ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ രസതന്ത്രം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റെ രസതന്ത്രം

പരീക്ഷകൾ എഴുതിത്തീർത്ത് മനോഹരമായ ഒരു അവധിക്കാലം സ്വപ്നം കണ്ടിരുന്ന ഞങ്ങൾ കുട്ടികളെ ഭീതിയുടെ ഒരു കരിമ്പടം പോലെയാണ് കൊറോണ മെല്ലെ മെല്ലെ വന്നുമൂടിയത്. വീടിന്റെ മതിലിനപ്പുറം ജനസ‍ഞ്ചാരം നിലച്ച നിശ്ചലമായ വീഥികൾ ,ആരവം ഒഴിഞ്ഞ പൊതു ഇടങ്ങൾ. അയൽവാസികൾ തമ്മിൽ പോലും സമ്പർക്കമില്ലാത്ത അവസ്ഥ. ആദ്യമാദ്യം ഒരു തമാശ പോലെ തോന്നിയെങ്കിലും ദിവസങ്ങൾ നീങ്ങവേ ടിവിയിലൂെടയും പത്രമാധ്യമങ്ങളിലൂെടയും രോഗത്തിന്റെ തീവ്രത മനസ്സിലായി. ബോധവൽക്കരണ പരിപാടികളിലൂടെ രോഗത്തോടു തോന്നിയ വലിയ ഭയം ഇല്ലാതായി. കാരണം കൃത്യമായ നിർദ്ദേശങ്ങൾ പാലിക്കുന്ന ഇടങ്ങളിൽ രോഗം നിയന്ത്രണവിധേയമാകുന്നത് നമ്മൾ കാണുന്നുണ്ട്. അത് എല്ലാവരേയും ആശ്വസിപ്പിക്കുന്നു. നമുക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകുന്ന ആരോഗ്യപ്രവർത്തകരേയും, നമ്മുടെ സുരക്ഷയ്ക്കുവേണ്ടി കഷ്ടപ്പെടുന്ന പോലീസിനെയും, ശരിയായ വിവരങ്ങളിലൂടെ നമുക്കാശ്വാസം നൽകുന്ന മാധ്യമപ്രവർത്തകരേയും നന്ദിയോടെ മാത്രമേ സ്മരിക്കാൻ സാധിക്കൂ. ഞാനും ഈ നിർദ്ദേശങ്ങൾക്കനുസരിച്ച്,എന്റെ കുറുഞ്ഞിപ്പൂച്ചയുടെ പുതുതായി ഉണ്ടായ കുഞ്ഞുങ്ങളെ പരിപാലിച്ച്, ദാഹിച്ച് വലഞ്ഞു വരുന്ന കു‍ഞ്ഞിക്കിളികൾക്ക് ദാഹജലം നൽകി,കൊച്ചു കൊച്ചു ജോലികളിൽ അമ്മയെ സഹായിച്ച്, ചിത്രങ്ങൾ വരച്ച് അച്ഛനും അമ്മയ്ക്കും ഒപ്പം വീട്ടിൽത്തന്നെ കഴിയുന്നു. ഈ പരീക്ഷണ കാലം നാം വേഗത്തിൽ അതിജീവിക്കുക തന്നെ ചെയ്യും.

ലക്ഷ്മി എം.യു
8A ഗവ.എച്ച്.എസ്.എസ് മുപ്പത്തടം
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം