ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തോന്നയ്ക്കൽ:എന്റെ ഗ്രാമം എന്റെനാട് എന്റെ വിദ്യാലയം .

ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ

ഭൂമിശാസ്ത്രം

ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ

ഗ്രാമം സുഖമുള്ള ഒരു നാട്ടുഭാഷയായി മാറിയ വാക്ക്

ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ

എന്തൊക്കയോ നഷ്ടങ്ങളും നന്മകളും നമ്മളീ വാക്കിനോടു ചേർത്തുകെട്ടുന്നു.ഓരോരുത്തർക്കും പറയാനുണ്ടാവും ആയിരം നാവുകൾകൊണ്ട് തന്റെ ഗ്രാമത്തിന്റെ കഥകൾ. ഗ്രാമീണ ചിത്രങ്ങൾ തൂലികയിലും വർണങ്ങളിലു ആവാഹിച്ചവർ ഇന്നും എന്നും നക്ഷത്രങ്ങളാണ്. തോന്നയ്ക്കലിന്റെ ചരിത്രം ചരിത്രാംഭത്തിനൊപ്പം ആരംഭിക്കുന്നു. തോന്നയ്ക്കലിനും പറയാനുണ്ട് പടയോട്ടക്കഥകളും സമരഗാഥകളും.കൈരളിയുടെ സ്നേഹഗാനമൊഴുകുന്ന പുണ്യസ്മാരകം നിലകൊള്ളുന്നത് നമ്മുടെ നാട്ടിലാണ്.വിശ്വ മഹാഗുരുവിന്റെ പാദസ്പർശം പതിഞ്ഞ ഈ കവിതയുടെ വർണാശ്രമത്തിൽ തോന്നയ്ക്കലിന്റെ മഹാകവി കുമാരനാശാൻ സ്മാരകത്തിൽ കാലടികൾ കൊണ്ടും വാക്സുധകൊണ്ടും അടയാളം തീർത്തതും ഇന്ത്യിലെയും വിദേശത്തിലെയും എത്രയോ കവികൾ.ഈ നാടിന്റെ കലാസാംസ്കാരിക പ്രവർത്തനങ്ങൾ ഇന്ന് അഭിമാനത്തിന്റെ വർണങ്ങളായി ഒഴുകി പരക്കുമ്പോൾ അതിനെല്ലാം വഴിവിളക്കാകുന്ന ഒരു പുണ്യ ഇടമുണ്ട് 50വർഷം പിന്നിടുമ്പോഴും നിറയൌവ്വന പ്രൌഡിയോടെ പരിലസിക്കുന്ന വിദ്യാലയം തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ.


കേരളചരിത്രത്തിൽ തോന്നയ്ക്കലിനുള്ള സ്ഥാനം

കേരളചരിത്രത്തിൽ തോന്നയ്ക്കൽ ഗ്രാമം ഇടം നേടിയതിന് നിരവധി തെളിവുകൾ ഉണ്ട്.വേണാട് തിരുവിതാംകൂർ രാജാക്കന്മാരുടെയും കരമാർഗ്ഗമുള്ള സഞ്ചാരപഥം ഈ ഗ്രാമത്തിലൂടെയായിരുന്നു.തോന്നയ്ക്കൽ എന്ന പേര് ഈ ഗ്രാമത്തിന് എപ്പോഴാണ് ലഭിക്കുന്നതെന്ന് യാതൊരു തെളിവുകളും അവശേഷിക്കുന്നില്ല.കുടവൂർ എന്ന പേര് വേണാട് രാജാക്കന്മാരുടെ കാലത്തുള്ള ചരിത്ര രേഖകളിലുൾപ്പടെ പല ഗ്രാമങ്ങളെയും സൂചിപ്പിക്കുവാൻ ഉപയോഗിച്ചിട്ടുണ്ട്.പടിഞ്ഞാറേ ഊര് എന്ന അർത്ഥത്തിലാണത്രേ കുടവൂർ എന്ന വാക്കിന്റെ ഉൽപത്തി.കുടവൂർ ക്ഷേത്ര പരിസര പ്രദേശങ്ങളും രാജക്കന്മരുടെ ഇ‍ഷ്ട പ്രദേശമായിരുന്നുവെന്നത് സംശയ രഹിതമാണ്.കുടവൂർ ക്ഷേത്ര കുളത്തിന്റെ തെക്കു വശത്തായി രാജാക്കന്മാരുടെ ഒരു വിശ്രമ സങ്കേതമുണ്ടായിരുന്നുവെന്നതും ഈ വിശ്വാസത്തിന് ബലമേകുന്നു.


