ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര/സ്പോർട്സ് ക്ലബ്ബ്
സ്പോർട്സ് ഡേ 2025
മലയോര മേഖലയിലെ ഞങ്ങളുടെ ഈ സ്കൂളിൽ നിന്നും കഴിഞ്ഞ വർഷം കായികയിന മത്സരങ്ങളിൽ വളരെ നല്ല നേട്ടങ്ങളാണ് കൈവരിക്കാൻ സാധിച്ചിരുന്നത്. ചിട്ടയായ പരിശീലനത്തിന്റെയും, കുട്ടികളുടെയും അധ്യാപകരുടെയും നിശ്ചയദാർഢ്യത്തിന്റെയും ആയിരുന്നു ആ പൊൻതിളക്കം. ഈ വർഷവും കൂടുതൽ കരുത്തോടെ കുട്ടികൾ മത്സരത്തിൽ പങ്കെടുക്കാൻ വന്നപ്പോൾ വളരെ പ്രതികൂല കാലാവസ്ഥ ആയിരുന്നിട്ടും, തുടക്കത്തിൽ കുറച്ചു ബുദ്ധിമുട്ടുകൾ നേരിട്ടുവെങ്കിലും, തീരുമാനിച്ചതുപോലെ സ്പോർട്സ് ഡേ വളരെ ഭംഗിയായി നടത്തുവാൻ സാധിച്ചു. കുട്ടികളിൽ സ്പോർട്സ്മാൻ സ്പിരിറ്റ് വളർത്തുന്നതിനും സബ്ജില്ല-ജില്ല- സംസ്ഥാന കായിക മത്സരങ്ങളിൽ പങ്കെടുത്തു കൊണ്ട് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനും വേണ്ടിയുള്ള മുന്നൊരുക്കമായിരുന്നു നമ്മുടെ സ്പോർട്സ് മീറ്റ്. കായികമേള വളരെ ഭംഗിയായും ചിട്ടയായും പൂർത്തീകരിച്ചത് സ്കൂളിലെ സ്പോർട്സ് അധ്യാപകൻ ശ്രീ സത്യൻ സാർ, അദ്ദേഹത്തെ സഹായിച്ച മണികണ്ഠൻ സാർ, നന്ദു സാർ, അഭിജിത്ത് സാർ, രതില ടീച്ചർ തുടങ്ങി വിവിധ കമ്മറ്റികളുടെ കൺവീനർമാരായും അംഗങ്ങളായും പ്രവർത്തിച്ചവർ എന്നിവരുടെ പരിശ്രമം കൊണ്ടാണ്. ഷീബ ടീച്ചർ, പാർവതി ടീച്ചർ, അശ്വനി ടീച്ചർ, ആർഷ ടീച്ചർ, എന്നിവരുടെ സഹായത്തോടെ കുട്ടികൾക്ക് കൃത്യമായി സർട്ടിഫിക്കറ്റ് കൊടുക്കാൻ സാധിച്ചു.
സംസ്ഥാന അമച്വർ അത്ലറ്റിക്സ്മേളയിൽ ഉജ്ജ്വല വിജയം.

തിരുവനന്തപുരം ചന്ദ്രശേഖർ നായർ പോലീസ് സ്റ്റേഡിയത്തിൽ ആരംഭിച്ച 69' മത് സംസ്ഥാന അമച്വർ അത്ലറ്റിക്സ് മേളയിൽ അണ്ടർ 18 വിഭാഗത്തിൽ നമ്മുടെ വിതുര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിനെ പ്രതിനിധീകരിച്ച് മത്സരിച്ച +2 വിദ്യാർത്ഥിയായ കാർത്തിക് കൃഷ്ണ ഷോട്ട് പുട്ട്, ഡിസ്കസ് എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി. പങ്കെടുത്ത പല പ്രമുഖ കായിക സ്കൂളുകളെയും മറ്റു സ്ഥാപനങ്ങളിലെ കുട്ടികളെ പിന്നിലാക്കിയാണ് മലയോര സ്കൂളായ വിതുരയിൽ നിന്നും പരിമിതികളെ വെല്ലുവിളിച്ചുകൊണ്ട് കാർത്തിക്ക് ഇരട്ട സ്വർണ്ണവുമായി ദേശീയ മീറ്റിന് യോഗ്യതനേടിയത്. വിതുര സ്പോർട്സ് അക്കാദമിയുടെ ഭാഗമായ കാർത്തിക്കിനൊപ്പം നമ്മുടെ സ്കൂളിലെ ഒട്ടനവധി കുട്ടികൾ വിവിധയിനങ്ങളിൽ കായികപരിശീലനം നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം നടന്ന ദേശീയ സ്കൂൾ കായികമേളയിൽ കാർത്തിക് കൃഷ്ണ, അശ്വന്ത് സജു, അഭിഷേക് സജു, ആവണി എന്നിവർ പങ്കെടുത്തിരുന്നു. ഈ വർഷവും തിളക്കമാർന്ന പ്രകടനം കാഴ്ചവയ്ക്കാനൊരുങ്ങുകയാണ് വിതുര സ്കൂൾ. തുടർച്ചയായി 7 തവണ ഉപജില്ലാ കായികമേളകളിൽ ഓവറോൽ കിരീടം നേടിയതുകൂടാതെ 2024-25 ലെ ജില്ലാ മേളയിൽ രണ്ടാം സ്ഥാനവും വിതുര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കരസ്ഥമാക്കിയിരുന്നു.

