എ.യു.പി.എസ്. തൃപ്പനച്ചി/അക്ഷരവൃക്ഷം/ഒരു ദ‍ുരന്തം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ദുരന്തം

നേരം വെള്ള കീറിയതേയുള്ളൂ... എന്തെന്നറിയില്ല, ഇന്നലെ കരഞ്ഞ കാർമേഘങ്ങൾ ഇന്നിതാ പുഞ്ചിരിച്ചുകൊണ്ട് നീങ്ങുന്നു.... സൂര്യനിൽ നിന്ന് ഭൂമിയിലേക്ക് പുഴ പോലെ ഒഴുകി വരുന്ന പ്രകാശത്തിന്റെ പ്രവാഹം.. ആകാശത്തെ ചുംബിക്കുന്ന മരങ്ങൾ... നീലിക്കാടിന്റെ കാവൽഭടന്മാരായി നിൽക്കുന്ന മനോഹരമായ പർവ്വതങ്ങൾ.. പേക്രോം... പേക്രോം... പാടുന്ന തവളകൾ..... പീലിവിടർത്തിയാട‍ുന്ന മയിലുകൾ.... പാട്ടു പാടുന്ന കുയിലുകൾ.... ഇങ്ങനെ ഒരുപാടൊരുപാട് ജീവികളുണ്ട് ഈ നീലിക്കാട്ടിൽ. സന്തോഷത്തിന്റേയും ആഹ്ലാദത്തിന്റേയും നാളുകൾ.... എല്ലാം ഇന്നലെ കഴിഞ്ഞപോലെ.. ഓർമ്മകൾ മാത്രമേയുള്ളൂ ഇനി എനിക്ക് ബാക്കി.. മതിയായി.. മതിയായി എനിക്ക് ഈ ജീവിതം. ജീവിതമെന്നാൽ ഒരു കടലാണ്. അരുവിയിൽ നിന്ന് തോട്ടിലേക്കും തോട്ടിൽ നിന്ന് പുഴയിലേക്കും പുഴയിൽ നിന്ന് കടലിലേക്കും. അവസാനിച്ചു. അതോടെ അവസാനിച്ചു എല്ലാം... എന്തിന്? എന്തിനാണ് ഇനി ജീവിക്കുന്നത്? കഴിഞ്ഞ ആഴ്ചയാണ് ആ ദുരന്തം നടന്നത്. ദുരന്തം എന്നാൽ മഹാ ദുരന്തം!കാടിന്റെ നാനാഭാഗങ്ങളിൽ നിന്നും ജീവികൾ കരയുന്നു. മൃഗങ്ങളെയും പക്ഷികളെയും മനുഷ്യർ മൃഗ ശാലയിലേക്ക് കൊണ്ടുപോകുന്നു. ഈ സ്വർഗ്ഗത്തിൽ നിന്ന് നരകക്കുഴിയിലേക്കാണ് ആ മനുഷ്യർ അവരെ കൊണ്ടുപോകുന്നത്. " അമ്മേ, വിശക്കുന്നു". മക്കൾ പറഞ്ഞു. " ഞാൻ പോയി ആഹാരം തേടി വരാം". അച്ഛനില്ലാത്ത മക്കളാ. ഒരു കുറവും വരാതെ ആണ് അമ്മ വളർത്തിയത്. ഇരതേടി പോകുന്ന വഴിക്ക് ചിമ്പു കുരങ്ങൻ തടഞ്ഞുനിർത്തി പറഞ്ഞു: "നീ ആ മാഞ്ചോട്ടിലേക്ക്പോയിട്ട് ഒരു കാര്യവുമില്ല. ആ മാവ് മനുഷ്യർ മുറിച്ചുമാറ്റി. അതിലുള്ള ജീവികളെല്ലാം അതിൽ പെട്ട് ചതഞ്ഞരഞ്ഞു. ഈ മനുഷ്യർ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്? ഇപ്പോൾ നാട്ടിൽ രോഗങ്ങളുടെ കാലമാ. നമ്മൾ ആണത്രേ അവർക്ക് രോഗങ്ങൾ ഉണ്ടാക്കുന്നത്". " നമ്മൾ ഒന്നും അല്ല അവർ തന്നെയല്ലേ പലസ്ഥലങ്ങളിലും മാലിന്യങ്ങൾ കൊണ്ടിടുന്നത്. എന്നിട്ട് നമുക്ക് ചീത്തപ്പേര് ഉണ്ടാക്കുകയാണ് അവർ”. ഞാൻ മക്കളുടെ അടുത്തേക്ക് തന്നെ തിരിച്ചു പോയി. മക്കൾ അപ്പോഴും വിശന്നിരിക്കുകയാണ്. മാഞ്ചോട്ടിലേ കാര്യം ഓർത്തപ്പോൾ മക്കളെ തനിച്ചാക്കി പോവാൻ മനസ്സുവന്നില്ല. കുറെ സമയം അവരെ താലോലിച്ചുകൊണ്ടിരുന്നു. ഒടുവിൽ തന്റെ മക്കൾക്ക് ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയോടെ മനസില്ലാമനസോടെ ഇര തേടി നാട്ടിലേക്ക് പോയി. പക്ഷെ അവിടെ കണ്ട കാഴ്ച എന്നെ അത്ഭുതപ്പെടുത്തി. താനിരിക്കുന്ന മരത്തിന്റെ ചുവട്ടിലും ചപ്പുചവറുകൾ. പാടം നികത്തി കെട്ടിടം പണിതിരിക്കുന്നു. കടകൾ അടച്ചിട്ടിരിക്കുന്നു. ഒരൊറ്റ മനുഷ്യനെയും അവിടെ കണ്ടില്ല. ഭക്ഷണത്തിന്റെ അടയാളം പോലും കാണാനില്ല. ഇത്തിരി ദാഹജലം കുടിക്കാനായി അടുത്തുള്ള ചാലിലേക്ക് പോയി. പക്ഷെ അവിടെ വെള്ളത്തിനു പകരം നിറയെ മാലിന്യങ്ങളായിരുന്നു. നാട്ടിലേക്ക് ആദ്യമായാണ് ഒറ്റക്ക് വരുന്നത്. പറക്കാൻ കഴിയാത്ത കുട്ടികളായത് കൊണ്ടാണ് അവരെ ഒപ്പം കൂട്ടാതിരുന്നത്. അച്ഛനോടും അമ്മയോടും ഒപ്പം ഒരു തവണ നാട്ടിൽ വന്നിട്ടുണ്ട്. പക്ഷേ അന്ന് നാട് വളരെ മനോഹരമായിരുന്നു. കളകളം പാടുന്ന ജലാശയങ്ങളും പാടത്ത് പന്ത് തട്ടിക്കളിക്കുന്ന കുട്ടികളുമുണ്ടായിരുന്നു. ഇപ്പോഴതൊന്നുമില്ല. വെറും കയ്യോടെ മടങ്ങാൻ തോന്നിയില്ല. എങ്കിലും വേഗം നീലിക്കാട്ടിലേക്ക് തന്നെ മടങ്ങി. അവിടെയുള്ള കാഴ്ച വളരെ പരിതാപകരമായിരുന്നു. കാടിന് മനുഷ്യർ തീ കൊടുത്തിരിക്കുന്നു. തന്റെ മക്കൾ വരെ വെന്തുമരിച്ചിരിക്കുന്നു. പിന്നീടൊന്നും ആലോചിക്കാതെ ഞാൻ തീയിലേക്കെടുത്തു ചാടി. കണ്ണു തുറന്നപ്പോൾ ഞാനൊരു ഇരുമ്പുകൂട്ടിലായിരുന്നു. അവിടുത്തെ കുട്ടി പറഞ്ഞു: "അച്ഛൻ കാട്ടിൽ പോയി തീ ഇട്ടപ്പോൾ അതിലേക്ക് ചാടാനൊരുങ്ങിയതാണത്രേ ഇത്. അച്ഛൻ ഇതിനെ പിടിച്ചതാ." ഈ സംഭവം ഇനി എനിക്ക് ഓർമ മാത്രമാണ്... വെറും ഓർമ മാത്രം.......

ഫിസ .എം സി
V. B എ യു പി സ്കൂൾ തൃപ്പനച്ചി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