അല്ലിലല്ലലം പാടി വരുന്നൂ
അല്ലി മുല്ല തൻ കാമ്യ സുഗന്ധം
അല്ല ദൈവമേ ആരൂ കൊടുത്തൂ !!!
അല്ലി മുല്ലയ്ക്ക് വിണ്ണിൻ പുടവ..
അമ്പിളിക്കുടം വെൺപാലു തൂകി
അല്ലി മുല്ലവളർന്നിട്ടുമാവോ
അഞ്ജനപ്പെണ്ണിൻ വാർമുടി ക്കെട്ടിൽ
ആത്മഗന്ധം പകർന്നിരിക്കാനോ ?
അശ്രു വീണു കുതിർന്നൊരീ മണ്ണിൻ
അൻപിതല്ലയോ ഈ പുഷ്പ വ്രാതം !!
അനിലനരുമയായ് നിന്നെ തലോടി
ആഗമിക്കും ഇതെത്ര സുഗന്ധം !!!
അങ്കണത്തിലെ നൈർമല്യമായി
അംഗമാകുന്നിതെൻ അല്ലി മുല്ല !!
ആർദ്ര ലോലമായുള്ളൊരീ ഭാവം
ആഭ ചൊരിയുന്നിതിന്നെന്റെ യുള്ളിൽ !!!
അല്ലി തന്നിലൊരു നീഹാര ബിന്ദുവായ്
അല്പ മാറുവാൻ എന്തൊരുല്ലാസം !!
അല്ലുമല്ലലും കൂടാതെ നിന്റെ
അല്ലി കാണുവാൻ എന്തിഷ്ടമെന്നോ !!!
അംബരത്തിലെ വെൺ താരകം പോൽ
അങ്കിതത്തിലെ വെൺമങ്കയോ നീ
ആത്മദളമാകുമെന്നല്ലിമുല്ലേ
ആരു തന്നു നിനക്കീ സുഗന്ധം ??