കൊടുമൺ എച്ച്.എസ്. കൊടുമൺ/അക്ഷരവൃക്ഷം/ഒരു കൊറോണ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണ കഥ

ചൈനയിലെ നഗര പ്രാന്തപ്രദേശങ്ങളിൽ ഒന്നിനുപുറകെ ഒന്നായി ആളുകളും വാഹനങ്ങളും എന്തൊക്കെയോ ലക്ഷ്യങ്ങൾക്ക് വേണ്ടി പരക്കം പായുകയാണ് .എവിടെ നിന്നാണ് ഞാൻ വന്നതെന്ന് എനിക്ക് നിശ്ചയമില്ല . പല മുഖങ്ങളും പല നാടുകളും കണ്ടു .ആദ്യം ആദ്യം ഒരു പുതിയ മുഖത്തെ പരിചയപ്പെട്ടതിനുശേഷം പുതിയ പുതിയ കരങ്ങളിലേക്ക് എനിക്ക് വളരെ വേഗം എത്തിപ്പെടാൻ പറ്റി .ഒരാളിൽ നിന്ന് രണ്ട് പേരിലേക്ക്. അവരിൽ നിന്ന് നാല് പേരിലേക്ക് .അങ്ങനെ ഞാൻ പുതിയ മുഖങ്ങൾ തേടി തേടി നടന്നു .അപരിചിതരോട് വളരെ പെട്ടെന്ന് തന്നെ സൗഹൃദം സ്ഥാപിക്കാൻ എനിക്ക് കഴിവുണ്ടെങ്കിലും അവരിലേക്ക് കൂടുതൽ അടുക്കാൻ എനിക്ക് രണ്ടാഴ്ചയോളം വേണ്ടിവന്നു.

ചില വ്യക്തിത്വങ്ങൾ എനിക്ക് പിടിതരാതെ കടന്നുപോയി .എങ്കിലും അവരോട് അടുക്കാൻ ഞാൻ ശ്രമിച്ചു. അവരെ കണ്ടുമുട്ടി എങ്കിലും അവരോട് കൂടുതൽ അടുക്കുവാൻ എനിക്ക് സാധിച്ചില്ല .എന്തോ ,എത്ര അടുത്തിട്ടും അവരിലേക്ക് കടന്നു ചെല്ലുവാനോ അവരിൽ നിന്ന് മറ്റൊരാളിലേക്ക് കടന്നുചെല്ലാനോ എനിക്ക് കഴിഞ്ഞില്ല .എന്റെ ഈ വിദ്യകൾ പ്രതിരോധിക്കാൻ കഴിവുള്ളവരാണോ അവർ? ഞാൻ ഇടയ്ക്കിടെ ചിന്തിച്ചു.

എന്നാലും എന്റെ ശൃംഖല ഞാൻ വളർത്തി കൊണ്ടേയിരുന്നു .വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ ഓരോരുത്തരിലേയ്ക്കും ഞാൻ കയറിച്ചെന്നു .കുറച്ചു ദിവസങ്ങൾക്ക് ശേഷം ഞാനൊരു കാര്യം മനസ്സിലാക്കി ,ഞാൻ പരിചയപ്പെട്ട പുതിയ ആളുകൾ എല്ലാം തന്നെ ശ്വാസം കിട്ടാതെ വിഷമിക്കുകയും ജീവനുവേണ്ടി പോരാടുകയും ചെയ്യുന്നു. അവരെല്ലാം എന്നെ ഒഴിവാക്കാനായി പരമാവധി ശ്രമിക്കുന്നുണ്ട് .ചിലർക്ക് എന്നെ പെട്ടെന്ന് തന്നെ ഒഴിവാക്കാൻ കഴിയുന്നു. മറ്റു ചിലരിൽ നിന്ന് എനിക്ക് വിട്ടു പിരിയാൻ സാധിക്കുന്നില്ല. ആ ബന്ധങ്ങൾ എനിക്കും ഒഴിവാക്കുവാൻ തോന്നുന്നില്ല. ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് കയറി ചെല്ലുന്നതും പുതിയപുതിയ വീടുകളിലേക്ക് ദിനംപ്രതി താമസം മാറുന്നതും എനിക്കൊരു ലഹരിയായി .ഇതിനിടയിൽ എന്റെ പുതിയ സുഹൃത്തുക്കൾ എല്ലാവരും കൂടി എനിക്ക് ഒരു പുതിയ പേരും ഇട്ടു കഴിഞ്ഞു "കോവിഡ് -19”. എല്ലാവർക്കും എന്നെ പ്രതിരോധിക്കുവാനും ഒഴിവാക്കുവാനും ആണ് താല്പര്യം എന്ന് ഞാൻ അറിഞ്ഞു കാരണം എല്ലാവരും ഇപ്പോൾ വീടുകൾ വിട്ട് ആശുപത്രികളിൽ കയറി ഇറങ്ങുന്നു. പക്ഷേ ഞാൻ കയറിക്കൂടിയ ചിലർ വളരെ സന്തോഷത്തോടെ എന്നെ വക വെക്കുകയോ ഞാൻ അടുത്തുണ്ട് എന്ന ധാരണയോ ഇല്ലാതെ കളിച്ചു ചിരിച്ചു നടക്കുന്നു. എന്തോ, എന്നെ അവർ എങ്ങനെയോ പ്രതിരോധിച്ചിരിക്കുന്നു.

