കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ2

                                       എന്നിൽ അറിവിന്റെ തീപ്പൊരി വിതറിയ വിദ്യാലയം

ഞാൻ നിധീഷ് കെ.പി.

സ്വദേശം നാറാത്താണ് . നാറാത്ത് യൂ.പി സ്കൂൾ പഠനത്തിന് ശേഷം ഹൈസ്ക്കൂൾ പഠനത്തിനായി എത്തിച്ചേർന്ന ഇടം, കമ്പിൽ മാപ്പിള ഹൈസ്ക്കൂൾ ആയിരുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്നവന് മുന്നിൽ അക്ഷര വെളിച്ചം പകർന്നുതന്ന ആദ്യയിടമായി ഈയൊരു സ്കൂളിനെ പരിചയപ്പെടുത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്.  വായിക്കാനറിയാത്തവന് മുന്നിൽ ആദ്യമായി വന്നത് സുധർമ്മ ടീച്ചർ ആയിരുന്നു . ജീവിതത്തിലൊരിക്കലും തെറ്റ് ചെയ്യരുതെന്നറിയാം. പക്ഷെ ഒരു വലിയ തെറ്റിൽനിന്നും ശരിയിലേക്ക് കടന്നു വന്ന എനിക്ക് ഇവിടം ഒരു കാര്യം പറയുവാനുണ്ട്.  കോപ്പിയടിച്ച പേപ്പറും ഒപ്പം ആൻസർഷീറ്റും എന്നിൽ നിന്നും കണ്ടുകെട്ടിയ നാൾ മരണത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്.  കൂട്ടിയിടിക്കുന്ന മുട്ടുകളുമായി ഇടറിയ ശബ്ദവുമായി സുധർമ്മ ടീച്ചറുടെ അടുക്കലേക്ക് നടന്നുപോയ അന്നുമുതൽ ശരിയിലേക്ക് നടക്കുവാൻ കാലം പറഞ്ഞു തുടങ്ങിയിരുന്നു.  തെറ്റുകൾ പൊറുക്കപ്പെടേണ്ടതാണെന്ന് ഒരു അധ്യാപികയിൽ നിന്ന് ഞാൻ പഠിച്ചു ( ഇന്നും ഞാനത് വിദ്യാർത്ഥികളോട് പറയാറുണ്ട് ).  മലയാളമെന്നാൽ മാധുര്യമാണെന്ന് പറഞ്ഞു തന്നത് സരസ്വതി ടീച്ചറായിരുന്നു.  കണക്കിന്റെ വലിയ ലോകത്തെ ഏറ്റവും രസകരമാക്കി തന്നത് രാജേഷ് മാഷായിരുന്നു. ഒട്ടും അറിയാത്ത വിഷയങ്ങൾക്ക് / ഒരുകൂട്ടം വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി രാവ് പകലാക്കിയ ആധ്യാപകരെ  മറക്കുവാൻ പറ്റില്ല.  അധ്യാപകർക്കൊപ്പം അനധ്യാപകരുടെ നിരന്തര പരിഗണന ലഭിച്ചത് കൊണ്ടുമാത്രമാണ് തോൽക്കേണ്ടവനായി തീരേണ്ട ഒരുവൻ 287 മാർക്ക് വാങ്ങി വിജയിച്ചത്.  287 എന്റെ ജീവിതത്തിലെ വലിയ മാർക്കായിരുന്നു, കൈ എത്താത്ത ദൂരത്തിലുള്ള ഒന്ന്.  എന്നിൽ അറിവിന്റെ തീപ്പൊരി വിതറിയ വിദ്യാലയത്തെ മറന്നാൽ ഞാൻ ശരിക്കും സീറോ ആണ്.  ശേഷം പലതും പഠിച്ചു.  എം.എ യും ബി.എഡും എടുത്തു.  നെറ്റും പി.എച്ച്ഡിയും കിട്ടി.  അതിനിടയിൽ പി.ജിക്ക് റാങ്കും നെറ്റിന് ശേഷം ജെ.ആർ.എഫും കിട്ടി.  അതിഥി അധ്യാപകനായി ഏറെയേറെ കാമ്പസുകളിൽ പഠിപ്പിച്ച എനിക്ക് ഒന്നര വർഷം മുമ്പ് സർക്കാർ ജോലി ലഭിച്ചു.  ഞാനിന്ന് കണ്ണൂർ കൃഷ്ണ മേനോൻ സ്മാരക ഗവ. വനിത കോളജിലെ മലയാളം അസി.പ്രൊഫസർ ആണ് .  വെറും നിധീഷിൽ നിന്ന് ഡോ നിധീഷ് കെ.പി യിലേക്കുള്ള ദൂരം വലുതായിരുന്നു.  എന്നാൽ വലിപ്പത്തിനൊട്ടും വലിപ്പമില്ലെന്ന് ജീവിതത്തിൽ പറഞ്ഞു തന്നത് മാതൃവിദ്യാലയമാണ്.  നനഞ്ഞു കുതിർന്നു വരുന്നവനോടും കലങ്ങിയ കണ്ണുകളോടും എപ്രകാരം സംസാരിക്കണമെന്ന് പഠിപ്പിച്ച മാതൃവിദ്യാലയത്തിന്  ഇനിയും വളർച്ചകൾ ഉണ്ടാവട്ടെ എന്ന് പൂർവ്വ വിദ്യാർത്ഥി എന്ന നിലയിൽ ആശംസിക്കുന്നു.

നിധീഷ് കെ.പി , പൂർവ്വ വിദ്യാർത്ഥി

(1997-2000)

ഡോ. നിധീഷ് കെ.പി, അസി.പ്രൊഫസർ മലയാള വിഭാഗം കൃഷ്ണമേനോൻ സ്മാരക ഗവ വനിത കോളജ് , പള്ളിക്കുന്ന്, കണ്ണൂർ.

2000 ത്തിൽ എസ്.എസ്.എൽ.സി പാസായി.

2008 ൽ മലയാള സാഹിത്യത്തിൽ ബി.എഡ്.

2010 ൽ മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം (റാങ്കും).

2018 രോഗം അനുഭവവും എഴുത്തും എന്ന വിഷയത്തിൽ പി.എച്ച്.ഡി. വിവിധ സർക്കാർ എയിഡഡ് കോളജുകളിൽ അതിഥി അധ്യാപകനായി.

2021 ഫെബ്രവരി 24 മുതൽ ഗവ. സർവ്വീസിൽ .

20 ഓളം നാഷണൽ ഇന്റർനാഷണൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

22 ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് .

2 പുസ്തകങ്ങൾ (ഡോ ലിസി മാത്യുവുമായി ചേർന്ന് ) എഡിറ്റ് ചെയ്തിട്ടുണ്ട്.

കേരള സർക്കാരിന്റെ ടാലന്റ് സേർച്ച് പുരസ്കാരം നേടിയിട്ടുണ്ട്.