ഏടുകൾ മറിക്കുമ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഏടുകൾ മറിക്കുമ്പോൾ
ആഷിക് അബ്‌ദുള്ള

“അങ്ങോട്ടു മാറിനിൽക്കെടാ..........”

അവൻ വല്ലാതെ വിറച്ചുപോയി. മെലിഞ്ഞുണങ്ങി ശോഷിച്ച ദേഹമായിരുന്നു അവന്റേത്. എണ്ണമയമില്ലാതെ പായുന്ന കാറ്റിനൊപ്പം പറക്കാൻ വെമ്പുന്ന നീണ്ട മുടിയിഴകൾ. പാതിയടഞ്ഞ കണ്ണുകൾ. ചുവന്നു തുടുത്ത മുഖത്തിന്റെ വലത്തേ കവിളിന്റെ അറ്റത്തായി കറുത്ത വട്ടത്തിലുള്ള വലിയ മറുക്. അവിടവിടെയായി തുന്നൽ വിട്ട് കീറിയ വെള്ളഷർട്ടും നരച്ചു വെളുത്ത പാന്റ്സുമായിരുന്നു അവന്റെ വേഷം. ചെരുപ്പിന്റെ അവസ്ഥ വളരെ ശോചനീയകരമാണ്. അവിടവിടെയായി തേഞ്ഞ് ഓട്ടവെച്ചതും വള്ളി പൊട്ടിയതുമായ ചെരുപ്പിന്റെ അസ്വാസ്ഥ്യം മൂലം ഇഴഞ്ഞിഴഞ്ഞാണ് അവൻ നടക്കാറുള്ളത്. എന്നും നഖം കടിച്ചാണവൻ നിൽക്കുക. അവന്റെ കൈയിൽ ഞാൻ നഖങ്ങൾ കണ്ടിട്ടേയില്ല. എന്റെ കൈയിലുണ്ട്, നല്ലനീണ്ട, മുഴുത്ത, കൂർത്ത നഖങ്ങൾ. ഞാൻ നഖങ്ങൾ കടിക്കാറില്ല, എന്നാൽ വെട്ടാറുമില്ല. എന്റെ നഖത്തിനുള്ളിൽ നിറയെ അഴുക്കും പൊടിയും അടിഞ്ഞുകൂടിയിരിക്കുന്നു. എന്റെ നഖത്തിനുള്ളിൽ ഒരു വനം തന്നെയുണ്ടെന്ന് യൂസഫ് മാസ്റ്റർ പറയുമായിരുന്നു. യൂസഫ് മാസ്റ്റർ എന്റെ ക്ലാസ് മാസ്റ്ററാണ്. നഖം വെട്ടാതെ വന്നതിന് പലതവണ യൂസഫ് മാസ്റ്റർ എല്ലാവരുടേയും മുന്നിൽ വച്ച് തുടയ്ക്കടിക്കാറുണ്ടായിരുന്നു.

