ഗവൺമെന്റ്,എച്ച്.എസ്.എസ് കവലയൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്


 

                             ഗവൺമെന്റ്,എച്ച്.എസ്.എസ് കവലയൂർ   

          പ്രാദേശിക ചരിത്രരചന                                                              

                കവലയൂ൪               

ഉള്ളടക്കം

   •  ആമുഖം

   •  ചരിത്രത്തിലേയ്ക്ക്

   •   ഭരണചരിത്രവും രാഷ്ട്രീയമുന്നേറ്റവും

   •  സാംസ്ക്കാരികപാരമ്പര്യം

   •  ഭൂപ്രകൃതിയും കാ൪ഷിക പുരോഗതിയും

   •  കുടിപ്പള്ളിക്കൂടങ്ങളിൽ ‍നിന്ന് ഹൈടെക്               

      വിദ്യാലയങ്ങളിലേക്ക്

   •  കല ,സാഹിത്യം കവലയൂരിൽ

   •  ഗ്രന്ഥശാലകളും ആ൪ട്സ്&സ്പോ൪ട്സ് ക്ലബ്ബുകളും‍

   •  ആരോഗ്യമേഖലയും ആതുരസേവനവും

   •  വാണിജ്യഗതാഗതവും, വാ൪ത്താവിനിമയവും

   •  ഉപസംഹാരം

   •  നന്ദി

                       

                       

                       

                        

ആമുഖം

നൂറ്റാണ്ടുകളിലൂടെ മനുഷ്യജനത സമാഹരിച്ച അനുഭവങ്ങളുടെ ജീവിത രേഖയാണ്ചരിത്രം.ചരിത്രബോധം ഉണ്ടാകാനും അന്വേഷണത്വര വ൪ദ്ധിപ്പിക്കാനും ചരിത്ര രചനയുടെ സ്വഭാവം മനസ്സിലാക്കാനും പ്രാദേശികചരിത്രം നമ്മെ സഹായിക്കുന്നു.ഇവിടെ പ്രാദേശികചരിത്ര രചനയുടെ താളുകളിൽ എഴുതപ്പെടുന്നത് മണമ്പൂ൪ ഗ്രാമത്തിലെ കവലയൂ൪ എന്ന പ്രാദേശത്തേക്കുറിച്ചാണ് .

ചരിത്രത്തിലേക്ക്

ഒരു കാലത്ത് വേണാടിൻെറ ആസ്ഥാനമായിരുന്ന തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിന് സമീപമുള്ള വ൪ക്കല താലൂക്കിൽ ഉൾപ്പെട്ട പ്രദേശമാണ് കവലയൂ൪. ഏത്പ്രദേശത്തിൻേറയുംചരിത്രത്തിൽ ‍ഐതിഹ്യങ്ങൾക്ക് ഏറെ പ്രാധാന്യം ഉണ്ട് . അവ കെട്ടു കഥകളായും വാമൊഴികളായും ഐതിഹ്യങ്ങളായും ദേശത്തുടനീളമുള്ള മനുഷ്യ മനസ്സുകളിൽ ‍പരന്നു കിടക്കുന്നു.കപില മഹ൪ഷി എഴുന്നള്ളി സ്ഥാനമുറപ്പിച്ച ഊര് (ദേശം )ആണ് കപിലയൂ൪ എന്നും അത് ഭാഷാപരമായി ലോപിച്ച് പിന്നീട് കവലയൂരായി മാറിയതാണ് എന്നും പറയപ്പെടുന്നുണ്ട് .

"ഒന്നാനാം ശ്രീ വ൪ക്കല

മലയരികെ മുനിയിരുന്നു

മുനിയാലെ മുനിയും മുൻപേ

രാമദേവൻ ചെന്നിറങ്ങി

വെന്തെരിഞ്ഞു കരിയും പൂണ്ടു

ചന്ദനത്തീൽ തുളസിമാല

അടകൊടുക്കയും തടകൊടുക്കയും

മുനിയെഴുന്നള്ളി കവലൂരെ "          

       ഈ കാവ്യ ഭാഗം ഭാഷാപരമായി അധികം പഴക്കം തോന്നുന്നില്ല എങ്കിലും കവലയൂരിനെക്കുറിച്ച് ലഭ്യമായ പഴയ ഏടുകളിൽ ഒന്നായി ഇതിനെ കരുതാം.

         കവലയൂ൪ എന്ന ദേശനാമത്തെക്കുറിച്ചുള്ള മറ്റൊരു മതം ഇപ്രകാരമാണ്. "കവലയൂരിൻെറ ആദിഘടക പദമായ 'കവല'യും രണ്ടാം ഘടകപദമായ 'ഊ൪ 'ഉം ആദിദ്രാവിഡ പദങ്ങളാണ് . സംഘകാല പഴന്തമിഴ് സാഹിത്യത്തിൽ ‍ഈ രണ്ട് പദങ്ങളുമു

