കെ.എ.എൽ.പി.എസ് അലനല്ലൂർ/അക്ഷരവൃക്ഷം/കനിവിന്റെ കണി

Schoolwiki സംരംഭത്തിൽ നിന്ന്
കനിവിന്റെ കണി

"ഉണ്ണീ, കണ്ണു തുറന്നോളൂ”. അമ്മ കൈകൾ പതുക്കെ മാറ്റി. നിലവിളക്കിന്റെ വെളിച്ചത്തിൽ ഓടക്കുഴലൂതി‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നിൽക്കുന്ന ഉണ്ണിക്കണ്ണന്റെ രൂപം. പൊന്നരഞ്ഞാണം പോലെ തിളങ്ങിനിൽക്കുന്ന കണിക്കൊന്നപ്പൂക്കൾ. തേച്ചുമിനുക്കിയ ഉരുളിയിൽ സ്വർണനിറമാർന്ന കണിവെള്ളരി, പലതരം പഴവർഗങ്ങൾ, സ്വർണം. എല്ലാം കണികണ്ട് തൊഴുകൈയോടെ ഉണ്ണി ഇരുന്നു. പെട്ടെന്നു ഠോ... എന്നൊരു ശബ്ദം. ഉണ്ണി ‍ഞെട്ടി ഉണർന്നു. എല്ലാം ഉണ്ണിയുടെ സ്വപ്നം മാത്രമായിരുന്നു. പിന്നീട് അമ്മ ഉണ്ണിയെ കണികാണിച്ചു. കണികണ്ടതും ഉണ്ണി ആകാംഷയോടെ മുറ്റത്തേക്കോടി. സാധാരണ വിഷുക്കണി കണ്ടു കഴി‍ഞ്ഞാൽ പടക്കം പൊട്ടിക്കലിന്റെ ഒരു ബഹളമാണ്. മാലപ്പടക്കം പൊട്ടിക്കലും, പൂത്തിരി കത്തിക്കലും, നിലച്ചക്രം കറക്കലും ആകെ ഒരു ബഹളമയം. ഇന്നെന്താ ആകെ നിശബ്ദത? എവിടെ നിന്നും പടക്കത്തിന്റെ ഒച്ച കേൾക്കാനില്ല. അച്ഛനെന്താ ഇപ്രാവിശ്യം പടക്കമൊന്നും വാങ്ങിയില്ലേ? ഉണ്ണിയുടെ കണ്ണു നിറഞ്ഞു. അതുകണ്ടു അമ്മ അവനെ ചേർത്തുപിടിച്ചു. "മോനേ..... നിനക്കു പടക്കമല്ലേ കിട്ടാത്തതുള്ളൂ, കോവിഡ് 19 എന്ന മഹാവ്യാധികാരണം ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാത്ത എത്രയോ കുഞ്ഞുങ്ങൾ നമ്മുടെ ചുറ്റുമുണ്ട്”. അതുകേട്ടപ്പോൾ ഉണ്ണിയുടെ കുഞ്ഞുമനസ്സ് വേദനിച്ചു. അവനൊരു തീരുമാനമെടുത്തു- ഇതുവരെ സ്വരുക്കൂട്ടിവച്ച കൈനീട്ടമെല്ലാം ദുരിതമനുഭവിക്കുന്നവർക്ക് കൊടുക്കും. ഉണ്ണിയുടെ കു‍ഞ്ഞുമനസ്സിന്റെ നന്മക്ക് അമ്മ ഒരുമ്മ കൊടുത്തു.

അപർണ.സി.എസ്
3 സി കെ.എ.എൽ.പി.എസ് അലനല്ലൂർ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