ഐതിഹ്യം

ബ്രാഹ്മണമാരെ കൊണ്ടുവന്നു പ്രതിഷ്ഠിക്കാൻ പരശുരാമൻ മലനാട്ടിൽ സ്ഥാപിച്ച 32 ഗ്രാമങ്ങളിൽ വടക്കെയറ്റത്തു കിടക്കുന്ന പയ്യന്നൂർ ഗ്രാമത്തിന്റെ സമീപ സ്ഥലം കൂടിയാണ് തൃക്കരിപ്പൂർ. പയ്യന്നൂർ കേന്ദ്രീകരിച്ച് ബ്രാഹ്മണാധിപത്യം വിപുലപ്പെടുത്താൻ തുനിഞ്ഞ പരശുരാമൻ സൈന്യ ശേഖരം നടത്തിയ സ്ഥലമത്രെ ഇത്. സൈനികാവശ്യത്തിന് രാമൻ ഇവിടെയൊരു ഗജശാല സ്ഥാപിക്കുകയും നൂറൂകണക്കിന് ആനകളെ കുടിയിരുത്തുകയും ചെയ്തു. പുഷ്‌ക്കര ബ്രാഹ്മണന്റെ പ്രാർഥന പ്രകാരം ഗജശാല നിന്നിടത്ത് ക്ഷേത്രം പണിയുകയും വിഷ്ണൂവിന്റെ ആഗ്രഹ പ്രകാരം പരശുരാമൻ ക്ഷേത്ര പ്രതിഷ്ഠ നടത്തുകയും ചെയ്തു അതാണ് പിൽകാലത്ത് ചക്രപാണി ക്ഷേത്രമായി മാറിയത്.

സ്ഥലനാമ ഐതിഹ്യം

തൃക്കരിപ്പൂർ എന്ന സ്ഥലനാമം ഇവിടുത്തെ പുരാണ പ്രസിദ്ധമായ ചക്രപാണി ക്ഷേത്രവും തൊട്ടടുത്ത താമരക്കുളവുമായി ബന്ധപ്പെട്ട് കിടക്കുന്നു. കുളത്തിൽ നിന്നും താമരപ്പൂക്കൾ പറിച്ച് ചക്രപാണിയെ അർപ്പിച്ച് മോക്ഷം നേടിയ കരീന്ദ്രന്റെ നാട് കരിപുരവും ശ്രീകരിപുരവുമായി പിന്നീട് തൃക്കരിപ്പൂരായതെന്നാണ് കരുതുന്നത്.