കാർഷിക സംസ്കാരം

കൃഷിയെ ആശ്യയിച്ചു കഴിയുന്ന ഒരു ജനവിഭാഗമാണ് ഇവിടെ ഉണ്ടായിരുന്നത്.തെങ്ങ്, മാവ്,പുളി,കശുമാവ്,തുടങ്ങിയ വൃക്ഷങ്ങളാൽ നിബിഡമായിരുന്നു ഈ പ്രദേശം. തോന്നയ്ക്കൽ ഗ്രാമത്തിന്റെ കാർഷിക ചരിത്രത്തിൽ നിർണായക മാറ്റം സംഭവിക്കുന്നത് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആവിർഭാവത്തോടെയാണ്. 35വർഷങ്ങൾക്കു മുമ്പ് പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനം അതിവേഗം വളർച്ച പ്രാപിച്ചിരിക്കുന്നു.


ഗ്രാമത്തിന്റെ ചരിത്രത്തിൽ തോന്നയ്ക്കൽ സ്കൂളിന്റെ സ്ഥാനം

ഗ്രാമത്തിന്റെ ചരിത്രഗതി മാറുന്നതും നാനാമുഖമായ വളർച്ച ആരംഭിക്കുന്നതും കേവലം ഒരു നൂറ്റാണ്ടു മുമ്പാണ്.അത് നമ്മുടെ വിദ്യാലയ ചരിത്രത്തിന് നാന്ദി കുറിച്ചു.130വർഷങ്ങൾക്ക് മുമ്പ് മാടമൺമൂഴിയിലാരംഭിച്ച ഒരുചെറിയവിദ്യാലയത്തിൽ നിന്നായിരുന്നു അതിന്റെ തുടക്കം.മൂന്നാം തരം വരെ മാത്രമായിരുന്ന മൺചുമരും ഓലകൊണ്ടുള്ള മേൽക്കൂരയുമായിരുന്ന ആ കെട്ടിടം പ്രകൃതി ക്ഷോഭത്തിൽ തകർന്നു പോയപ്പോൾ ക്ലാസുകൾ താൽകാലികമായി സമീപത്തുള്ള പുന്നേക്കുന്നത്തു വീട്ടിലെ ചായ്പ്പിലേക്കു മാറ്റി.കുടവൂർ മഹാദേവർ ക്ഷേത്രത്തിൽ നിന്നും കിഴക്കോട്ടായിരുന്ന ചെറിയ ഇടവഴി കയറിച്ചെന്നാൽ എത്തുന്ന മാദേവർ കുന്നിലെ 60സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം വന്നു ചേർന്നത്.അനേകം മഹദ് വ്യക്തികളുടെ ദീർഘകാല പരിശ്രമത്തിന്റെ ഫലമായി ഈ വിദ്യാലയം ക്രമേണ യുപി സ്കൂളായും ഹൈസ്ക്കൂളായും സമീപകാലത്ത് ഹയർ സെക്കന്ററി സ്കൂളായും വളരുകയുണ്ടായി.കൊല്ല വർഷം 1880-ൽ മഹാദേവർ കുന്നിലേക്ക് മാറ്റിയ ഈ കെട്ടിടം 1952-53 കാലഘട്ടത്തിൽ യുപി സ്കൂളായി മാറി.1961-ൽ ഹൈസ്കൂളായി,1964-ൽ എൽ പി വിഭാഗം മാറ്റി സ്ഥാപിച്ചു.1977-ൽ ഇന്നത്തെ എൽ പി സ്കൂളിരിക്കുന്നിടത്തേക്കു മാറ്റി.ശ്രീ പദ്മാനഭ അയ്യറായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.


