ഓർമക്കുറിപ്പിലേക്ക് - മുഹമ്മദ് സുഫിയാൻ

Schoolwiki സംരംഭത്തിൽ നിന്ന്

◀ തിരികെ പോകുക


" എന്തോന്നടെയ് ഇതൊക്കെ
                       എല്ലാത്തിന്റെയും വാട്ട്സ് ആപ്പ് സ്റ്റാറ്റസ് നിരത്തി അങ്ങോട്ട് മ്യൂട്ട് ആക്കിയാലോ....... ഇതൊന്നും ഇനി കാണേണ്ടി വരില്ലല്ലോ " പാർട്ട് ടൈം ജോലി ചെയ്യുന്ന സ്ഥാപനത്തിലെ കുട്ടികൾ സ്കൂൾ തുറന്നപ്പോൾ തൊട്ടു തുടങ്ങിയതാ..... ഓരോ ദിവസവും ഓരോരോ സ്റ്റാറ്റസും...... റീൽസുമൊക്കെ.... വെറുതെ ബാക്കിയുള്ളവരെ കൂടി കൊതിപ്പിക്കാനായിട്ട്.... മനുഷ്യനാണെൽ ഇവിടെ പരീക്ഷ കഴിഞ്ഞു നേരമില്ല അപ്പോഴാണ് അവന്മാരുടെ ഒക്കെ സ്റ്റാറ്റസ്. പരാതിക്കും പരിഭവങ്ങൾക്കും ഇടയിൽ പരീക്ഷ പിരിമുറുക്കവും കൂടി ആയപ്പോൾ എന്നാൽ പിന്നെ വീട്ടിലേക്ക് വിളിച്ചു കളയാം എന്നായി ഞാൻ. ഫോണെടുത്തതും ഉമ്മച്ചി ആകട്ടെ ഈ പിള്ളേരെ ക്കാളും കഷ്ടം..... "എടാ.... ബിനു ടീച്ചർ വിളിച്ചിരുന്നു.... മണപ്പുറം സ്കൂളിനെ പറ്റി എന്തോ അനുഭവക്കുറിപ്പ് എഴുതാനാണ്. ഒന്ന് എഴുതി അയച്ചേക്കണേ." "... ഹും..." ഒരു മൂളലിൽ മറുപടി ഒതുക്കി ഞാൻ ഫോൺ കട്ട് ചെയ്തു.

                        പള്ളിക്കൂടം പൂട്ടാൻ മുട്ടേൽ നിന്ന് പ്രാർത്ഥിക്കുന്ന ഇന്നത്തെ കുട്ടികൾക്കിടയിൽ കഴിഞ്ഞു പോയ കാലത്തെ കുടന്നെടുത്തു കുട്ടപ്പനാക്കാൻ എന്നെ ആരോ നിയോഗിച്ചത് പോലെ ഒരു തോന്നൽ. എസ് എസ് എൽ സി - മുതൽ തുടങ്ങിയ ' വഴിത്തിരിവ് ' മുദ്രാവാക്യങ്ങൾ ഇന്ന് മെഡിക്കൽ കോളേജിലെ നമ്മുടെ പഠനം വരെ കൊണ്ട് എത്തിച്ചെങ്കിലും 6- വർഷക്കാലം നീണ്ടുനിന്ന തെരേസ യൻ യാത്രയാണ് ആ യാത്ര അനുഭവങ്ങൾ ആണ് ഇതുവരെ ഉള്ള എന്നെ ഞാനാക്കിയത്. "സോറി.... അയിന് നീ ഏതാടാ " എന്ന ചോദ്യം ബോധപൂർവം ഇവിടെ നിരോധിച്ചിരിക്കുന്നു.

                        മാമ്പഴത്തിൽ നിന്നും മാമ്പുവിലേക്കെന്നപോലെ ഒരു ശീർഷാസന യാത്രയാണ് സ്കൂൾ ജീവിതത്തെ പറ്റി ഓർക്കുമ്പോൾ ഓടിയെത്തുന്നത്. വലിയ കേമമായി പഴുത്ത കൊതിയൂറുന്ന മധുരം മണക്കുന്ന മാമ്പഴമായില്ലെങ്കിലും തരക്കേടില്ലാതെ പുഴുക്കുത്തു കൊള്ളാതെ കുത്തിനോവിക്കാൻ എത്തിയ കിളിക്കു മുന്നിൽ തന്ത്രപൂർവ്വം കൊത്തും കുത്തും കൊള്ളാതെ ഒഴിഞ്ഞുമാറാനായതിൽ ഏറെക്കാലം നീണ്ടുനിന്ന മണപ്പുറം ജീവിതം സമ്മാനിച്ച ഓർമ്മകൾ വഹിച്ച പങ്ക് വളരെ വലുതാണ്.

                        പിൽക്കാലത്ത് ഞാൻ പോലും അറിയാതെ എന്നെ സ്വാധീനിച്ചെന്ന് ഞാൻ മനസ്സിലാക്കിയ രണ്ട് പ്രസ്ഥാനങ്ങളായിരുന്നു മനപ്പുറത്തുവെച്ച് ഞാൻ പ്രവർത്തിച്ചിരുന്ന 'സ്കൗട്ടും' 'ഡിസിഎല്ലും'. ഇവയ്ക്ക് നേതൃത്വം നൽകിയ മാത്യു സാറും വർഗീസ് സാറും ഇവയെ പോലെത്തന്നെ ശെരിക്കും ഒരു പ്രസ്ഥാനമായിരുന്നു. കിലോമീറ്ററുകളോളം കാൽനട യാത്ര നടത്തിയും സൈക്കിൾ ചവിട്ടിയും രാത്രിസമയത് ടെന്റിനുള്ളിൽ സ്വയം ഭക്ഷണം പാകം ചെയ്തും ചങ്ങാതിമാരുടെ വീടുകളിൽ ലോഗ് ബുക്കെഴുതാൻ ഒത്തുകൂടി ക്രിക്കറ്റ് കളിച്ചതും ഒടുവിൽ 'രാജ്യപുരസ്കാർ' അവാർഡും സ്വന്തമാക്കിയപ്പോൾ പല പ്രതിസന്ധിഘട്ടങ്ങളിലും സധൈര്യം മുന്നോട്ട് പോയി അവനവന്റെ നിലനിൽപ്പ് തുടരാനുള്ള അർജവമായിരുന്നു സ്കൗട്ടിലൂടെ ഞങ്ങളിലേക്ക് ഇഴുകിച്ചേർന്നത്. അഞ്ചാം ക്ലാസ്സിൽ സണ്ണിസാർ സ്ഥലം മാറിപോയപ്പോൾ, പകരം ദിവസേന അങ്കമാലിയിൽ നിന്നും മണപ്പുറത്തേക്ക് വരാൻ തയാറായ വർഗീസ് സാറിന് ക്ലാസ്സിലെ ഏറെക്കുറെ 'വിമുഖനായ' ആയ ചെറുപ്പക്കാരനിൽ തോന്നിയ പ്രീതീക്ഷയാണ് ; സഭാകമ്പം അകറ്റി സംസ്ഥാനതലത്തിലടക്കം പ്രസംഗമത്സരങ്ങളിൽ എന്നെ സമ്മാനാർഹാനാക്കിയത്. ദീപിക ബാലജനസംഖ്യത്തിന്റെ സംസ്ഥാനതല ഭാരവാഹി വരെ ആയി എന്നിലെ നേതൃത്വംഗുണം പ്രോത്സാഹിപ്പിച്ചതും വർഗീസ് സർ തന്നെയാണ്. വർഗീസ് സാറും ഡിസിഎല്ലും അതുകൊണ്ട്തന്നെ ഇന്നുമെനിക്ക് പ്രിയപ്പെട്ടതാണ്.

