എ.യു.പി.എസ് എറിയാട്/അക്ഷരവൃക്ഷം/പരിസ്ഥിതി :ഒരു ധനം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി :ഒരു ധനം

കൂട്ടുകാരെ, നിങ്ങൾ കാട് കണ്ടിട്ടുണ്ടോ?

പച്ചയിൽ കുളിച്ചു നിൽക്കുന്ന മരങ്ങളും, ചെടികളും, വള്ളിപ്പടർപ്പുകളും . ശാന്തമായി, വിശാലമായി ഒഴുകുന്ന നദികൾ . തടാകങ്ങളും, പുൽമേടുകളും, സമതലങ്ങളും, പൂങ്കാവനങ്ങളും അടങ്ങുന്ന അതിമനോഹരമായ, ഇഴജന്തുക്കളാലും, ജലജീവികളാലും, മൃഗങ്ങളാലും, പക്ഷികളാലും സമ്പന്നമായ , പേരില്ലാത്ത അതിഭീകരരായ വന്യമൃഗങ്ങളാൽ നിഗൂഢതയാർന്ന ഒരു ഉൾക്കാട് .ഇങ്ങനെയാണ് കിങ്ങിണിക്കാടിന്റെ കിടപ്പ് എന്നാലും ആള് പാവമാണ്. കാടിന്റെ തൊട്ടടുത്ത് ഒരു ഗ്രാമമുണ്ട്. മലർവാടി . കാട്ടിലൂടെ ഒഴുകി വരുന്ന നദിയും, കാടതിർത്തിയിലുള്ള ഫല വൃക്ഷങ്ങളും, ആ ഗ്രാമത്തിലെ ഫലഭൂവിഷ്ഠമായ മണ്ണുമാണ് അവരുടെ ആശ്രയം. ഇങ്ങനെയൊക്കെ ആണെങ്കിലും ,കാട്ടിലെ അന്തേവാസികൾ നാട്ടിലേക്ക് വരാറില്ല.നാട്ടിലെ മനുഷ്യർ കാട്ടിലേക്കും.ഈ കാടിന്റെ കഥ അയൽ നാട്ടിലേക്കും മറ്റു നാടുകളിലേക്കും വ്യാപിക്കാൻ തുടങ്ങി.

അങ്ങനെ സന്തോഷത്തോടെ കഴിയുന്ന കാലം ഒരു ദിവസം ഒരാൾ 'മലർവാടി യി'ലേക്ക് വന്നു. കാടതിർത്തിയിലെ അത്തിമരച്ചോട്ടിലിരുന്ന അയാൾ കറുത്തിരുണ്ട ഒരു ആനക്കുട്ടിക്ക് സമമായിരുന്നു. എന്നാൽ അയാളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കിയത് അയാളുടെ കയ്യിലുണ്ടായിരുന്ന തോക്കും ,ഭാണ്ഡവും അതിൽ നിന്ന് തല പുറത്തേക്കിട്ടു കിടക്കുന്ന മഴുവും ,മരം മുറിക്കാൻ ഉപയോഗിക്കുന്ന യന്ത്രവും ആയിരുന്നു. അയാൾ കാടതിർത്തി നടന്നു കണ്ട്, എന്തൊക്കെയോ പിറുപിറുത്ത് അടുത്തുള്ള ചായക്കടയിൽ ചെന്നിരുന്നു. ഒരു ചായ കുടിച്ചു കൊണ്ട് സ്വയം പരിചയപ്പെടുത്താൻ തുടങ്ങി.

ഞാൻ വാറുണ്ണി. അയാൾ തന്റെ കൊമ്പൻ മീശയിൽ ഒന്നു തടവി . ഈ കാടിന്റെ കിടപ്പു കണ്ടിട്ട് എനിക്ക് ഒരു പാടു കാലം ജീവിക്കാനുള്ള വകയുണ്ടെന്ന് തോന്നുന്നു . അവിടുത്തുകാർ മനസാ വാചാ ചിന്തിച്ചിട്ടില്ലാത്ത കാര്യമായിരുന്നു മരം മുറിക്കലും വേട്ടയാടലും. ഗ്രാമമുഖ്യന്റെ അടുത്ത് ഹാജറാക്കപ്പെട്ട അയാൾ അവർക്കു മുൻപിൽ പണം വാരിയെറിഞ്ഞപ്പോൾ ഗ്രാമമുഖ്യൻ വിണു. അന്നാദ്യമായി മനുഷ്യൻ കിങ്ങിണിക്കാട്ടിൽ കാലുകുത്തി .വിവരമറിഞ്ഞ ചാരന്മാർ പക്ഷികളുടെ പടനായകനായ ഗരുഡന്റെ നേതൃത്വത്തിൽ വാറുണ്ണിയേയും സംഘത്തേയും തുരത്തിയോടിച്ചു.