അവന്റെ നഖം അങ്ങനെയല്ല. അവൻ എപ്പോഴും അത് കടിച്ച് ക്ലീനാക്കും. ഞാൻ എന്റെ നഖങ്ങൾ ശ്രദ്ധിക്കാറേയില്ല. യൂസഫ് മാസ്റ്ററുടെ അടി ഭയന്ന് ഞാൻ പലപ്പോഴും നഖം വെട്ടാൻ ശ്രമിക്കുമെങ്കിലും എന്റെ മനസ്സാക്ഷി അതിന് സമ്മതിക്കില്ല. എനിക്ക് നഖം വെട്ടുന്നത് ഒട്ടും ഇഷ്ടമില്ല. ഞാൻ ഒരലസനാണ്. ഒരു ചെറിയ കാര്യം ചെയ്യാൻ പോലും എന്റെ മടി എന്നെ അനുവദിക്കാറില്ല. കളിക്കാൻ പോലും എനിക്ക് മടിയാണ്. എന്തിനേറെ പറയുന്നു നിലത്തുവീണ ഒരു പേന കുനിഞ്ഞെടുക്കാൻ പോലും എനിക്ക് മടിയാണ്. ക്ലാസിൽ എനിക്കങ്ങനെ ഒരിരട്ടപ്പേര് വരേയുണ്ട് "കുഴിമടിയൻ". ഇങ്ങനെ വിളിച്ച് എന്നെ എല്ലാവരും കളിയാക്കാറുണ്ട്. “എല്ലാവരും !” ആ ദുഷ്ടനായ ബാലൻ പോലും ! ബാലൻ ........! എനിക്കവന്റെ പേര് കേൾക്കുന്നത് അലർജിയാണ്. ബാലൻ ....... ദുഷ്ടൻ ........ പിന്നെ....... പിന്നെ .........ഞാവനനെ എന്തെങ്കിലുമൊക്കെ വിളിച്ചുപോകും ! അത്രയ്ക്കരിശമുണ്ടവനോടെനിക്ക്. പക്ഷേ ക്ലാസിലെ എല്ലാവർക്കും അവന്റെ കൂടെ കൂട്ടുകൂടാനാണിഷ്ടം. എല്ലാവർക്കും അവനെപ്പോലെയാകാനാണിഷ്ടം. അവനൊരു വലിയ സംഭവമാണെന്നാണ് എല്ലാവരുടേയും വിശ്വാസം. കാരണമുണ്ട്... അവന് നല്ല ലോകപരിചയമുണ്ട് ! ക്ലാസിൽ ഏറ്റവും അറിവുള്ളത് അവനായിരുന്നു. എനിക്ക് 'കുഴിമടിയൻ' എന്ന് പേരുള്ളതുപോലെ ക്ലാസ്സിൽ അവനുമുണ്ടായിരുന്നു ഒരു പേര് "ജ്ഞാനി". അതവനെ കളിയാക്കാൻ വിളിച്ചതായിരുന്നില്ല. ബഹുമാന പുരസ്സരം വിളിക്കുന്നതാണ്. അവനെ ആരും ഇതുവരെ കളിയാക്കിയിട്ടില്ല. കളിയാക്കാൻ ആർക്കും ധൈര്യമില്ല എന്നതാണ് സത്യം.

“അങ്ങോട്ട് മാറിനില്ക്കാനല്ലേ പറഞ്ഞത്.”

മൂസ്സമാസ്റ്റർ തന്റെ വട്ടക്കണ്ണട ഒന്നുകൂടി നേരെയാക്കിക്കൊണ്ടു പറഞ്ഞു. അവനപ്പോഴും നഖം കടിച്ചുകൊണ്ടിരിക്കുകയായിരുന്നു.

“പറയെടാ .........”

അയാളുടെ വട്ടക്കണ്ണട വീണ്ടും വീണ്ടും മൂക്കിന്മേലേക്ക് പതിച്ചുകൊണ്ടിരുന്നു. അതിന് അതേ ജോലിയുണ്ടായിരുന്നുള്ളൂ ....................

സഹികെട്ട മൂസ മാസ്റ്റർ പറഞ്ഞു “നീ പറയില്ല അല്ലേ....”

അതൊരു സൂചനയായിരുന്നു. ഇനിയും പറഞ്ഞില്ലെങ്കിൽ കഥ കഴിഞ്ഞത് തന്നെ. മൂസ്സ മാസ്റ്റർ തന്റെ മേശ തുറന്ന് ചൂരലെടുത്തു. നീണ്ടു വളഞ്ഞ ചൂരൽ ! എന്നിട്ട് അയാൾ അടിക്കാനാഞ്ഞു. പക്ഷേ അടിച്ചില്ല. ചൂരൽ കൊണ്ട് മുഖത്ത് മെല്ലെ തട്ടി. “നീ പറയില്ലേ........” അതിന്ശേഷം ആഞ്ഞു വീശി കൈയ്യിന്റെ പേശികൾ നോക്കി ആ‍ഞ്ഞൊരുഅടി കൊടുത്തു. അവൻ പുളഞ്ഞ് പോയി. പക്ഷേ അവൻ കരഞ്ഞില്ല. ആ അടിക്കുശേഷം അയാൾ കുറച്ച് സമാധാനത്തിൽ ചോദിച്ചു.

“മോനേ....... നീ സത്യം പറയ്..... നീ ആണോ ആ ഭണ്ഡാരത്തിൽ നിന്നം പൈസ കട്ടെടുത്തത് ?”

“ഉം”

“എന്തിന് ?”

അതിന് അവന് മറുപടിയില്ല. അവൻ പൈസ കട്ടെടുത്തു. അത് അവൻ സമ്മതിച്ചുകഴിഞ്ഞു. പക്ഷേ അതിൽ കൂടുതലൊന്നും അവൻ പറയുന്നില്ല.

“ഉം... നീ പോയ് ക്ലാസിനു പുറത്ത് നിൽക്ക് ബാക്കി ഞാൻ കുറച്ച് കഴിഞ്ഞിട്ടു തരാം..”

അവൻ പോയില്ല. അവനെന്തോ പറയാനാഞ്ഞു.

“ഉം പോയ്‌ക്കോ.......”

അവൻ പറഞ്ഞില്ല. വള്ളി പൊട്ടിയ ചെരിപ്പുമായി അവൻ വേച്ചു വേച്ച് നടക്കാൻ തുടങ്ങി.

ഓഫീസിന് വെളിയിൽ നിന്ന് രംഗമൊക്കെ വീക്ഷിച്ചിരുന്ന എന്നെ അവൻ കണ്ടു. പെട്ടെന്ന് എന്തോ പിടിക്കപ്പെട്ടതുപോലെ ഞാൻ നിന്നു പരുങ്ങി.

അവൻ എന്നെ കണ്ടെങ്കിലും നോക്കാതെ മെല്ലെ നടന്നു പോയി..... ആ വള്ളി പൊട്ടിയ ചെരിപ്പുമായി......... വേച്ചു ......... വേച്ചു നടന്ന് ....... അവൻ നടന്ന് മറയുകയാണെന്ന് എനിക്ക് തോന്നി. ഞാനവന്റെ പിന്നാലെ നടന്നു. ഇല്ല അവനവിടെയുണ്ട്. ക്ലാസിന് പുറത്ത്... എനിക്ക് സമാധാനമായി. രാജു, അതാണവന്റെ പേര്. ഇക്കൊല്ലമാണ് അവൻ ചേർന്നത്. ഞാനും ബാലനുമെല്ലാം രണ്ടുകൊല്ലമായി ഇവിടെയുണ്ട്. എനിക്കോർമ്മയുണ്ട് അവൻ വന്ന ദിവസം. അവനെ മറ്റൊരു സ്കൂളിൽനിന്നും പറഞ്ഞുവിട്ടതായിരുന്നു. അതുകൊണ്ട് തന്നെ അവനെ ഇവിടെ ചേർത്ത് മറ്റ് കുട്ടികളെയും മോശമാക്കണ്ട എന്ന അഭിപ്രായങ്ങളൊക്കെ ഉയർന്നുവന്നിരുന്നു. പക്ഷേ അവന്റെ മാതാവ് അവരുടെ മുമ്പിൽ നെഞ്ചത്തടിച്ച് കരയാൻ തുടങ്ങിയപ്പോൾ മറ്റൊന്നും നോക്കാതെ ഹെഡ്‌മാസ്റ്റർ അവനെ അവിടെ ചേർത്തു. ഫിഫ്‍ത്ത് സി ക്ലാസിൽ. അതായത് എന്റെ ക്ലാസിൽ. വന്ന ദിവസം തന്നെ എല്ലാവരും അവന്റെ പിറകെ കൂടി. ചിലർ അവന്റെ അവസ്ഥ കണ്ട് സഹതപത്തോടെ........ ചിലർ പുച്ഛത്തോടെയും.. എന്നാൽ ഞാൻ അവന്റെ അടുത്തേക്ക് ഇതുവരെ പോയിട്ടില്ല. അവനോട് ഒരു വാക്കു പോലും മിണ്ടിയിട്ടില്ല. എനിക്ക് എന്റെ ഇരിപ്പിടത്തിൽ നിന്നും പുറത്തിറങ്ങാൻ ഇഷ്ടമില്ലായിരുന്നു.

ഒന്നുകിൽ ഞാനവിടെ ഇരുന്ന് വായിക്കുകയായിരിക്കും. അല്ലെങ്കിൽ ഉമിനീരുമൊലിപ്പിച്ച് കിടന്നുറങ്ങുകയായിരിക്കും.

അവൻ അധികം സംസാരിക്കുന്ന കൂട്ടത്തിലല്ല. അതുകൊണ്ട് തന്നെ പിന്നീട് ആരും അവന്റെ അടുത്തേക്ക് പോയിട്ടില്ല. അവൻ വന്ന് രണ്ട് മൂന്ന് ദിവസം കഴിഞ്ഞതും അവന്റെ പേരിൽ ഒരു ആരോപണം വന്നു. ഓഫീസ് മുറിയിലെ ബൾബ് എറിഞ്ഞു പൊട്ടിച്ചത് അവനാണെന്ന്. പിന്നീടും അവന്റെ പേരിൽ നിരവധി കേസുകൾ വന്നുകൊണ്ടിരുന്നു. എല്ലാത്തിനും അവൻ കുറ്റം സമ്മതിച്ചു. എല്ലാദിവസവും അവൻ ക്ലാസിന് പുറത്തായിരുന്നു. നഖം കടിച്ചുകൊണ്ട് അവൻ വിദൂരതയിലേക്ക് കണ്ണും നട്ട് നിൽക്കും.
എന്തുകൊണ്ടാണ് അവനങ്ങനെ നിൽക്കുന്നതെന്ന് ഞാൻ പലതവണ ആലോചിച്ചിട്ടുണ്ട്. എനിക്ക് ഉത്തരം കിട്ടിയില്ല. വിദൂരതയിൽ അവൻ ആരെയാണ് നോക്കുന്നത്? അവൻ ഒരു വിചിത്ര ജീവി തന്നെയായിരുന്നു. എന്തുകൊണ്ടാണ് അവന്റെ ജീവിതം ഇങ്ങനെയായിപ്പോകുന്നത്? അവൻ കുറ്റം ചെയ്യുന്നു. പിടിക്കപ്പെടുന്നു. പക്ഷേ എന്നിട്ടും അവൻ വീണ്ടും തന്റെ പണി തുടരുന്നു. അവൻ ചെയ്യുന്ന എല്ലാ പ്രവർത്തികളും പിടിക്കപ്പെട്ടിട്ടും അവനെന്താണ് പഠിക്കാത്തത്? ദിവസവും ക്ലാസിന് പുറത്ത് നിന്ന് അവന്റെ കാൽ കുഴഞ്ഞു പോകില്ലേ? അവന് വേദനിക്കില്ലേ?

എനിക്കത്ഭൂതം തോന്നി! ആദ്യമായിട്ടാണ് ഞാൻ എന്നെക്കുറിച്ചല്ലാതെ മറ്റൊരാളെക്കുറിച്ച് ചിന്തിക്കുന്നത്. അവൻ എന്നെ ആകർഷിപ്പിക്കുന്നു. അവൻ എന്റെ മനം കവർന്നിരിക്കുന്നു. അവൻ എന്റെ ...എന്താ പറയുക? എന്റെ ഉറക്കം തന്നെ ഇല്ലാതാക്കിക്കളഞ്ഞിരിക്കുന്നു. എപ്പോഴും എനിക്ക് അവനെ ക്കുറിച്ച് മാത്രമായിരിക്കും ചിന്ത. എന്തുകൊണ്ടാണ് അവൻ തെറ്റുകൾക്കുമീതെ തെറ്റുകൾ തന്നെ ചെയ്യുന്നത് ..........???

