയ സൺഡേസ്കൂൾ തീർക്കുകയും വളരെ കഴിയുന്നതിനുമുമ്പ് ഇഞ്ചനാനിയിൽ പാക്കാലപറമ്പിൽ മറ്റൊരു സൺഡേസ്കൂൾ തുടങ്ങുകയും ചെയ്തു. പള്ളിക്കണ്ടത്തിനടുത്തുള്ള സ്ക്കൂൾ ക്രമേണ നിന്നു പോവുകയും പാക്കാലപ്പറമ്പ് സൺഡേസ്കൂൾ കൊണ്ടാട് പള്ളിയായി വളരുകയും ചെയ്തു. അങ്ങനെ കൊണ്ടാട് പ്രദേശത്ത് ക്രിസത്യാനികൾക്ക് വേദപഠനത്തിനുള്ള ആദ്യത്തെ കേന്ദ്രമായിരുന്നു കൊണ്ടാട് സ്ക്കൂൾ എന്ന പ്രാധാന്യം കൂടി ഈ സ്കൂളിനുണ്ട്.
      കൊണ്ടാട് സ്ക്കൂളിലെ പഴയകാല അദ്ധ്യാപകരെ കുറിച്ചുള്ള അപൂർണ്ണരേഖകൾ മാത്രമേ ലഭ്യമുള്ളൂ. ഗവൺമെന്റ് സ്കൂളായതിനു ശേഷമുള്ള അധ്യാപകരെ സംബന്ധിച്ച് കൃത്യമായ രേഖകൾ സ്ക്കൂളിൽ ലഭ്യമാണ്. ആയതിനാൽ അതിനു മുൻപുള്ള അദ്ധ്യാപകരെ കുറിച്ച് ഇപ്പോൾ വൃദ്ധരായിട്ടുള്ള പൂർവ്വ വിദ്യാർത്ഥികളുടെ അനുസ്മരണങ്ങളെ അവലംഭിക്കുകയേ തരമുള്ളൂ. ചെളിക്കണ്ടത്തിൽ സി.രാമൻ നായർ ദീർഘകാലം സ്ക്കൂളിൽ അദ്ധ്യാപകനും ഹെഡ്മാസ്റ്ററുമായിരുന്നു. (1947 - 1965) കെ.ഇ.ആർ. 14-ബി വകുപ്പ് ഓപ്റ്റ് ചെയ്തതുമൂലം അദ്ദേഹത്തിന് 60 വയസ്സുവരെ ഹെഡ്മാസ്റ്ററായി തുടരാമായിരുന്നു. 1930-നു മുമ്പുതന്നെ അദ്ദേഹം അദ്ധ്യാപകനായി ഇവിടെ വന്നിരുന്നുവെന്നു കരുതാം. തെങ്ങനാൽ പി.ആർ.ഗോപാലൻ നായർ സാറും ദീർഘകാലം ഈ സ്ക്കൂളിൽ അദ്ധ്യാപകനും 1965-മുതൽ 1968-വരെ ഹെഡ്മാസ്റ്ററുമായിരുന്നു. കുന്നുംപുറത്ത് കേശവൻ നായർ സാർ, മേമന എം.ആർ. ബ്രിജിത്ത് ടീച്ചർ, ചെളിക്കണ്ടത്തിൽ പാറുക്കുട്ടി ടീച്ചർ എന്നിവരും സ്ക്കൂളിൽ സുദീർഘസേവനം അനുഷ്ഠിച്ചവരാണ്. വളവനാട്ട് ദേവസ്യ സാർ വെള്ളിലാപ്പിള്ളി ചിറയിൽ ഓപ്പുസാർ, നാരായണൻ സാർ മറ്റത്തിൽ, അച്ചു നിലത്തിൽ രാമൻ സാർ എന്നിവരും ഈ സ്ക്കൂളിലെ അദ്ധ്യാപകരായിരുന്നു.
         സ്ക്കൂൾ പ്രവർത്തിച്ചിരുന്ന കെട്ടിടം 1969-ൽ അൺ ഫിറ്റായി പൊതുമരാമത്തു വകുപ്പ് രേഖപ്പെടുത്തി. സ്ക്കൂളിന്റെ കഷ്ടകാലത്തിന്റെ തുടക്കമായിരുന്നു അത്. തുടർന്ന് 15 വർഷക്കാലം - 1984 വരെ താത്കാലിക ഷെഡ്ഡുകെട്ടി കുട്ടികളെ പഠിപ്പിക്കുകയായിരുന്നു. നീണ്ട 15 വർഷക്കാലം ഷെഡ്ഡുകെട്ടുന്ന കാര്യത്തിൽ നേരിടേണ്ടിവന്ന വിഷമതകൾ ആരുടെയും കരളലിയിക്കുന്നതായിരുന്നു. ഷെഡ്ഡ് കെട്ടിയാലും ഒരുവർഷം മുഴുവൻ നനയാതെ നിൽക്കില്ല. വർഷത്തിൽ നനഞ്ഞൊലിച്ചും തറ ചെളികെട്ടിയും കിടന്ന അക്കാലത്ത് മറ്റൊരു വഴിയുമില്ലാത്തതുകൊണ്ടാണ് നാട്ടിലെ കുട്ടികളെല്ലാം ഇവിടെത്തന്നെ പഠിക്കാൻ വന്നിരുന്നത്. 1984 മുതൽ 1995 വരെ കൊണ്ടാട് എൻ.എസ്.എസ്. കരയോഗം വക വാടകകെട്ടിടത്തിൽ സ്ക്കൂൾ പ്രവർത്തിച്ചു. ഇപ്പോഴത്തെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാ ടനം 26 - 1 - 1995 ന് റിപ്പബ്ലിക്ക് ദിനത്തിൽ നടന്നു.