ഗവൺമെന്റ് എൽ .പി .എസ്സ് ഇരവിപേരൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇരവി എന്ന രാജാവായിരുന്നു ഇവിടം ഭരിച്ചിരുന്നത്. "ഇരവിയുടെ പെരിയ ഊര്" എന്ന അർത്ഥത്തിൽ "ഇരവിപുരം" എന്നറിയപ്പെടുകയും, പിന്നീട് "ഇരവിപേരൂർ" എന്ന പേരിലേക്ക് മാറ്റപ്പെടുകയും ചെയ്തു.പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ കോയിപ്രം ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് ഇരവിപേരൂർ ഗ്രാമപഞ്ചായത്ത്. പാഴൂർ രാജവംശത്തിലെ കീർത്തിമാനായ ഇരവി രാജാവിന്റെ കാലത്താണ് ഈ സ്ഥലത്തിന് ഇരവിപുരം എന്ന പേരുണ്ടായത്. വളരെ ഫലഭൂയിഷ്ഠമായ ഒരു പ്രദേശമാണ്. സാമാന്യമായി പറഞ്ഞാൽ പമ്പാ നദിയുടേയും മണിമലയാറിന്റേയും മദ്ധ്യേ സ്ഥിതി ചെയ്യുന്നു. കുന്നും താഴ്വരയായ പാടശേഖരങ്ങളും ഉൾപ്പെട്ടതാണ് ഈ ഗ്രാമം. ചിങ്ങമാസത്തിലെ പൂരാടം നാളിൽ പൂരാടധർമ്മം (പൂരാടം കൊടുക്കൽ) ഈ പ്രദേശത്ത് ഇന്നും ആചരിച്ചുവരുന്നു. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ (പി.ആർ.ഡി.എസ്) ആസ്ഥാനം ഇരവിപേരൂരിലാണ്.. കേന്ദ്രസർക്കാരിന്റെ താമ്രപത്രം നേടിയ ഇരവിപേരൂർ കാട്ടോലിൽ റ്റി വി രാഘവൻപിള്ള, ചിറത്തലയ്ക്കൽ സി പി വറുഗീസ് എന്നിവരും മഠത്തിങ്കൽ എം റ്റി ജോസഫ്, ഇടയ്ക്കാമണ്ണിൽ പറമ്പിൽ ഇ കെ കുരുവിള, വട്ടംപറമ്പിൽ പി വി ചെറിയാൻ, വടക്കും മുറിയിൽ വി സി ഏബ്രഹാം, ആന്റണി ജെ കടവിൽ, കെ സി ഉമ്മൻ കാറ്റാനശ്ശേരിൽ തുടങ്ങിയവരും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരാണ്. പനോടിൽ അന്നമ്മ, പടിപ്പുരയ്ക്കൽ പെണ്ണമ്മ, മുടപ്പിലാങ്ങൽ സരോജിനിയമ്മ തുടങ്ങിയ വനിതകളും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുള്ളവരാണ്. ഉയർന്ന സാക്ഷരതയും, സാമുദായിക ഐക്യവും പഞ്ചായത്തിന്റെ വളർച്ചയുടെ മകുടോദാഹരണങ്ങളായി ശോഭിയ്ക്കുന്നു. നന്നൂർ എസ് എസ് എൽ ലൈബ്രറി, വള്ളംകുളം സി എൻ പി പിള്ള മെമ്മോറിയൽ വൈ എം എ, ഇരവിപേരൂർ വൈ എം സി എ, ഓതറ വൈ എം സി എ, വൈസ് മെൻസ് ക്ളബ്, കെ പി എം എസ് ലൈബ്രറി, വിവിധ കലാ-കായിക സംഘടനകൾ, ഓതറ അനശ്വര വായനശാല തുടങ്ങിയവ ഈ രംഗത്ത് പ്രശംസനീയമായ സംഭാവന നൽകിവരുന്നു.