കല്ലൂർ ഗവ.ഹയർസെക്കണ്ടറി സ്‌കൂൾ സംക്ഷിപ്ത റിപ്പോർട്ട് 2018

Schoolwiki സംരംഭത്തിൽ നിന്ന്

കല്ലൂർ ഗവ.ഹയർസെക്കണ്ടറി സ്‌കൂൾ സംക്ഷിപ്ത റിപ്പോർട്ട് 2018

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയപാന്ഥാവിൽ മുന്നേറുമ്പോൾ കല്ലൂർ ഗവ.ഹയർസെക്കണ്ടറി സ്കൂൾ അഭിമാനത്തിന്റെ നിറവിലാണ്. അക്കാദമിക അക്കദമികേതര രംഗങ്ങളിൽ തിളക്കമാർന്ന മികവുകൾ നേടാൻ ഈ കാലയളവിൽ വിദ്യാലയത്തിനായി. മുൻ വർഷങ്ങളെ അപേക്ഷിച്ച് മറ്റ് സിലബസിൽ പഠിച്ച കുട്ടികളടക്കം കൂടുതൽ വിദ്യാർഥികൾ ഈ കാലയളവിൽ വിദ്യാലയത്തിൽ പ്രവേശനം നേടി. നഴിസറിയിലും ഒന്നാം ക്ലാസ്സിലും രണ്ട് ഡിവിഷനുകൾ ആരംഭിച്ചു. ഹൈസ്കൂൾ ഹയർസെക്കണ്ടറി തലത്തിലായി 14 ക്ലാസ്സുകൾ ഹൈടെക്ക് നിലവാരത്തിലാക്കുവാൻ കഴിഞ്ഞു.

അധ്യയന രംഗത്തെ പുരോഗതി

വിദ്യാലയത്തിൽ 93 കുട്ടികൾ SSLC പരീക്ഷ എഴുതിയപ്പോൾ ഒട്ടനവധി പ്രതിലോമ ഘടകങ്ങളെ അതിജീവിച്ച് ജില്ലയിൽ ഏറ്റവും അഭിമാനാർഹമായ വിജയം കൈവരിച്ചു. 4 കുട്ടികൾ, ആദിത്യകെ.ജി, ഷാദിയ.വി.സി, സഖീഷ്.എം.എസ്, റിൻഷാന മിസ‌രി എന്നിവർ മുഴുവൻ വിഷയങ്ങൾക്കും A+ കരസ്ഥമാക്കി. കുമാരി അൻഷിദ പിഎ 9A+ഉം ഫിദ പർവ്വീൻ, മുഹമ്മദ് സിനാൻ എന്നിവർ 8A+ഉം നേടി.ഇംഗ്ലീഷ് മീഡിയം കുട്ടികൾ 100% വിജയം കൈവരിച്ചു. വിവിധ മത്സരപ്പരീക്ഷകളിലും സ്കോളർഷിപ്പ് പരീക്ഷകളിലും ക്വിസ് മത്സരങ്ങളിലും മികച്ച വിജയം നേടാൻ നമ്മുടെ വിദ്യാർത്ഥികൾക്കായി. കുമാരി ആദിത്യ കെ.ജി സംസ്ഥാനതല സി.വി രാമൻ ഉപന്യാസരചന മത്സരത്തിൽ എ ഗ്രേഡും കുമാരി അഞ്ജന കെ.എൻ NMMS സ്കോളർഷിപ്പിനും അർഹരായി. അക്കാദമിക മികവുകൾക്കൊപ്പെം പാഠ്യേതര രംഗങ്ങളിലെയും മികവുകൾ വിദ്യാർഥികൾക്ക് പ്രചോദനമായി. ഉപജില്ലാ ജില്ല സംസ്ഥാന തലമേളകളിൽ നമ്മുടെ വിദ്യാർത്ഥികൾ പങ്കെടുത്തു അഭിമാനാർഹമായ ഗ്രേഡ് കരസ്ഥമാക്കി. കുമാരി ശാദിയ വി.സി സംസ്ഥാന തലത്തിൽ അറബിക് മോണോ ആക്ടിൽ എ ഗ്രേഡ് നേടി. ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയ ഐടി കായിക മേളകളിലും കായികമേളകളിലും നമ്മുടെ വിദ്യാർഥികൾ പ്രശംസനീയമായ പ്രകടനം കാഴ്ചവെച്ചു. ഒട്ടനവധി കുട്ടികൾ ഗ്രേസ്‌മാർക്കിന് അർഹരായി.

