Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം-2025

വേനൽ അവധി കഴിഞ്ഞ് ജൂൺ -2 തിങ്കളാഴ്ചയാണ് സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചത്. വർണ്ണക്കൊടികളും ബലൂണും കൊണ്ട് അലങ്കരിച്ച സ്കൂളിലേക്ക് ചെണ്ട മേളത്തിന്റെ അകമ്പടിയോടെയാണ് പുതിയ കുട്ടികളെയും രക്ഷകർത്താക്കളെയും സ്വീകരിച്ചത്. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രധാന അദ്ധ്യാപകൻ ശ്രീ.എ.കെ.മനോജ്‌ കുമാർ എല്ലാവരെയും സ്വാഗതം ചെയ്തു. പി.ടി.എ. പ്രസിഡന്റ്‌ ശ്രീ.വി.കെ.അമീറിന്റെ അദ്ധ്യക്ഷതയിൽ വാർഡ് കൗൺസിലർ ശ്രീ. അരുൺകുമാർ പാലക്കുറുശ്ശി പ്രവേശനോദ്ഘാടനം നിർവഹിച്ചു. സ്റ്റാഫ്‌ സെക്രട്ടറി ശ്രീ.വി.എസ്.ഗിരീഷ് നന്ദിയും രേഖപ്പെടുത്തി. മധുരപലഹാരവും വിതരണം ചെയ്തു. ജെആർസി, സ്കൗട്ട്, ഗൈഡ്, ലിറ്റിൽ കൈറ്റ്സ് കുട്ടികളും ഉദ്ഘാടനവസരത്തിൽ സജീവമായി പങ്കെടുത്തു.

കുട്ടികളിൽ വികസിക്കേണ്ട പൊതുധാരണകൾ

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയാണ് ഈ വർഷം ലക്ഷ്യമിടുന്നത്. ഓരോ കുട്ടിയുടെയും അഭിരുചി, താൽപര്യം എന്നിവ മനസ്സിലാക്കി അവരുടെ കായിക–തൊഴിൽ മേഖലകളിലുള്ള താൽപര്യത്തെ ഉപയോഗിക്കുക, വിദ്യാർഥികളെ സാമൂഹിക വിരുദ്ധ പ്രവണതകളിൽ നിന്ന് അകറ്റി നിർത്തുക, കർമശേഷിയെ ഫലപ്രദമായി ഉപയോഗിക്കുക എന്നീ രീതികളാണ് ഈ വർഷം പിന്തുടരുന്നതിന് വിഭാവനം ചെയ്തിട്ടുള്ളത്. ഇതിനായി സ്കൂളിലെ എല്ലാ കുട്ടികൾക്കും വിവിധ ബോധവൽക്കരണ ക്ലാസുകൾ അധ്യാപകരുടെയും വിശിഷ്ട വ്യക്തികളുടെയും ആഭിമുഖ്യത്തിൽ നടത്തുവാൻ തീരുമാനിച്ചു. ജൂൺ 3 മുതൽ 12 വരെ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്തത്.

ലഹരിക്കെതിരെയുള്ള ബോധവൽക്കരണം - ജൂൺ 3

ലഹരിക്ക് എതിരായ മനോഭാവം കുട്ടികളിൽ ഉളവാക്കുക എന്ന് ഉദ്ദേശത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചത്.5 മുതൽ 10 വരെയുള്ള എല്ലാ ക്ലാസ്സുകളിലും ഒരു മണിക്കൂർ നീണ്ടുനിന്ന വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി. ലഹരി ഉണ്ടാക്കുന്ന അപകടങ്ങളെ കുറിച്ച് കുട്ടികളുടെ അഭിപ്രായങ്ങളും ധാരണകളും പങ്കുവെച്ചു. ലഹരി ഉപയോഗത്തിന് എതിരായുള്ള പോസ്റ്ററുകൾ,സ്കിറ്റ് അവതരണം,ഒപ്പ് ശേഖരണം,ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ എല്ലാ ക്ലാസ്സുകളിലും നടത്തി.ജെ ആർ സി അംഗങ്ങൾ നൃത്താവിഷ്കാരം അവതരിപ്പിച്ചു. ഉറുദു അധ്യാപകനായ സലാഹുദ്ദീൻ നടത്തിയ മാജിക് ഷോയും ശ്രദ്ധേയമായി.