                        ഇതൊക്കെ കേട്ടപ്പോൾത്തന്നെ ഇവിടെ 'ഓഹോ...' എന്ന് വെച്ചിരുന്നു. ഇത്രെയും പറഞ്ഞത് വിശ്വസിച്ചില്ലെങ്കിൽ നീ ഒന്നും ഇനി പറയുന്നത് വിശ്വസിക്കാൻ പോണില്ല" എന്നായി ഞാൻ.ഒരുകണക്കിന് പറഞ്ഞാൽ ഒരിക്കലും എന്നെ കൊണ്ടൊന്നും ഇതൊന്നും പറ്റില്ലെന്നു തോന്നിയ പല കാര്യങ്ങളും ആദ്യമായി നടന്നത് മണപ്പുറത്ത് വെച്ചാണ്. ആദ്യമായി ഫ്ലക്സിൽ പടം വന്നതും പത്രത്തിൽ ഫോട്ടോയും വാർത്തയും വന്നതും എന്തിനേറെ എന്റെ പേര് പോലും യഥാർത്ഥത്തിൽ പലർക്കും മനസ്സിലായത് തന്നെ ഈ കാലയളവിലാണ്. പഠനത്തോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിൽ മണപ്പുറത്തെ അധ്യാപകർ നൽകിയ പ്രോത്സാഹനം എടുത്തുപറയേണ്ടതാണ്. പല മത്സരങ്ങൾക്കായി എനിക്ക് തോന്നുന്നു കേരളത്തിൽ ഒട്ടുമിക്ക ഇടത്തും പോകാൻ എനിക്കും എന്റെ കുടുംബത്തിനും അവസരം ലഭിച്ചതും ഈ വഴി തന്നെയാണ്. ഒപ്പം തന്നെ ഓരോ മത്സരങ്ങൾക്കും സമ്മാനം ലഭിക്കുന്ന ക്യാഷ് പ്രൈസ്; തരക്കേടില്ലാത്ത തുകകൾ വീട്ടിലേക്ക് കൊടുക്കുന്ന ഒരു കൗമാരക്കാരന്റെ നിർവൃതി ഊഹിക്കാമല്ലോ. ഈ പാഠ്യേതര പ്രവർത്തനങ്ങൾക്ക്, ലഭിച്ച സമ്മാനങ്ങൾ ക്കപ്പുറം അവ സമ്മാനിച്ച അനുഭവങ്ങൾ,യാത്രകൾ, ബന്ധങ്ങൾ എന്നും ഒരു മുതൽക്കൂട്ട് തന്നെയാണ്. ഒരു നാട്ടിൻപുറ വിദ്യാലയം എന്ന നിലയിൽ സ്കൂളിന്റെ അകത്ത് ഞങ്ങൾക്ക് ലഭിച്ച അന്തരീക്ഷം പലപ്പോഴും പല പിരിമുറുക്കങ്ങളിൽ നിന്നും ഉള്ള രക്ഷപ്പെടൽ ആയിരുന്നു. തണൽ മരച്ചുവട്ടിൽ കൂട്ടംകൂടി ഇരുന്ന് തമാശ പൊട്ടിക്കുന്നതും വരാന്തകളിലൂടെ സൊറ പറഞ്ഞ് നടക്കുന്നതും, കഞ്ഞിപ്പുര യിൽ നിന്നും ഊഴമനുസരിച്ച് കഞ്ഞി എടുക്കാൻ പോകുന്നതും കലോത്സവങ്ങളും എല്ലാം തന്നെ മനസ്സിനോട് ചേർത്തു വെക്കേണ്ടതാണ്. മാത്രമല്ല കുട്ടികളോടൊപ്പം കുട്ടികൾക്ക് വേണ്ടതെല്ലാം കിട്ടുന്നുണ്ടോ എന്ന് 'ക്രോസ് ചെക്ക്' ചെയ്യുകയും ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുകയും ചെയ്യാൻ കൂടെ നിൽക്കുന്ന പി ടി എ ഡബിൾ സ്ട്രോങ്ങ് തന്നെയാണ്. അദ്ധ്യാപകർക്ക് വിദ്യാർത്ഥികളും ആയിട്ടും രക്ഷാകർത്താക്കളും ആയിട്ടുള്ള ബന്ധവും കുട്ടികൾക്കുള്ള വ്യക്തിഗത ശ്രദ്ധയും എടുത്ത് പറയാതിരിക്കാൻ വയ്യന്നേ.... മുകളിൽ കലോത്സവം പറഞ്ഞപ്പോഴാണ് ഓർത്തത്; സ്കൂൾ കലോത്സവം ആയാൽ പിന്നെ ഞങ്ങൾ ഒരു കൂട്ടം , പിന്നെ നാടകത്തിന്റെ പേരും പറഞ്ഞ് ഒരു മേളം തന്നെയാണ. സമ്മാനത്തിന് വേണ്ടി അല്ലെങ്കിലും ആ നിമിഷങ്ങൾ സമ്മാനിച്ച അനുഭവങ്ങൾ എന്നും രസകരമായിരുന്നു.

                        എനിക്ക് എന്റേതായ് ഒരു ഐഡൻറിറ്റി ലഭിച്ചതിൽ മുഖ്യപങ്ക് വഹിച്ച മണപ്പുറം സ്കൂളിനെ പറ്റി ഇനിയും വാതോരാതെ പറയാനുണ്ട്,പക്ഷേ തൽക്കാലം ഇവിടെ നിർത്തുന്നു..... പോയ കാലത്തെ പറ്റിയും, ഈ ഏതാനും ഓർമ്മകൾക്കും ഓർമ്മപ്പെടുത്തലുകൾക്കും നിരവധി അധ്യാപകരുടെ സ്നേഹമുണ്ട്, ഞങ്ങളിൽ ഉള്ള പ്രതീക്ഷകളുണ്ട് പലരുടേയും പ്രാർത്ഥനാമന്ത്രങ്ങൾ ഉണ്ട്. ഇതുവരെ നൽകിയതിനും ഇനി നൽകാനിരിക്കുന്നതിനും ഒരുപോലെ സ്നേഹത്തിൽ ചാലിച്ച് നന്ദി പറഞ്ഞു കൊണ്ട് നിർത്തട്ടെ...നന്ദി...നന്ദി...ഒരായിരം നന്ദി ....