സബ് ജില്ലാ സ്പോർട്സിൽ വീണ്ടും ചാമ്പ്യന്മാർ.

പാലോട് ഉപജില്ലാ കായികമേളയിൽ വിതുര സ്ക്കൂൾ ഓവറോൾ കിരീടം നിലനിർത്തി. തുടർച്ചയായി എട്ടാം തവണയാണ് സ്കൂൾ ഈ നേട്ടം കൈവരിക്കുന്നത്. മലയോര മേഖലയിലെ തികച്ചും സാധാരണക്കാരായ വിദ്യാർത്ഥികളിൽ നിന്നും മികവുറ്റ കായിക താരങ്ങളെകണ്ടെത്താനും ചിട്ടയായ പരിശീലനത്തിലൂടെ അവരുടെ കഴിവുകള തേച്ചു മിനുക്കി സംസ്ഥാന തലം വരെ കൊണ്ടെത്തിക്കാനും അക്ഷീണം പ്രയത്നിക്കുന്നകായിക പരിശീലകനും അതിനു വേണ്ട സഹായ സഹകരണങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുന്ന സ്ഥാപന മേധാവികൾ പി.ടി.എ, എസ്.എം.സി. ഉൾപ്പടെയുള്ള സംവിധാനങ്ങളും അധ്യാപകരും ഈ നേട്ടത്തിൽ പങ്കാളികളാണ്. ഒരു സാധാരണ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികളെ സാഹചര്യങ്ങളുടെ പരിമിതികളെ അതിലംഘിച്ച് വിജയക്കുതിപ്പിന് കരുത്തേകുന്ന സാന്നിദ്ധ്യമായി മാറുന്ന കായികാധ്യാപകൻ സത്യൻ സാറും അദ്ദേഹത്തിന്റെ ആവേശം സിരകളിലേറ്റു വാങ്ങി പുതിയഉയരങ്ങളും ദൂരങ്ങളും വേഗങ്ങളും കീഴടക്കാൻ കുതി കൊള്ളുന്ന വിതുര സ്ക്കൂളിലെ കൗമാരതാരങ്ങളും ചേർന്ന് ചരിത്രമെഴുതുമ്പോൾ ഇത് വിതുരയുടെ തന്നെ വിജയോത്സവമായി മാറുകയാണ്. 6, 7 തീയതികളിലായി ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ വച്ച് നടന്ന അത്ലറ്റിക്സ് മത്സരങ്ങളുടെ ഫലം വിതുര സ്കൂളിന്റെ കായികാധിപത്യത്തിന് സാധൂകരണം നൽകുന്നു. 42 ഒന്നാം സ്ഥാനം 30 രണ്ടാം സ്ഥാനം 17 മൂന്നാംസ്ഥാനമുൾപ്പടെ വിതുര വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ 342 പോയിന്റുകളാണ് വാരിക്കൂട്ടിയത്. പ്രതികൂലങ്ങളെ കരുത്താക്കി മാറ്റി സ്കൂളിനെ വിജയരഥത്തിലേറ്റിയ എല്ലാ മിടുക്കന്മാർക്കും അഭിനന്ദനങ്ങൾ.