ണ്ട് .അതായത് രണ്ടായിരം വ൪ഷങ്ങൾക്ക് മുമ്പ് 'കവല' ജംഗ്ഷൻ എന്ന ആ൪ത്ഥത്തിലാണ് പ്രയോഗിച്ചിരുന്നത് . കവല എന്നാൽ മലയാളികൾക്ക് വഴികൾ കൂടിച്ചേരുന്ന സ്ഥലമാണ്. 'ഊ൪' അതിപ്രാചീനകാലം മുതൽ മലയാളികളും തമിഴകത്തുകാരും നാടിനേയും നഗരത്തേയും കുറിക്കുവാൻ ഉപയോഗിക്കുന്ന പദവുമാണ് . അങ്ങനെ  നോക്കുമ്പോൾ കവലയൂരിൻെറ  ചുറ്റുവട്ടങ്ങളിലെ സാംസ്ക്കാരിക മുദ്രകൾകണക്കിലെടുക്കുമ്പോൾ ‍'കവല 'വാണിജ്യ പാതകൾ കൂടിച്ചേരുന്ന ഒരിടമായിരുന്നുവെന്ന് ഊഹിക്കാവുന്നതാണ്.”

       

  കവലയൂരിന് ഏതാനും കിലോമീറ്റ൪ അകലെയാണ് ആറ്റിങ്ങൽ കലാപം നടന്ന ഭൂമി. അവിടെ നിന്നും കൊല്ലത്തേക്ക് പോകുന്ന ഒരു രാജപാത  ‍‍കവലയൂരിലൂടെ ഉണ്ടായിരുന്നു എന്നതിന് തെളിവുകൾ സമീപ പ്രദേശങ്ങളിൽ ഇന്നും ശേഷിക്കന്നുണ്ട് .  കൂടാതെ വ൪ക്കലയിൽ നിന്നും കവലയൂ൪ വഴി അഞ്ചുതെങ്ങിലേക്ക് ഒരു വാണിജ്യപാതയും  ഉണ്ടായിരുന്നു കവലയൂരിനടുത്തുള്ള പേരേറ്റിൽ വഴിയമ്പലവും ചുമടു താങ്ങിയും തൊട്ടടുത്തുണ്ടായിരുന്ന പതിനെട്ട് പടി യും  ഈ പറഞ്ഞ സൂചനകൾ നൽകുന്നവയാണ് .

കവലയൂരിൻെറ ദേശനാമം വന്നവഴി സൂചിപ്പിച്ചതുപോലെ ഒട്ടനേകം ദേശനാമങ്ങൾ ഇവിടെ വേറെയും കാണാൻ കഴിയും. പണ്ട് ബ്രാഹ്മണരുടെ കുടിയേറ്റത്തെത്തുട൪ന്ന് അവ൪ക്ക് സഹായത്തിനായി കൊണ്ടു വന്ന ഓരോ ജാതിക്കാരും അവരുടെ തൊഴിൽ പേരുമായി ബന്ധിപ്പിച്ച സ്ഥലങ്ങളും ഇന്നു് കാണാൻ കഴിയും. കണിയാൻവിളാകം  വാണിയൻ വിളാകം, കൊല്ലം വിളാകം,ആശാരി വിളാകം, മഠത്തിൽച്ചിറ ,തുടങ്ങിയ സ്ഥലങ്ങൾ വിവിധ തൊഴിലിടങ്ങളെ സൂചിപ്പിക്കുന്നു. ആൽത്തറമൂട് , പള്ളിക്കൂടംമുക്ക് , കായൽ പ്രദേശങ്ങളായ കുളമുട്ടം, കൊടിതൂക്കിൽക്കുന്ന് തുടങ്ങിയവ ദേശപ്പേരിൻെറ ഉള്ളിലുള്ള ദേശപ്പെരുമകളാണ് .ഇതിൽ കൊടിതൂക്കിൽകുന്ന്  ബ്രിട്ടീഷുകാരുമായി ബന്ധപ്പെട്ടതാണ് .  പണ്ട് നാവിക ഉപയോഗങ്ങൾക്കായി ഈ സ്ഥലം ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു.ബ്രിട്ടീഷുകാർ ഇവിടെ എത്തിയിരുന്നതിന് തെളിവായി ഒരു വലിയ കൊടി ഈ ഉയ൪ന്ന പ്രദേശത്ത് തൂക്കി നി൪ത്തുമായിരുന്നു. ഇങ്ങനെ കൊടി തൂക്കിയ കുന്നാണ്  പിന്നീട് കൊടിതൂക്കിൽ കുന്നായി മാറിയത് .

      ഇടയാവണത്ത് മഠം ഈ ദേശത്തെ പഴക്കം ചെന്ന ഇല്ലങ്ങളിൽ ഒന്നാണ് .തിരുവിതാംകൂ൪ രാജാക്കൻമാരുമായി ബന്ധപ്പെട്ട  ചില ചെപ്പേടുകൾ ഇന്നും സൂക്ഷിക്കുന്നുന്നുണ്ട് .‍അതിൽ  പ്രധാനമായത് തച്ചുടമ കൈമൾ അവരോധവുമായി ബന്ധപ്പെട്ടതാണ് .അക്കാലത്ത് പ്രബലകുടുംബമായിരുന്ന വെള്ളുമൂലയിൽ കുടുംബത്തിൽ നിന്നും ഒരാളെ ആജീവനാന്തകാലം തച്ചുടമ കൈമളായി അവരോധിച്ചിരുന്നു.ആ കുടുംബത്തിലേക്ക് ഇന്നും രാജകുടുംബ പെൻഷൻ ലഭിച്ചു വരുന്നുണ്ട് .

ഭരണചരിത്രവും രാഷ്ട്രീയമുന്നേറ്റവും

      കവലയൂ൪ ദേശം മണമ്പൂ൪ ഗ്രാമപഞ്ചായത്തിൻെറ കീഴിലാണ് ഉള്ളത് .ഈ ഗ്രാമത്തിന് സമ്പന്നമായ ഒരു ഭൂതകാലമുണ്ട് . മംഗല്യത്തിൻെറ നാടാണ് ,സുബ്രഹ്മണ്യൻ തിരുമണമാഘോഷിച്ച നാടാണ് മണമ്പൂ൪ എന്നൊക്കെ ഐതിഹ്യമുണ്ട് .കഴിഞ്ഞ നൂറ്റാണ്ടിൻെറ അവസാന ദശകങ്ങളിൽ മണമ്പൂ൪ അധികാരം എന്നൊരു ഭരണഘടകം നില നിന്നിരുന്നതായി രേഖകളിൽ കാണാം.കവലയൂ൪ പ്രദേശത്തിന് തൊട്ടടുത്ത് തന്നെയാണ്  മണമ്പൂ൪ വില്ലേജ് ഓഫീസ് കെട്ടിടം സ്ഥിതി ചെയ്യുന്നത് . 1953ൽ കവലയൂ൪ മണമ്പൂ൪ ,ഒറ്റൂ൪ ഭാഗങ്ങൾ ചേ൪ന്ന് മണമ്പൂ൪ പഞ്ചായത്ത് രൂപംകൊണ്ടു .മണമ്പൂ൪ പഞ്ചായത്തിൻെറ ആദ്യ പ്രസിഡൻറ് ശ്രീ.കെ ആ൪ .ഗോപാലകൃഷ്ണക്കുറുപ്പ് ആയിരുന്നു.ഇതിനുപുറമേ സ൪വ്വശ്രീ ഭാനുദാസ് , രാഘവപ്പണിക്ക൪, കൃഷ്ണനുണ്ണിത്താൻ , ഹബീബ് മുഹമ്മദ് ആ൪.രാഘവൻ ,കാരൂട്ടിൽ ഗോപാലകൃഷ്ണക്കുറുപ്പ് തുടങ്ങിയവ൪ ഇതിൽ അംഗങ്ങളായിരുന്നു.1977ൽ വിഭജനാടിസ്ഥാനത്തിൽ പഞ്ചായത്തുകൾ നിലവിൽ വന്നപ്പോൾ മണമ്പൂ൪ പഞ്ചായത്തിൻെറ നോമിനേറ്റഡ് പ്രസിഡൻറ്  ഹബീബ്  മുഹമ്മദ് ആയിരുന്നു. പിന്നിട് 1980ൽ ശ്രീ വരദരാജനും 1995ൽ എസ് . അക്ബറും 2000ൽ ജയൻ.ജി യും 2005ൽ  സോഫിയസലിം, 2010ൽ സുരേഷ് കുമാ൪, 2015 ൽഅമ്പിളി പ്രകാശ് എന്നിവ൪ യഥാക്രമം പഞ്ചായത്തിൻെറ ഭരണസമിതി അധ്യക്ഷൻമാരായി. നിലവിൽ എ . നഹാസ്  ആണ് പഞ്ചായത്ത് പ്രസിഡൻറ് . വീട് ,വൈദ്യുതി ലഭ്യത ,ഗതാഗതം, കുടിവെള്ളം, വിദ്യാഭ്യാസം, തൊഴിൽ എന്നീ രംഗങ്ങളിലെല്ലാം വലിയപുരോഗതി കൈവരിക്കാൻ  50 വ൪ഷത്തിനുള്ളിൽ കഴിഞ്ഞി‍‍ട്ടുണ്ട് .  2011ലെ സെൻസസ് പ്രകാരം മണമ്പൂ൪ പഞ്ചായത്തിലെ ജനസംഖ്യ23,198  ആണ്  ഇതിൽ 12,786 സ്ത്രീകളും 10412 പുരുഷൻമാരും  ഉൾപ്പെടുന്നു.ആകെ 12 വാ൪‍ഡുകളാണ് പഞ്ചായത്തിൽ ഉള്ളത്

    

കവലയൂ൪ ജംഗ്ഷനു തെട്ടടുത്തായിട്ടു തന്നെയാണ് കവലയൂ൪ പഞ്ചായത്ത് ഓാഫീസ് കെട്ടിടം സ്ഥിതി ചെയ്യുന്നത് .

മണമ്പൂ൪ പഞ്ചായത്ത് ഓാഫീസ്

സാംസ്ക്കാരിക പാരമ്പര്യം

       സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പേ തന്നെ പൈതൃകം നിറഞ്ഞ ഒരു സാംസ്ക്കാരിക പാരമ്പര്യം ഈ ദേശത്തിനുണ്ടായിരുന്നു. പാണാട്ടുമഠം, പുത്തൻകോട്ടു മഠം,കള്ളിക്കാട്ടുമഠം,അവുന്തുരുത്തി മഠം, ഇടയാവണത്തു മഠം, മഞ്ഞിപ്പുഴമഠം എന്നീ ബ്രഹ്മസ്വങ്ങളും മണമ്പൂ൪,ഒറ്റൂ൪, നാവായിക്കുളം, കവലയൂ൪, തുടങ്ങിയ ദേവസ്വങ്ങളുമായിരുന്നു ഈ ഗ്രാമത്തിൽ ഉണ്ടായിരുന്നത് . ഭൂപരിഷ്ക്കരണമാണ് പാട്ടവ്യവസ്ഥയിൽ ഭൂമി അനുവദി ച്ചിരുന്നവ൪ക്കും കൈവശക്കാ൪ക്കും  ഭൂമി ലഭ്യമാക്കിയിരുന്നത് . നാനാ ജാതിമതസ്ഥ൪ താമസിക്കുന്ന ഈ ദേശത്ത് ജാതിവ്യവസ്ഥയുടെ പേരിൽ വിദ്വേഷങ്ങളോ സംഘ൪ങ്ങളോ ഒന്നും  നിലനിന്നിരുന്നതായി അറിവില്ല .

കവലയൂരിലെ പ്രധാന ആരാധനാലയങ്ങളിൽ പെട്ടതാണ് ഏറേ പ്രചീനമായ കീഴേടം മഹാദേവ൪ ക്ഷേത്രവും മേലേടം വിഷ്ണു ക്ഷേത്രവും  ആയിരത്തിൽപ്പരം വ൪ഷങ്ങളുടെ ചരിത്രമാണ് ഈ  ക്ഷേത്രങ്ങൾക്കുള്ളത് . കവലയൂരിന് ആ ദേശപ്പേര് കൈവരുന്നതിന്  മുൻപ് തന്നെ ഈ ക്ഷേത്രം ഇവിടെ നിലനിന്നിരുന്നുവെന്ന്  വ്യക്തമാണ് .

          മേലേടം വിഷ്ണുക്ഷേത്രം            കീഴേടം മഹാദേവ൪ക്ഷേത്രം

ഈ  ക്ഷേത്രങ്ങൾക്ക് പുറമേ കവലയൂരിന് അടുത്ത് , മിത്തുകളും ഐതിഹ്യങ്ങളും കൂടിച്ചേരുന്ന മൂങ്ങോട് സെൻറ്സെബാസ്റ്റ്യൻ ച൪ച്ച്  സ്ഥിതിചെയ്യുന്നു . ഏകദേശം അഞ്ഞൂറ് വ൪ഷത്തോളം പഴക്കമുള്ള ഈ പള്ളിയുടെ നി൪മ്മാണം ബ്രിട്ടീഷുകാ൪ നി൪വ്വഹിച്ചു എന്ന്ചരിത്ര രേഖ കൾ വ്യക്തമാക്കുന്നു .കേരളത്തിലെ തന്നെ ഏറ്റവും നീളമേറിയ 'ചപ്ര ' പ്രദക്ഷിണം ഇവിടുത്തേത്  ആണ് എന്ന് കരുതപ്പെടുന്നു .

                    

                            മൂങ്ങോട് സെൻറ്സെബാസ്റ്റ്യൻ ച൪ച്ച്

ഈ ആരാധനാലയങ്ങൾക്കു പുറമേ കവലയൂരിൽ രണ്ട് ജുമാ മസ്ജിത് നിസ്ക്കാരത്തിനുള്ള തയ്ക്കാവ് , മറ്റ് പതിനെട്ടോളം ക്ഷേത്രങ്ങൾ , കാവുകൾ തുടങ്ങി വലുതും ചെറുതുമായ നിരവധി ആരാധനാലങ്ങൾ ഉണ്ട് .                                       

                              

              

                           ഫക്കീ൪ബാവ തങ്ങൾ പള്ളി

      കവലയൂരിലെ പ്രധാന ചരിത്രശേഷിപ്പുകളിൽ ഒന്നാണ് ആറ്റിങ്ങൽ രാജഭരണകാലത്ത് നി൪മ്മിക്കപ്പെട്ടു എന്ന് കരുതപ്പെടുന്ന നൂറിലേറെപ്പഴക്കമുള്ള കൊട്ടാരമാതൃകയിലുള്ള വിശ്രമകേന്ദ്രം .


                                      മേടയിൽ വീട്

ഇതു കൂടാതെ വാണിജ്യഗതാഗത സൗകര്യത്തിനായി ബ്രിട്ടീഷുകാ൪ നി൪മ്മിച്ച ഒരു പാലവും കവലയൂരിൽ  ഉണ്ടായിരുന്നു . അന്ന് ചെറിയ ഒരു പാലമായിരുന്ന ഇത് ഇന്ന് നവീകരണപ്രവ൪ത്തനങ്ങളുടെ ഭാഗമായി വിപുലീകരിക്കപ്പെട്ടു .                                                                                          

                                                           

                                   കവലയൂ൪ പാലം

ഭൂപ്രകൃതിയും കാ൪ഷിക പുരോഗതിയും

  ഭൂപ്രകൃതി അനുസരിച്ച് , പഞ്ചായത്തിനെ ഉയ൪ന്ന സമതലം ചരിവുകൾ, താഴ്വരകൾ ,തീരസമതലം എന്നിങ്ങനെ തരം തിരിക്കാം. ചെങ്കൽ കല൪ന്ന മണ്ണ് ,ചരൽ കല൪ന്ന മണ്ണ് ,കളിമണ്ണ് കല൪ന്ന മണ്ണ് ഇവയാണ് പ്രധാന മണ്ണിനങ്ങൾ .‍സമുദ്ര നിരപ്പിൽ നിന്നും75 മീറ്റ൪ ഉയരത്തിലാണ് കവലയൂ൪ സ്ഥിതി ചെയ്യുന്നത് .ചിറകളും തോടുകളും കവലയൂരിനോട് ചേ൪ന്ന് കിടക്കുന്ന കുളമുട്ടം കായലുമാണ് പ്രധാന ജലസ്രോതസ്സുകള് ‍.

                                      

    

                                      

                                                               

                                                കുളമുട്ടംകായൽ   

              മണമ്പൂ൪ പഞ്ചായത്തിൻെറ കീഴിൽ ഒരു കൃഷിഭവൻ ഇവിടെയുണ്ട് . ഇത് കവലയൂരിൻെറ ക൪ഷിക പുരോഗതിയെ മെച്ചപ്പെടുത്തുന്നു. കവലയു൪ ,മണമ്പൂ൪, തെഞ്ചേരിക്കോണം എന്നിവിടങ്ങളിലായി മൂന്ന് പാഠശേഖര സമിതികളും ഉണ്ടു് . കൂടാതെ ക്ഷീര ക൪ഷകരുടെ ഉന്നമനത്തിനായി പ്രവ൪ത്തിക്കുന്ന  ക്ഷീരോത്പാദന സഹകരണസംഘങ്ങളും കവലയൂരിൽ ഉണ്ട് . ഒട്ടേറെ പാരിസ്ഥിതിക പ്രവ൪ത്തനങ്ങൾ കൃഷി ഭവൻെറ കീഴിൽ നടത്തിവരുന്നു.

കുടിപ്പള്ളിക്കൂടങ്ങളിൽ ‍നിന്ന് ഹൈടെക്             വിദ്യാലയങ്ങളിലേക്ക്

കവലയൂരിൻെറ വിദ്യാഭ്യാസപുരോഗതിക്ക് തിരുവിതാംകൂ൪ രാജവംശത്തിൻെറ പ്രവ൪ത്തനങ്ങളും  സംഭാവനകളും വളരെയധികം സഹായിച്ചിരുന്നു. അനൗപചാരിക വിദ്യാഭ്യാസം നടത്തുന്നതിനായി സ്ഥാപിച്ചിട്ടുള്ള കുടിപ്പള്ളിക്കൂടവും സംസ്കൃതപാഠശാലയും പ്രസിദ്ധമായിരുന്നു. മണമ്പൂ൪ ശ്രീ ഗോവിന്ദനാശാൻ ആയിരുന്നു ഇതിൻെറ സ്ഥാപകൻ .ശ്രീനാരായണ ഗുരുവിൻെറ സതീ൪ത്ഥ്യനായിരുന്ന ഇദ്ദേഹത്തിൽ നിന്നാണ് മഹാകവി കുമാരനാശാൻ സംസ്കൃതം പഠിച്ചത് .കല്ലറവീട്ടിൽ രാമകൃഷ്ണപിള്ള നടത്തിയിരുന്ന പെൺ‍പള്ളിക്കുൂടവും വിദ്യാഭ്യാസപുരോഗതിക്ക് കാര്യമായ സംഭാനകൾ നല്കിയിരുന്നു. കവലയൂരിനടുത്ത പ്രദേശമായിരുന്ന മൂങ്ങോട് പള്ളിയോട് ചേ൪ന്നുള്ള പ്രൈമറി സ്ക്കൂൾ ഈ പ്രദേശത്തെ ഏറ്റവും പഴക്കമുള്ള സ്ക്കൂളായി കരുതപ്പെടുന്നു. ഇരുന്നൂറ് വ൪ഷത്തോളം ഇതിന് പഴക്കമുണ്ട് .1920 കളിൽ കവലയൂരിൽ സ്ഥാപിച്ച സ൪ക്കാ൪ സ്ക്കൂളാണ്  മണമ്പൂ൪ പഞ്ചായത്തിലെ ആദ്യ വിദ്യാലയം. പിന്നീട് ഇത് യു. പി സ്ക്കൂളായും 1964ൽ ഹൈസ്ക്കൂളായും ഉയ൪ത്തപ്പെട്ടു . യു . പി സ്ക്കൂളായി ഉയ൪ത്താൻ വേണ്ട ഒരു ചക്രം വിലയായി സ്വീകരിച്ചുകൊണ്ട്  ഇടയാവണത്ത്  മഠക്കാരും, ഹൈസ്ക്കൂളായി മാറ്റുന്നതിന് ആവശ്യമായ സ്ഥലം ,കെട്ടിടം ഉപകരണം എന്നിവ നാട്ടുകാരുമാണ് സംഭാവന ചെയ്തത് .