കലയും സംസ്കാരവും

വേങ്ങോട് ജംഗ്ഷനിൽ കത്തിച്ചുവച്ച പെട്രോൾ മാക്സ് ലൈറ്റിന്റെ വെളിച്ചത്തിൽ ഗുസ്തി മത്സരം നടത്തിയിരുന്നു.നാട്ടിലെമ്പാടും ചെറിയ ചെറിയ കലാ സാംസ്കാരിക സംഘങ്ങൾ രൂപപ്പെടുത്തി നാടകങ്ങളും വിൽപാട്ടുകളും കാക്കാരിശ്ശി നാടകങ്ങളും തിരുവാതിരക്കളികളുമെല്ലാം അവതരിപ്പിക്കുന്ന രീതിയിലേക്കുള്ള മാറ്റം ക്രമേണയുണ്ടായി.തോന്നയ്ക്കൽസാംസ്കാരിക സമിതി ഉൾപ്പടെയുള്ള സംഘടനകളുടെ രൂപീകരണമുണ്ടായത് ഈ പശ്ചാത്തലത്തിലാണ്.

പ്രധാന പൊതു സ്ഥാപനങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തോന്നയ്ക്കലിന്റെ വളർച്ചയിൽ പ്രധാന നാഴികക്കല്ലാണ് തോന്നയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെ ഉത്ഭവവും വളർച്ചയും.സംഘാങ്ങൾക്ക് കൃഷിക്കും കന്നുകാലി വളർത്തലിനും ചെറിയ ചെറിയ വായ്പകൾ നൽകി.അതിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിലൂടെ തുടങ്ങിയ പ്രവർത്തനം ക്രമേണ സകല മേഖലകളിലേക്ക് കടന്നു ചെല്ലുകയായിരുന്നു.ഗ്രാമത്തിന്റെ മുഖഛായ മാറ്റി കൊണ്ട് അരനൂറ്റാണ്ടുകൾക്ക് മുമ്പ് വൈദ്യുതി എത്തി.മണലകം,തച്ചപ്പള്ളി,കല്ലൂർ,വെള്ളാണിക്കൽ,പാട്ടത്തിൻകര തുടങ്ങിയ സ്കൂളുകൾ തോന്നയ്ക്കൽ പബ്ലിക് ലൈബ്രററി പോസ്റ്റ് ഓഫീസ്,ടെലഫോൺ എക്സ്ചെയ്‍ഞ്ച് തുടങ്ങിയ സ്ഥാപനങ്ങളും ഈ നാടിന്റെ വളർച്ചയിലെ സുപ്രധാന മാറ്റങ്ങളാണ്.

