കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ നാട്

കിഴക്ക് സിന്ദൂരം പുശി പ്രഭാതസുന്ദരിയെത്തുബ്ബോൾ ഗായത്രിമന്ത്രങ്ങളുമായി കളകളം പാടുന്ന ഗായത്രിപ്പുഴ...... ആ സ്നേഹത്തിന്റെ നനുത്ത സ്പർശവുമായി, ഇന്നലെയുടെ കഥകൾ പാടി, നാളെയുടെ സ്വപ്നങ്ങളുമായി ഉയരങ്ങൾ താണ്ടുന്ന നമ്മുടെ നാട്..... വയലേലകൾക്ക് ദാഹജലമേകി, കാവശ്ശേരിയെ ഹരിതവൃന്ദാവനമാക്കി മാറ്റി കാർഷികമൂല്യങ്ങളെ കോർത്തിണക്കി ലക്ഷ്മീദേേവിയുടെ വിളനിലമാക്കി മാറ്റുന്ന ഗായത്രിപ്പുഴ......

പൂരാഘോഷത്തോടനുബന്ധിച്ചുള്ള കാവശ്ശരി കഴനി വാവുള്യാപുരം ദേശക്കുതിരകളുടെ എഴുന്നള്ളത്ത്

മീനച്ചൂടിനെ ചെണ്ടകൊട്ടിച്ചുകൊണ്ട് മീനമാസത്തിലെ പൂരം നാളിൽ കുടിയിരുത്തപ്പെട്ട പരയ്ക്കാട്ട് ഭഗവതിയുടെ സ്മരണാർഥം കൊണ്ടാടപ്പെടുന്ന കാവശ്ശേരി പൂരം ജാതിമതഭേതമെന്യേ ഏവരും നെഞ്ചിലേറ്റി ലാളിക്കുന്നു. കാവുകളുടെ കൂട്ടായ്മയാണല്ലോ കാവശ്ശേരി. പരയ്ക്കാട്ട് ശ്രീ ഭഗവതി ക്ഷേത്രം, ചീർബ്ബക്കാവ്, ശിവക്ഷേത്രം, മാരിയമ്മ ക്ഷേത്രം, സുബ്രഹ്മണ്യക്ഷേത്രം, ശ്രീകൃഷ്ണക്ഷേത്രം, എന്നിങ്ങനെ നീണ്ടു പോകുന്ന ക്ഷേത്രങ്ങളുടെ നിരയിൽ കുളങ്ങൾക്കും അഭേേദ്യമായ ബന്ധമാണുള്ളത്.

കാവശ്ശേരി പൂരത്തോടനുബന്ധിച്ചുള്ള ആനയെഴുന്നള്ളത്ത്

അതുകൊണ്ടായിരിക്കാം

"ആനയ്ക്കും പാപ്പാനും മൂക്കറ്റം വെള്ളത്തിൽ, കാവശ്ശേരി കുട്ടികൾക്ക് മുട്ടിനൊപ്പം"

എന്ന പഴമൊഴി നിലവിൽ വന്നത്. നവോന്മേഷത്തിന്റെ പ്രതീകങ്ങളായ പരൽമീനുകളെപ്പോലെ നീന്തിത്തുടിക്കുന്ന കുട്ടികൾ ഈ നാടിന്റെ പൊൻ തൂവലുകളാണ്. മന്ത്രോച്ചാരണങ്ങൾ ഇഴചേർത്ത് അഗ്രഹാരങ്ങളുടെ ദീപാവലയങ്ങളുമായി, വിശ്വാസത്തിന്റെ പവിത്രതയുമായി ആറ് ബ്രാഹ്മണഗ്രാമങ്ങൾ; ഓട്ടുുപുരഗ്രാമം, നാണുപട്ടർഗ്രാമം, ഈശ്വരപട്ടർഗ്രാമം, മുല്ലയ്ക്കൽ‍ഗ്രാമം, നെല്ലിത്തറ‍ഗ്രാമം, കൊങ്ങാളക്കോട്ഗ്രാമം.

സരസ്വതീദേവിയുടെ കൃപാകടാക്ഷത്താൽ അനുഗ്രഹീതരായ മഹത് വ്യക്തികൾ നാടിന്റെ അഭിമാനഭാജനങ്ങളായി ചരിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

