കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/വീട്ടിലിരിക്കാൻ ലജ്ജയുള്ളവരോട്...!

Schoolwiki സംരംഭത്തിൽ നിന്ന്
വീട്ടിലിരിക്കാൻ ലജ്ജയുള്ളവരോട്...!

അടുക്കി വെച്ച കല്ലുകൾക്ക് മുകളിൽ
കോൺക്രീറ്റ് മേൽക്കൂരയുള്ള ,
എപ്പോഴും തെരുവിലിരുന്ന്
രാത്രി ഏറെ വൈകി കയറിച്ചെന്ന്
കിടന്നുറങ്ങാനുള്ള
കെട്ടിടമാണ്
വീടെന്ന്
നിങ്ങൾ ധരിച്ചുവോ..?

നോക്കൂ ,
വീട്ടിൽ
എത്രയധികം സർഗ്ഗാത്മക ഇടങ്ങളുണ്ട്...!

കൃത്യമായ ചേരുവകളെടുത്ത്
സ്നേഹത്തിന്റെ എരിവും പുളിയും ചേർത്ത്
ആവശ്യമായ ചൂടിൽ വേവിച്ച്
രുചിയേറും
ഭക്ഷണമുണ്ടാക്കുന്നത്.....
മണ്ണുനീക്കി വിത്തെറിഞ്ഞ്
നനയും വാത്സല്യവും നൽകി
തക്കാളിയും, പച്ചമുളകും
ചെടികളും, പൂക്കളും
വളർത്തുന്നത്.....

താരാട്ടുപാടി ചേർത്തു നിർത്തിയ മാതൃത്വം ,
സൈക്കിളിലിരുത്തി
കളിചിരി കാണിച്ച പിതൃത്വം,
കൊത്താങ്കല്ലും
കൊച്ചം കുത്തിയും കളിച്ച നിഷ്കളങ്കബാല്യത്തിന്റെ
കളിമുറ്റം....
എല്ലാം വീട്ടിനകത്തായിരുന്നില്ലേ...?

മുത്തശ്ശിക്കഥകളും,
കടങ്കഥകളും
പൂത്തു വിടർന്ന്
സുഗന്ധം വിതച്ചത്
തെരുവിൽ വെച്ചായിരുന്നില്ലല്ലോ..?

ആരോടാണ് നിങ്ങൾ
ദേഷ്യം പിടിക്കുന്നത്..?

കൊറോണത്തീ
പടരാതിരിക്കാൻ
കച്ചവടവും
കവലപ്രസംഗങ്ങളും
നിറഞ്ഞ
തെരുവിൽ നിന്ന് മടങ്ങി
വീട്ടിലിരിക്കുന്നതിൽ
നിങ്ങളെന്തിനാണ്
ലജ്ജിക്കുന്നത്...?

ഷാദിയ സി
9 D കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത