ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്


എംബ്ലം

എംബ്ലം

ആമുഖം

എസ്. ബിജു (എച്ച്.ഡബ്ല്യു.ബി - എസ്) സ്കൗട്ട് മാസ്റ്റർ

കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് 92 ആറ്റിങ്ങൽ സ്കൗട്ട് ഗ്രൂപ്പ് ഗവ.എച്ച്.എസ്.എസ്. ഇളമ്പ ലോകത്ത് ഏറ്റവും കൂടുതൽ അംഗസംഖ്യയുള്ള യൂണിഫോം അണിഞ്ഞ പ്രസ്ഥാനമാണ് സ്കൗട്ട്സ് ആന്റ് ഗൈഡ്സ്. ഈ വിശ്വസാഹോദര്യ പ്രസ്ഥാനത്തിന്റെ രണ്ട് സ്കൗട്ട് യൂണിറ്റുകൾ നമ്മുടെ സൂളിൽ പ്രവർത്തിച്ച് വരുന്നു. സ്ഥാപകനായ സർ റോബർട്ട് സ്‌റ്റീഫൻസൺ സ്മിത്ത് ബേഡൻ പവ്വൽ 1907 ൽ വിഭാവനം ചെയ്ത ഉദ്ദേശം, തത്വങ്ങൾ രീതി എന്നിവയ്ക്കനുസൃതമായി ജൻമ വർഗ്ഗ വിശ്വാസ വിവേചനങ്ങളില്ലാതെ എല്ലാവർക്കുമായി തുറന്നിട്ടുള്ള സന്നദ്ധ രാഷ്ട്രീയേതര വിദ്യാഭ്യാസ പ്രസ്ഥാനമാണ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ്. യുവജനങ്ങളുടെ കായികവും ബൗദ്ധികവും സാമൂഹ്യവും ആത്മീയവുമായ പൂർണ വികാസം ആണ് പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യം. ദൈവത്തോടുള്ള കടമ , രാജ്യത്തോടുള്ള കടമ , തന്നോടുള്ള കടമ എന്നീ തത്വങ്ങളിൽ അധിഷ്ഠിതമാണ് ഈ പ്രസ്ഥാനം. ബാലൻ മാരുടെ വിദ്യാഭ്യാസത്തിന് സ്കൗട്ട് പ്രതിജ്ഞയുടെയും നിയമത്തിന്റെയും അടിസ്ഥാനത്തിലുള്ള മൂല്യാധിഷ്ഠിത വ്യവസ്ഥിതിയിലൂടെ സംഭാവന നൽകുക എന്നതാണ് സ്കൗട്ടിംഗിന്റെ ദൗത്യം. ഇതിലൂടെ സമൂഹത്തിൽ ക്രിയാത്മകമായി ഇടപെടുന്ന സ്വയം പര്യാപ്തമായ ജനതയെ സൃഷ്ടിക്കാൻ കഴിയും.

സ്കൗട്ട് പ്രതിജ്ഞ

ദൈവത്തോടും എന്റെ രാജ്യത്തോട്ടമുള്ള എന്റെ കടമ നിർവഹിക്കുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനും സ്കൗട്ട് നിയമം അനുസരിക്കുന്നതിനും എന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്ന് എന്റെ മാന്യതയെ മുൻ നിർത്തി ഞാൻ പ്രതിജ്ഞ ചെയ്യുന്നു.

സ്കൗട്ട് നിയമം

സ്കൗട്ട് നിയമത്തിന് ഒൻപത് ഭാഗങ്ങൾ ഉണ്ട്. 1 ഒരു സ്കൗട്ട് വിശ്വസ്തനാണ് 2 ഒരു സ്കൂട്ട് കൂറുള്ളവനാണ് 3. ഒരു സ്കൗട്ട് എല്ലാവരുടെയും സ്നേഹിതനും മറ്റോരോ സ്കൗട്ടിന്റെയും സഹോദരനുമാണ്. 4. ഒരു സ്കൗട്ട് മര്യാദയുള്ളവനാണ് 5.ഒരു സ്കൗട്ട് ജന്തുക്കളുടെ സ്നേഹിതനും പ്രകൃതിയെ സ്നേഹിക്കുന്നവനുമാണ്. 6. ഒരു സ്കൗട്ട് അച്ചടക്കമുള്ളവനാണ് 7. ഒരു സ്കൗട്ട് ധൈര്യമുള്ളവനാണ് 8. ഒരു സ്കൗട്ട് മിതവ്യയ ശീലമുള്ളവനാണ് . 9. ഒരു സ്കൗട്ട് മനസാ വാചാ കർമ്മണാ ശുദ്ധിയുള്ളവനാണ്.