ട്രാഫിക് ബോധവൽക്കരണം - ജൂൺ 4

ഗതാഗത നിയമങ്ങളെ കുറിച്ചും റോഡിലൂടെ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കുട്ടികളുമായി ചെറു സംവാദം നടത്തി. വിവിധ ട്രാഫിക് സിഗ്നലുകൾ പരിചയപ്പെടുത്തി. സുരക്ഷിത യാത്രയുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ നിർമ്മിച്ചു. ഗൈഡ്സ് അംഗങ്ങൾ UP ക്ലാസ്സുകളിലെ കുട്ടികൾക്കായി ലഘു നാടകം അവതരിപ്പിച്ചു. റോഡ് സുരക്ഷയെ കുറിച്ചുള്ള അറിവ് പകർന്നു നൽകുവാൻ അധ്യാപകനായ വി. കെ.സലാഹുദ്ദീൻ മാജിക് ഷോയും അവതരിപ്പിച്ചു.

പരിസ്ഥിതി ദിനം -2025(ജൂൺ-5)

ഈ വർഷത്തെ പരിസ്ഥിതി ദിനം വിപുലമായി തന്നെ ആചരിച്ചു.പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അപകടത്തെക്കുറിച്ച് എല്ലാ ക്ലാസുകളിലും ബോധവൽക്കരണം നടത്തി.സ്കൗട്ട്, ഗൈഡ്സ്, JRC   അംഗങ്ങൾ മറ്റു വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. സ്കൂളിലും വൃക്ഷത്തൈകൾ നട്ടു. ക്ലാസ്സ്‌തല പരിസ്ഥിതി ദിനക്വിസ് നടത്തി.

ഭക്ഷ്യസുരക്ഷാദിനം(ജൂൺ-13)

ഭക്ഷ്യസുരക്ഷാദിനവുമായി ബന്ധപ്പെട്ട് ജൂൺ -13 ന് വിദ്യാർഥികൾക്കായി ക്ലാസ്സ്‌ സംഘടിപ്പിച്ചു. എം.ഇ.എസ്സ് കല്ലടി കോളേജിലെ ഫുഡ് ടെക്നോളജി വിഭാഗമാണ് ക്ലാസ് സംഘടിപ്പിച്ചത്.അധ്യാപകരും ജീവനക്കാരും വിദ്യാർത്ഥികളും അടങ്ങുന്ന സംഘമാണ് ഉണ്ടായിരുന്നത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും  ഭക്ഷ്യജന്യരോഗങ്ങളുടെ നിരക്ക് കുറയ്ക്കാനുമുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനുമാണ് ഈ ദിനം ആചരിക്കുന്നത്. ഭക്ഷ്യജന്യരോഗങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ തിരിച്ചറിയുന്നതിനും  ആരോഗ്യകരമായ ഭക്ഷണ ശീലം കുട്ടികളിൽ വളർത്തി എടുക്കേണ്ടതിന്റെ പ്രധാന്യത്തെയും കുറിച്ച് കുട്ടികൾക്ക് അവബോധം നൽകാൻ ഈ ക്ലാസ്സ് സഹായകമായി. സ്ഥിരമായി ഹോട്ടൽ ഭക്ഷണം കഴിക്കുന്നതുകൊണ്ടുള്ള ദോഷങ്ങൾ, പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കുന്നതിന്റെ പ്രാധാന്യം എന്നിവയെ കുറിച്ച് അറിയാൻ കുട്ടികൾക്ക് സാധിച്ചു.

