ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷി

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധശേഷി

പ്രതിരോധം! എന്താണ് പ്രതിരോധം എന്നതുകൊണ്ട് നിങ്ങൾ ഉദ്ദേശിക്കുന്നത് ?
"ചെറുത്തുനിൽപ്പ്"എന്നതാണ് പ്രതിരോധം എന്നതുകൊണ്ട് നാം അർത്ഥമാക്കുന്നത്. പ്രതിരോധം പലവിധത്തിലാണ് .ഇത്തരം പ്രതിരോധ ഇനങ്ങളിൽപ്പെട്ട, നമുക്ക് ആവശ്യമായ പ്രതിരോധമാണ് രോഗപ്രതിരോധം.
പണ്ടുകാലങ്ങളിൽ ആളുകൾ പ്രതിരോധശേഷി ഉണ്ടാക്കുന്നതിനുവേണ്ടി ഭക്ഷ്യധാന്യങ്ങൾ , പഴവർഗങ്ങൾ, മത്സ്യമാംസാദികൾ എന്നിവ ഉപയോഗിച്ചിരുന്നു. എന്നാൽ നാം ഇന്ന് ജീവിക്കുന്ന ഈ ആധുനിക കാലഘട്ടത്തിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും വേണ്ടി ധാരാളം മരുന്നുകളും ഉപാധികളും ശാസ്ത്രലോകം വികസിപ്പിച്ചു കഴിഞ്ഞു. എന്തിനു വേറെ പറയണം, നാം നിത്യേന കഴിക്കുന്ന പച്ചക്കറികളിലും, പഴവർഗങ്ങളിലും ,ഇലക്കറികളിലും , മത്സ്യമാംസങ്ങളിലും വിവിധ വിറ്റാമിനുകളും പ്രതിരോധശേഷി നൽകാൻ കഴിവുള്ള ധാരാളം ഘടകങ്ങളും അടങ്ങിയിരിക്കുന്നു.
ഉദാഹരണമായി ക്യാരറ്റിൽ വിറ്റാമിൻ ബി അടങ്ങിയിരിക്കുന്നു. പാലിൽ കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ഈ കാൽസ്യം എല്ലുകളെ ദൃഢമാക്കുവാൻ സഹായിക്കുന്നു. ഒരു പരിധിവരെ നമ്മുടെ മനുഷ്യ ശരീരത്തിലെ അവയവങ്ങൾ തന്നെ നമുക്ക് രോഗപ്രതിരോധശേഷി പ്രധാനം ചെയ്യുന്നുണ്ട്. നമ്മുടെ ശരീരത്തിൽ നിന്നും പുറപ്പെടുന്ന വിയർപ്പ് ,ശ്ലേഷ്മം എന്നീ ശ്രവങ്ങൾക്ക് രോഗാണുക്കളെ നശിപ്പിക്കാനുള്ള ശേഷിയുണ്ട് . അതുപോലെ രക്തത്തിൽ പ്രവേശിക്കുന്ന രോഗാണുക്കളെ പ്രതിരോധിക്കുന്നതിനായി രക്തത്തിൽ അടങ്ങിയിരിക്കുന്ന ശ്വേത രക്താണുക്കൾ സഹായിക്കുന്നു .ചില നേരങ്ങളിൽ നമ്മുടെ കൈ മുറിഞ്ഞ് ഉടനെ രക്തം കട്ടപിടിക്കാറുണ്ട് . അതെന്തുകൊണ്ടാണ് ? എല്ലാവർക്കും സാധാരണയായി തോന്നാറുള്ള ഒരു സംശയമാണിത് . മറ്റൊരു വിധത്തിൽ പറഞ്ഞാൽ രക്തം കട്ട പിടിക്കുന്നതും ഒരു പ്രതിരോധ പ്രവർത്തനമാണ് .
ഇത്രയൊക്കെ പറഞ്ഞ ശേഷം ഒരു സംശയം . നമ്മുടെ ശരീരത്തിൽ രോഗപ്രതിരോധത്തിന് വേണ്ട എല്ലാ പ്രവർത്തനങ്ങളും തന്നെ നടക്കുന്നുണ്ട് . പിന്നെ എന്തിനാണ് നാം പ്രതിരോധത്തിനായി കുത്തിവയ്പ്പുകൾ നടത്തുന്നത് ? ഉത്തരം വളരെ ലളിതമാണ്.നമ്മുടെ ശരീരം മാത്രം വിചാരിച്ചാൽ പ്രതിരോധം സാധ്യമാവുകയില്ല .അതിനുവേണ്ടി കൃത്രിമ പ്രതിരോധവും കൂടി ആവശ്യമാണ് . ഇത്തരം കൃത്രിമ പ്രതിരോധമാണ് കുത്തിവയ്പ്പുകൾ .