വീണ്ടും ഞാൻ പുതിയ മുഖങ്ങൾ തേടി നടന്നു. പക്ഷേ പണ്ടത്തെപ്പോലെ പുതിയ ബന്ധങ്ങൾ സ്ഥാപിക്കാൻ എനിക്ക് സാധിക്കുന്നില്ല. പലരുടെ മുഖങ്ങളിലേക്കും കൈകളിലേക്കും എനിക്ക് കയറാൻ സാധിക്കുന്നില്ല. എന്തൊക്കെയോ വസ്തുക്കൾ വെച്ച് അവർ എന്നെ പ്രതിരോധിക്കുന്നു.പതിയെ ഞാൻ അവിടെ നിന്നും പോകാൻ തീരുമാനിച്ചു .

പണ്ടെങ്ങോ ഞാൻ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ പറ്റി കേട്ടിട്ടുണ്ട്. അവിടെ വരെ പോകാൻ എനിക്ക് ഒരു ആഗ്രഹം. കാരണം, എങ്ങനെയാണ് അവിടം ദൈവത്തിന് പ്രിയങ്കരമായത് എന്ന് അറിയണമല്ലോ; ഒരു സുന്ദരി പെൺകുട്ടിയുടെ കൂടെ ഞാൻ കേരളത്തിലേക്ക് പുറപ്പെടാൻ തീരുമാനിച്ചു. അങ്ങനെ ഞാൻ കേരളത്തിൽ എത്തി .അവിടെ എത്തിയപ്പോഴേക്കും ഞാൻ അവിടെ എല്ലാവർക്കും പരിചിതനായികഴിഞ്ഞിരുന്നു. ആർക്കും പിടികൊടുക്കാതെ ഞാൻ പതിയെ അവിടെ വേരുറപ്പിക്കാൻ തീരുമാനിച്ചു .എന്ത് സുന്ദരമായ നാടാണിത് .ഇവിടം വിട്ടു പോകാൻ തോന്നുന്നില്ല. വളരെ വേഗം തന്നെ ഞാൻ പുതിയ സൗഹൃദങ്ങൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

പക്ഷേ എന്തുകൊണ്ടോ എനിക്ക് അതിന് കഴിയുന്നില്ല . എവിടെയും എനിക്ക് കയറാൻ സാധിക്കുന്നില്ല .ഞാൻ വന്നത് അറിഞ്ഞിട്ട് ആകണം റോഡിൽ എങ്ങും ആരുമില്ല, വാഹനങ്ങൾ കാണുന്നില്ല , ആരെയും കാണാതെ ഞാൻ ഏകനായി വഴിയരികിൽ കിടന്നു .കുറച്ചു കഴിഞ്ഞപ്പോൾ ദേ ഒരാൾ വരുന്നു. ഞാൻ അവനെ ലക്ഷ്യമാക്കി കിടന്നു .അവന്റെ കൈകളിൽ കയറാൻ ഞാൻ തീരുമാനിച്ചു. പതിയെ ഞാൻ അവന്റെ കൈയ്യിൽ കയറി .പക്ഷേ പെട്ടെന്ന് എന്തോ ഒരുതണുത്ത ദ്രാവകം എന്റെ മുകളിൽ വീണു .ഞാൻ വേഗം അവിടെ നിന്ന് മാറാൻ തീരുമാനിച്ചു. ഒരു പുതിയ മുഖങ്ങളും എന്നെ അടുപ്പിക്കുന്നില്ല. എല്ലാവരും പ്രതിരോധത്തിന്റെ ഒരു വലിയ മതിൽ കെട്ട് തീർത്തിരിക്കുന്നു. ആശുപത്രികളിൽ ചെന്നപ്പോൾ എന്നെ കൊല്ലാനായി മാലാഖമാർ നിരന്നു നിൽക്കുന്നു. എനിക്ക് ഇവിടെ നിലനിൽപ്പില്ല എന്ന് തോന്നുന്നു. ഇവിടുത്തെ പ്രതിരോധം വളരെ ശക്തമാണ് .ദൈവത്തിന്റെ സ്വന്തം നാട്ടിൽ ദൈവങ്ങളുടെ ഉത്സവങ്ങൾ ഉൾപ്പെടെ ഞാൻ കാരണം ഇല്ലാതായപ്പോൾ ഞാൻ കരുതി ദൈവത്തെ ഞാൻ കൊന്നുവെന്ന് . ഞാൻ വളരെ സന്തോഷിച്ചു .പക്ഷേ ദൈവം മനുഷ്യരുടെ രൂപത്തിൽ എനിക്കെതിരെ വലിയൊരു പ്രതിരോധമറ സൃഷ്ടിച്ചിരിക്കുകയാണ് .എവിടെയും കാണാത്ത ഒരു വലിയ പ്രതിരോധമറ. ഇനി ഈ പ്രതിരോധ കോട്ട തകർക്കാൻ എനിക്ക് കഴിയില്ല . അതെ ...അവർ എന്നെ പ്രതിരോധിച്ചിരിക്കുന്നു.

ജ്യോഷ്മി വി
9 A കൊടുമൺ എച്ച് എസ്
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം