എ.യു.പി.എസ്. ചെറുകര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ ഒരു ഗ്രാമമാണ്‌ ഏലംകുളം. ഏലംകുളം ഗ്രാമപഞ്ചായത്തിൻറെ ഒരു ഭാഗം തൂതപ്പുഴ അഥവാ കുന്തിപ്പുഴയാൽ ചുറ്റപ്പെട്ട് കിടക്കുന്നു. പട്ടാമ്പി പെരിന്തൽമണ്ണ സ്റ്റേറ്റ് ഹൈ‍വേ ആണ്‌ മറ്റൊരു ഭാഗം. ഷൊർണ്ണൂർ നിലമ്പൂർ റെയിൽ പാത ഏലംകുളം ഗ്രാമത്തിലൂടെ കടന്നുപോകുന്നു. ഏലംകുളം ഗ്രാമത്തിലെ ചെറുകരയിൽ തീവണ്ടി സ്റ്റേഷനുണ്ട്. അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയുടെ പ്രാദേശിക കോളേജ് ഏലംകുളം ഗ്രാമപഞ്ചായത്തിൽ ആണ്‌ സ്ഥിതി ചെയ്യുന്നത്. മുതുകുറുശ്ശി പെരിന്തൽമണ്ണ റോഡിൽ ഏലംകുളത്ത് ഒരു റേയിൽവേ ഗേറ്റ് ഉണ്ട്. മുതുകുറുശ്ശിയിൽ തൂതപ്പുഴയോടുകൂടെ മലപ്പുറം ജില്ല അവസാനിക്കുകയും പാലക്കാട് ജില്ല തുടങ്ങുകയും ചെയ്യുന്നു. ഇ.എം.എസ്. ജനിച്ചു വളർന്ന സ്ഥലമെന്ന പ്രശസ്തി ഏലംകുളത്തിനുണ്ട്.മൂന്നുപ്രധാന ജന്മികുടുംബങ്ങളും അവരുടെ അടിയാളന്മാരും എന്ന നിലയിലാണ്‌ ഏലംകുളത്തെ കാർഷിക വ്യവസ്ഥാബന്ധം. ഏലംകുളം മന, മുതുകുറുശ്ശി മന, പുതുമന എന്നിവരാണ്‌ മൂന്നു ജന്മിമാർ. ഇതിൽ മുതുകുറുശ്ശിമനക്കാർ മണ്ണാർക്കാട്ടുനിന്നും പുതുമനക്കാർ വൈക്കത്തുനിന്നും വന്നവരാണെന്നാണ്‌ കേൾവി. ഏലംകുളം മനക്കാർ എവിടെനിന്നും വന്നുവെന്ന് കൃത്യമായി അറിവില്ല. (സാമൂതിരി കൊണ്ടുവന്നതാണെന്നും ഏലംകുളം മനക്കാരും മുതുകുറുശ്ശി മനക്കാരും ഒന്നാണെന്നും അരിയിട്ടുവാശ്ച്ചയിൽ ആഢ്യത്വം നഷ്ടപ്പെട്ടതാണെന്നും വി.ടിയുടെ ചില കൃതികളിൽ പരാമർശം ഉണ്ട്.)

ഏലംകുളത്തെ കൃഷിഭൂമി ഉണ്ടായകാലത്ത്‌ ഏലംകുളം മനക്കാർ ജന്മികളല്ല എന്ന്‌ വ്യക്തമാക്കുന്ന ഐതിഹ്യങ്ങൾ ഉണ്ട്‌. നെൽ‌വയലുകൾക്ക്‌ ജന്മിമാരില്ലാത്തതിനാൽ ഉടമസ്ഥന്മാർക്ക്‌ പകർച്ചവ്യാധി പിടിപെട്ടതിന്റെയും അതിനുപരിഹാരമായി ബ്രാഹ്മണരെ ജന്മിമാരായി ക്ഷണിച്ചതിന്റെയും ഐതിഹ്യകഥകൾ ഇവിടുത്തെ ജന്മിവ്യവസ്ഥ വളരെ അടുത്തകാലത്തുണ്ടായതാണെന്ന്‌ തെളിയിക്കുന്നു. മുസ്ലീം കൃഷിക്കാർക്ക്‌ ഇവിടെ ആദ്യം മുതൽ തന്നെ സ്ഥാനമുണ്ടെങ്കിലും മുസ്ലീംപള്ളിക്ക്‌ നൂറിൽപ്പരം കൊല്ലത്തെ ചരിത്രമേയുള്ളൂ. മല്ലിശ്ശേരി പള്ളിയാണ്‌ ആദ്യത്തെ പള്ളി. അതിനുമുൻപ്‌ നിരവധി നാഴിക അകലെയുള്ള പുത്തനങ്ങാടിപ്പള്ളിയിലും മറ്റുമായിരുന്നു മുസ്ലീംങ്ങൾ‍ പോയി പ്രാർഥിച്ചിരുന്നതും മറ്റും. മതപഠനത്തിന്‌ സൗകര്യം ഇവിടെ ഉണ്ടായിരുന്നില്ല.

1921 ലെ ഖിലാഫത്ത്‌ പ്രസ്ഥാനം ഏലംകുളത്തെ സംബന്ധിച്ചിടത്തോളം തികഞ്ഞ മതസൗഹാർദ്ദത്തിന്റെ ഘട്ടമായിരുന്നു. മേൽപ്പറഞ്ഞ മൂന്നു ജന്മിഗൃഹങ്ങളിലും യാതൊരു കയ്യേറ്റങ്ങളും ഉണ്ടാകാതെ ഏലംകുളത്തുള്ള മുസ്ലീം കൃഷിക്കാരുടെ നേതൃത്വത്തിൽ സംരക്ഷണം ഉണ്ടായി. അന്നത്തെ സമ്പ്രദായമനുസരിച്ച്‌ അയിത്തം ആചരിച്ചുകൊണ്ടുള്ള സംരക്ഷണമായിരുന്നു അത്‌.