ഒരു യഥാർത്ഥ സ്കൗട്ട്, സ്കൗട്ട് നിയമം അനുസരിച്ച് മാത്രം ജീവിക്കാൻ പരമാവധി ശ്രമിക്കുന്നു. ഇത് വ്യക്തിയുടെ പരിപൂർണ വികാസത്തിന് വഴി തെളിക്കുന്നു. സ്കൂളിൽ നിന്നോ വീട്ടിൽ നിന്നോ കിട്ടുത്തതും എന്നാൽ കുട്ടികൾക്ക് അവശ്യം ലഭിക്കേണ്ടതുമായ നൈപുണികൾ നേടാൻ സ്കൗട്ടിംഗ് കുട്ടികളെ പ്രാപ്തരാക്കുന്നു. സ്വയം പഠന രീതിയാണ് സ്കൗട്ടിംഗിൽ പിൻതുടരുന്നത്. ബാലൻമാർക്ക് ആത്മവിശ്വാസവും സ്വാഭിമാനവും വളർത്തുന്നതിനും ജീവിത നൈപുണികളും നേതൃഗുണങ്ങളും നേടുന്നതിനും വിദ്യാഭ്യാസം, വിനോദം എന്നിവ ആർജിക്കുന്നതിനും സാഹസിക പ്രവർത്തനങ്ങൾക്കുമെല്ലാം സ്കൗട്ടിംഗ് അവസരം നൽകുന്നു. ക്യാമ്പിങ്ങ് ഹൈക്കിംഗ് , പയനീറിംഗ്, പ്രഥമ ശുശ്രൂഷ, പാചകം, എസ്റ്റിമേഷൻ, മാപ്പിംഗ്, സിഗ്നലിങ്ങ് മുതലായ ഒട്ടേറെ പ്രവർത്തനങ്ങളിലൂടെ സ്വാശ്രയത്വവും നേതൃഗുണങ്ങളും ജീവിത നൈപുണികളും നേടാനും അങ്ങനെ ഏതൊരു നല്ല പ്രവൃത്തിയും ചെയ്യുന്നതിന് എപ്പോഴും " തയ്യാർ " ആയി ഇരിക്കുന്നതിനും പ്രാപ്തരാകുന്നു.

സ്കൂൾ യൂണിറ്റുകളുടെ പ്രവർത്തനം.

സ്കൗട്ടുകൾ പരിശീലനത്തിനിടയിൽ

ശ്രീ എസ്. ബിജു, ശ്രീ സി.എസ്. വിനോദ് എന്നീ സ്കൗട്ട് മാസ്റ്റർമാരുടെ നേതൃത്വത്തിൽ രണ്ട് സ്കൗട്ട് യൂണിറ്റുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു. നിലവിൽ 44 കുട്ടികളാണ് പ്രസ്ഥാനത്തിൽ അംഗങ്ങളായുള്ളത്. ഇവരിൽ അഞ്ചാം ക്ലാസുമുതൽ എട്ടാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾ ഉണ്ട്. പ്രവേശ് മുതൽ തൃതീയ സോപാൻ വരെയുള്ള കുട്ടികൾ ഇതിലുണ്ട്. പട്രോൾ സിസ്റ്റത്തിലൂടെ സ്വയം പഠനം നടത്തിയാണ് കുട്ടികൾ വിവിധ സോപാനുകളിൽ എത്തിയിട്ടുള്ളത്. എല്ലാ വ്യാഴാഴ്ചകളിലും ട്രൂപ്പ് മീറ്റിംഗ് നടത്തിവരുന്നു. ഇപ്പോൾ ഓൺലൈൻ ആയാണ് പ്രവർത്തനങ്ങൾ നടന്നു വരുന്നത്. മുൻ വർഷങ്ങളിൽ രാഷ്ട്രപതി, രാജ്യ പുരസ്കാർ അവാർഡുകൾ കരസ്ഥമാക്കാൻ നിരവധി സ്കൗട്ടുകളെ പ്രാപ്തരാക്കാൻ കഴിഞ്ഞിട്ടുണ്ട്. വരും വർഷങ്ങളിലും ഇത് തുടരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. രക്ഷാകർത്താക്കളുടെയും സ്കൂൾ സ്റ്റാഫ് കൗൺസിലിന്റെയും പി.ടി.എ, എസ്.എം.സി. മുതലായവയുടെയും ആത്മാർത്ഥമായ സഹായ സഹകരണങ്ങൾ സ്കൗട്ട് പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിന് ഏറെ സഹായിച്ചിട്ടുണ്ട്.