ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഗ്രന്ഥശാല

കഥ, കവിത, നോവൽ, ബാലസാഹിത്യം, നാടകം, സിനിമ, ശാസ്ത്രം, സെൽഫ് ഹെൽപ്പ്, ജീവചരിത്രം, ആത്മകഥ, ഓർമ്മ, പഠനം, ലേഖനം, ചരിത്രം, നിരൂപണം, റഫറൻസ് എന്നീ വിവിധ ഭാഗങ്ങളിലായി 9000-ൽപരം ഗ്രന്ഥങ്ങളുടെ ശേഖരമാണ് ആയാപറമ്പ് ഗവ. എച്ച്. എസ് എസിലുള്ളത്. അധ്യയന വർഷാരംഭത്തിൽ തന്നെ കുട്ടികൾക്ക് ലൈബ്രറിയിൽ അംഗത്വം നൽകി വായനാകാർഡ് വിതരണം ചെയ്യുകയും പ്രത്യേകം രജിസ്റ്റർ സൂക്ഷിച്ച് പുസ്തക വിതരണം സുഗമമായി നടത്തി വരുകയും ചെയ്യുന്നു . ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്ക് ലൈബ്രറിയിലെത്തി പുസ്തകം തെരഞ്ഞെടുക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് പുറമെ അധ്യാപകരും അനധ്യാപകരും ലൈബ്രറിയിൽ അംഗങ്ങളാണ്. 'അമ്മ വായന' പദ്ധതിയുമായി ബന്ധപ്പെട്ട് കുട്ടികൾ വഴി രക്ഷാകർത്താക്കളിലേക്കും പുസ്തകങ്ങൾ എത്തിക്കുന്നുണ്ട്.

വെള്ളിയാഴ്ച തോറും നടത്തിവരുന്ന സർഗ്ഗവേദിയിൽ കുട്ടികൾ, തങ്ങൾ വായിച്ച പുസ്തകങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകൾ അവതരിപ്പിച്ചു വരുന്നു. അവയിൽ മികച്ചവ സ്കൂൾ അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദിയുമായി സംഘടിച്ച് വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് എഴുത്തുകാരുമായി മുഖാമുഖം, പുസ്തക പ്രദർശനം, പുസ്തകചർച്ച, അനുസ്മരണങ്ങൾ, ക്വിസ് തുടങ്ങിയ നിരവധി പരിപാടികളും നടത്തിവരുന്നുണ്ട്. അമ്മ വായന, വീട്ടിലെ ലൈബ്രറി, അയൽപക്ക ലൈബ്രറി തുടങ്ങിയ പദ്ധതികൾ സജീവമായിത്തന്നെ മുന്നോട്ടുകൊണ്ടുപോകാനും ലൈബ്രറിക്ക് കഴിയുന്നു.കുട്ടികളെ വായനാശീലം ഉള്ളവരാക്കുന്നതിനും അവരുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും ലൈബ്രറി പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നുണ്ട്.