മറ്റ് സ്‌കൂൾതല പ്രവർത്തനങ്ങൾ

  • ഹൈസ്കൂൾ ഹയർസെക്കണ്ടറി തലത്തിലായി 14 ക്ലാസ്സുകൾ ഹൈടെക്ക് നിലവാരത്തിലാക്കി.
  • 40 ലക്ഷം രൂപയുടെ എം.എസ്.ഡി.പി ഫണ്ടുപയോഗിച്ച് ഹയർസെക്കണ്ടറി വിഭാഗം രണ്ട് ക്ലാസ്മുറികളടെ നിർമ്മാണം പൂർത്തീകരിച്ചു. ശ്രീമതി ലതശശി കെട്ടിടം ഉദ്ഘാടനം ചെയ്തു.
  • 20 ലക്ഷം രൂപയുടെ ജില്ലാപഞ്ചായത്ത് ഫണ്ടു പയോഗിച്ച് ഹയർസെക്കണ്ടറി വിഭാഗം ക്ലാസ്സ് റൂം നിർമ്മാണം പൂർത്തീകരിച്ച് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ഉഷാകുമാരി ഉദ്ഘാടനം നിർവ്വഹിച്ചു.
  • 10 ലക്ഷം രൂപയുടെ ടോയിലറ്റ് ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയായി വരുന്നു.
  • ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെ 5ലക്ഷം രൂപയുടെ കിച്ചൺ നവീകരണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചു.
  • 1ലക്ഷം രൂപയുടെ ടോയിലറ്റ് മെയിന്റനൻസ് പ്രവർത്തി പൂർത്തീകരിച്ചു.
  • 50000 വിനിയോഗിച്ച് കുടിവെള്ള പദ്ധതിയുടെ മെയിന്റനൻസ് നടത്തി.
  • 1 മുതൽ എട്ടുവരെ ക്ലാസ്സിലെ എല്ലാകുട്ടികൾക്കും 9,10 ക്ലാസ്സിലെ എസ്ടി വിഭാഗം കുട്ടികൾക്കും രണ്ട്ജോഡി യൂണിഫോം വിതരണം ചെയ്തു.
  • മികവുത്സവം നൂൽപ്പുഴ സാസ്കാരിക നിലയത്തിൽ വച്ചു നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ശോഭൻകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.
  • സ്കൂൾ എൻഎസ്എസ് യൂണീറ്റ് വിവിധ ക്യാമ്പുകൾ സംഘടിപ്പിച്ച് കാര്യക്ഷമമായി പ്രവർത്തിക്കുന്നു.
  • ഇംഗ്ലീഷ് ഫെസ്റ്റ് വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ശോഭൻകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.
  • സാംസ്കാരിക നിലയത്തിൽ വച്ച് പൊതുജന പങ്കാളിത്തത്തോടെ മികൽസവം നടത്തി.
  • മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 50 കുട്ടികൾക്ക് 5 വീതം കോഴികളെ വിതരണം ചെയ്തു.
  • ജില്ലാ പഞ്ചായത്ത് അലമാര,ഡസ്ക് തുടങ്ങിയ ഫർണീച്ചറുകൾ അനുവദിച്ചു.
  • ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ ദിനങ്ങൾ സമുചിതം ആഘോഷിച്ചു.
  • ജൈവ പച്ചക്കറി കൃഷിയിൽ മികച്ച വിളവ് ലഭിച്ചു, വാഴകൃഷി ആരംഭിച്ചു.
  • എസ്എസ്എൽസി എസ്.ടി വിഭാഗം വിദ്യാർത്ഥികൾക്ക് 38 ദിവസത്തെ റെസിഡൻഷ്യൽ ക്യാമ്പ് നടത്തി.
  • NHM ന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് മെഡിക്കൽ ക്യാമ്പ് നടത്തി.
  • ടാലന്റ് ഹണ്ട്,മലയാളത്തിളക്കം,നവപ്രഭ പദ്ധതികൾ നടപ്പിലാക്കി.
  • പെൺകുട്ടികൾക്ക് കളരി പരിശീലനം നൽകി.
  • എൽ പി വിഭാഗത്തിൽ കൂടി ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.
  • സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം നൽകി.
  • ലിറ്റിൽ കൈറ്റ് യൂണീറ്റ് ആരംഭിച്ചു.
  • ഗോത്രസാരഥി പദ്ധതി, പ്രഭാത ഭക്ഷണ പദ്ധതി, ഉച്ചഭക്ഷണ പദ്ധതി എന്നിവ കാര്യക്ഷമമായി നടപ്പിലാക്കി വരുന്നു.
  • എംഎസ്ഡിപി പദ്ധതിയിൽ ഉൾപ്പെടുത്തി കെട്ടിട നിർമ്മാണത്തിന് 65 ലക്ഷം രൂപ അനുവദിച്ചതായി ബ്ലോക്കോഫിസിൽ നിന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. അതിന്റെ പ്രവർത്തനങ്ങൾ പദ്ധതി അംഗീകാരം ലഭിക്കുന്ന മുറക്ക് ആരംഭിക്കുന്നതാണ്.

വിവിധ സ്കോളർഷിപ്പുകൾ

  • എൻഎംഎംഎസ്
  • ഒബിസി പ്രീമെട്രിക്
  • പ്രീമെട്രിക്ക്
  • ഒഇസി

നേട്ടങ്ങളും പുതു വീക്ഷണങ്ങളും സമ്മാനിക്കുന്ന ഊർജ്ജം ഉൾക്കൊണ്ട്, പരിമിതികളും വീഴ്ചകളും വിലയിരുത്തി ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ മികവിന്റെ മാതൃകയാക്കാൻ കഴിയും എന്ന കാഴ്ചപ്പാട് മുന്നോട്ട് വെച്ചുകൊണ്ട് ഈ റിപ്പോർട്ട് അംഗീകീരത്തിനായി സമർപ്പിക്കുന്നു.

അക്കാദമിക് മാസ്‌റ്റർപ്ലാൻ 2018 - 19

യുപി , ഹൈസ്‌കൂൾ വിഭാഗം

മധുരം മലയാളം

   • എഴുത്തിലും വായനയിലും മുഴുവൻ കുട്ടികളും പ്രാപ്തരാകുന്നു.
   • ഭാഷാ പഠനത്തിൽ താൽപര്യം വർധിക്കുന്നു.
   • ഭാഷാവിഷയത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ നിലവാരം ഉയർത്തുന്നു.


ശാസ്‌ത്രം പ്രയോഗത്തിലൂടെ

   • ഉപകരണങ്ങൾ കൈകാര്യം ചെയ്യാനും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ നിഗമനം രൂപീകരിക്കാനും പ്രാപ്തരാകുന്നു.
   • ശാസ്ത്ര പഠനത്തിൽ താത്പ്പര്യം വർധിക്കുന്നു.
   • ക്ലാസ്സ് റൂം പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു.
   • അടിസ്ഥാന ആശയങ്ങളുടെ അടിസ്ഥാനത്തിൽ പുത്തൻ ആശയങ്ങളും ധാരണകളും രൂപപ്പെടുത്തുന്നു.
   • പാഠഭാഗങ്ങളിലെ  ശാസ്‍ത്ര ആശയങ്ങളെ നിത്യ ജീവിതവുമായി ബന്ധിപ്പാക്കാൻ കഴിയുന്നു.

സുരീലി ഹിന്ദി

   • പരസഹായം ഇല്ലാതെ ഹിന്ദി എഴുത്തിലും വായനയിലും മുഴുവൻ കുട്ടികളും പ്രാപ്തരാകുന്നു.
   • ഭാഷാ പഠനത്തിൽ താൽപ്പര്യം വർദ്ധിക്കുന്നു.

ഗണിത വിജയം

   • കുട്ടികളിൽ സംഖ്യാബോധം ഉറപ്പാക്കുന്നു.
   • ചതുഷ്‌ക്രിയകൾ സ്വായത്തമാക്കുന്നു.
   • പാഠഭാഗങ്ങളിലെ ഗണിതാശയങ്ങളെ നിത്യജീവിതവുമായി ബന്ധപ്പെടുത്തുന്നു.

ഈസി ഇംഗ്ലീഷ്

   • എല്ലാ കുട്ടികളും ഉച്ചാരണശുദ്ധിയോടെ ഇംഗ്ലീഷ് വായിക്കുന്നു.
   • ഭാഷാ പഠനത്തിൽ താൽപ്പര്യം വർധിക്കുന്നു.
   • കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നു.

എൽ പി വിഭാഗം

മധുരം മലയാളം

   • എഴുത്തിലും വായനയിലും മുഴുവൻ കുട്ടികളും പ്രാപ്തരാകുന്നു.
   • ഭാഷാ പഠനത്തിൽ താൽപര്യം വർധിക്കുന്നു.
   • ഭാഷാവിഷയത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ നിലവാരം ഉയർത്തുന്നു.

ലളിതം അറബിക്

   • പരസഹായം ഇല്ലാതെ അറബിഭാഷ എഴുതാനും വായിക്കാനും പ്രാപ്തരാകുന്നു.
   • അറബിക് പഠനത്തിൽ താൽപ്പര്യം വർദ്ധിക്കുന്നു.

ഇാസി ഇംഗ്ലീഷ്

   • എല്ലാ കുട്ടികളും ഉച്ചാരണശുദ്ധിയോടെ ഇംഗ്ലീഷ് വായിക്കുന്നു.
   • ഭാഷാ പഠനത്തിൽ താൽപ്പര്യം വർധിക്കുന്നു.
   • ഇംഗ്ലീഷ് അസംബ്ലി അവതരിപ്പിക്കുന്നു.
   • സഭാകമ്പമില്ലാതെ സംസാരിക്കുന്നു.

