കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

പതിമൂവായിരത്തിലേറെ പുസ്തകങ്ങളുടെ ശേഖരമാണ് സ്ക്കൂൾ ലൈബ്രറിയിലുള്ളത്. മലയാളം ,ഇംഗ്ലീഷ്, അറബ്, ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളിലുള്ള പുസ്തകങ്ങൾ വേർതിരിച്ച് ക്രമീകരിച്ചിരിക്കുന്നു. ഡിക്ഷ്ണറികൾ, റഫറൻസ് ബുക്കുകൾ, സമ്പൂർണ കൃതികൾ, എൻസൈക്ലോപീഡിയകൾ തുടങ്ങിയവ പ്രത്യേകമായി സൂക്ഷിച്ചിട്ടുണ്ട്.

മലയാളം ബുക്കുകളാണ് കൂടുതൽ ഉള്ളത്. കഥകൾ, നോവലുകൾ ,ജീവചരിത്രം, ആത്മകഥ, വൈജ്ഞാനിക ഗ്രന്ഥങ്ങൾ, വിമർശനാത്മക കൃതികൾ, ഉപന്യാസങ്ങൾ, നാടകം, തിരക്കഥ എന്നിങ്ങനെ മലയാള കൃതികളുടെ വിപുലശേഖരം നിലവിലുണ്ട്. ബാലസാഹിത്യം, കവിതകൾ, ചരിത്രം, ഗണിതം, സയൻസ്, പരിസ്ഥിതി സംബന്ധമായ വ ഇനം തിരിച്ച് സൂക്ഷിച്ചിട്ടുണ്ട്. ഏഴു പതിറ്റാണ്ടിലധികം പഴക്കമുള്ള ഗ്രന്ഥങ്ങൾ, പാഠപുസ്തകങ്ങൾ, ആഴ്ച്ചപ്പതിപ്പുകൾ എന്നിവയുടെ അപൂർവ്വ ശേഖരവും ഇവിടെയുണ്ട്.

വിദ്യാഭ്യാസ വകുപ്പിൻ്റെ വിവിധ ഫണ്ടുകൾ, അധ്യാപകരുടെ സംഭാവനകൾ, സ്പോൺസർഷിപ്പുകൾ, കുട്ടികളുടെ സംഭാവനകൾ എന്നിവ വഴിയാണ് പുസ്തകങ്ങൾ ലഭ്യമായിക്കൊണ്ടിരിക്കുന്നത്. സ്‌റ്റോക്ക് രജിസ്റ്ററുകൾ, കുട്ടികളുടെയും അധ്യാപകരുടെയും ഇഷ്യു രജിസ്റ്ററ്റുകൾ, റിമൂവ് രജിസ്റ്ററുകൾ എന്നിവ സുരക്ഷിതമായി വച്ചിരിക്കുന്നു.

എല്ലാ വിദ്യാർഥികൾക്കും പുസ്തകങ്ങൾ എടുത്തു വായിക്കുന്നതിനും കൈമാറി വായിക്കുന്നതിനുമുള്ള സംവിധാനങ്ങൾ സ്ക്കൂൾ ലൈബ്രേറിയൻ്റെ നേതൃത്വത്തിൽ ക്ളാസ് ടീച്ചേഴ്സ് വഴിയാണ് ക്രമീകരിച്ചു വരുന്നത്. ക്ളാസ് ലൈബ്രേറിയന്മാർ നിശ്ചിത നോട്ട് ബുക്കിൽ കൈമാറി വായന നടത്തുന്ന കുട്ടികളുടെ പേരുവിവരങ്ങൾ എഴുതി സൂക്ഷിക്കുന്നു. വായിക്കുന്ന പുസ്തകങ്ങളുടെ വായനാക്കുപ്പുകൾ പതിപ്പുകളാക്കി മാറ്റുന്നു.കൂടാതെ ക്ളാസ് അസംബ്ലിയിൽ പുസ്തക പരിചയവും ചെയ്തു വരുന്നു.

അധിക വായനക്കാവശ്യമായ ബുക്കുകൾ, മത്സരപ്പരീക്ഷകൾക്കു തയ്യാറാകാൻ വേണ്ട ബുക്കുകൾ, അഭിരുചിക്കനുസൃതമായ ബുക്കുകൾ എന്നിവ സ്ക്കൂൾ ലൈബ്രേറിയൻ നേരിട്ട് നൽകുന്നു .

അധ്യാപകർക്കും ഓഫീസ് സ്റ്റാഫിനും ആവശ്യമായ ബുക്കുകളും സ്ക്കൂൾ ലൈബ്രേറിയൻ വഴിയാണ് വിതരണം ചെയ്യുന്നത്. വേനലവധിക്കു മുൻപായി കുട്ടികളിൽ നിന്നും ബുക്കുകൾ തിരിച്ചു വാങ്ങി ഇഷ്യു രജിസ്റ്റർ ക്ലോസ് ചെയ്യുന്നു. വായനയിൽ അധിക താൽപര്യമുള്ള കുട്ടികൾക്ക് ആവശ്യാനുസൃതം ബുക്കുകൾ നൽകാറുണ്ട്. രണ്ടാഴ്ചയാണ് ഒരു പുസ്തകം വായിച്ച് തിരിച്ചു തരേണ്ട സമയപരിധി എങ്കിലും അതിലധികമോ കുറവോ കാലയളവിലും തിരിച്ചേൽപിക്കുന്ന രീതിയും ഉണ്ട്.

ഭാഷാപഠനം മികവുറ്റരീതിയിലാക്കുന്നതിനായി ഫലപ്രദമായരീതിയിൽ ഗ്രന്ഥശാലാപ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നുവരുന്നു