കെ വി യു പി എസ് പാ‍ങ്ങോട്/അക്ഷരവൃക്ഷം/മനു

Schoolwiki സംരംഭത്തിൽ നിന്ന്
മനു

മനു എന്ന് പേരുള്ള മിടുക്കനായ ഒരു കുട്ടി ഉണ്ടായിരുന്നു. മൂന്നാം തരത്തിൽ പഠിക്കുന്ന അവന് പഠിക്കാൻ വളരെ ഇഷ്ടമായിരുന്നു. പക്ഷേ വൃത്തിയുടെ കാര്യത്തിൽ മനു എപ്പോഴും അശ്രദ്ധ കാട്ടുമായിരുന്നു. എല്ലാവരും ഒരുപാട് കാര്യങ്ങൾ പറഞ്ഞു കൊടുത്തിട്ടും അവൻ അതൊന്നും ചെവിക്കൊണ്ടില്ല. അമ്മ അവനോട് പറഞ്ഞു കൊടുത്ത് കൊണ്ടിരുന്നു, മനൂ വൃത്തിയായി നടന്നില്ലെങ്കിൽ വലിയ ആപത്ത് സംഭവിക്കും.

അന്നൊരു അവധി ദിവസം ആയിരുന്നു. മനു മുറ്റത്ത് നിന്ന് മണ്ണിൽ കളിക്കുകയാണ്. അമ്മ അവനെ ഭക്ഷണം കഴിക്കാൻ വിളിച്ചു. "മോനേ കൈയ്യും കാലും മുഖവും കഴുകി വേഗം വാ.". മനു മണ്ണെല്ലാം തട്ടിയെറിഞ്ഞിട്ട് ഓടി ചെന്നു. കൈ കഴുകാൻ നിൽക്കാതെ അവൻ ഇട്ടിരുന്ന വസ്ത്രത്തിൽ തുടച്ചു. എന്നിട്ട് ഭക്ഷണം കഴിച്ചു, അവിടെ നിന്നും എണീറ്റു പോയി. വൈകുന്നേരം ആയപ്പോൾ മുതൽ മനുവിന് നല്ല ചൂടുണ്ട്. അവൻ ആകെ അസ്വസ്ഥനാണ്. അമ്മ അവനെ വേഗം ആശുപത്രിയിൽ എത്തിച്ചു.

ഡോക്ടർ മനുവിനെ പരിശോധിക്കുകയാണ്.അദ്ദേഹം പറഞ്ഞു" ഈ കുട്ടിയുടെ കൈയിൽ നിറയെ അണുക്കൾ ഉണ്ട്. അതിപ്പോൾ ശരീരം നിറയെ വ്യാപിച്ചിരിക്കുന്നു. അത് മുഴുവൻ ഒഴിവാക്കി അവനെ ആരോഗ്യവാനാക്കുന്നത് ശ്രമകരമായ ജോലിയാണ്. അതുകേട്ട് ആ അമ്മയും മകനും ഒരുപാട് വിഷമിച്ചു. ഡോക്ടറോട് അമ്മ അവന്റെ വൃത്തിയില്ലായ്മയെ കുറിച്ച് സൂചിപ്പിച്ചു. ആ നന്മയുള്ള ഡോക്ടർ മനുവിന് വൃത്തിയെ കുറിച്ചും വൃത്തിയില്ലായ്മ നമുക്ക് ഉണ്ടാക്കുന്ന രോഗങ്ങളെ കുറിച്ചും രോഗപ്രതിരോധ ശേഷി എങ്ങനെ കൂട്ടാം എന്നൊക്കെ പറഞ്ഞു മനസ്സിലാക്കി. മനുവിന് തന്റെ തെറ്റ് മനസ്സിലായി. അവൻ അമ്മയോട് ക്ഷമ ചോദിച്ചു.

വർഷങ്ങൾ കഴിഞ്ഞു. മനു ഇപ്പോൾ അഞ്ചാം തരത്തിൽ പഠിക്കുന്നു. കോവിഡ് 19 എന്ന മഹാമാരി ലോകം മുഴുവൻ വ്യാപിപ്പിക്കുന്ന ഈ സാഹചര്യത്തിൽ മനു തിരക്കിലാണ്. തന്നെ കൊണ്ട് പറ്റുന്ന അത്രയും ഹാൻഡ് വാഷ് ഉണ്ടാക്കണം. അമ്മ നിർത്താതെ പ്രവർത്തിപ്പിക്കുന്ന തയ്യൽ മെഷീനിലൂടെ ഉണ്ടാക്കുന്ന മാസ്കുകൾ അടുക്കി വയ്ക്കണം. പിറ്റേദിവസം രാവിലെ തന്നെ അവന്റെ വിദ്യാലയത്തിലെ പ്രധാന അധ്യാപകനും ഒരു സാമൂഹ്യ പ്രവർത്തകനും വരും. തൊട്ടടുത്തുള്ള ഭിന്ന ശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസ സ്ഥാപനത്തിൽ അതെല്ലാം അവർ എത്തിക്കുമ്പോൾ അവൻ പണ്ട് ആ ഡോക്ടർക്ക് കൊടുത്ത വാക്ക് പാലിക്കപ്പെടും.

"ഡോക്ടർ , എന്റെ ഈ വൃത്തിയില്ലായ്മ മാറ്റി മറ്റുള്ളവർക്ക് നന്മ ചെയ്യുന്ന ഒരു കുട്ടിയായി ഞാൻ മാറും".

ദേവപ്രിയ
6 E കെ വി യു പി എസ്സ് പാങ്ങോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