തിരിച്ചറിയാം ചുറ്റുപാടിനെ

   • ചുറ്റുപാടുകളെ ശാസ്ത്രാഭിരുചിയോടെ നിരീക്ഷിക്കുന്നു.
   • ചുറ്റുമുള്ള ജീവികളെ തിരിച്ചറിഞ്ഞ് ശാസ്ത്രീയമായി തരംതിരിക്കുന്നു.
   • പരിസര പഠനത്തിൽ താൽപ്പര്യം വർധിക്കുന്നു.
   • ക്ലാസ്സ് റൂം പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു.

ഗണിത വിജയം

   • കുട്ടികളിൽ സംഖ്യാബോധം ഉറപ്പാക്കുന്നു.
   • ചതുഷ്‌ക്രിയകൾ തെറ്റുകൂടാതെ ചെയ്യാനുള്ള കഴിവ് എല്ലാ കുട്ടികളും നേടുന്നു.
   • പാഠഭാഗങ്ങളിലെ ഗണിതാശയങ്ങളെ നിത്യജീവിതവുമായി ബന്ധപ്പെടുത്തുന്നു.

പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി

പരീക്ഷക്ക് മുൻപായി മൂല്യനിർണ്ണയം നടത്തുന്നവരെ സ്മരിക്കാം !!

  • * * * * * * * * * * * * * * * * * * * * * * * * * *

പരീക്ഷക്ക് തയ്യാറെടുക്കുന്നതും, പരീക്ഷ എഴുതുന്നതും ഒരു കലയാണെന്ന് പറയാം. പരീക്ഷകൾ പ്രത്യേകിച്ചും വിവരാണാത്മക പരീക്ഷകൾ, ഒരാൾക്ക് എന്തറിയാം എന്നതിനപ്പുറം ആർജ്ജിച്ച അറിവ് എങ്ങിനെ എഴുതി പ്രകടിപ്പിക്കാനറിയാം എന്നതാണ് പരിശോധിക്കുന്നത്.

ഉദാഹരണമായി, എല്ലാവർക്കും ഓണത്തെക്കുറിച്ച് നന്നായി അറിയാം. പക്ഷേ, ഓണത്തെക്കുറിച്ച് രണ്ടു പേജ് വിവരിക്കാനാവശ്യപ്പെട്ടാൽ കൃത്യമായി എഴുതാൻ കഴിയുന്നവർ ചുരുക്കമായിരിക്കും. ഇത് തന്നെയാണ് പരീക്ഷയിലെ പ്രധാന കടമ്പയും. നമ്മൾ വിഷയം കൃത്യമായി മനസ്സിലാക്കിയത് കൊണ്ടു മാത്രം ഉയർന്ന മാർക്ക് ലഭിക്കണമെന്നില്ല. മൂല്യനിർണ്ണയം നടത്തുന്ന അധ്യാപകരുടെ കയ്യിലിരിക്കുന്ന, ഉത്തര സൂചികയുമായി നമ്മുടെ ഉത്തരങ്ങൾ ഒത്തു പോകണമെന്നർത്ഥം.