അന്നൊരു ദിവസം ഞാൻ നേരത്തെ ക്ലാസിലെത്തിയിരുന്നു. അവനെക്കുറിച്ചോർത്തു ഞാനുറങ്ങാറില്ല. ഉറക്കം തളംകെട്ടിയ കണ്ണുകളുമായി കുളിക്കാതെയായിരുന്നു ‍ഞാൻ ക്ലാസിൽ വന്നിരുന്നത്. ഞാൻ എന്റെ ഇരുപ്പിടത്തിൽ ചുമ്മാ കുത്തിയിരുന്നു. ബോറടി മാറ്റാനായി ടി.പത്മനാഭന്റെ 'ഗൗരി' കൈയ്യിലെടുത്തു. അത് ഞാൻ രണ്ട് തവണ വായിച്ചു കഴിഞ്ഞതാണ്. എന്നാലും എന്റെ കൂടെ എപ്പോഴും ആ പുസ്തകമുണ്ടാകും. ഓരോ തവണ വായിക്കുമ്പോഴും ഒരു പുതുമ എനിക്കനുഭവപ്പെടും. എന്താണെന്നറില്ല ഇത് ആദ്യമായി വായിക്കുന്നതുപോലെ വീണ്ടും വീണ്ടും വായിക്കാൻ തോന്നും. അത് ടി. പത്മനാഭൻ എന്ന അനുഗ്രഹീതനായ കലാകാരന്റെ മാജിക്ക് ആണ്. അനുഗ്രഹീതനായ കലാകാരൻ എന്നല്ലാതെ ഞാനെന്താണ് വിശേഷിപ്പിക്കക. ആ അനുഗ്രഹം ചിലർക്ക് മാത്രമേ കിട്ടുകയുള്ളൂ.

ഞാൻ ആ പുസ്തകത്തിൽ മുഴുകിയിരിക്കുകയായിരുന്നു..

അപ്പോഴും അവൻ അവിടെ പുറത്ത് നിൽക്കുന്നുണ്ടായിരുന്നു..

വിദൂരതയിലേക്ക് കണ്ണും നട്ട്..............

ഇടക്ക് ഞാനവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്നാൽ അവനെന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അവന്റെ ശ്രദ്ധ വിദൂരതയിലേക്ക് മാത്രമായിരുന്നു. അനന്തമായ ആകാശം മാത്രമായിരുന്നു അവൻ കാണുന്നത്. ഭൂമി അവന്റെ കണ്ണിനു മുന്നിൽ അപ്രത്യക്ഷമാണ്. ഹൊ വല്ലാത്തൊരു ചെക്കൻ തന്നെ...