വായനാദിനം(ജൂൺ -19)

വായനയുടെ അന്ത:സത്ത ഉൾക്കൊള്ളേണ്ടതിന്റെ പ്രാധാന്യം ഹെഡ്മാസ്റ്റർ മനോജ് സാർ കുട്ടികളോട് സംസാരിച്ചു. വായനാദിന പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. വായനാദിന ക്വിസ് നടന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ ക്ലബ്ബുകളുടെയും ഔദ്യോഗിക ഉദ്ഘാടനവും നടന്നു. സുഗതകുമാരി അവാർഡ് ജേതാവും എ എൽ പി എസ് മേലാറ്റൂരിലെ അധ്യാപികയുമായ   പ്രീത അനൂപ് ആണ് ഉദ്ഘാടനം ചെയ്തത്. അവരുടെ ആദ്യ കൃതിയായ തുലാസ് എന്ന കവിത സമാഹാരം കുട്ടികൾക്കായി ചൊല്ലി. സ്കൂൾ ലൈബ്രറിയിലേക്ക് ഈ പുസ്തകം കൈമാറുകയും ചെയ്തു. വിവിധ ക്ലബ് കൺവീനർമാർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. കുട്ടികളുടെ കഥ,കവിത അവതരണവും ഉണ്ടായി. പഴയ പുസ്തകങ്ങൾക്ക് പുതുജീവൻ നൽകി നടത്തിയ പുസ്തകപ്രദർശനവും ശ്രദ്ധേയമായി. നവീകരിച്ച ലൈബ്രറി സന്ദർശിക്കുന്നതിനും കുട്ടികൾക്ക് അവസരം നൽകി. ജൂൺ 19 മുതൽ ജൂലൈ 19  വരെയുള്ള ഒരു മാസം സ്കൂൾ ലൈബ്രറിയിൽ  നിന്ന് കൂടുതൽ പുസ്തകങ്ങൾ എടുത്ത് വായിക്കുന്ന കുട്ടികളെ വായനാചാമ്പ്യനായി തിരഞ്ഞെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. യുപി ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്കായി അടിക്കുറിപ്പ് മത്സരവും നടത്തി.

യോഗാദിനം (ജൂൺ-21)

വിപുലമായ പരിപാടികളോടെ സ്കൂളിലാഘോഷിച്ചു. മണ്ണാർക്കാട് ആയുർവേദമെഡിക്കൽ സെന്ററിലെ ഡോക്ടർ അസ്മാബിയുടെ നേതൃത്വത്തിൽ ആതിര,അന്നു, റിനീഷ എന്നീ ഡോക്ടർമാരാണ് ക്ലാസുകൾ നയിച്ചത്. ജെ ആർ സി,സ്കൗട്ട്, ഗൈഡ്സ്  കുട്ടികൾ സജീവമായി പങ്കെടുത്തു. വിവിധ യോഗാസനങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത് കൊടുത്തു.

ചിത്രരചനാ ക്യാമ്പ് (ജൂൺ -21)

ചിത്രകലയുടെ അനന്തസാധ്യതകൾ കുട്ടികൾക്ക് പരിചയപ്പെടുത്താനായി ആന്റണി മാഷുടെ നേതൃത്വത്തിൽ ക്യാമ്പ് നടത്തി. ഡിജിറ്റൽ പെയിന്റിംഗ്, ശില്പ നിർമ്മാണം എന്നിവയിൽ വിദഗ്ധനായ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ കെ ലക്ഷ്മണൻ  സാറിന്റെ നേതൃത്വത്തിലാണ് ക്ലാസ് നടന്നത്. ചിത്രകലയിലെ പുതുരീതികൾ,ജോലി സാധ്യതൾ എന്നിവ പരിചയപ്പെടാനും കുട്ടികൾക്ക് അവസരം ഉണ്ടായി.