   • ഉത്തരക്കടലാസ് പരമാവധി വൃത്തിയും വെടിപ്പുള്ളതാക്കുക. കാണുമ്പോൾ തന്നെ ദേഷ്യം വരുന്ന രീതി പാടെ ഒഴിവാക്കുക.
   • ഒരു പേജിൽ 20 മുതൽ 25 വരി മാത്രം എഴുതുക. ഈ കണക്ക് നിർബന്ധമായി പാലിക്കുക.
   • വൃത്തിയായ( ഭംഗി എന്നർത്ഥമില്ല) കയ്യക്ഷരത്തിൽ, ആർക്കും വായിക്കാവുന്ന രീതിയിൽ എഴുതുക. പലരും പരീക്ഷ എഴുതുന്നത് അവർക്ക് തന്നെ വായിക്കാൻ കഴിയാത്ത രീതിയിലാണ്. 
   • ഉത്തരക്കടലാസ് വരയിട്ടതല്ലെങ്കിൽ, എഴുതുമ്പോൾ വരികൾ വളഞ്ഞു പോയി വൃത്തിയില്ലാതാവാനിടയുണ്ട്. പരിഹാരമായി, ചോദ്യക്കടലാസ് ഉത്തരക്കടലാസിന്റ മുകളിൽ, ഇടതു വശം അല്ലെങ്കിൽ മാർജിൻ ശരിയായി വരുന്ന വിധത്തിൽ വിലങ്ങനെ വയ്ച്ചാൽ, ഒരു വരയുടെ ഫലം തരും. ഓരോ വരിയും എഴുതി കഴിയുന്നതിന് അനുസരിച്ച് ചോദ്യക്കടലാസ് താഴേക്ക് കൊണ്ടു വരാം. കൃത്യമായി വരയിട്ട് എഴുതിയ പ്രതീതി  തോന്നിക്കും.
   • നല്ല തെളിച്ചമുള്ള പേനകൾ,  പെൻസിലുകൾ എന്നിവ മാത്രം ഉപയോഗിക്കുക. എഴുത്തിന് തെളിച്ചമില്ലാതെ, വായിക്കാൻ അവർക്കു ബുദ്ധിമുട്ടായാൽ, നമ്മുടെ മാർക്കും ബുദ്ധിമുട്ടിലാവും എന്നോർക്കുക.
   • കഴിയാവുന്നിടത്തോളം, ചോദ്യപേപ്പറിലെ അതേ ഓർഡറിൽ തന്നെ ഉത്തരമെഴുതാൻ ശ്രമിക്കുക. പൊതുവെ അങ്ങിനെ നിർബന്ധമില്ലെങ്കിലും, അധ്യാപകരുടെ കയ്യിലെ ഉത്തരസൂചികയും, നമ്മുടെ ഉത്തരക്കടലാസും ഒരേ രീതിയിൽ പോകുന്നത്, അവരുടെ ജോലി എളുപ്പമാക്കുകയും, അവരറിയാതെ തന്നെ നമ്മുടെ  ഉത്തരത്തിലെ ചെറിയ പിഴവുകൾക്ക് മാർക്ക് കുറയ്ക്കാതിരിക്കുകയും ചെയ്യും. 
   • അതുപോലെ, ഇടയിൽ നിന്നും ഏറ്റവും നന്നായി അറിയാവുന്ന ഒരു ഉത്തരം ആദ്യം എഴുതിയിട്ട്, അതിന് മുഴുവൻ മാർക്കും കിട്ടിയില്ലെങ്കിൽ, പിന്നീടുള്ളവ എത്ര നന്നായി എഴുതിയാലും, മുഴുവൻ മാർക്ക് ലഭിക്കാൻ ബുദ്ധിമുട്ടാണ്. അവർ സമ്മതിച്ച് തരില്ലെങ്കിലും, നമ്മളെല്ലാവരിലുമുള്ള ചില ബയാസുകൾ കാരണമാണിങ്ങനെ സംഭവിക്കുന്നത്.
   • ഒരു ഉത്തരത്തിന്റെ വിവിധ ഘടകങ്ങൾ പരാമർശിക്കേണ്ടി വരുമ്പോൾ, പാരഗ്രാഫ് തിരിച്ചെഴുതാൻ ശീലിക്കുക. നെടുനീളൻ എഴുത്തുകൾ, അവരുടെ വായിക്കാനുള്ള താൽപ്പര്യം കുറയ്ക്കാറുണ്ട്.
   • ക്രമനമ്പറുകൾ, ബുള്ളറ്റ്കൾ, സബ് ഹെഡിംഗുകൾ, അടി വരകൾ  എന്നിവ സമർത്ഥമായി ഉപയോഗിക്കുക. മുഴുവൻ വായിക്കാനുള്ള മടി കൊണ്ട്, ഇവ നോക്കി മാത്രം ഫുൾ മാർക്കും നൽകുന്നവരുണ്ട്.
   • ചുരുക്കത്തിൽ നമ്മുടെ ഉത്തരപേപ്പറിനോട് മൂല്യനിർണ്ണയം നടത്തുന്ന അധ്യാപകർക്ക് ഒരു ഇഷ്ടം തോന്നുന്ന രീതിയിൽ ഉത്തരക്കടലാസ് പൂർത്തിയാക്കുക.

നന്നായി പഠിക്കുന്നതല്ല, നന്നായി പരീക്ഷ എഴുതാനറിയുന്നതാണ് പരീക്ഷയിൽ കൂടുതൽ മാർക്ക് നേടിത്തരുന്നത്. എത്ര പഠിച്ചു എന്നതല്ല, എത്ര നന്നായി പരീക്ഷ എഴുതി എന്നതാണ് വിജയത്തിനാധാരം! പരീക്ഷ എഴുതുന്നവർക്ക് വിജയാശംസകൾ.

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിംഗ് റിപ്പോർട്ട്

ഹൈസ്കൂളിൽ ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയാണ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിംഗ് കോഴ്സ് . 2019 ജനുവരി മാസം ഒന്നാം തീയതി ഈ പരിശീലന പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു.ബഹു പിടിഎ പ്രസിഡണ്ട് ശ്രീ ചക്രവാണി ഉദ്ഘാടന കർമ്മം നിർവഹിച്ചു.സ്കൂൾ പ്രധാനാധ്യാപകൻ ശ്രീ രവീന്ദ്രൻ സാർ, ഇംഗ്ലീഷ് അധ്യാപകൻ ശ്രീ ബഷീർ സിഎം എന്നിവർ സംസാരിച്ചു. ഉദ്ഘാടന യോഗത്തിൽ അധ്യാപകരും രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു.ട്രെയിനർ ശ്രീ ദീപു പികെ പദ്ധതിയെപ്പറ്റി വിശദീകരിച്ചു. സ്റ്റാൻഡേർഡ് 7 മുതൽ 10 വരെയുള്ള വിദ്യാർത്ഥികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. 30 കുട്ടികൾ വീതമടങ്ങുന്ന രണ്ടു ബാച്ചുകളായി തിരിച്ച് രാവിലെയും വൈകുന്നേരവും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ആയി ആകെ 25 ദിവസം ക്ലാസുകൾ സംഘടിപ്പിച്ചു. കൂടാതെ ശനിയാഴ്ചകളിൽ പ്രത്യേകം ക്ലാസുകൾ ക്രമീകരിച്ചിരുന്നു. ഇംഗ്ലീഷ് ഭാഷാ പണ്ഡിതനായ സേവനമനുഷ്ടിച്ചിരുന്ന ശ്രീ ദീപു പികെ യാണ് ട്രയിനിംഗിന് നേതൃത്വം നൽകിയത്. ഈ പദ്ധതി 2019 ഫെബ്രുവരി മാസം 28ാം തീയതി വരെ തുടർന്നു. പരിശീലനത്തിൽ പങ്കെടുത്ത കുട്ടികൾ ഇംഗ്ലീഷ് ഭാഷ അനായാസം സംസാരിക്കുന്നതിനും പ്രയോഗിക്കുന്നതിനും ഉള്ള പാടവം നേടി.ആഴ്ചയിലൊരിക്കൽ ഇംഗ്ലീഷ് സ്കൂളിൽ സംഘടിപ്പിച്ചു. ട്രെയിനിംഗിന്റെ സമാപനസമ്മേളനത്തിൽ വിപുലമായ സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു. രക്ഷിതാക്കൾ സന്നിഹിതരായിരുന്ന ചടങ്ങ് സംഘടിപ്പിച്ചതും സദസ്സും വേദിയും നിയന്ത്രിച്ചതും വിദ്യാർഥികൾ തന്നെയായിരുന്നു.

സ്‌കൂൾ വാർഷികം നോട്ടീസ്

2019 മാർച്ച് 29 വൈകിട്ട് 3 മണിമുതൽ വിദ്യാലയത്തിന്റെ 130ാം വാർഷിക ആഘോഷങ്ങൾ ആരംഭിക്കുന്നു. സ്കൂൾ ബ്രോഷർ 2 സ്കൂൾ വാർഷികം നോട്ടീസ് കല്ലൂർ നോട്ടീസ് 2019 2019 മാർച്ച് 29 വൈകിട്ട് 3 മണിമുതൽ വിദ്യാലയത്തിന്റെ 130ാം വാർഷിക ആഘോഷങ്ങൾ ആരംഭിക്കുന്നു. നോട്ടീസ് 2. ഏവർക്കും സ്വാഗതം. സ്കൂൾ വാർഷികം നോട്ടീസ്

സൈബർ സേഫ്റ്റി പ്രോട്ടോകോൾ

കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) സ്‌കൂൾ കുട്ടികൾക്കുവേണ്ടി കേരള സ്റ്റേറ്റ് സൈബർ സേഫ്റ്റി പ്രോട്ടോകോൾ പുറത്തിറക്കി. സ്ത്രീകളുടേയും കുട്ടികളുടേയും വികലാംഗരുടേയും ക്ഷേമവുമായി ബന്ധപ്പെട്ട് നിയമസഭ രൂപീകരിച്ച സമിതിയുടെ നിർദേശ പ്രകാരമാണ് കൈറ്റ് പ്രോട്ടോകോളിന് രൂപം നൽകിയത്. സൈബർ ലോകത്ത് സുരക്ഷ ഉറപ്പാക്കാൻ വിദ്യാർഥികൾ പാലിക്കേണ്ട കാര്യങ്ങൾക്ക് പുറമേ അധ്യാപകർ ഉറപ്പുവരുത്തേണ്ട കാര്യങ്ങളും രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രോട്ടോകോളിൽ നൽകിയിട്ടുണ്ട്. ഇതിന് പുറമേ സൈബർ സേഫ്റ്റി ക്ലിനിക്കുകളേക്കുറിച്ചും എല്ലാവർക്കുമായുള്ള പൊതുനിർദേശങ്ങളും സൈബർ സേഫ്റ്റി പ്രോട്ടോക്കോളിൽ നൽകിയിട്ടുണ്ട്.


വിദ്യാർഥികൾ പാലിക്കേണ്ട കാര്യങ്ങൾ

1) അധ്യാപകരുടെ നിർദ്ദേശാനുസരണം മാത്രമായിരിക്കണം വിദ്യാലയങ്ങളിൽ ഇന്റർനെറ്റ് ഉപയോഗിക്കേണ്ടത്. 2) വിശ്വസനിയമല്ലാത്ത കേന്ദ്രങ്ങളിൽനിന്നോ വെജെറ്റകളിൽ നിന്നോ ലഭിക്കുന്ന - ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുകയോ, ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുകയോ ചെയ്യരുത്. 3) വിദ്യാലയങ്ങൾ, ഓഫീസുകൾ തുടങ്ങി പൊതുഇടങ്ങളിൽ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിൽ വ്യക്തിഗത വിവരങ്ങളോ, ചിത്രങ്ങളോ സൂക്ഷിക്കരുത്. ചിത്രങ്ങൾ മോർഫ് ചെയ്തും മറ്റുമെല്ലാം ദുരുപയോഗം ചെയ്യപ്പെടാം. മറ്റുള്ള കുട്ടികളുടെ (വ്യക്തികളുടെ) വിവരങ്ങൾ ഇപ്രകാരം ദുരുപയോഗം ചെയ്യരുത്. 4) മൊബൈൽ ഫോൺ, ലാപ്‌ടോപ്പ് എന്നിവ അപരിചിതരെ ഏൽപിക്കരുത്. 5) കുട്ടികൾ അവരുടെ സ്വകാര്യ വിവരങ്ങൾ അപരിചിതരുമായി ഇന്റർനെറ്റിൽ - സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കരുത്. ഓൺലൈൻ പരിചയം മാത്രമുള്ളവരെ രക്ഷിതാക്കളുടെയോ മറ്റോ കൂടെയല്ലാതെ ഒരിക്കലും നേരിട്ട് കാണാൻ ശ്രമിക്കരുത്. പരിചയമില്ലാത്തതോ, വിശ്വാസമില്ലാത്തതോ ആയ ആളുകൾ അയയ്ക്കുന്ന സന്ദേശങ്ങൾ (ഇ-മെയിലുകൾ) തുറക്കരുത്. 6) രക്ഷിതാക്കളുടേയോ മറ്റുള്ളവരുടേയോ ക്രെഡിറ്റ്/ഡെബിറ്റ് കാർഡിന്റെ പിൻ കോഡ്, പാസ്വേഡ്, ഓൺലൈൻ ബാങ്ക് അക്കൗണ്ട് 'പാസ്വേഡ് തുടങ്ങിയവ ശേഖരിക്കുകയോ മറ്റുള്ളവർക്ക് കൈമാറുകയോ ചെയ്യരുത്. 7) ഓൺലൈൻ ഗെയിമുകളിൽ വളരെ ശ്രദ്ധാപൂർവ്വം ഇടപെടുക. പലപ്പോഴും ഇത്തരം ഗെയിമുകൾക്ക് അടിമപ്പെടുന്ന അവസ്ഥവരെ ഉണ്ടാകും. പലതരം വെല്ലുവിളികൾ ഏറ്റെടുക്കൽ, സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ആവശ്യപ്പെടൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ഒരിക്കലും വഴങ്ങാതിരിക്കുക. 8) സൈബർ സ്‌പേസിൽ പ്രധാനമായും കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള നിരവധി കുറ്റകൃത്യങ്ങൾ (സൈബർ ക്രൈമുകൾ) നടക്കുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ട ചിലത് താഴെ നൽകുന്നു: i. ഫിഷിംഗ് (Phishing); യഥാർത്ഥ സ്രോതസിൽ നിന്ന് എന്ന ധാരണ പരത്തുന്നവിധം വ്യാജ ഇ-മെയിലുകളിൽ നിന്നും, മൊബൈൽ ഫോൺ, ഫെയ്‌സ്ബുക്ക്‌ തുടങ്ങിയ അക്കൗണ്ടുകളിൽ നിന്നും സന്ദേശം ലഭിക്കുക. നിങ്ങൾ ക്ക് ലോട്ടറി അടിച്ചു, അവാർഡ് ലഭിച്ചു. ജോലി ലഭിച്ചു എന്നൊക്കെ സൂചിപ്പിച്ചു വരുന്ന സന്ദേശങ്ങൾ ഈ വിഭാഗത്തിലുള്ളവയാണ്. ബാങ്ക് അക്കൗണ്ട് ഉൾ പ്പെടെയുള്ള വിവരങ്ങൾ ചോർത്തി തട്ടിപ്പ് നടത്തുകയാണ് ഉദ്ദേശം. അയയ്ക്കുന്ന വ്യക്തിയുടെ യഥാർത്ഥ വിലാസം (അക്കൗണ്ട്) മറച്ചുവെക്കുന്ന