എ പി ജെ എസ് എ എൽ പി എസ് കോട്ടപ്പടി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രാദേശിക ചരിത്രം

വൈത്തിരി താലൂക്കിൽ മേപ്പാടി പഞ്ചായത്തിൽ കോട്ടപ്പടി വില്ലേജിലാണ് കുന്നമ്പറ്റ എന്ന സ്ഥലം. ചെമ്പ്രമലയുടേയും മണിക്കുന്നുമലയുടേയും താഴ്വാരത്തിൽ സ്ഥിതി ചെയ്യുന്ന സുന്ദര ഗ്രാമമാണ് കുന്നമ്പറ്റ.മേപ്പാടി പഞ്ചായത്തിലെ പത്തൊൻപതാം വാർഡിലെ സിത്താറംവയൽ, മൂപ്പൻകുന്ന്, എട്ടാംനമ്പർ വയൽ, ഒൻപതാം വയൽ, പതിനൊന്നാം വയൽ, എന്നീ ചെറു പ്രദേശങ്ങൾ ഉൾപ്പെടുന്നതാണ് കുന്നമ്പറ്റ. ജനവിഭാഗങ്ങളിൽ അധികവും തോട്ടം മേഖലയെ ആശ്രയിച്ചാണ് കഴിയുന്നത്. വിവിധ മതവിഭാഗങ്ങളിൽപെട്ടവരും തച്ചനാടൻമൂപ്പൻ എന്ന ഗോത്രവിഭാഗക്കാരും കുന്നമ്പറ്റയിൽ ഉണ്ട്.

ആദ്യകാലത്ത് കാലിപ്പേട്ട എന്നാണ് ഇവിടം അറിയപ്പെട്ടിരിന്നത്. രണ്ട് കുന്നുകൾക്കിടയിലുള്ള സ്ഥലം ആയതു കൊണ്ട് കുന്നംപേട്ട എന്നറിയപ്പെടുകയും കാലക്രമേണ കുന്നമ്പറ്റ ആകുകയും ചെയ്തു.

ആദ്യകാലത്ത് കൃഷിയായിരുന്നു പ്രധാന വരുമാന മാർഗം. സിത്താറംവയൽ മുതൽ കുന്നമ്പറ്റ ടൗണിനു സമീപത്തുള്ള അമ്പലം വരെ വിശാലമായ വയലായിരുന്നു. നെല്ല്, മുത്താറി, ചോളം, ചേന, ചേമ്പ്, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ,എള്ള്, ചാമ തുടങ്ങി വിവിധ വിളകൾ കൃഷി ചെയ്തിരുന്നു. പോ‍ഡാർ പ്ലാൻേഷനു കീഴിലുള്ള തേയിലത്തോട്ടങ്ങളും ഉണ്ടായിരുന്നു.ജൈനമതവിഭാഗക്കാർ വന്നതോടെ കാപ്പി എസ്റ്റേറ്റുകൾ ആരംഭിച്ചു. കൂട്ടമുണ്ട, ആനന്ദ, മഹാവീർ എന്നീ എസ്റ്റേറ്റുകൾ ഇന്നും നിലനിൽക്കുന്നുണ്ട്. എന്നാൽ അതോടെ നെൽ കൃഷി കുറയുകയും സുഗന്ധവ്യജ്ഞ വിളകളുടെ കൃഷികൾ ആരംഭിക്കുകയും ചെയ്തു. വികസനം കൂടിയതോടെ ക‍ൃഷി കുറഞ്ഞു കുറഞ്ഞു ചരിത്രത്തിൽ മാത്രം ഒതുങ്ങി അപ്രത്യക്ഷമായി.

സി എച്ച് കുഞ്ഞിരാമൻ നമ്പ്യാർ, പി ഹൈദ്രുമാൻ, പി കെ നാരായണൻ നായർ, എം സി പത്മരാജൻ, വേലായുധൻ മാസ്റ്റർ, മറിയം ഡിക്രൂസ്, ജാനകി ടീച്ചർ, മന്ദപ്പ ഗൗഡർ, കൂട്ടമുണ്ട അനന്തച്ച ഗൗഡർ, പത്മയ്യഗൗഡർ, എന്നിവരെല്ലാം കുന്നമ്പറ്റയുടെ വികസനത്തിന് വേണ്ടി പ്രയത്നിച്ചവരാണ്.

വിദ്യാലയ ചരിത്രം

1950നവംബർ 29 നാണ് അനന്തപത്മ ജെയിൻ സെർവ് ഇന്ത്യ ആദിവാസി എൽ പി സ്കൂൾ എന്ന ഈ വിദ്യാലയം ആരംഭിച്ചത്. കുന്നമ്പറ്റയിലെ ഒരു വാടക കെട്ടിടത്തിൽ 48 കുട്ടികളും കെ വേലായുധൻ മാസ്റ്റർ പ്രധാനാധ്യാപകനും മൊയ്തീൻകുട്ടി മാസ്റ്റർ സഹാധ്യാപകനുമായാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.

അങ്ങേയറ്റം പിന്നോക്കാവസ്ഥയിലായിരുന്ന അന്നത്തെ വയനാടിൻെ സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി,വയനാടിൻെ ശിൽപി എന്നറിയപ്പെടുന്ന ശ്രീ എം കെ ജിനചന്ദ്രൻ അവർകളും ആദി ജാതി സേവാ സംഘം സെക്രട്ടറിയായിരിന്ന ശ്രീ എൽ എൻ റാവുവും ചേർന്ന് വയനാടിൻെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ച സ്കൂളുകളിൽ ഒന്നാണിത്. ഇപ്പോൾ ശ്രീ എം കെ വിജയപത്മൻ അവർകളാണ് സ്കൂൾ മാനേജർ.

ഈ സ്ഥാപനത്തിൻെ തുടക്കം മുതൽ വേലായുധൻ മാസ്റ്റർ ഇരുപത് വർഷത്തോളം പ്രധാനാധ്യാപകനായി പ്രശസ്ത സേവനം നടത്തി. തുടർന്ന് ആലപുരം ശ്രീധരൻ മാസ്റ്റർ, ട്രീസിൽവ ടീച്ചർ, സി ജോസ് സാർ, കെ പി ലക്ഷ്മണൻ സാർ, കെ ശാന്തകുമാരി ടീച്ചർ, പി കെ വിജയലക്ഷമി ടീച്ചർ എന്നിവർ പ്രധാനാധ്യാപകരായി സേവനമനുഷ്ടിച്ചു.