പാാരംബര്യത്തിന്റെ തനിമയും, എളിമയും, മഹിമയും മുറുകെപ്പിടിച്ചുകൊണ്ട്, ഇന്നും പരംബരാഗത തൊഴിൽമേഖല നക്ഷത്രത്തിളക്കത്തോടെ വിരാജിക്കുന്നു. - ദേവഗണത്തിന്റെ മംഗളശ്രുതി മീട്ടുന്ന നാദസ്വരം കലയും ജീവതവുമായി പരിലസിക്കുന്നു. - മണ്ണിന്റെ നറുമണം നെഞ്ചോടു ചേർത്ത്, കണ്ണീരിന്റെ കയ്പും, ജീവന്റെ തുടിപ്പും ചേർത്തിണക്കുന്ന മൺപാത്ര നിർമ്മാണം. - ജീവിതത്തിന്റെ മുൾപ്പടർപ്പുകളെ തൊട്ടുണർത്തുന്ന കരസ്പർശവുമായി നാളെയുടെ മുളങ്കാടുകളെത്തേടി നെടുവീർപ്പിടുന്ന ഒരു വിഭാഗം. - വിയർപ്പിന്റെ ഗന്ധത്തിൽ ജീവിതസ്വപ്നങ്ങൾ ഇഴ ചേർത്ത് പ്രതീക്ഷയുടെ വൈയ്ക്കോൽത്തുരുംബിനായി കൈ നീട്ടുന്ന കയർ നിർമ്മാതാക്കൾ. - ഒാലക്കീറുകളിൽ ഊടും പാവുമിട്ട് ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ ശ്രമിക്കുന്ന പറയസമുദായം. - ഔഷധസസ്യങ്ങളെ മാതാവായിക്കണ്ട് ആരാധിക്കുന്ന കുടുംബങ്ങൾ - "എല്ലാവർക്കും ഔഷധ സസ്യം, എല്ലാവർക്കും ആരോഗ്യം" എന്ന കാഴ്ചപ്പാടോടെ പ്രവർത്തിക്കുന്നവർ - ചാത്വാർ വീട്ടുകാരുടെ ചാത്വാരെണ്ണ, പത്തനാപുരത്തെ കരപ്പൻ ചികിത്സ, പൊന്നൻ പൂശാരി ചികിത്സ എന്നിവ കേഴ്വി കേട്ടവയാണ്. - പൂരങ്ങളും ആഘോഷങ്ങളും ആളുകൾക്ക് ഹരമാക്കി മാറ്റുന്ന ഒാണത്തല്ല്. ഒാണത്തല്ല് വിഗദ്ധൻ ആനമാറിയിലെ 'തല്ലുകാരൻ ഗോപാലൻ നായരും' ശിഷ്യരും പാലക്കട് ജില്ലക്കകത്തും പുറത്തും ഇന്നും പ്രശസ്തരാണ്.

അക്ഷരം അഗ്നിയാണ്. ആ അഗ്നിയുടെ ചൈതന്യം ആവാഹിക്കാൻ എന്നും കാവശ്ശേരി ജനത എന്നും ജാഗരൂകരാണ്. എ. എൽ. പി. സ്കൂളാൺ കാവശ്ശേരിയിലെ ആദ്യ സ്കൂൾ. പിന്നീട് കെ. സി. പി. ഹയർ സെക്കണ്ടറി സ്കൂൾ, പി.സി.എ.എൽ.പി. സ്കൂൾ, കരുണ യു.പി.സ്കൂൾ, അക്കര എച്ച്.ഏ.യു.പി.സ്കൂൾ, കൊങ്ങാളക്കോട് ജി.എൽ.പി.സ്കൂൾ, പാടൂർ എ.എൽ.പി. സ്കൂൾ, കഴനി എസ്.ആർ.വി.എൽ.പി. സ്കൂൾ, കെ.ഈ.എം.എൽ.പി. സ്കൂൾ എന്നീ സ്ഥാപനങ്ങൾ നിലവിൽ വന്നു.

'കല കലയ്ക്കു വേണ്ടി' എന്ന വേദ വാക്യവുമായി നില കൊണ്ടിരുന്ന ഒരു വിഭാഗം ഇവിടെ എന്നുമുണ്ടായിരുന്നു. ' കൂത്ത് ' അതുകൊണ്ടുതന്നെ പൂരവുമായി ബന്ധപ്പെട്ട ഒരു കലയായിത്തീർന്നു. "മകരം കൊണ്ട് മാടം കേറുക" എന്ന ഒരു ചൊല്ലു തന്നെ ഇതുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. കൂത്തുമാടങ്ങൾ ഇന്നും പ്രൗഢിയോടുകൂടി നില കൊള്ളുന്നു.

മരതകപ്പട്ടുടുത്ത്, വെള്ളിക്കൊലുസിട്ട്, പുഷ്പാഭരണങ്ങളോടെ നിൽക്കുന്ന ഈ സുന്ദരഗ്രാമത്തിൽ കൊതി തീരും വരെ ജീവിച്ച് മരിച്ചവരുണ്ടോ..? ദേവീ പ്രസാദം എന്നും നമ്മുടെ നാടിന് അനുഗ്രഹവർഷമായി ചൊരിയട്ടെ.....