എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/വേനലിലെ ദാഹം

Schoolwiki സംരംഭത്തിൽ നിന്ന്
വേനലിലെ ദാഹം

"ദേവൂ.. നീ എവിടെയാ?", കിണറ്റിൽ അരികിൽ അലക്കിക്കൊണ്ടിരിക്കെ അമ്മ ഉറക്കെവിളിച്ചു ചോദിച്ചു..
"അമ്മേ.. ഞാൻ ഇവിടെണ്ട് . പിറകുവശത്തെ മുറ്റത്ത് മണ്ണുവാരി കളിക്കുകയാ"
"നീ ഇങ്ങോട്ട് വന്നേ. എന്റെ കൺമുമ്പിൽ ഇവിടെ എവിടെയെങ്കിലും കളിച്ചോ. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന കാലമാ.. അതിനുവേണ്ടി മാത്രം ഒരുപാട് വഴിപോക്കര് ഇറങ്ങിരിക്കുന്നു. ", അമ്മ അലക്കുന്നതിനിടെ പറഞ്ഞു നിർത്തി...
അവൾ അവിടെ കളി നിർത്തി അമ്മയുടെ അടുത്ത് ചെന്നു.. ബക്കറ്റിലെ വെള്ളം കൈക്കുമ്പിളിൽ കോരിയെടുത്തും സോപ്പു പത കയ്യിലെടുത്ത് ഊതി പറപ്പിച്ചും കളി തുടർന്നു.. അപ്പോഴാണ് ഒരു സുന്ദരിയായ കിളി അവളുടെ ശ്രദ്ധയിൽപെട്ടത്... അലക്കി കൊണ്ടിരിക്കെ മുറ്റത്ത് ചിതറിയ വെള്ളത്തിൽ ദാഹമകറ്റാൻ വന്നതാണ്... അവൾ കൈകുമ്പിളിൽ വെള്ളം നിറച്ച് ആ കിളിയുടെ നേരെ കൈനീട്ടി. ന്നാ..ന്നാ.. നീട്ടി വിളിച്ചു.... അവളെ കണ്ടതും കിളി പറന്ന് വീടിന്റെ തൊട്ടടുത്തുള്ള മാവിൻകൊമ്പിൽ കുറച്ച് അങ്ങ് മാറി പറന്നിരുന്നു.. അപ്പോഴും ആ കിളി ആ ചിതറിവീണ വെള്ളത്തിനേ നോക്കിയിരിപ്പാണ്... ആ കുഞ്ഞുമനസ്സ് ചിന്തയിലാണ്ടു.....
"നല്ല വേനൻകാലമല്ലേ..? ഞാനെന്നും സ്കൂളിൽ പോകുമ്പോൾ കാണുന്നതല്ലേ.. തോടും, പുഴകളും, വയലുകളുംമെല്ലാം വറ്റിവരണ്ടു കിടപ്പാണ്. നമ്മളെപ്പോലെ ദാഹം ആ ജീവികൾക്കും ഉണ്ടാവില്ലേ... വറ്റിവരണ്ട കിണറ്റിലെ ഇത്തിരി വെള്ളം അത്രയും ആഴത്തിലിറങ്ങി കുടിക്കാൻ ഈ കുഞ്ഞു കിളികൾക്കാവുമോ...? ആ കുഞ്ഞുമനസ്സ് ഇരുന്നു വിങ്ങി...
അപ്പോഴാണ് ഒരു വക്കുപൊട്ടിയ മൺപാത്രം അവളുടെ ശ്രദ്ധയിൽ പെട്ടത്... അവൾ ഓടിച്ചെന്ന് അതെടുത്തു അമ്മയോട് ചോദിച്ചു.. "ഇത് ഞാനെടുത്തോട്ടെ? "
അമ്മ ചോദിച്ചു.. "നിനക്കെന്തിനാണത്.?" "എനിക്കതിൽ വെള്ളം നിറച്ച് കിളികൾക്കുവേണ്ടി ആ മാവിൻ കൊമ്പിൽ കെട്ടിത്തൂക്കി വയ്ക്കാനാണമ്മേ.. നമ്മളെപ്പോലെ ദാഹം ആ കിളികൾക്കുമുണ്ടാവില്ലേ? " "ആ.. "അമ്മ മുഖത്ത് പുഞ്ചിരി തൂകി സമ്മതം മൂളി... അവൾ ഒരു കുഞ്ഞുകയറെടുത്ത് ആ മൺപാത്രത്തിൽവരിഞ്ഞുകെട്ടി വെള്ളം നിറച്ച് ആ മാവിൻ കൊമ്പിൽ കെട്ടി തൂക്കി...
എന്നിട്ടവൾ കുറച്ച് അകലെ മറഞ്ഞിരുന്നു കാത്തിരിപ്പായി...
അധികം വൈകിയില്ല.. അവൾ പ്രതീക്ഷിച്ചപോലെതന്നെ സംഭവിച്ചു....
ദേ...ആ കിളി മൺപാത്രത്തിലേ വക്കിലിരുന്ന് വെള്ളം കുടിക്കാൻ തുടങ്ങിയിരിക്കുന്നു... അവൾക്കേറേ ഉന്മാദവും, അതിരില്ലാത്ത സന്തോഷം തോന്നി, സന്തോഷംകൊണ്ടവൾ തുള്ളിച്ചാടി...
പിറ്റേദിവസം ഈ കഥ അവൾ..സ്കൂളിൽ ഒപ്പമിരുന്ന കൂട്ടുകാരികളുമായി പങ്കുവെക്കുകയും ചെയ്തു.,!


മിർവ റഹ്‍മാൻ
6 A എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