ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിന്റെ കാർഷിക മികവിന് സംസ്ഥാന തല അംഗീകാരം

മികവിന് അംഗീകാരം വീണ്ടും.... അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിന് 'കൃഷിപാഠം' പുരസ്കാരം.

പ്രശസ്ത പത്രപ്രവർത്തകനായിരുന്ന അന്തരിച്ച വിതുര ബേബിയുടെ സ്മരണാർഥം വിതുര ബേബി ഫൗണ്ടേഷനും അഗ്രി ഫ്രണ്ട്സ് കൃഷി സാംസ്കാരിക വേദിയും സംയുക്തമായി ഏർപ്പെടുത്തിയ സംസ്ഥാന തല 'കൃഷിപാഠം പുരസ്കാരം അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിന്. വിദ്യാർഥികളിൽ കാർഷിക അഭിരുചി വളർത്തുന്നതിന് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെ നേതൃത്വത്തിൽ സ്‌കൂളിൽ വിജയകരമായി നടപ്പിലാക്കിയ ജൈവ പച്ചക്കറി കൃഷി പ്രവർത്തനങ്ങളെ പരിഗണിച്ചാണ് അവാർഡ്. സംസ്ഥാനത്ത് പത്ത് സ്‌കൂളുകൾക്കാണ് ഈ പുരസ്കാരം. സ്ഥലപരിമിതി മൂലം സ്‌കൂളിന് പുറത്ത് തരിശുഭൂമി പാട്ടത്തിനെടുത്താണ് പടവലം, പയർ, വെണ്ട, ചീര, വെള്ളരി, പാവൽ, മരിച്ചീനി, വാഴ എന്നിവ കൃഷി ചെയ്തത്. സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചത് കൂടാതെ പൊതുവിപണിയിലും എത്തിക്കാൻ തക്കവണ്ണം നൂറുമേനി വിളവ് കൊയ്യാൻ കുട്ടികൾക്ക് കഴിഞ്ഞു. കടുത്ത വേനലിനെപോലും അവഗണിച്ച് സ്വന്തമായി ജലസേചന സൗകര്യം ഒരുക്കി നൂറുകണക്കിന് കിലോ പച്ചക്കറിയാണ് കുട്ടികൾ ഉണ്ടാക്കിയത്. കഴിഞ്ഞ വർഷം ജില്ലാ കലോൽസവത്തിന് ഒരു ദിവസത്തെ ഭക്ഷണത്തിനാവശ്യമായ പച്ചക്കറി സംഭാവന ചെയ്തത് ശ്രദ്ധേയമായിരുന്നു. ഈ വർഷം മുതൽ നെൽകൃഷി കൂടി ചെയ്യാൻ കുട്ടികൾ തയ്യാറെടുക്കുകയാണ്. തിരുവനന്തപുരത്ത് ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എഞ്ചിനീയേഴ്സ് ഹാളിൽ നടന്ന ചടങ്ങിൽ മുൻ ഇന്ത്യൻ അംബാസഡർ ശ്രീ.റ്റി.പി.ശ്രീനിവാസൻ അവാർഡ് സമ്മാനിച്ചു. എൻ.രാജ്കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ അഗ്രി ഫ്രണ്ട്സ് പ്രവർത്തകരായ എം.പി.ലോക് നാഥ്, എസ്.ജയകുമാർ, ഡി.ആർ.ജോസ്, പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബാലു കിരിയത്ത്, രോഹിണി ഇന്റർനാഷണൽ എം.ഡി. വിജയൻ നായർ എന്നിവർ സംബന്ധിച്ചു. സ്കൂളിനെ കൃഷിപാഠം വിദ്യാലയമായി ചടങ്ങിൽ പ്രഖ്യാപിച്ചു.