ഇപ്പോൾ നാം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ വൈറസ് എന്ന മഹാമാരി .നാമെല്ലാവരും ഈ ദുരന്തത്തിന്റെ പ്രത്യാഘാതങ്ങൾക്കെതിരെ പല ജാഗ്രതകളും സ്വീകരിച്ചിരിക്കുകയാണ് . കൊറോണയെ പ്രതിരോധിക്കുന്നതിനു വേണ്ടി നാം വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുകയാണ് ആദ്യം വേണ്ടത് .രോഗപ്രതിരോധം ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. നമ്മൾ ഓരോരുത്തരിലും പ്രതിരോധശേഷി നമ്മുടെ തന്നെ കൈകളിലാണ് . നാം സ്വയം ശ്രമിച്ചാൽ രോഗപ്രതിരോധശേഷിയും നമ്മെ തേടിയെത്തും . പലരും ഇന്ന് കൂടുതലായി ആശ്രയിക്കുന്നത് ഹോട്ടലുകളിലും മറ്റും ഉണ്ടാക്കുന്ന ഭക്ഷണങ്ങളാണ് . എണ്ണയും കൊഴുപ്പും നമ്മുടെ ശരീരത്തിന് ഹാനികരമായേക്കാവുന്ന പല വസ്തുക്കളും നാം കഴിക്കുന്നു .കാഴ്ചയ്ക്ക് കൗതുകവും കഴിക്കാൻ രുചിയുമുള്ള ഭക്ഷണവസ്തുക്കൾ കഴിക്കുമ്പോൾ ഒന്നോർക്കുക . ഈ ഭക്ഷ്യവസ്തുക്കൾ നമുക്ക് എത്രമാത്രം ദോഷം വരുത്തുമെന്ന്.
പച്ചക്കറികളിൽ ധാരാളം വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട് . എന്നിരുന്നാലും ഇവയൊന്നും അമിതമാകരുത് .രോഗപ്രതിരോധശേഷി ഒന്നുകൂടെ വർദ്ധിച്ചോട്ടെ എന്നുകരുതി പച്ചക്കറികൾ ധാരാളമായി കഴിക്കുന്നതും വിഡ്ഢിത്തമാണ് . പച്ചക്കറി ആയാലും പഴ വർഗങ്ങൾ ആയാലും മത്സ്യമാംസാദികൾ ആയാലും കൃത്യമായ അളവിൽ ആവണം കഴിക്കേണ്ടത് .കേട്ടിട്ടില്ലേ അമിതമായാൽ അമൃതും വിഷം എന്ന് .
നമുക്ക് രോഗപ്രതിരോധശേഷി നൽകാൻ കഴിവുള്ള ധാരാളം ഔഷധ സസ്യങ്ങൾ നമ്മുടെ ചുറ്റിലുമുണ്ട് . എങ്കിലും പലപ്പോഴും നമ്മൾ അവയെ അവഗണിക്കുകയാണ് ചെയ്യുന്നത് . തുളസി, പനിക്കൂർക്ക ,മുക്കൂറ്റി, കീഴാർനെല്ലി തുടങ്ങി ഒട്ടേറെ വിവിധങ്ങളായ ഔഷധച്ചെടികൾ നമ്മുടെ ചുറ്റുമുണ്ട് . നാമവയെ ശ്രദ്ധിക്കാറില്ല എന്നു മാത്രം. ചില വൈദ്യശാലകളിൽ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനായി ചില പ്രത്യേകം ചികിത്സകൾ ഉപയോഗിക്കുന്നുണ്ട്. ഇത്തരം ചികിത്സകൾ പൂർണവും പ്രകൃതിദത്തവും ആയിരിക്കും . രോഗപ്രതിരോധശേഷിയും പ്രകൃതി നമുക്ക് എത്രത്തോളം നൽകുന്നുവെന്ന് ഔഷധച്ചെടികളിലൂടെ നമുക്ക് മനസ്സിലാക്കാം . അവ നാം ശരിയായ വിധത്തിൽ ഉപയോഗിച്ചാൽ മാത്രം മതി . രോഗം വന്നിട്ട് ചികിത്സിക്കുന്നതിനു ഒരു അർത്ഥവുമില്ല .രോഗം വരാതെ സൂക്ഷിക്കുകയാണ് നാം ചെയ്യേണ്ടത്.


അലീന ട്രീസ
10 ജി ഔർ ലേഡീസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്,.പള്ളുരുത്തി.
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം