ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/എന്റെ വിദ്യാലയം
എന്റെ വിദ്യാലയം
എന്റെ പ്രിയ കടക്കരപ്പള്ളി സ്ക്കൂൾ. എന്റെ അച്ഛൻ എനിക്കു പറഞ്ഞു തന്ന ഒരു കഥയുണ്ട്. ടോട്ടോച്ചാൻ എന്ന വികൃതിയായ ഒരു പെൺകുട്ടിയുടെ കഥ. അങ്ങേയറ്റം വികൃതിയായ ടോട്ടോച്ചാൻ എന്ന കൊച്ചു പെൺകുട്ടി, റ്റോമാ എന്ന പുതിയ വിദ്യാലയത്തിലേക്കും, സ്നേഹനിധിയും ഭാവനാശാലിയുമായ കൊബായാഷി മാസ്റ്റർ എന്ന ഹെഡ് മാസ്റ്ററുടെ പക്കലേക്കും എത്തിപ്പെടുമ്പോൾ അവളിലുണ്ടായ മാറ്റങ്ങളാണ് ആ കഥയിൽ. സ്ക്കൂളിൽ എത്താൻ വേണ്ടി മാത്രം ഓരോ പകലിനുവേണ്ടിയും അവൾ കാത്തിരുന്നു. അതേപോലെ തന്നെയാണ് ഞാനുമീ സ്ക്കൂളിലെത്തിയത്. ഇവിടെ വരാൻ വേണ്ടിയുള്ള ഓരോ പകലുകൾക്കുവേണ്ടി ഞാനും കാത്തിരുന്നു.
എന്റെ അടുത്ത ബന്ധു കൂടിയായ എച്ച്.എം.ടീച്ചർ, കൊബായാഷി മാസ്റ്ററിനെപോലെയുള്ള ഒരു ഹെഡ് മാസ്റ്റർ ആണ്. ഈ വിദ്യാലയത്തിലെ ഓരോ കുട്ടിക്കും അളവില്ലാത്ത സ്നേഹം പകർന്നു നൽകിയ അധ്യാപിക. ഇതൊക്കെയാണെങ്കിലും എന്നെ ഈ വിദ്യാലയത്തോട് അടുപ്പിച്ച് നിർത്തുന്നത് മറ്റൊരു കാര്യമാണ്. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി ഈ വിദ്യാലയത്തിലാണ്. അമ്മയെപ്പോലെ ഞാൻ സ്നേഹിക്കുകയും, കൂട്ടുകാരിയോടെന്നപ്പോലെ ഞാൻ പെരുമാറുകയും അധ്യാപികയെ എന്നപോലെ ബഹുമാനിക്കുകയും ചെയ്യുന്ന എന്റെ പ്രിയങ്കരിയായ രാജകുമാരി ടീച്ചറാണത്. ടീച്ചറിന്റെ ക്ലാസിലേക്കാണ് ആദ്യമായി രണ്ടാം ക്ലാസിൽ വന്നു ചേരുന്നത്. ലജ്ജാലുവായിരുന്ന എന്നെ എണ്ണമില്ലാത്ത സൗഹൃദയങ്ങളിലേക്കും പാഠ്യേതര പ്രവർത്തനങ്ങളിലേക്കും കൈ പിടിച്ച് നടത്തിയത് മാതൃകാ വിദ്യാലയം എന്നു പറയാവുന്ന എന്റെ ഈ വിദ്യാലയമാണ്. ആടാനും പാടാനും പ്രസംഗിക്കാനും എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുവാനും എന്നെ പ്രാപ്തയാക്കിയത് ഈ സ്ക്കൂളാണ്. പഠിക്കുക എന്നതുമാത്രമല്ല ഒരു വിദ്യാർത്ഥിയുടെ കടമ എന്ന് മാതൃകാപരമായ ഒട്ടനവധി പ്രവർത്തനങ്ങളിലൂടെ എന്നെ ബോധ്യപ്പെടുത്തിയതും ഈ വിദ്യാലയമാണ്. പ്രകൃതിയോട് ഇണങ്ങി ജീവിക്കേണ്ടതിന്റെ ആവശ്യകതയും എനിക്ക് മനസ്സിലായത് ഈ വിദ്യാലയത്തിലെ മാതൃകാപരമായി പ്രവർത്തിക്കുന്ന അധ്യാപകരുടെ ശിക്ഷണത്തിലൂടെയാണ്. അങ്ങനെ എല്ലാ അർത്ഥത്തിലും എന്റെ വളർത്തയ്ക്ക് അടിത്തറപാകിയ വിദ്യാലയം ഞാൻ ഏറെ സ്നേഹിക്കുന്ന ഈ സ്ക്കൂൾ തന്നെയാണ് എന്ന് അഭിമാനത്തോടെ പറയാൻ എനിക്ക് സാധിക്കും. ടോട്ടോച്ചാനെ പോലെ ആകെ അമ്പരന്നും അത്ഭുപ്പെട്ടും നിന്ന എന്നെ രാജകുമാരി ടീച്ചർ ചേർത്തു പിടിച്ചു. ഇന്നും ആ സ്നേഹത്തിന്റെ ചേർത്തു പിടിക്കൽ അനുഭവിക്കുന്നു. ഞാൻ വേറെ സ്ക്കൂളിൽ പോയെങ്കിലും ഇപ്പോഴും എന്റെ പഠനത്തിലും പഠനേതര വിഷയങ്ങളിലും ഇപ്പോഴും ജെയിംസ് സാറും രാജകുമാരി ടീച്ചറുമൊക്കെ ഒരുപാട് ഒരുപാട് സഹായിക്കുന്നുണ്ട്. ഇപ്പോഴും എന്റെ മനസ്സിൽ എന്റെ സ്ക്കൂൾ എന്ന് പറയുമ്പോൾ ഈ വിദ്യാലയമാണ്. ഇവിടുത്തെ അധ്യാപകരാണ്, ഇവിടുത്തെ കൂട്ടുകാരാണ്. [അനഘനന്ദ പി. (പൂർവ്വ വിദ്യാർത്ഥി)]
എന്റെ സ്ക്കൂൾ
ഞാൻ സൂര്യനാരായണൻ. ഈ സ്ക്കൂളിൽ പഠിച്ച കാര്യത്തെ കുറിച്ചാണ് ഞാൻ പറയുവാൻ ഉദ്ദേശിക്കുന്നത്. ഞാൻ രാവിലെ സ്ക്കൂളിൽ എത്തി. ആദ്യം കണ്ടത് മരമുത്തശ്ശിയാണ്. നമ്മുടെ മരമുത്തശ്ശിയുടെ ചുവട്ടിലെത്തിയപ്പോൾ ഞാൻ ഓർത്തുപോയി ഈ മരം എത്ര ഭംഗിയുള്ളതും വലുപ്പമുള്ളതാണെന്ന്.