ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/ചരിത്രം
മിതൃമ്മല സ്കൂൾ ചരിത്രം
കൊല്ലവർഷം 1111ഇടവം 19-ാം തീയതി (1-6-1936) മിതൃമ്മലയിൽ ഒരു സ്വകാര്യ മിഡിൽ സ്കൂൾ സ്ഥാപിതമായി. യശ:ശരീരനായ ശ്രീമാൻ എം ആർ മാധവക്കുറുപ്പായിരുന്നു സ്കൂളിൻറെ സ്ഥാപകൻ .മിതൃമ്മല മാധവ വിലാസം മലയാളം മിഡിൽ സ്കൂൾ എന്ന പേരിൽ പുതിയ വിദ്യാലയം പ്രവർത്തനമാരംഭിച്ചു .
മാധവവിലാസം മിഡിൽ സ്കൂളിന് നാട്ടുകാരുടെ ശ്രമഫലമായി അഭിവൃദ്ധിയുണ്ടായി. വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ ഭാഗമായി മലയാളം മിഡിൽ സ്കൂൾ ഇംഗ്ലീഷ് മിഡിൽ സ്കൂളിലായി .1948 ൽ മാനേജർ പ്രതിഫലം കൂടാതെ ഈ സ്ഥാപനം ഗവൺമെന്റിലേക്ക് വിട്ടുകൊടുത്തു .കൂടുതൽ ഷെഡുകളും സ്ഥലസൗകര്യങ്ങളും ആയി ഇതൊരു ഹൈസ്കൂൾ ആയി ഉയർന്നു .വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതോടെ ബോയ്സ് ,ഗേൾസ് ഹൈസ്കൂളുകളായി മാറുകയും ചെയ്തു .
നിരന്തര പുരോഗതിയുടെ പാതയിലായിരുന്നു പിന്നെ മിതൃമ്മല ഗേൾസ്. മിതൃമ്മലയുടെ വിദ്യാഭ്യാസരംഗത്ത് സമഗ്രമായ മാറ്റങ്ങൾ വരുത്തുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു .ഹൈസ്കൂൾ , ഹയർ സെക്കൻഡറി സ്കൂളായി ഉയർത്തുകയും ചെയ്തു . വിദ്യാഭ്യാസരംഗത്തെ നൂതന പ്രവണതകളെ സ്വാംശീകരിച്ച് സമ്പൂർണ്ണ മുന്നേറ്റത്തിന്റെ പാതയിലൂടെ സഞ്ചരിക്കാൻ ഈ സ്ഥാപനത്തിന് കഴിയുന്നുണ്ട് . "ഒരു കൊച്ചോലപ്പുര ,ഒരു സ്റ്റൂൾ ,ഒരു മേശ, ഒരു ക്ലാസ്, ഒരാൾ തന്നെ മാസ്റ്ററും മാനേജരും " സ്കൂൾ സ്ഥാപിക്കുന്ന കാലത്തെ അതിൻറെ അവസ്ഥയെക്കുറിച്ചുള്ള മാനേജരുടെ വരികൾ തന്നെ കടം കൊണ്ട് പറയട്ടെ. തിരുവനന്തപുരം ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയങ്ങൾക്ക് ഒപ്പമാണ് ഇന്ന് മിതൃമ്മല ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ സ്ഥാനം . ഗുരുപരമ്പരകളുടെ കാരുണ്യവും ജന്മനാടിന്റെ നിദാന്തമായ കരുതിവയ്പ്പുകളും ഏറ്റുവാങ്ങിക്കൊണ്ട് ഈ വിദ്യാലയ മുത്തശ്ശി കർമ്മപഥത്തിൽ നടന്നുകൊണ്ടേയിരിക്കുന്നു...........