കാർമൽ ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/97.മനുഷ്യനെ കാണുക

മനുഷ്യനെ കാണുക



അറിഞ്ഞു നാം വിലപേശിവിൽക്കുമാ
തരുനിരകൾ, മലനിരകൾ, കഷ്ടം!
കണ്ടു മദിച്ചു,വിഷം തിന്നുതിന്നിതീ
ഗഗനനീലിമപോലും കരിയിൽ കുളിച്ചതും

സഹനം ശമിച്ചിതേ വഴിവക്കിലായെങ്ങും
എതിരേ വളരുന്ന മലിനഗിരിശൃംഗത്തെ
അന്തികളിൽ നിദ്രകെടുത്തുന്ന തെരുവിന്റെ
ശ്വാനാധിപന്മാർക്ക് കപ്പം കൊടുത്തതും
 
ക്ഷമയുടെ അതിരിലെ പുൽനാമ്പു കണ്ടതും
സഹനശേഷിയ്‌ക്കോ സ്വബോധം മറഞ്ഞതും
സഹതാപമേറുന്ന കണ്ണുകളിൽനിന്നു
അശ്രു കൊഴിഞ്ഞിട്ടു വർഷം വളർന്നതും

കുപ്പ കണ്ടാൽ കലി ജന്മസിദ്ധം
അകപുറം എപ്പൊഴോ ചീഞ്ഞതാകാം
യാഥാർഥ്യമിങ്ങു കരണ്ടതും മൂഷികൻ
പുച്ഛിച്ചു,'കുപ്പയിൽ ഒടുങ്ങുമീ ജീവിതം'.

ചെഞ്ചുവപ്പാണിന്നു ഭൂമിക്കു സർവ്വം
കൊടിയല്ല, കൊടിമരമല്ല, മറ്റെന്തോ
കണ്ണീരിനുപ്പു ചേർന്നടിയുന്ന പുഴയിലെ
ജലത്തിന്നു നിണത്തിന്റെ തീഷ്ണഗന്ധം

ഇന്ദ്രിയമുണ്ടതിൽ കാഴ്ചയുണ്ട്,
കണ്ണിന്നകമ്പടിയ്ക്കുൾക്കാഴ്ചയുണ്ട്
അനുഭവത്തിൻ തീപൊള്ളുന്നതുണ്ട്
പക്ഷെ, അറിവാലെ അന്ധത കാണുന്നു നാം

'ത്വ'ത്തിന്നു മുന്നിലായെന്തും ചേർത്തെഴുതിടും,
വർഗമുണ്ടായെന്തും പൊരുതിനേടാം
മനുഷ്യന്നു മാത്രമോ വർഗ്ഗമില്ലതിനാൽ,
മനുഷ്യത്വം മരവിച്ചു നോക്കിനിൽക്കും

പ്രാവർത്തിലോകം പ്രവചനാതീതം
ഭാവിയെ എഴുതുവാൻ അതിപ്രസരം
വിധിയെപ്പഴിക്കുവാനെപ്പൊഴുമാകില്ല
വിധിയെത്തിരുത്തുവാനായിടണം

ഒന്നിക്കണം, ഒരുമയോടെ കരേറണം
തിരുത്തണം, മനോഭാവമൊന്നാകെ മാറണം
പൊരുതണം, നേടണം, നമ്മളൊരുപോലെയീ
ഭൂമിയെ, മനുജനെ, മനുഷ്യത്വമേവവും.
     
                

അന്യൂത സജീവൻ
9 C കാർമൽ ജി എച് എസ് എസ്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 02/ 08/ 2025 >> രചനാവിഭാഗം - കവിത