ശ്രദ്ധേയരായ വ്യക്തികൾ റോഡും ഗതാഗതവും

പതിനാറാം മൈൽ-വേങ്ങോട് റോഡ്,വേങ്ങോട്-മുട്ടുക്കോണം റോഡ്, വേങ്ങോട്-മഞ്ഞമല-പോത്തൻകോട് റോഡ് തുടങ്ങിയ പ്രധാന റോഡുകളും വികസിപ്പിച്ചതും അവയിലൂടെ വാഹന ഗതാഗതം ആരംഭിച്ചതുമാണും ഗ്രാമത്തിന്റെ വികസനത്തിന്റെ മറ്റൊരു സംഭവമാണ്.ഇവിടത്തെ ഏറ്റവും വലിയ സ്പോർട്സ് ക്ലബ്ബാണ് വൈ.എം.എ തോന്നയ്ക്കൽ. ഖോ-ഖോയിൽ സംസ്ഥാന ദേശീയ തലങ്ങളിൽ മികച്ച താരങ്ങളെ സൃഷ്ടിക്കാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്.നവകേരള കലാസമിതി കേരളത്തിന്റെ തനതു കലാരൂപങ്ങളിലൊന്നായ വിൽപ്പാട്ട് സജീവമായി രംഗത്തവതരിപ്പിക്കുന്നു.ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രസിദ്ധമായ സായിഗ്രാമം തോന്നയ്ക്കലിലാണ്. പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ വെള്ളാണിക്കൽ പാറ ഇവിടെയാണ്. പ്രശസ്ത കഥകളി നടന്മാരായ തോന്നയ്ക്കൽ പീതാംബരൻ,മാർഗി വിജയകുമാർ,പ്രശസ്ത സാഹിത്യകാരനായ തോന്നയ്ക്കൽ വാസുദേവൻ,ചിത്രകാരനായ പ്രിൻസ് തോന്നയ്ക്കൽ,തുടങ്ങിയവർ ഈ ഗ്രാമത്തിലെ പ്രമുഖ വ്യക്തിത്വങ്ങളാണ്.മാർഗീ വിജയകുമാറിന് കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ലഭിക്കുകയുണ്ടായി


കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട്

ആശാൻ സ്മാരകം
ആശാൻ സ്മാരകം

മലയാള കവിതയിൽ കാൽപനിക വസന്തം വിരിയിച്ച സ്നേഹഗായകനായ മഹാകവി കുമാരനാശാന്റെ സ്മൃതി ഗോപുരമാണ് തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകം.മഹാകവി വസ്തുവാങ്ങി പുര പണിതയിടമാണ് തോന്നയ്ക്കൽ ഗ്രാമം.ഈ ഗ്രാമത്തിന്റെ പേര് കേരളത്തെയും ഭാരതത്തെയും കേൾപ്പിച്ച മഹദ് വ്യക്തിത്വമാണ് മഹാകവി കുമാരനാശാൻ.വലിയൊരു ഗ്രന്ഥശാല ഉൾപ്പടെയുള്ള ഒരു ഗവേഷണ സ്ഥാപനമാണിത്.മഹാകവിയുടെ പാദ രേണുക്കൾ ഏറ്റുവാങ്ങിയ മൺകുടിൽ അന്നത്തെ അതേ നിലയിൽ നിലനിർത്തപ്പെട്ടിരിക്കുന്നു.വീണപ്പൂവ്,നളിനി,ലീല,പുഷ്പവാടി,ദുരവസ്ത, കരുണ,തുടങ്ങിയവ ഇദ്ദേഹത്തിന്റെ ശ്രേഷ്ട രചനകളാണ്.


കാനായി കുഞ്ഞിരാമന്റെ നാല് ശില്പങ്ങൾ ഇവിടെയുണ്ട്




നീർത്തടങ്ങൾ

എന്റെ ഗ്രാമം

ഒരു പ്രദേശത്തെ ജലസമ്പുഷ്ടമാക്കുന്നത് അവിടത്തെ നീർത്തടങ്ങളാണ്(അഥവാ-ജലാശയങ്ങളാണ്)നമ്മുടെ ഗ്രാമത്തിൽ ധാരാളം നീർത്തടങ്ങളും ചിറകളും ക്ഷ്രേത്രകുളങ്ങളുമുണ്ട്.


ജൈവവൈവിധ്യ പാർക്ക്

എന്റെ ഗ്രാമം

വൈവിധ്യമാർന്ന സമൂഹങ്ങളുടെ രൂപവും സമൂഹത്തിന് പാരിസ്ഥിതികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ നേട്ടങ്ങൾ പ്രദാനം ചെയ്യുന്ന സവിശേഷമായ ഭൂപ്രകൃതിയാണ് ജൈവവൈവിധ്യ പാർക്കുകൾ.

ചിത്രശാല