കരുതുവതിഹ ചെയ്യ വയ്യ....

Schoolwiki സംരംഭത്തിൽ നിന്ന്

തൊണ്ണൂറുകളുടെ അവസാന വർഷങ്ങളിൽ ആണ് ഞാൻ രാജീവ് ഗാന്ധിയിൽ പഠിച്ചത്. സ്കൂൾ സ്ഥാപിത മായതിന് ശേഷമുള്ള രണ്ടാമത്തെ ബാച്ച്. ഒരു ഇടനാടൻ ചെങ്കൽ കുന്നിൽ ആണ് സ്കൂൾ, പ്രഭാതങ്ങളിൽ അവിടുത്തെ പുൽനാമ്പുകൾ മഞ്ഞ് തുള്ളികളായി ഞങ്ങളെ വരവേറ്റു. ഓല മേഞ്ഞ ഒരു കാൻ്റീൻ. ആകെ ഉണ്ടായിരുന്നത് ഒരു ബ്ലോക്ക് ആണ്. വളരെ കുറച്ച് കുട്ടികൾ. കുറച്ച് അധ്യാപകരും. എല്ലാവർക്കും എല്ലാവരെയും അറിയാം. മലയാളം ക്ലാസ്സുകളിൽ കേട്ട കവിതകൾ മനസ്സിൽ മൂളി കൊണ്ടുള്ള കുന്ന് കയറ്റം. ചൂരൽ കഷായം തരുന്ന ഭീതിയുടെ അന്തരീക്ഷം, ആശ്വസിക്കാൻ കാൻ്റീനിൽ ബാലേട്ടൻ ഉണ്ടാക്കി വെക്കുന്ന പൊറോട്ടകൾ! വരാന്തയിൽ സുധി മാഷിൻ്റെ ഡെ ഡെ ഡെ ഡെ വിളികൾ, ഷാജി മാഷിൻ്റെ സുസുക്കി സമുറായി ബൈകിൻെറ ശബ്ദം, ആവേശത്തോടെ ക്ലാസ്സ് എടുക്കുന്ന ഉണ്ണി മാഷ്, രാജേഷ് മാഷിൻ്റെ ഡ്രോയിംഗ്, പീ ടീ രമേശന് മാഷിൻ്റെ വിസിലടികൾ, അങ്ങനെ ഒരുപാട് ചിത്രങ്ങൾ മനസ്സിലുണ്ട്. മറക്കാൻ പറ്റാത്ത ചില ഓർമകളും ഉണ്ട്. സ്കൂൾ കലോത്സവം നടക്കാൻ പോകുന്നു. എൻ്റെ പേര് ആരോ പ്രസംഗ മത്സരത്തിന് കൊടുത്തു, രമേശൻ മാഷ് ആണെന്ന് ആണ് ഓർമ. ജീവിതത്തിൽ ഇന്ന് വരെ പ്രസംഗിച്ചിട്ടില്ല. ആരോടും നന്നായി സംസാരിക്കാൻ പോലും അറിയില്ല. മത്സര ദിവസം വന്നു. ചെസ്റ് നമ്പർ കിട്ടി. എന്തോ വിഷയം. വേദിയിൽ കയറാൻ ബെല്ലടിച്ചു. കയറുന്നത് വരെ എനിക്ക് കുഴപ്പം ഒന്നും ഇല്ല. കർട്ടൻ ഉയർന്നു. വെളിച്ചം കണ്ണിലേക്ക് ഇരച്ചു കയറുന്നു, മുന്നിൽ വലിയ ആൾക്കൂട്ടം. തൊണ്ട മരവിച്ചു പോയി. ഒരൊറ്റ നിൽപ്പ് ആണ്. ഏകദേശം നാലോ അഞ്ചോ മിനുട്ടുകൾ അങ്ങനെ പോയി. ഒരു വാക്ക് പോലും പുറത്ത് വന്നില്ല. ഒടുവിൽ സഹികെട്ട് ജഡ്ജ് ബെൽ അടിച്ചു. ആശ്വാസത്തോടെ ഇറങ്ങി. കർട്ടൻ വലിച്ചിരുന്ന ചന്ദ്രേട്ടൻ, ഇടക്ക് അയൽപക്കത്തെ പുരുഷുവേട്ടനെ കാണാൻ വരാറുണ്ട്, ബന്ധു ആണ്. എൻ്റെ ഈ നാണം കെടൽ വീട്ടിൽ അറിയുമോ എന്നൊരു ജാള്യത. ഇതാണ് സഭാ കമ്പം എന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷം കയ്യെഴുത്ത് മാസിക ഉണ്ടാക്കാൻ പ്രകാശൻ മാണിക്കോത്തിൻ്റെ നേതൃത്വത്തിൽ ഉജ്ജ്വല ശ്രമം നടക്കുന്നു. കുട്ടികൾക്ക് കഥയോ കവിതയോ ചിത്രങ്ങളോ നൽകാം. മദനൻ വരച്ച മാവേലിയുടെ ഒരു രൂപം ഏതോ മാസികയിൽ കണ്ടത് നോക്കി വരച്ചു, കൊടുത്തു, ഗംഭീരം മാണികോത്തിൻ്റെ മറുപടി. അതോടെ എനിക്ക് ഒരു തോന്നൽ വന്നു, ഞാനും ഒരു കലാകാരൻ ആണ്. ചുമർ മാസിക ഒക്കെ ചെയ്തു തുടങ്ങി. രണ്ടു വർഷം കഴിഞ്ഞ് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് കാർട്ടൂണിൽ ഒന്നാം സ്ഥാനം കിട്ടുന്നത്. സബ്ജില്ലാ , ജില്ലാ വേദികൾ പങ്കിട്ടു, ഒന്നാം സ്ഥാനം. അടുത്തത് സംസ്ഥാന മത്സരം ആണ്. കൊല്ലം ജില്ല ആണ് വേദി. ജീവിതത്തിൽ ആദ്യത്തെ ട്രെയിൻ യാത്ര. പരശുറാം എക്സ്പ്രസിൽ, കൂടെ ഒപ്പന ടീം ഉണ്ട്. അന്നാണ് ആദ്യമായി വിനീത് ശ്രീനിവാസനെ കണ്ടത്. മാപ്പിള പാട്ടിൽ മത്സരിക്കാൻ പോകുകയാണ് അദ്ദേഹം. കൂടെ അമ്മയുണ്ട്. സ്വതവേ ഉള്ള അപകർഷത ബോധം, പിന്നെ ഇദ്ദേഹം ശ്രീനിവാസൻ്റെ മകനാണ് എന്നുള്ള തോന്നൽ, ഒരു സാധാരണ അസൂയാലു ആയി ഞാൻ മാറി നിന്നു. കൊല്ലത്ത് എത്തി, രമേശൻ മാഷിൻ്റെ ഏതോ പരിചയത്തിൽ ഉള്ള വീട്ടിൽ ആണ് താമസം. കലാ നഗരിയിൽ എത്തി. മഹാ സമ്മേളനം. പകച്ചു പോയ ഞാൻ. കാർട്ടൂൺ മത്സരം തുടങ്ങി. എന്തോ വിഷയം തന്നു. ചുറ്റും ഒന്ന് നോക്കി. ഒരു തടിയൻ ഉണ്ട് തൊട്ടപ്പുറം. അവൻ ഒരു പെട്ടി തുറന്നു. അതിൽ പലതരം പെന്നുകൾ. പലതരം ബ്രഷുകൾ, ഇന്ത്യൻ ഇങ്ക് ഒക്കെ ഉണ്ട്. ഞാനാദ്യമായി കാണുകയാണ് അതെല്ലാം. ആദ്യകാലങ്ങളിൽ ഷൂസ് ഇല്ലാതെ ഓടാൻ പോയ പീ ടീ ഉഷയെ മനസ്സിൽ ധ്യാനിച്ച് ഞാൻ ധൈര്യം സംഭരിച്ചു. കാരികേച്ചറിന് വിഷയമായി കിട്ടിയത് അന്നത്തെ പ്രധാന മന്ത്രി അടൽ ബിഹാരി വാജ്പേയി യെ വരക്കാൻ ആണ്. ഞാൻ വരച്ചു. എൻ്റെ കയ്യിൽ ഒരു പെന്ന് മാത്രം. വലത്തോട്ട് നോക്കും തോറും ആത്മവിശ്വാസം കുറയുക ആണ്. തടിയൻ ഗംഭീര വര ആണ്. അവൻ്റെ ക്യാൻവാസിൽ നിന്നും കറുത്ത കോട്ട് ഒക്കെയിട്ട വാജ്പേയി എന്നെ നോക്കി കണ്ണിറുക്കി. മത്സരം തോറ്റു എന്ന് എനിക്ക് അപ്പോഴേ മനസ്സിലായി. നിരാശ പിന്നെ ഒരു പുതുമ ആയിരുന്നില്ല. റിസൽറ്റ് വന്നു ഊഹിച്ച പോലെ തടിയൻ ഫസ്റ്റ് അടിച്ചു. പക്ഷെ ഒരു അൽഭുതം ഉണ്ടായി. നാലാം സ്ഥാനം എനിക്ക് കിട്ടി. എനിക്കത് മതിയായിരുന്നു. സർട്ടിഫിക്കറ്റ് കിട്ടും. വെറും ഒരു പെന്നു കൊണ്ടാണ് കാർട്ടൂൺ വരക്കുക എന്ന എൻ്റെ ധാരണ തിരുത്തിയ മൂന്ന് പേര് കഴിഞ്ഞാൽ ഞാൻ ആണല്ലോ! അതായത് പതിനാല് ജില്ലകളിൽ ഞാൻ നാലാണ് എന്നൊക്കെ സ്വയം പറഞ്ഞ് ഞാൻ ആശ്വസിച്ചു നടക്കുമ്പോൾ ആണ് വെണ്ണിലാ ചന്ദന കിണ്ണം പോലെ ഒരു പെൺകുട്ടി, നീണ്ട മുടികൾ, ചന്ദനത്തിൻ്റെ നിറം! അവൾക്ക് ചുറ്റും മറ്റു കുട്ടികളുടെ തിരക്ക് ആണ്. ഓട്ടോ ഗ്രാഫ് വാങ്ങാൻ. അവളാണത്രെ കാവ്യ മാധവൻ! സിനിമാ നടി. അത് കേട്ടതും, എൻ്റെ ഉള്ളിലെ അഹങ്കാരി വീണ്ടും ഉണർന്നു. എന്ത് കാവ്യ മാധവൻ! ദിനേശൻ മാഷ് കാതിൽ ഉരുക്കി ഒഴിച്ച ഒരു കവിത ഉണ്ട്. "കരുതുവതിഹ ചെയ്യ വയ്യ ചെയ്യാൻ വരുതി ലഭിച്ചതിൽ നിന്നിടാ വിചാരം". ചില വരികൾ അങ്ങനെ ആണ്. കേൾക്കുമ്പോൾ തമാശ തോന്നും. ചൊല്ലുന്ന ആളോട് പുച്ഛം തോന്നും. പക്ഷേ ജീവിതം വർഷങ്ങൾ മുന്നോട്ട് പോകുമ്പോൾ എന്നും ശരിയായി വരുന്ന സ്കൂൾ കാലത്തെ രണ്ട് വരികൾ! ഷിജിത്ത് പുത്തൻ പുരയിൽ

"https://schoolwiki.in/index.php?title=കരുതുവതിഹ_ചെയ്യ_വയ്യ....&oldid=1968346" എന്ന താളിൽനിന്ന് ശേഖരിച്ചത്