സ്മരണാജ്ഞലി

സ്കൂളിന്റെ പ്രവർത്തനകാലയളവിൽ നമ്മെ വിട്ട് വേർപിരിഞ്ഞ കൂട്ടുകാരുടെ ഓർമ കണ്ണീർപ്പൂക്കളായി രേഖപ്പെടുത്താനും ഓർമകളിൽ അവർ എന്നും സ്കൂളിന്റെ ചരിത്രത്തോടൊപ്പം രേഖപ്പെടുത്തപ്പെടാനുമായി ഈ പേജ് കണ്ണീരിന്റെ നനവോടെ മാറ്റിവയ്ക്കുന്നു.

ആദിത്യ കിരൺ

 

ഒന്നാം ക്ലാസ് മുതൽ ഈ സ്കൂളിൽ പഠിച്ചിരുന്ന ചുറുചുറുക്കുള്ള മിടുക്കൻ കുഞ്ഞായിരുന്നു പട്ടകുളത്ത് സജിഭവനിൽ പ്രശാന്തിന്റെയും സിന്ധുവിന്റെ മകനായ ആദിത്യകിരൺ.സഹോദരനായ അഭിഷേകും ഈ സ്കൂളിൽ തന്നെയാണ് പഠിച്ചിരുന്നത്.അക്കാദമിക അക്കാദമികേതര രംഗങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആദിത്യൻ സ്കൂളിലെ എല്ലാവരുടെയും കണ്ണിലുണ്ണിയായിരുന്നു.ഹൈസ്കൂളിൽ പ്രവേശിച്ച ആദിത്യൻ അമ്മയും പി ടി എ അംഗവുമായ സിന്ധുവിനോടൊപ്പം സ്കൂളിലെ എല്ലാ ജോലികളും സഹായിച്ചിരുന്നു.മാത്രമല്ല എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് എൻ സി സി യിൽ സിലക്ഷൻ ലഭിക്കുകയും മികവുള്ള എൻ സി സി കേഡറ്റായി തിളങ്ങുകയും ചെയ്തു.ഒമ്പതാം ക്ലാസിൽ വച്ചാണ് പെട്ടെന്ന് ശരീരം മെലിയുകയും കാലിൽ വേദന അധികരിച്ച് ആശുപത്രിയിലാകുയും ചെയ്തത്.ആദ്യം ലിസി ടീച്ചറിന്റെയും ഒമ്പതിൽ ശ്രീകാന്ത് സാറിന്റയും ക്ലാസിലായിരുന്നു.ഹെഡ്മാസ്റ്റർ ദാമോദരൻ പള്ളത്തിന്റെയും ഷീല ടീച്ചറിന്റെയും പിന്നീട് സന്ധ്യ ടീച്ചറിന്റെയും കരുതൽ അവനോടൊപ്പമുണ്ടായിരുന്നു.പിന്നീട് എല്ലാവരെയും വേദനിപ്പിച്ചുകൊണ്ടാണ് ബോൺ ക്യാൻസർ എന്നത് തിരിച്ചറിഞ്ഞത്.വിവിധ ഓപ്പറേഷനുകളും കീമോയുമൊന്നും അവന്റെ നിശ്ചയദാർഢ്യത്തെ തളർത്തിയില്ല.പത്താം ക്ലാസ് പരീക്ഷ ഈ വെല്ലുവിളികൾക്കിടയിലും എഴുതുകയും ഒമ്പത് എപ്ലസോടെ ഉന്നത വിജയം നേടി ഈ സ്കൂളിലെ വി എച്ച് എസ് ഇ വിഭാഗത്തിൽ അഡ്മിഷനെടുക്കുകയും ചെയ്തു.ഈ കാലയളവിൽ യോഗ അഭ്യസിക്കുകയും മെഡലുകൾ കരസ്ഥമാക്കുകയും ചെയ്തു.പ്രാവ് വള‍ർത്തിയും പഠിച്ചും ചിരിച്ചും അവൻ രോഗത്തെ അതിജീവിക്കാൻ കഠിന പരിശ്രമം നടത്തി. പ്രിൻസിപ്പൽ രൂപ ടീച്ചറും ബിജു സാറും അവന് കരുത്ത് പകരാൻ ശ്രമിച്ചു.രണ്ടാം വർഷ വി എച്ച്.എസ് ഇ പരീക്ഷയെഴുതാനായി അവൻ വരുമ്പോൾ ശരീരം ഏകദേശം കാൻസർ കാർന്നു കഴിഞ്ഞിരുന്നു.വേദനയോട് മല്ലിട്ട് അവൻ വിടപറയുന്നതിന്റെ മൂന്നു ദിവസം മുമ്പും സ്കൂളിൽ പരീക്ഷയെഴുതാനായി എത്തി.പിന്നീട് ICU ൽ അഡ്മിറ്റായ അവൻ എല്ലാവരെയും കണ്ണീരിലാഴ്ത്തി വേദനയുടെ ലോകത്തോട് 2023 ഫെബ്രുവരി 20 ന് യാത്രപറഞ്ഞു.

അഭിനവ് എസ് എസ്

എട്ടാം ക്ലാസിൽ 2022-2023 കാലയളവിൽ പഠിച്ചിരുന്ന ഭിന്നശേഷിക്കാരനായ കൊച്ചുകൂട്ടുകാരൻ, ബഡ്സ് സ്കൂളിൽ പോകുകയും നമ്മുടെ സ്കൂളിലെ അഡ്മിഷൻ എടുത്ത് നമ്മുടെ കുട്ടികളുടെ ഓർമകളിൽ നിറയുകയും ചെയ്ത കുഞ്ഞ് 2022 സെപ്റ്റംബർ മാസത്തിൽ മുപ്പതാം തീയതി നമ്മെ വിട്ട് വേർപിരിഞ്ഞു. ലിസി ടീച്ചർ ക്ലാസ് ടീച്ചറും സന്ധ്യ ടീച്ചർ ഹെഡ്മിസ്ട്രസുമായിരുന്നു കാലയളവിലാണ് ഈ വേർപാട്.ആശുപത്രിയിൽ എലിപ്പനിയെ തുടർന്ന് അഡ്‍മിറ്റായിരുന്നു അരുവിക്കുഴി അഭിനവ് ഭവനിൽ സജുവിന്റെ മകനായ അഭിനവ്.അഭിനവിന്റെ ആത്മശാന്തിയ്ക്കായി പ്രാർത്ഥിച്ചുകൊണ്ട് വീരണകാവ് സ്കൂളിന്റെ ഓർമപ്പൂക്കൾ ഈ പേജിലൂടെ പങ്കു വയ്ക്കുന്നു.