അന്ന് രാത്രി; ഇര തേടാൻ ഇറങ്ങിയ മൂങ്ങയും കൂട്ടരുമാണ് ആ കാഴ്ച ആദ്യമായി കണ്ടത്, ഒരു വെളിച്ചം ,അത് ചൂട് കൂടി, അടുത്തേക്ക് വരുന്നു. അവർ വിളിച്ചു കൊണ്ടുവന്ന ഗരുഡമ്മാവൻ സ്ഥിരീകരിച്ചു ,അതെ കാടിന് തീയിട്ടിരിക്കുന്നു. തീ വളരെ വേഗം പടർന്നു. പക്ഷികളും മൃഗങ്ങളും കരയാൻ തുടങ്ങി. വളരെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഉൾക്കാട്ടിലേക്ക് തീ വരാതെ നോക്കാൻ അവർക്കായി. പുറം കാട് കത്തി നശിച്ചു. നദിയിലെ വെള്ളം ഉപയോഗ ശൂന്യമായി, പഴച്ചെടികൾ കത്തിയെരിഞ്ഞു, മണ്ണിന്റെ ഫലഭൂയിഷ്ഠത കുറഞ്ഞു വന്നു. ഗ്രാമത്തിലെ ജനങ്ങൾ ഒരു നേരത്തെ ആഹാരത്തിനായി കെഞ്ചി, കൊല്ലും കൊലയുമായി. ഗ്രാമം ചുടുകാടാകാൻ തുടങ്ങി.ഗ്രാമത്തിൽ മനുഷ്യരല്ലേ, അവർ എന്തൊക്കെയോ സംവിധാനങ്ങൾ ഉപയോഗിച്ച് തീ കെടുത്തി. അപ്പോഴും വരൾച്ചയും പട്ടിണിയും തന്നെ. മലർവാടി മറ്റു ഗ്രാമങ്ങളുടെ ആശ്രിതയായി. അപ്പോഴാണ് ഒരു പരിസ്ഥിതി പ്രവർത്തകൻ ആ വഴി വന്നത്. അദ്ദേഹം പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കി.വാറുണ്ണിയെ നാടുകടത്തുക, കാട് വീണ്ടും നട്ടു പിടിപ്പിക്കുക . അങ്ങനെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തൈകൾ നട്ടുപിടിപ്പിക്കാൻ തുടങ്ങി. പിന്നീട് ആ ഗ്രാമത്തിൽ ഒരു നിയമം ഉണ്ടായി . ഗ്രാമത്തിൽ ഒരു കുട്ടി ജനിച്ചാൽ ഒരു വൃക്ഷ തൈ നട്ടുക ,അതിനെ പരിപാലിക്കുക .ഇതിങ്ങ നെതുടർന്നപ്പോൾ ,പതുക്കെ പതുക്കെ കിങ്ങിണിക്കാട് പഴയ പോലെ ആവാൻ തുടങ്ങി. ആ ഗ്രാമത്തിലെ ജനങ്ങൾ കിങ്ങിക്കാടിന്റെ ബലത്താൽ വർഷങ്ങളോളം സുഖമായി ജീവിച്ചു .

കൂട്ടുകാരെ, നമ്മൾ പരിസ്ഥിതിയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾക്ക് പകരമായി തലമുറകളോളം നാം കഷ്ടത്തിലായേക്കാം .അതുകൊണ്ട് പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നാം കാരണം തകരില്ലെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം......

നയന .പി
7A എ.യു.പി.എസ്.എറിയാട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