എ.എസ്.എൽ.പി.എസ് ചേലക്കോട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊച്ചി മഹാരാജാവ് നാടുവാണിരുന്ന മലയാള വർഷം 1089 -90 ലാണ് ASLP സ്കൂൾ തുടങ്ങിയത്. അധ്യാപക സമാജം സ്കൂൾ എന്നാണ് ആദ്യ കാലരേഖകളിൽ എഴുതിയിരിക്കുന്നത്. ആരംഭകാലങ്ങളിൽ കോക്കൂരിപ്പറമ്പ് തറവാട്ടിലെ കൊട്ടിലിലാണ് ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത്. ഈ സ്കൂളിന്റെ പ്രാരഭപ്രവർത്തനങ്ങൾ തുടങ്ങി വച്ചത് ചോറോട്ടൂർ ശ്രീ. ചെറ്റാരി കുഞ്ഞുണ്ണി എഴുത്തച്ഛനാണ്. തുടർന്ന് അദ്ദേഹം സ്കൂളിന്റെ പ്രവർത്തനചുമതല ശ്രീ. ചാത്തൻ കുളങ്ങര ഗോപാലനെഴുത്തച്ഛന് കൈമാറി. അന്തിക്കാട് നായർ സമുദായക്കാരുടെ കയ്യിൽ നിന്ന് സ്ഥലം വാങ്ങി സ്കൂളിന് ഇന്ന് കാണുന്ന രൂപഭാവങ്ങൾ കൈവരുത്തിയത്. ശ്രീ. ഗോപാലനെഴുത്തച്ഛനാണ്.1089-1090 ( 1913 - 1914 ) കാലഘട്ടത്തിൽ തെക്കുവടക്കായി സ്ഥിതി ചെയ്യുന്ന ഒരു കെട്ടിടം മാത്രമാണ് ഉണ്ടായിരുന്നത്. ഓല കൊണ്ടോ വൈക്കോൽ കൊണ്ടോ ആണ് പുര മേഞ്ഞിരുന്നത്.

                ആശാൻമാർ വീടുകളിൽ വന്ന് കുട്ടികളെ പഠിപ്പിച്ചിരുന്ന കാലഘട്ടമായിരുന്നു അത്. എഴുത്താണി ഉപയോഗിച്ച് എഴുതുന്ന സമ്പ്രദായവും അന്ന് ഉണ്ടായിരുന്നു.
                 സ്കൂളിലെ ഒന്നാമത്തെ വിദ്യാർത്ഥി ശ്രീ. നാരായണൻ പി. ആണ്. അദ്ദേഹത്തിന്റെ പിതാവിന്റെ പേര് ഏരേച്ചൻ നായർ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. വീട്ടുപേര് എഴുതിട്ടില്ല.ഇംഗ്ലീഷിലാണ് എല്ലാ രേഖകളിലും എഴുതിയിരിക്കുന്നത്. ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ടവരൊഴികെ എല്ലാ ജാതി മത വിഭാഗക്കാരും ഇവിടെ പഠനം നടത്തിയിരിന്നു. മുസ്ലിം, ഒബിസി, ഉയർന്ന ജാതിക്കാർ തുടങ്ങിയ വിഭാഗങ്ങളിലെ വിദ്യാർത്ഥികളാണ് പഠനം നടത്താൻ എത്തിയവരിൽ ഭൂരിഭാഗവും. Sc വിഭാഗത്തിൽപ്പെട്ടവർ പഠനം നടത്താൻ എത്തിയിരുന്നില്ല. മതം /ജാതി  തിരിച്ചു രേഖപ്പെടുത്തുന്നില്ല. മുസ്ലിം വിഭാഗത്തിൽപ്പെട്ടവർക്ക് മൊഹമ്മദീയൻ എന്നും, ഒബിസി വിഭാഗത്തിൽ

പെട്ടവർക്ക് ലോ ഹിന്ദു എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ട കുട്ടികൾ നന്നേ കുറവാണ്. നായർ, ബ്രാഹ്മിൺ സമൂഹത്തിൽ പെട്ടവർ ധാരാളമായി ഈ കാലഘട്ടത്തിൽ പഠനം നടത്തിയിരുന്നു. വളരെ കാലങ്ങളോളം മൂന്നാം ക്ലാസ്സ്‌ വരെയാണ് ഈ സ്കൂളിൽ ഉണ്ടായിരുന്നത്.1916 ന് ശേഷം sc വിഭാഗത്തിൽപ്പെട്ട ചിലർ പഠനത്തിന് എത്തിയിരുന്നു.ലോ ഹിന്ദു എന്നു തന്നെയാണ് ഇവർക്കും രേഖപ്പെടുത്തിട്ടുള്ളത്. സ്ത്രീകൾ വിദ്യാഭ്യാസം നടത്തിയിരുന്നു. എങ്കിലും എണ്ണത്തിൽ വളരെ കുറവായിരുന്നു.

                 ഈ കാലഘട്ടത്തിൽ ശ്രീ. ഗോപാലപ്പിള്ളയായിരുന്നു ഹെഡ്മാസ്റ്റർ. പരങ്ങോടത്ത് ഗോവിന്ദൻ മാസ്റ്റർ, കൈപ്പുള്ളി തലമണ്ടത് കൃഷ്ണ മേനോൻ, അദ്ദേഹത്തിന്റെ മകൻ കൊച്ചു ഗോവിന്ദൻ മാസ്റ്റർ, എന്നിവരെല്ലാം ഇക്കാലത്ത് ഇവിടെ അധ്യാപകരായിരുന്നു. സ്കൂൾ തുടങ്ങിയ കാലം മുതൽ ഇവിടെ അറബിക് അധ്യാപകർ ഉണ്ടായിരുന്നു. ആദ്യകാലത്ത് അറബിക് അധ്യാപകനായിരുന്നത് ശ്രീ. കായംപൂവം ചെമ്പൻ വാപ്പുവാണ്. കിള്ളിമംഗലം ശ്രീ. കുഞ്ഞിലക്ഷ്മി അമ്മയാണ് ഇവിടത്തെ ആദ്യ അധ്യാപിക.
                ഒറ്റതോർത്തും കോണകവും ഉടുത്താണ് കുട്ടികൾ വന്നിരുന്നത്. പെൺകുട്ടികളിൽ ചിലർ മാത്രം മേൽവസ്ത്രം ധരിച്ചിരുന്നു. ആൺകുട്ടികൾ മുടിമുറിക്കാതെ കടുമ കെട്ടിയിരുന്നു. കുട, ചെരുപ്പ്, ബാഗ്, തുടങ്ങിയവയൊന്നും അന്ന് ഉണ്ടായിരുന്നില്ല. ആശാൻ മാർ ചിലർക്ക് വീടുകളിൽ  ചെന്ന് അക്ഷരം പഠിപ്പിച്ചിരുന്നുവെങ്കിലും അന്ന് വിദ്യാഭ്യാസം താണവരിലേക്ക് ഇറങ്ങിച്ചെന്നിരുന്നില്ല.