കെ വി യു പി എസ് പാങ്ങോട്/അക്ഷരവൃക്ഷം/അഭിയുടെ സ്വപ്നം
അഭിയുടെ സ്വപ്നം
പ്രകാശം എങ്ങും പരന്നു. കിളികളുടെ നാദം ഒരു കാതിൽ മുഴങ്ങി. മറുകാതിൽ പുഴയുടെ കള കള ശബ്ദവും. കിളികളോടൊപ്പം ചില്ലകളാട്ടി വർത്തമാനം പറയുന്ന വൃക്ഷങ്ങൾ. ഇളം കാറ്റിൽ മലരുകൾ ആടിയുലയുന്നു. സുന്ദരമായ പ്രഭാതം. പക്ഷേ പട്ടണങ്ങൾ നിശബ്ദമാണ്.വാഹനങ്ങൾ ഇല്ലാത്ത റോഡുകൾ.വഴിയോരത്തെങ്ങും ആരുമില്ല. എല്ലാവരും ഭീതിയിൽ വീടിനുള്ളിൽ കഴിയുകയാണ്. അവൻ നല്ല ഉറക്കത്തിലാണ്. സൂര്യ രശ്മികൾ ജനലഴികളിൽക്കിടയിലൂടെ അവന്റെ കണ്ണുകളിലേക്ക് അടിച്ചു. അവൻ പതിയെ ഉണർന്നു. അപ്പോഴതാ മുൻപിൽ താൻ ഇതു വരെ കണ്ടിട്ടില്ലാത്ത എന്തോ ഒരു രൂപം നിൽക്കുന്നു! ആദ്യം ഒന്ന് പേടിച്ചെങ്കിലും അത് പാവമാണെന്ന് പിന്നെ അവനു തോന്നി. 'ആരാ?...' അവൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.'എനിക്ക് നിങ്ങൾ തന്ന പേര് കൊറോണ എന്നാണ്'.... 'ങേ? കൊറോണയോ..? അയ്യോ! എന്നെ ഒന്നും ചെയ്യരുത്'.. അവൻ പേടിച്ചു വിറച്ചു. 'പേടിക്കേണ്ട ഞാൻ നിന്നെ ഒന്നും ചെയ്യില്ല, നിങ്ങൾ മനുഷ്യരാണ് എന്നെ ക്ഷണിച്ചു വരുത്തുന്നത്'കൊറോണ പറഞ്ഞു. 'ഞങ്ങളോ? 'കുട്ടി അത്ഭുതത്തോടെ ചോദിച്ചു. 'അതെ, നിങ്ങൾ തന്നെ.. ശുദ്ധി ഇല്ലായ്മയിലൂടെ... നിങ്ങൾ ശുചിത്വം പാലിക്കാതെ ഓരോ പ്രവർത്തനങ്ങൾ ചെയ്യുമ്പോഴാണ് ഞാൻ വരുന്നത്, ഞാനായിട്ട് വരുന്നതല്ല, എന്നെ ക്ഷണിച്ചു വരുത്തുന്നു. എനിക്ക് പുറത്തു ജീവിക്കാൻ ആകില്ല. ഞാൻ ഏതെങ്കിലും മൃഗത്തിന്റെ ഉള്ളിലാണ് വസിക്കുന്നത്'... ഇത്രയൊക്കെ കേട്ടപ്പോഴേക്കും കുട്ടി ശാന്തനായി. പിന്നെ അവർ കൂട്ടുകാരായി. ശേഷം കൊറോണയോട് കുട്ടി ചോദിച്ചു :'അപ്പൊ ശുചിത്വം പാലിച്ചാ കൊറോണ പിടിപ്പെടില്ലെ? '.. 'ഇല്ല, പക്ഷേ അതു മാത്രം ശ്രദ്ധിച്ചാലും പോരാ, പുറത്ത് ഇറങ്ങാനും പാടില്ല.ഞാൻ ഇപ്പോൾ പകർച്ചവ്യാധിയായിരിക്കുന്നു.അതു കൊണ്ട് കൂടുതൽ ആളുകളുമായി ഇടപ്പഴകരുത്. അത്യാവശ്യമായി പുറത്തു പോകേണ്ടി വന്നാൽ മുഖാവരണം ധരിക്കണം.കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം.കൈകൾ ഭക്ഷണം കഴിക്കുന്നതിനു മുൻപും പിൻപും കഴുകണം.ഇതു സാധാരണയായിട്ടുള്ള ശുചിത്വ രീതിയാണ്. അതും പാലിക്കണം. നിങ്ങൾ കുട്ടികളിൽ പ്രതിരോധശക്തി കുറവായതിനാൽ എനിക്ക് വേഗം നിങ്ങളുടെ ശരീരത്തിനുള്ളിൽ കയറിപറ്റാൻ കഴിയും.നീ ഒരു കൊച്ചു കുട്ടി ആയതു കൊണ്ട് നിനക്ക് ഇതിന്റെ ഗൗരവം മനസ്സിലാക്കാൻ കഴിയില്ല. അതു കൊണ്ടാണ് ഞാൻ ഇതൊക്കെ പറഞ്ഞു തരുന്നത്'.'കൊറോണ എന്ന് കേൾക്കുമ്പോൾ എല്ലാർക്കും പേടിയല്ലെ?' കുട്ടി ചോദിച്ചു. 'അതു ഞാൻ എന്ന വൈറസ് കാരണം ഒരുപാട് ആളുകൾ മരണപ്പെട്ടില്ലേ..? അതു കൊണ്ടാണ്'കൊറോണ കുട്ടിയോട് പറഞ്ഞു.'ശുചിത്വ രീതികൾ പാലിച്ചാൽ ഞാൻ വരില്ല എന്ന് നിനക്ക് മനസ്സിലായില്ലേ..? '... 'മ്മ്, മനസ്സിലായി.. കുട്ടി പറഞ്ഞു. 'അപ്പൊ ശുചിത്വ രീതികളൊക്കെ പാലിക്കുമല്ലോ? '... 'മ്മ്, ഞാൻ ഇനി എപ്പോഴും ശുദ്ധിയോടുകൂടിയേ നടക്കൂ...' "മോൻ ഈ ശുചിത്വ രീതികളൊക്കെയും മുതിർന്നവർക്കും കൂടി പറഞ്ഞു കൊടുക്കണേ.."ഇത്ര യൊക്കെ പറഞ്ഞു കൊറോണ കുട്ടിയോട് യാത്ര പറഞ്ഞു. അപ്പോഴാണ് അവൻ അവന്റെ അമ്മയുടെ വിളി കേട്ട് ഞെട്ടി ഉണർന്നത്.'അബി... അബി... നീ ഇതു വരെ എണീറ്റില്ലേ?.. ' അപ്പോഴാണ് താൻ ഇതു വരെ കണ്ടത് സ്വപ്നമാണെന്ന് മനസ്സിലായത്.സ്വപ്നമാണങ്കിലും എപ്പോഴും താൻ ശുചിത്വം പാലിക്കുമെന്ന് മനസ്സിൽ ഉറപ്പിച്ചു തന്റെ അമ്മയോട് സ്വപ്‍നകഥ പറയാനുള്ള തിടുക്കത്തിൽ അവൻ വേഗം പല്ലുകൾ തേച്ചു മുഖവും കഴുകി അമ്മയുടെ അടുത്തേക്ക് ഓടി.............
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