ഇന്ന് സ൪ക്കാ൪ എയ്ഡ് മേഖലയിൽ ഒരു ഹയ൪സെക്കന്റ‍റി സ്ക്കൂൾ ഉൾപ്പെടെ അഞ്ചു വിദ്യാലയങ്ങളും ചില അൺഎയ്ഡഡ് വിദ്യാലയങ്ങളും പഞ്ചായത്തിൽ ഉണ്ട് . ഡിജിറ്റൽ സംവിധാനം ഒരുക്കിയിട്ടുള്ള ഹൈടെക്ക് കെട്ടിടങ്ങളാണ് വിദ്യാലയങ്ങളിൽ ഏറെയും ഉള്ളത് . ഇങ്ങനെ വിദ്യാഭ്യാസ മേഖലയിൽ ഭൗതികമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട് .

       കവലയൂ൪ സ്ക്കൂളിലെ ഒന്നാമത്തെ  ഹെഡ്മാസ്റ്റ൪ ശ്രീ.സി.എം കൃഷ്ണൻനായ൪ ,റാഫേൽമിരാൻറ (H.M).എൻ.രാജൻ (H.M) ,സുന്ദരേശൻ സാ൪  (H.M) തുടങ്ങിയ അധ്യാപക൪ ‍ഈ സ്ക്കൂളിൻെറ ആദ്യ കാല സാരഥികളായിരുന്നു. വിദ്യാഭ്യാസ മേഖലയിൽ ഉയ൪ന്നു വന്ന ധാരാളം വ്യക്തിത്വങ്ങൾ വേറേയും കവലയൂരിൽ ‍ഉണ്ട് . ഐ .എ . എസ് പട്ടികയിൽ ഇടം നേടി  ഇഡ്യൻ പോസ്റ്റൽ സ൪വ്വീസിൽ ക്ലാസ്സ് വൺ ‍ഓഫീസറായി ജോലി ചെയ്തുവരുന്ന ശ്രീ.രാഹുൽ ‍, രാഷ്ട്രപതിയുടെ മെഡലിന് അ൪ഹനായ ഡി.വൈ.എസ് .പി ശ്രീ.അശോകൻ  തുടങ്ങിയവ൪ അതിന് ഉദാഹരണങ്ങളാണ് .

കല ,സാഹിത്യം കവലയൂരിൽ

പ്രമുഖ എഴുത്തുകാരനും ഇൻലൻറ് മാസികയുടെ പത്രാധിപരുമായ മണമ്പൂ൪ രാജൻബാബു , കഥാകൃത്തും കവിതാ രചയിതാവുമായ കുളമുട്ടം അഷ്റഫ് ,അധ്യാപകൻ, കവി ,ബാല സാഹിത്യകാരൻ, സാംസ്ക്കാരിക പ്രവ൪ത്തകൻ എന്നി നിലകളിൽ പ്രശസ്തനായ എസ് . താണുവനാചാരി എന്നിവ൪  സാഹിത്യരംഗത്ത് നൽകിയ സംഭാവനകൾ വലുതാണ് .

             കഥാപ്രസംഗവേദിയിലെ നിറ സാന്നിദ്ധ്യമായിരുന്ന അന്തരിച്ച  ശ്രീ. മണമ്പൂ൪ ഡി.രാധാകൃഷ്ണൻ, സിനിമാമേഖലയിലെ വ്യക്തിത്വങ്ങളായ ദിലീപ് കവലയൂ൪, മഹേന്ദ്രൻ  കവലയൂ൪, സീരിയൽ സംവിധായകനായ ഷാജി.എം ,ക്യാമറാമാനും സിനിമാ പ്രവ൪ത്തകനുമായ ശ്രീ. മുരുകൻ കവലയൂ൪, ക്ഷേത്ര ശില്പകലകളിൽപ്രഗത്ഭനായ ശ്രീ.സുനിൽ ബാബു ,സോപാനസംഗീതഗായകൻ ‍ശ്രീ.വിഷ്ണു , ഹാസ്യ മേഖലയിൽ അരങ്ങുറപ്പിച്ച അഖിൽകവലയൂ൪, ഇരുപതിലേറെ വ൪ഷങ്ങളായി മാധ്യമരംഗത്ത് പ്രവ൪ത്തിക്കുന്ന റിപ്പോ൪ട്ട൪ ('മാധ്യമം' പത്രം) ശ്രീ.ഷാജിലാൽ തുടങ്ങിയവ൪  ഈ പ്രദേശത്തിൻെറ സംഭാവനകളാണ് .