സ്പൂഫിംഗ് (Spoofing) ഇതിന്റെ മറ്റൊരു രൂപമാണ്. ii. സൈബർ സ്റ്റാക്കിംഗ് (Cyber Stalking): നമ്മെക്കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയ വഴിയോ മറ്റോ ഒക്കെ ശേഖരിച്ച് ഭീഷണിപ്പെടുത്തിയും, ബ്ലാക്ക്‌മെയിൽ ചെയ്തുമെല്ലാം ഉപദ്രവിക്കുക. iii. ഡീപ്‌ഫെയ്ക്‌സ്‌(Deepfakes): ഒരു ചിത്രത്തിൽ അല്ലെങ്കിൽ വീഡിയോയിൽ ചിത്രവും ശബ്ദവും ചലനങ്ങളുമെല്ലാം മാറ്റി ഒറിജിലിനെ വെല്ലുന്ന വ്യാജൻ നിർമ്മിക്കുക. പെട്ടന്ന് തിരിച്ചറിയാൻ കഴിയാത്ത രൂപത്തിലാകും ഇവ. അതിനാൽ ആധികാരികത ഉറപ്പാക്കാത്ത വിഡിയോകൾ-ചിത്രങ്ങൾ-വോയ്‌സ് ക്ലിപ്പുകൾ മറ്റൊരാൾക്ക് ഫോർവേർഡ് ചെയ്യരുത്. iv. ക്യാമറ ഹാക്കിംഗ് (camera hacking): അംഗീകാരമില്ലാത്ത കമ്പ്യൂട്ടർ/ ഐടി സംവിധാനങ്ങളിൽ നുഴഞ്ഞു കയറുന്നതാണ് പൊതുവെ 'ക്രാക്കിംഗ്' എന്ന് വിശേഷിപ്പിക്കാറുള്ളത്. യഥാർത്ഥത്തിൽ ഇത്തരം നശീകരണ ഉദ്ദേശ്യത്തോടെയുള്ള നുഴഞ്ഞു കയറൽ ഹാക്കിംഗ് ആണ്. ഇതുതന്നെ നമ്മുടെ ലാപ്‌ടോപ്പിലെയോ, മൊബൈലിലെയോ ക്യാമറ ഉപയോഗിച്ച് നമ്മുടെ അനുവാദമില്ലാതെത്തന്നെ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും എടുക്കാൻ കഴിയുന്നതാണ് ക്യാമറ ഹാക്കിംഗ്. അതായത്, നാം ക്യാമറ ഉപയോഗിക്കുമ്പോൾ മാത്രമല്ല, നാമറിയാതെ നമ്മുടെ ഉപകരണത്തിന്റെ ക്യാമറ പ്രവർത്തിപ്പിക്കാന് വരെ ക്രാക്കർമാർക്ക് കഴിയും. ഇത് സാധ്യമാക്കുന്നത് നാം ശ്രദ്ധിക്കാതെപോലും ഡൗൺലോഡ് ചെയ്യുന്ന ചില നശീകരണകാരികളായ പ്രോഗ്രാമുകൾ, വൈറസുകൾ, മാൽവെയറുകൾ വഴിയാണ് എന്നതിനാൽ വ്യക്തമായ ധാരണ ഇല്ലാത്ത ആപ്പുകളും അറ്റാച്ച്‌മെന്റുകളും ഡൗൺലോഡ് ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക 9) ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്ന വിവരങ്ങൾ അവിടെ നിന്നും മാഞ്ഞുപോകില്ല എന്നതിനാൽ പലവട്ടം ആലോചിച്ചതിന് ശേഷം മാത്രം വിവരങ്ങൾ നൽകുക. അശ്ലീല ചിത്രങ്ങൾ കൈമാറുന്ന 'സെക്‌സിംഗ്' ഉൾപ്പെടെ സൈബർ കുറ്റകൃത്യങ്ങളുടെ ഗണത്തിൽപ്പെടുന്നതും ഇന്ത്യൻ സൈബർ നിയമപ്രകാരം ശിക്ഷാർഹവുമാണ് എന്നോർക്കുക. 10) സൈബർ നിയമപ്രകാരം കുറ്റകരമായ രൂപത്തിൽ സ്വന്തമായി സന്ദേശങ്ങൾ തയ്യാറാക്കുന്നതും 'ട്രോളുകൾ സൃഷ്ടിക്കുന്നതും മാത്രമല്ല മറ്റൊരാൾ തയ്യാറാക്കിയ വസ്തുതാവിരുദ്ധവും, ഹാനികരവുമായ സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ തുടങ്ങിയവ ഫോർവേർഡ് ചെയ്യുന്നതും സൈബർ നിയമപ്രകാരം കുറ്റകരമാണ് എന്നോർക്കുക. 11) സൈബർ ഉപയോഗവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ, ഭീഷണികൾ തുടങ്ങിയവ രക്ഷിതാക്കളുമായും അധ്യാപകരുമായും തുറന്ന് സംസാരിക്കുക. *