അങ്ങനെയിരിക്കുമ്പോഴാണ് അത് സംഭവിച്ചത്, ക്ലാസിൽ നേരത്തെ വന്ന മറ്റൊരു കുട്ടി ക്ലാസിലൂടെ ഓടിക്കളിക്കുകയായിരുന്നു. അവൻ ഓടിക്കളിക്കുന്നതിനിടയിൽ അവന്റെ കൈ തട്ടി പുസ്തകം തെറിച്ചുവീണു. അത് ദൂരെ ചെന്ന് നിലം പതിച്ചു. ഞാനതെടുത്തുനോക്കി. അതിൽ നിറയെ ചളി പറ്റിയിരിക്കുന്നു. നിലത്തെ വെള്ളവും ചളിയുമെല്ലാം പറ്റി പുസ്തകമാകെ നനഞ്ഞ് കുതിർന്നിരിക്കുന്നു. എനിക്ക് കലശലായ ദേഷ്യം വന്നു. ഞാനൊരു മുൻശുണ്ഠിക്കാരനായിരുന്നു. അതിന്റെ ഭവിഷ്യത്തുകൾ പിൽക്കാലത്ത് ഞാനനുഭവിച്ചിരുന്നു. ഞാൻ പെട്ടെന്ന് പൊട്ടിത്തെറിച്ചു. പെട്ടെന്ന് കൈയ്യിൽ കിട്ടിയ ഒരു ബെഞ്ചിന്റെ ചെറിയ കാലെടുത്ത് ഞാനവന്റെ കഴുത്തിന് നോക്കി ഒരടി കൊടുത്തു. ആ നിമിഷം അവൻ നിലം പതിച്ചു. അപ്പോഴാണ് എനിക്ക് സ്വബോധമുണ്ടായത്. ഞാൻ ഞെട്ടിത്തരിച്ചു. അത് ബാലുവായിരുന്നു. ബാലു ... ബാലു... അയ്യോ അവനതാ നിലത്ത് കിടക്കുന്നു. എന്റെ ഹൃദയം ഒരു മോട്ടോറിന്റെ വേഗത്തിൽ തുടിക്കാൻ തുടങ്ങി. ഞാൻ മോഹാലസ്യപ്പെട്ടുവീഴുമെന്നനിലയിലായി. പെട്ടെന്ന് എന്റെ കൈക്ക് ആരോ പിടിച്ചു. സാവധാനം ആ കൈ തോളിലേക്കും വ്യാപിച്ചു. വീഴാൻ പോകുന്ന എന്നെ ആരോ വാരിപ്പുണർന്നു. എന്റെ കണ്ണുകളിലെ കാഴ്ച മങ്ങിയിരുന്നു. എന്നാൽ ആ മങ്ങലിലും അതാരാണെന്ന് ഞാൻ വ്യക്തമായി കണ്ടു. ആരാണത് ? ആര് രാജുവോ ? അതെ.... രാജു തന്നെ. ഞാനവനെ താങ്ങിനിന്നു. അവനെന്നെ എവിടെയോ കിടത്തി. പതിയെ പതിയെ ഞാൻ മയക്കത്തിലേക്ക് വഴുതി വീണു. അൽപ്പനേരം കഴിഞ്ഞു ഞാൻ കണ്ണ് തുറന്നു. എന്റെ മുൻപിൽ യൂസഫ് മാസ്റ്ററും രമേശൻ മാസ്റ്ററും വിജയൻ മാസ്റ്ററും മറ്റ് പല അധ്യാപകരും നിരന്നു നിൽക്കുന്നു. കുറച്ചകലെ രാജുവും മൂസ്സ മാസ്റ്ററും നിൽക്കുന്നു. മൂസ്സ മാസ്റ്റർ അവനെ അടിക്കാൻ പോവുകയാണ്. അയ്യോ .... മൂസ്സ മാസ്റ്ററുടെ വടി അവന്റെ ദേഹത്ത് വീഴുകയാണ്. അതാ വീണു ! പക്ഷേ അവൻ കരഞ്ഞില്ല. ഇടക്ക് അവൻ എന്നെ നോക്കി പുഞ്ചിരിച്ചുവെന്ന് തോന്നുന്നു. മൂസ്സ മാസ്റ്റർ അവനെ പൊതിരെ തല്ലുകയാണ്. ഒന്നും ചെയ്യാനാകാതെ ക്രൂരനായി നോക്കിനിൽക്കുകയാണ് ഞാനെന്ന ദുഷ്ടൻ. ഹയ്യോ.... എനിക്കത് കാണാൻ വയ്യ....... ഞാനെന്റെ കണ്ണുകൾ പൊത്തിക്കളഞ്ഞു. എന്റെ ചുറ്റുമുള്ളവരെല്ലാം അമ്പരന്നുപോയി. അവരെന്റെ കൈകൾ അടർത്തിമാറ്റി. “മോനേ നിനക്കെന്താ പറ്റിയത് ?”

“അവൻ ..... ആ രാജു .......... നിന്നെയും മർദ്ദിച്ചു അല്ലേ.....” ഞാനപ്പോഴാണ് നോക്കുന്നത് ബാലു അവിടെയില്ല. അവനെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ടാവും....

രാജുവിനെ സ്കൂളിൽ നിന്നും പിരിച്ചുവിട്ടു. ഇപ്പഴും ബാല്യകാലസ്മരണകളിലേക്ക് കടക്കുമ്പോൾ ആദ്യം കടന്ന് വരിക ഈ കാര്യമാണ്. ഈ സംഭവം ഇപ്പോഴും എന്നെ വേട്ടയാടുന്നു. ഇപ്പോഴും എന്റെ കണ്ണുകളെ ഈറനണിയിക്കുന്നു. അതുകൊണ്ട് ഈ സംഭവം ഓർക്കാതെ വയ്യ. സ്കൂൾ പഠനത്തിന് ശേഷം ഞാനവനെ ഏറെ അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. ഈ ലോകത്തിന്റെ ഏതെങ്കിലും ഒരു മൂലയിൽ ആരുടെയെങ്കിലും കുറ്റം പേറി അവനിപ്പോഴും ജീവിച്ചിരിക്കുന്നുണ്ടാവും. ഉണ്ടാവട്ടെ..........

"https://schoolwiki.in/index.php?title=ഏടുകൾ_മറിക്കുമ്പോൾ&oldid=542592" എന്ന താളിൽനിന്ന് ശേഖരിച്ചത്