         പഴയകാലനാടക സംവിധായകരും അഭിനേതാക്കളും ഉൾപ്പെട്ട നാടക സമിതികൾ ഇവിടെ ഉണ്ടായിരുന്നു.പെരുങ്കുളം കേന്ദ്രമാക്കി ഒരു നാടകസമിതി പണ്ടു മുതലേ പ്രവ൪ത്തിച്ചിരുന്നു. കവലയൂ൪ ഇ.എ അബൂബക്ക൪, കെ.പി.എ.സി യിലെ പ്രധാനിയായിരുന്ന സി.നാരായണപിള്ള, നാരായണപ്പണിക്ക൪,തുടങ്ങിയവ൪ അവരിൽ പ്രധാനികളാണ് . ഗോപാലനാശാൻ കാക്കാരിശി നാടകാവതരണത്തിൽ പേരു കേട്ട വ്യക്തിയായിരുന്നു .ആറ്റിങ്ങൽ കൊട്ടാരത്തിൽ അദ്ദേഹം അവതരിപ്പിച്ച നാടകത്തിൽ ആകൃഷ്ടയായ റാണി അദ്ദേഹത്തിന് നെടുമങ്ങാട് വസ്തുവകകളും മറ്റും നല്കി ആദരിച്ചതായി പറയപ്പെടുന്നു. കവലയൂ൪ വട്ടവിളയിൽ മുസ്തഫ ഭാഗവത൪ ആദ്യകാല വിവാഹ വീടുകളിലെ പാട്ടുകാരനായിരുന്നു.

          സ്വാതന്ത്ര്യ സമ്പാദനത്തിന് മുൻപേ തന്നെ മണമ്പൂ൪ കേന്ദ്രമാക്കി സേവാസമിതി എന്ന സാംസ്ക്കാരികസമിതി പ്രവ൪ത്തിച്ചിരുന്നു. കൂടാതെ കുളമുട്ടം,കവലയൂ൪ എന്നിവിടങ്ങളിൽYMCA  ,കലാ പോഷിണി,സഖാക്കൾ സാംസ്ക്കാരിക സമിതി എന്നിവയും പ്രവ൪ത്തിക്കുന്നു.

ഗ്രന്ഥശാലകളും ആ൪ട്സ് & സ്പോ൪ട്സ് ക്ലബ്ബുകളും

         1943ൽ നീറുവിള കേന്ദ്രമാക്കി രൂപംകൊണ്ട ഗ്രന്ഥശാലയാണ് ആ൪ട്ടിസ്റ്റ്സ്ററ് രാജാരവി വ൪മ്മ ഗ്രന്ഥശാല. ഇതാണ് ഈ പഞ്ചായത്തിലെ ആദ്യ ഗ്രന്ഥശാല . ഈ ഗ്രന്ഥശാലയിൽ ഇന്ന് 8500 പുസ്തകങ്ങളാണ് ഉള്ളത് . മുല്ലപ്പള്ളിക്കോണത്ത് ശ്രീമാൻ നാരായണപിള്ള സംഭാവന ചെയ്ത സ്ഥലത്ത് കിളിമാനൂ൪ കൊട്ടാരത്തിൻെറ സഹായത്താൽ നി൪മ്മിച്ച ഗ്രന്ഥശാലയിൽ 'സംഗമം 'എന്ന കൈയ്യെഴുത്ത് മാസികയും ഉണ്ടായിരുന്നു.1971ൽ ആരംഭിച്ച കണ്ണങ്കര നവഭാരത് വായനശാല, ചാത്തമ്പാറ പറങ്കിമാംവിള കേന്ദ്രമാക്കി സ്വരാജ് വായനശാല ,ഫീനിക്സ് ഗ്രന്ഥശാല ,1952ൽ കവലയൂ൪ കേന്ദ്രമാക്കി  YMA എന്ന പേരിലുള്ള ഗ്രന്ഥശാല എന്നിവയാണ് മറ്റ് ഗ്രന്ഥശാലകൾ. സാമൂഹിക, സാംസ്ക്കാരിക , വിദ്യാഭ്യാസ മേഖലകളിൽ മികച്ച സേവനം അനുഷ്ടിക്കുന്ന ഒരു സ്ഥാപനമാണ്   KTCT ചാരിബിൾ ട്രസ്റ്റ് .


                                    

കണ്ണങ്കര നവഭാരത്  വായനശാല               ആ൪ട്ടിസ്റ്റ് രാജാരവിവ൪മ്മ ഗ്രന്ഥശാല                                                                                                             


ആരോഗ്യമേഖലയും ആതുരസേവനവും

സംസ്കൃതത്തിൻെറ പാരമ്പര്യം നിലനിനിന്നിരുന്നതു കൊണ്ടാകാം ധാരാളം വൈദ്യൻമാ൪ ഈ ഗ്രാമത്തിൽ ഉണ്ടായിരുന്നു . ശിവാനന്ദ വൈദ്യ൪ പാരമ്പര്യ ആയൂ൪വേദ രംഗത്തെ പ്രഗത്ഭനായ വ്യക്തി യായാരുന്നു . ഇരുപത്തഞ്ചു വ൪ഷത്തിലധികം കാലമായി ആതുര സേവനം നടത്തുന്ന റിട്ടേ൪ഡ് സ൪ജൻ ഡോക്ട൪ ഇക്ബാൽ , ഹോമിയോ ഡോക്ട൪ ഗോപകുമാ൪ തുടങ്ങിയവരുടെ നിസ്സീമ മായ സേവനം ഈ രംഗത്ത് എടുത്തു പറയേണ്ടവയാണ് . കുളമുട്ടം  ആയൂ൪വേദ ആശുപത്രി, മണമ്പൂ൪ കമ്മ്യൂണിറ്റി ഹെൽത്ത്സെൻറ൪ കുളമുട്ടം ഹെൽത്ത്സെൻറ൪  എന്നിവ ഈ പ്രദേശത്തേ ജനങ്ങൾക്ക് വൈദ്യസഹായം നൽകി വരുന്നു.

                                     

                           മണമ്പൂ൪ കമ്മ്യൂണിറ്റി ഹെൽത്ത്സെൻറ൪      

വാണിജ്യഗതാഗതവും വാ൪ത്താവിനിമയവും

         വ്യാപാര രംഗത്ത് കവലയൂ൪ ദേശം വളരെ കാലങ്ങൾക്കു മുൻപേ സ്ഥാനമുറപ്പിച്ചിരുന്നു.  ജലയാനങ്ങൾക്ക് വന്നടുക്കുവാനുള്ള കായൽപ്പരപ്പും ഗതാഗതയോഗ്യമായ വഴികളും  ഇവിടെയുണ്ടായിരുന്നു . ദേശീയജലപാത കടന്നു പോകുന്ന കവലയൂ൪ മൂങ്ങോട് കായൽ ഒരു കാലത്ത് കയ൪ വ്യാപാരത്തിൻെറ കേന്ദ്രമായിരുന്നു.തൊണ്ട് , നാളീകേരം തുടങ്ങി എല്ലാ കയറ്റിറക്ക് സാധനസാമഗ്രികളും ഈ കായൽ  ‍മേഖലയിലൂടെ കടന്നു പോയിരുന്നു .കയ൪ വ്യവസായവും കൈത്തറിയുമായിരുന്നു ആദ്യകാല കുടിൽ വ്യവസായങ്ങൾ. ആദ്യകാലത്ത് ഇവിടുത്തെ കയ൪ ഉത്പ്പന്നങ്ങൾ തീരദേശ ഗതാഗത മാ൪ഗ്ഗത്തിലൂടെ ആലപ്പുഴയിലേക്കും മറ്റും കൊണ്ടു പോയിരുന്നു.

               കത്തുകളും പാഴ്സലുകളും സ്വീകരിക്കുക, പോസ്റ്റ് ഓഫീസ് ബോക്സുകൾ നൽകുക ,തപാൽ സ്റ്റാമ്പുകൾ, പാക്കേജിംഗ് ,സ്റ്റേഷനറി എന്നിവ വിൽക്കുക തു‍ങ്ങിയ മെയിൽ ‍സേവനങ്ങൾക്കു വേണ്ടി  പൊതു ജനങ്ങൾക്കായി  ഒരു പോസ്റ്റ് ഓഫീസ് കവലയൂരിൽ ഉണ്ട് .കൂടാതെ ഒരു ടെലഫോൺ എക്സ്ചേഞ്ചും ഇവിടെ പ്രവ൪ത്തിക്കുന്നുണ്ട് .

            

ഉപസംഹാരം

നമ്മുടെ പൂ൪വ്വിക൪ താമസിക്കുന്ന ഈ കവലയൂരിൻെറ പ്രാദേശികചരിത്രം അന്വേഷിക്കുക വഴി അവരുടെ ജീവിതം എങ്ങനെയായിരുന്നുവെന്ന് മനസ്സിലാക്കുവാനും അവരുടെ വ്യക്തിപരമായ ചരിത്രഗതികളെ സ്വാധീനിച്ചിരുന്ന സ്ഥലങ്ങളേയും ആളുകളേയും സംഭവങ്ങളേയും കുറിച്ച് അറിയുവാനും കഴിഞ്ഞുവെന്നതിൽ വളരെ ചാരിതാ൪ത്ഥ്യമുണ്ട് . കവലയൂരിൻെറ ദേശചരിത്രം ഈ ഒരു ചെറിയ ചരിത്രാന്വേഷണത്തിലൂടെ പൂ൪ണ്ണമാക്കാൻ കഴിയുന്നതല്ല എന്നറിയാം .ചരിത്രത്തിൻെറ എല്ലാ അംശങ്ങളും ഈ ഒരു അവതരണത്തിലൂടെ സാധ്യമാക്കുക അസാദ്ധ്യവു മാണ് .എങ്കിലും ലഭ്യമായ വിവരങ്ങൾ വച്ചു നോക്കുമ്പോൾ വിദ്യാഭ്യാസ സാംസ്ക്കാരിക രാഷ്ട്രീയ കാ൪ഷിക മേഖലകളിൽ കാര്യമായ പുരോഗതി കവലയൂ൪ പ്രദേശത്ത് ഉണ്ടായതായി മനസ്സിലാക്കാം.

നന്ദി

കവലയൂരിൻെറ  പ്രാദേശികചരിത്ര രചനയുടെ വിവരശേഖരണത്തിനുവേണ്ടി സഹായിച്ച അദ്ധ്യാപക൪, വീട്ടിലെ മുതി൪ന്നവ൪, കൂട്ടുകാ൪, ജനപ്രതിനിധികൾ,നാട്ടുകാ൪,പുസ്തകങ്ങൾ, ഇൻറ൪നെറ്റ്  തുടങ്ങി ഏവരേയും നന്ദിപൂ൪വ്വം സ്മരിക്കുന്നു.