എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ഞങ്ങൾ വൈപ്പിൻ കരക്കാർക്ക്‌ അത്രവലിയ പാരമ്പര്യമില്ലെന്നാണൊ നിങ്ങൾ കരുതിയത്‌? എന്തിനും സമരം ചെയ്യുന്ന... വൈക്കത്ത്‌ ഹർത്താൽ പ്രഖ്യാപിച്ചാൽ വൈപ്പിനിൽ നടപ്പാക്കുന്നത്ര സമര വീര്യമുള്ള, ഈ ജനതയുടെ മണ്ണിനേപ്പറ്റി ഒരൽപ്പം....

ഞാനൊരു ചരിത്രകാരനല്ല.... അന്വേഷകനല്ല..... പക്ഷെ.... എനിക്കെന്റെ നാടിനെപ്പറ്റി എഴുതണം എന്നു തോന്നി...ആധുനിക കാലത്ത്‌ ചരിത്രത്തെപ്പറ്റി എഴുതുന്നവർ ആരും ആ ചരിത്രകാലത്ത്‌ ജീവിച്ചവരല്ലല്ലൊ. ഞാനുമതെ... ആധുനിക ചരിത്രകാരൻമാർ സങ്കൽപ്പിച്ചെടുത്തത്‌...നിരീക്ഷിച്ചെടുത്തത്‌...ഞാൻ എപ്പോഴെല്ലാമോ വായിച്ചത്‌... അതെല്ലാം ഇതിനകത്ത്‌ കടന്ന്‌ വന്നിട്ടുണ്ടാകാം.. അതിനാൽ... എല്ലാവരോടും നന്ദി....

വൈപ്പിൻ കര..... ഏഷ്യയിലെ തന്നെ ഏറ്റവും ജനസാന്ദ്രതയേറിയ ദ്വീപ്‌....

1341ൽ പെരിയാറിൽ ഉണ്ടായ വെള്ളപ്പൊക്കത്തോടെയാണ്‌ വൈപ്പിൻ കര രൂപമെടുക്കുന്നത്‌. പക്ഷേ അതോടെ ചരിത്രപ്രസിദ്ധമായ മുസിരിസ്‌ തുറമുഖം നാമാവശേഷമാവുകയായിരുന്നു. കൊടുങ്ങല്ലൂറ്‍ അഴിയുടെ ആഴം കുറഞ്ഞു. ചെറിയൊരു അഴിമുഖമായിരുന്ന കൊച്ചിയിൽ കായലുകൾ രൂപമെടുത്തു. ഇതോടെ കടലിലേക്കു പതിക്കുന്ന പെരിയാറിന്റെ കൈവഴിയായ വീരൻ പുഴയുടെ എക്കൽ മണ്ണ്‌ അടിഞ്ഞു കൂടി 'വെയ്പ്പുകര'യായ വൈപ്പിൻ കര ജൻമമെടുത്തു. ഈ ഓർമ്മ പുതുക്കാനായിട്ടായിരിക്കണം, 1341ൽ ആരംഭിച്ച 'പുതുവൈപ്പ്‌ വർഷം' എന്ന പേരിലുള്ള ഒരു കലണ്ടർ പണ്ടുകാലത്ത്‌ ജനങ്ങൾ പിന്തുടർന്നിരുന്നു. വെച്ചു കിട്ടിയ കര കടൽ തന്നെ എടുക്കുമെന്ന ഒരു വിശ്വാസം തദ്ദേശവാസികളായ എല്ലാവരുടെയും മനസ്സിൽ ഇപ്പൊഴും നില നിൽക്കുന്നുണ്ടെന്നുള്ളത്‌ ഒരു യാഥാർത്ഥ്യം തന്നെ. ഓരോ വർഷക്കാലത്തും തീരപ്രദേശങ്ങളിൽ നിന്നും ശക്തമായ രീതിയിൽ മണ്ണ്‌ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നത്‌ ഈ വിശ്വാസത്തിന്‌ ആക്കം കൂടുന്നു. പുതുതായി മണ്ണ്‌ വെച്ച്‌ കിട്ടിയ പുതുവൈപ്പ്‌ ബീച്ചിണ്റ്റേയും ചെറായി ബീച്ചിണ്റ്റേയും ഇന്നത്തെ അവസ്ഥ മികച്ച ഉദാഹരണം തന്നെ...

1875ൽ തുറമുഖത്തിന്‌ വടക്കുള്ള ക്രൂസ്‌ കൊട്ടാരത്തിന്‌ സമീപത്തുള്ള പ്രദേശത്തിലൂടെ കടൽ തള്ളിക്കയറി. അക്കാലത്ത്‌, കൊച്ചി തുറമുഖ ശിൽപ്പിയായ റോബെർട്ട്‌ ബ്രിസ്റ്റൊ മണ്ണ്‌ കൊണ്ടുള്ള കിടങ്ങുകൾ നിർമ്മിച്ച്‌ മണ്ണിടിച്ചിലിന്‌ താൽക്കാലിക ശമനം വരുത്തി. 1503ൽ സാമൂതിരിയും കൊച്ചി രാജാവുമായി യുദ്ധമുണ്ടായി. ഈ യുദ്ധത്തിൽ പരിക്കേറ്റ കൊച്ചി രാജാവ്‌ എളങ്ങുന്നപ്പുഴ ക്ഷേത്രത്തിലാണ്‌ ശരണം പ്രാപിച്ചത്‌. പോർട്ടുഗീസുകാർ അന്ന്‌ അദ്ദേഹത്തെ സഹായിച്ചു. പ്രത്യുപകാരമെന്ന നിലയിൽ സ്വന്തമായി ഒരു കോട്ട കെട്ടുന്നതിന്‌ അദ്ദേഹം പോർട്ടുഗീസുകാരെ അനുവദിച്ചു. മതപഠനമായിരുന്നു കോട്ടനിർമ്മാണതിന്റെ പ്രധാന ഉദ്ദേശം. 1662ൽ ഡച്ചുകാർ ഈ കോട്ട പിടിച്ചെടുത്തു. ഇപ്പറഞ്ഞ ചരിത്രവസ്തുത വൈപ്പിൻ കരയുടെ ചരിത്രപരമായ പ്രാധാന്യം വെളിവാക്കുന്നു. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ഞാറക്കലെ റോമൻ-സിറിയൻ പള്ളി, പള്ളിപ്പുറത്തെ ടിപ്പു സുൽത്താന്റെ വട്ടക്കോട്ട, കേരളത്തിലുള്ള ഒരേയൊരു സെണ്റ്റ്‌ അംബ്രോസ്‌ പള്ളി, എന്നു തുടങ്ങി നിരവധി ചരിത്ര സ്മാരകങ്ങൾ വൈപ്പിൻ കരയിലുണ്ട്‌.