കുട്ടിപ്പള്ളിക്കൂടം
കുട്ടിപ്പള്ളിക്കൂടം
തിരുവനന്തപുരം റൂറൽ പോലീസ് ജില്ലയിലെ മാതൃകാ പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തെ ഏറ്റവും മികച്ച യൂണിറ്റുകളിൽ ഒന്നായി മാറിയ വിതുര പോലീസ് സ്റ്റേഷന് കീഴിലെ വിദ്യാലയമാണ് വിതുര ഗവ.വൊക്കേഷണൽ & ഹയർ സെക്കന്ററി സ്‌കൂൾ. കേരളത്തിലെ മറ്റു വിദ്യാലയങ്ങൾ പിന്നീട് ഏറ്റെടുത്ത നിരവധി പ്രവർത്തനങ്ങളാണ് വിതുര സ്‌കൂളിലെ എസ്.പി.സി.യൂണിറ്റ് നടപ്പിലാക്കി വിജയിച്ചത്. വിതുര എസ് പി സി യൂണിറ്റിന്റെ വളരെ അഭിമാനകരമായ ഒരു പ്രൊജക്റ്റ് കൂടിയാണ് ഈ കുട്ടിപ്പള്ളിക്കൂടം. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രവർത്തനമായിരുന്നു ലോക്ഡൗണിൽ വിദ്യാഭ്യാസം മുടങ്ങിയ വിതുരയിലെ നാല് സെറ്റിൽമെന്റുകളിൽ, വിതുര സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി സജ്ജീകരിച്ച കുട്ടിപ്പള്ളിക്കൂടം പദ്ധതി. ഏകദേശം നൂറോളം കുട്ടികൾക്ക് മുടങ്ങാതെ പഠന പിന്തുണ നല്കാൻ ഇത് വഴി വിതുര സ്‌കൂളിലെ എസ്.പി.സി. യൂണിറ്റിനു കഴിഞ്ഞിട്ടുണ്ട്. രക്ഷിതാക്കളുടെ നേതൃത്വത്തിൽ ഈറ, മുള, കാട്ടുകമ്പുകൾ എന്നിവ കൊണ്ട് തയ്യാറാക്കിയ പരമ്പരാഗത ഷെഡുകളിൽ ടിവി, ഡിഷ് കണക്ഷൻ, വൈറ്റ് ബോർഡ്. മറ്റു സംവിധാനങ്ങൾ എന്നിവ സജ്ജീകരിച്ചാണ് കുട്ടിപ്പള്ളിക്കൂടങ്ങൾ വിദ്യാഭ്യാസ വിപ്ലവം തീർത്തത്. കൂടാതെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങളും എസ്.പി.സി.കേഡറ്റുകൾ നൽകി. ഇവിടങ്ങളിൽ പഠനം മുടക്കമില്ലാതെ നടക്കാനായി പട്ടികവർഗ വകുപ്പ്, ജില്ലാപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ താത്കാലിക അധ്യാപകരെയും ചുമതലപ്പെടുത്തി. ട്യൂഷനും മറ്റും ലഭ്യമല്ലാതിരുന്ന മലയോര മേഖലയിൽ എസ്.പി.സിയുടെ കുട്ടിപ്പള്ളിക്കൂടങ്ങൾ വിദ്യാർത്ഥികൾക്ക് തുടർ പഠന പിന്തുണ നൽകി തലയുയർത്തി നിൽക്കുന്നു. നിലവിൽ കൊമ്പ്രാങ്കല്ല് സെറ്റിൽമെന്റിലെ കുട്ടിപ്പള്ളിക്കൂടം ആധുനിക രീതിയിൽ പുതുക്കിപ്പണിയുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്.