സ്കൂൾതല വായനക്കൂട്ടം

"ബഡ്ഡിംഗ് റൈറ്റേഴ്സ്" പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂൾതല വായനക്കൂട്ടം രൂപീകരിക്കുന്നതിനുള്ള യോഗം 5/2/2024 ൽ 3.45 ന് കൂടുകയും യു.പി, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി വിഭാഗം ക്ലാസ്സുകളിലെ വായനക്കൂട്ടത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ ഉൾപ്പെടുത്തി 40 അംഗങ്ങൾ ഉള്ള സ്കൂൾ തല വായനക്കൂട്ടം രൂപികരിച്ച് പ്രസ്തുത വായനക്കൂട്ടത്തിന് അക്ഷരതണൽ എന്ന് പേരുനൽകുകയും സകൂൾ തല വായനക്കൂട്ടം രണ്ടാഴ്ചയിലൊരിക്കൽ ചേരാനും തിരുമാനിച്ചു. വായനക്കൂട്ടത്തിന്റെ ഔപചാരിക ഉദ്ഘാടനം 7/2/2024 ബുധനാഴ്ച 2.30 ന് നടത്തി. എച്ച്. എം. ശ്രീമതി ശ്രീനി ടീച്ചർ അധ്യക്ഷയായ ഉദ്ഘാടനയോഗത്തിൽ എച്ച്. എസ് വിഭാഗം അധ്യാപിക ശ്രീമതി തിങ്കൾ സ്വാഗതം പറഞ്ഞു. സ്കൂൾ വിദ്യാരംഗം കൺവീനറും എഴുത്തുകാരിയുമായ ശ്രീമതി പി. സിന്ധുകുമാരി ടീച്ചർ(അനാമിക ഹരിപ്പാട്) ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും തന്റെ കവിതാസമാഹാരമായ 'വിത്തുണർച്ചകൾ' കുട്ടികൾക്ക് പരിചയപ്പെടുത്തി. വായന, രചനാ അനുഭവങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തു. തുടർന്ന് എച്ച് എം ശ്രീമതി ശ്രീനി ടീച്ചർ സിന്ധുകുമാരി ടീച്ചറിനെ പൊന്നാട അണിയിച്ച് ആദരിക്കുകയും അക്ഷരത്തണൽ സ്കൂൾതല വായനകൂട്ടം അംഗങ്ങൾക്ക് ലൈബ്രറി പുസ്തങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. എച്ച്.എസ് വിഭാഗം സീനിയർ അധ്യാപികയായ ശ്രീമതി സുജ ടീച്ചറും ഹയർ സെക്കന്ററി വിഭാഗം മലയാളം അധ്യാപികയായ ശ്രീമതി അനിത ടീച്ചറും ചടങ്ങിന് ആശംസകൾ അർപ്പിച്ചു. തുടർന്ന് എച്ച്. എസ് വിഭാഗം മലയാളം അധ്യാപകനായ അഖിൽ സർ നന്ദി പറയുകയും ചെയ്തു.

അക്ഷരത്തണൽ സ്ക്കൂൾതല വായനക്കൂട്ടത്തിന്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി 13/2/2024 ൽ വിശിഷ്ടാതിഥിയായി എത്തിയ കവയിത്രി ശ്രീമതി. പ്രിയ എസ്. പൈയെ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീനി ടീച്ചർ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് കവയിത്രി കുട്ടികളുമായി സംവദിക്കുകയും വായനയുടെ പ്രാധാന്യത്തെകുറിച്ച് കുട്ടികൾക്ക് ക്ലാസെടുക്കുകയും ചെയ്തു. ശേഷം മലയാളം അധ്യാപിക ശ്രീമതി തിങ്കൾ ടീച്ചർ, ശ്രീ. എം. മുകുന്ദന്റെ "നൃത്തം" എന്ന നോവൽ കുട്ടികൾക്ക് പരിചയപ്പെടുത്തി. തുടർന്ന് വായനക്കൂട്ടം അംഗങ്ങൾ തങ്ങൾ വായിച്ച പുസ്തകങ്ങളെ ആധാരമാക്കി തയ്യാറാക്കിയ വായനക്കുറിപ്പുകൾ അവതരിപ്പിച്ചു. മികച്ച അവതരണം കാഴ്ചവെച്ച കുട്ടികൾക്ക് എച്ച് എം ശ്രീമതി. ശ്രീനി ടീച്ചർ സമ്മാനങ്ങൾ വിതരണം ചെയ്തു. മലയാളം അധ്യാപകനായ അഖിൽ സർ എഴുതിയ കവിത എച്ച് എസ് വിഭാഗം അധ്യാപികയായ ശ്രീമതി നിഷ ടീച്ചർ ആലപിച്ചു. തുടർന്ന് അക്ഷരത്തണൽ അംഗങ്ങൾ കവിതകൾ ചൊല്ലുകയും സംഘമായി നാടൻപാട്ട് അവതരിപ്പിക്കുകയും ചെയ്തു.