എ. യു. പി. എസ്. ഉദിന‌ൂർ എടച്ചാക്കൈ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഹിന്ദി ക്ലബ്ബ്

ഹിന്ദി ദിനത്തിൽ പ്രതിഭകൾക്ക് പ്രേംചന്ദ് പുരസ്കാരം

തൃക്കരിപ്പൂർ : ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദി രസകരമായും, അനായാസകരമായും പഠിക്കുന്നതിന് പ്രോൽസാഹനം നൽകുന്നതിനായി ഉദിനൂർ എടച്ചാക്കൈ എ.യു.പി സ്കൂളിലെ ചമക് ഹിന്ദി ക്ലബ്ബ് വിദ്യാർത്ഥികൾക്കായി കഴിഞ്ഞ അധ്യയന വർഷത്തിൽ സംഘടിപ്പിച്ച വിവിധ പരിപാടികളിലെ വിജയികൾക്ക് പ്രേംചന്ദിന്റെ നാമധേയത്തിൽ ഏർപ്പെടുത്തിയ അവാർഡുകൾ വിതരണം ചെയ്തു.പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങളിലെ മികവുകൾ,നേട്ടങ്ങൾ പങ്കാളിത്തം തുടങ്ങിയവ മൂല്യ നിർണയം നടത്തിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.ഫാത്വിമത്ത് നബീല (അഞ്ചാം തരം), സബ്രീന.കെ (ആറാം തരം),അനുഗ്രഹ.ഇ.പി (ഏഴാം തരം) എന്നിവർ പുരസ്കാരത്തിന് അർഹരായി.

സ്കൂളിൽ വെച്ച് നടന്ന ഹിന്ദി ദിനാചരന്ന പരിപാടിയിൽ പടന്ന പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബുഷ്റ അവാർഡുകൾ വിതരണം ചെയ്തു.സീനിയർ അസിസ്റ്റന്റ് വി.ആശാലത അധ്യക്ഷത വഹിച്ചു.ഹിന്ദി അധ്യാപിക എം.പി ലാജുമോൾ ഹിന്ദി ദിന സന്ദേശം നൽകി.സ്റ്റാഫ് സെക്രട്ടറി കെ. സെൽമത്ത്,അധ്യാപികമാരായ കെ.ജയശ്രീ, കെ.എൻ സീമ,ഇ.പി പ്രിയ സംസാരിച്ചു.ദിനാചരണത്തിന്റെ ഭാഗമായി നടന്ന ഹിന്ദി അസംബ്ലിക്ക് ക്ലബ്ബ് അംഗങ്ങളായ ടി.കെ അൻസബ്,ഫാത്വിമത്ത് ഷഹാമ.കെ.കെ,സംഹാസൈനബ്,ഫാത്വിമത്ത് നബീല നേതൃത്വം നൽകി.


പ്രേംചന്ദ് പുരസ്കാരത്തിന് അർഹയായ ഫാത്വിമത്ത് നബീലക്ക് പടന്ന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ബുഷ്റ സ്നേഹോപഹാരം നൽകുന്നു.
























സോഷ്യൽ സയൻസ് ക്ലബ്ബ്

ആവേശമായി സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്

ജനാധിപത്യത്തിന്റെ മൂല്യങ്ങൾ പകർന്നേകി സ്കൂൾ തെരഞ്ഞെടുപ്പ്

വിദ്യാർത്ഥികൾക്ക് ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ പകർന്ന് എടച്ചാക്കൈ എ.യു.പി സ്കൂളിൽ നടന്ന സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ആവേശമായി. സ്കൂൾ ലീഡർ സ്ഥാനത്തേക്ക് ആറ് പേരും,ഡെപ്യൂട്ടി ലീഡർ സ്ഥാനത്തേക്ക് മൂന്ന് പേരുമാണ് മത്സര രംഗത്തുണ്ടായിരുന്നത്. നാമനിർദ്ദേശ പത്രിക സമർപ്പണം,സൂക്ഷ്മ പരിശോധന,പ്രചരണം, കലാശക്കൊട്ട് തുടങ്ങിയ തെരഞ്ഞെടുപ്പിന്റെ എല്ലാ നടപടി ക്രമങ്ങളും പാലിച്ചായിരുന്നു തെരഞ്ഞെടുപ്പ് നടന്നിരുന്നത്.എല്ലാവർക്കും പ്രത്യേകം ചിഹ്നം അനുവദിച്ചിരുന്നു. സ്കൂൾ അസംബ്ലിയിൽ സംവിധാനിച്ച പോളിംഗ് സ്റ്റേഷനിൽ ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് നടത്തിയ തെരഞ്ഞെടുപ്പ് വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി മാറി.

മൂന്നാം ക്ലാസ് മുതൽ ഏഴാം തരം വരെയുള്ള വിദ്യാർത്ഥികളായിരുന്നു വോട്ടർമാർ.തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെയും,ജനാധിപത്യ മൂല്യങ്ങളെയും സംബന്ധിച്ച് സാമൂഹ്യ ശാസ്ത്രം അധ്യാപിക കെ.ഷൈനയും,സാങ്കേതിക വശങ്ങളെ പറ്റി ഐ.ടി കോർഡിനേറ്റർ സി.കെ ശ്രീദനും വോട്ടർമാർക്ക് പരിചയപ്പെടുത്തി കൊടുത്തു.സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന സ്കൂൾ പാർലിമെന്റ് വിദ്യാർത്ഥികളായ ദേവനന്ദ,സംഹാ സൈനബ്,ഫഹീമ, സബ്രീന എന്നിവർ പോളിംഗ് ഓഫീസർമാരായി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.അധ്യാപകരായ കെ.വി സുദീപ് കുമാർ,കെ.സെൽമത്ത്,കെ.റുബൈദ മേൽനോട്ടം വഹിച്ചു.








പരിസ്ഥിതി ക്ലബ്ബ്

ഡസനിലേറെ ഇലക്കറികളും നാടൻ വിഭവങ്ങളും

എടച്ചാക്കൈയിലെ 'ചപ്പിലെ' മേള കിടുക്കി.

നാട്ടറിവ് ദിനത്തിൽ ശ്രദ്ധേയമായി എടച്ചാക്കൈയിലെ 'ചപ്പിലെ മേള'.ലോക നാട്ടറിവ് ദിനത്തിൽ എടച്ചാക്കൈ എ.യു.പി സ്കൂളിൽ കുട്ടിക്കൂട്ടത്തിന്റെ 'ചപ്പിലെ' മേള

വിഷമയമായ പച്ചക്കറികൾ കഴിച്ച് രോഗം ഏറ്റുവാങ്ങുന്ന ഇക്കാലത്ത് ഔഷധ ഗുണമുള്ള നാടൻ ഇലക്കറി വിഭവവും,ഔഷധ സസ്യങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി.

ചെലവു കുറക്കാനും ആരോഗ്യവും ആയുസും കൂട്ടാനും വിവിധ രോഗങ്ങളെ തടഞ്ഞു നിർത്തുന്നതിനും ഇലക്കറിക്കുള്ള പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ തിരിച്ചറിവുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

നാട്ടിലെ വീട്ടുമുറ്റങ്ങളിൽ ഭക്ഷ്യയോഗ്യമായ മുരിങ്ങയില,ചേമ്പ്, ചേന,ചീര,കൊടുത്തൂവ, താള്,കൂമ്പ്,കാമ്പ്,കോവയ്ക്ക,ചായ മൻസ, മത്തനില,സാമ്പാർ ചീര, മലേഷ്യൻ ചീര, തകര, പൊന്നാങ്കണ്ണി,പത്തിലക്കറി,തഴുതാമ, മുറികൂട്ടി ... തുടങ്ങിയ വിവിധ നാടൻ ഇലക ഉപയോഗിച്ചുകൊണ്ടുള്ള വ്യത്യസ്ത വിഭവങ്ങളും,മുത്തിൾ, രാമച്ചം,ആനച്ചുവട്,ജാതിക്ക,മുക്കുറ്റി,മുള്ളാത്ത,കൃഷ്ണ തുളസി, കറുവപ്പട്ട തുടങ്ങിയ ഔഷധ സസ്യങ്ങളും കുട്ടികൾ വീട്ടിൽ നിന്ന് തയ്യാറാക്കിക്കൊണ്ടുവന്നു.പാചകക്കുറിപ്പും ഔഷധഗുണങ്ങളും കുട്ടികൾ വിവരിച്ചു. പ്രദർശന ശേഷം ഉച്ചഭക്ഷണത്തോടൊപ്പം ഇലക്കറി കുട്ടികൾക്ക് വിതരണം ചെയ്തു.

പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മേളക്ക് അധ്യാപികമാരായ വി.ആശാലത,കെ.ജയശ്രീ,കെ.എൻ സീമ, കെ.വി ജയശ്രീ,കെ.സെൽമത്ത്,കെ.ഷൈന,കെ.റുബൈദ,ഇ.പി പ്രിയ നേതൃത്വം നൽകി













സ്പോർട്സ് ക്ലബ്ബ്

ഗോളാരവുമായി എടച്ചാക്കൈയിൽ ലോകകപ്പ് ഫുട്ബോൾ ജ്വരം

ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് കായിക യുവജനക്ഷേമ വകുപ്പ്, സ്പോർട്സ് കൗൺസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വൺ മില്യൻ ഗോളിന്റെ ഭാഗമായി എടച്ചാക്കൈയിൽ ഗോളാരവം സംഘടിച്ചു.എടച്ചാക്കൈ എ.യു.പി സ്കൂൾ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡ്രിബില്ലേഴ്സ് ടർഫ് മൈതാനിയിൽ സംഘടിപ്പിച്ച ഗോളാരവം പരിപാടി ഓൾ ഇന്ത്യ ഫുട്ബോൾ അസോസിയേഷൻ ഡെവലപ്മെന്റ് കമ്മിറ്റിയംഗവും,കേരള ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറിയുമായ ടി.കെ.എം മുഹമ്മദ് റഫീഖ് പടന്ന ഉദ്ഘാടനം ചെയ്തു.പ്രഥമധ്യാപകൻ ഇ.പി വത്സരാജൻ അധ്യക്ഷനായി.

സബ് ജൂനിയർ ജില്ലാ ഫുട്ബോൾ ടീമംഗങ്ങളും സ്കൂൾ പൂർവ്വ വിദ്യാർത്ഥികളുമായ പി.മുഹമ്മദ് ഫർഹാൻ, യു.പി ഇമ്രാൻ,ഡ്രിബില്ലേഴ്സ് മാനേജർ ജസീർ പാലത്തേര എന്നിവർ മുഖ്യാതിഥിയായി.സ്കൂൾ സ്പോർട്സ് കൺവീനർ കെ.വി സുദീപ്കുമാർ, അധ്യാപകരായ എം.പി അബ്ദുറഹ്മാൻ,സി.കെ ശ്രീദൻ,വി.ആശാലത,കെ.ജയശ്രീ,കെ.വി ജയശ്രീ,കെ.എൻ സീമ, കെ.റുബൈദ,എം.പി. ലാജുമോൾ,കെ.സെൽമത്ത് സംബന്ധിച്ചു.കാംപയിനിന്റെ ഭാഗമായി ഫുട്ബോൾ പരിശീലനം, സ്കൂൾ പ്രീമിയർ ലീഗ്, പെനാൽട്ടി ഷൂട്ടൗട്ട് മത്സരം തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്.


ഓൾ ഇന്ത്യ ഫുട്ബോൾ അസോസിയേഷൻ ഡെവലപ്മെന്റ് കമ്മിറ്റിയംഗവും,കേരള ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറിയുമായ ടി.കെ.എം മുഹമ്മദ് റഫീഖ് പടന്ന ഉദ്ഘാടനം ചെയ്യ‍ുന്ന‍ു.









വിദ്യാർത്ഥികളിൽ ആവേശമുയർത്തി സ്കൂൾ പ്രീമിയർ ലീഗ് ഫുട്ബോൾ

പടന്ന : ലോകത്തിലെ ഏറ്റവും വലിയ കായിക വിനോദമായ ഫുട്ബോളിനെ നെഞ്ചേറ്റി എടച്ചാക്കൈ എ.യു.പി സ്കൂളിലെ സ്പോർട്സ് ക്ലബ്ബ്. വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്കൂൾ പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരം വിദ്യാർത്ഥികളിൽ ആ വേശമുയത്തി. വിവിധ ക്ലബ്ബുകളുടെ നാമധേയത്തിൽ എട്ട് ടീമുകളായാണ് മാറ്റുരച്ചത്. എടച്ചാക്കൈ ഡ്രിബില്ലേഴ്സ് ടർഫ് മൈതാനിയിൽ നടന്ന കലാശപ്പോരാട്ടത്തിൽ പോർച്ചഗൽ ജേതാക്കളും അർജന്റീന റണ്ണറപ്പുമായി ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ ലൈസൻസുള്ള റഫറിയും തൃക്കരിപ്പൂർ ഫുട്ബോൾ അക്കാദമി പരിശീലകനുമായ എം.റാഷിദ് അഹ്‌മദ് ഉദ്ഘാടനം ചെയ്തു. പ്രഥമധ്യാപകൻ ഇ.പി വത്സരരാജൻ അധ്യക്ഷനായി.പി.ടി.എ പ്രസിഡന്റ് കെ.അബ്ദുൽ നാസർ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു.ഡ്രിബിലേഴ്സ് മാനേജർ പി.ജസീർ മുഖ്യാതിഥിയായി.സ്പോർട്സ് ക്ലബ്ബ് കൺവീനർ കെ.വി സുദീപ്കുമാർ,സി.കെ ശ്രീദൻ എന്നിവർ മത്സരം നിയന്ത്രിച്ചു.