എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/ഇട വഴികൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഇട വഴികൾ
കാലം പലതിനെയും കോലം മാറ്റിയപ്പോൾ ഗ്രാമങ്ങളുടെ സഞ്ചാര പാതകളായിരുന്ന ഇടവഴികളും അസ്തമയത്തെ പുൽകിക്കൊണ്ടിരിക്കുന്നു. പാദങ്ങൾ ഒരുപാട് പതിഞ്ഞ, പാദ സ്വരങ്ങൾ കിലുങ്ങിയ നമ്മുടെ നാട്ടിലെ ഓരോ ഇടവഴികളിൽ നിന്നും എത്രയെത്ര ഓർമ്മകളാണ് നമ്മുടെ മനസ്സിലേക്ക് മേയാൻ വരുന്നത്.
   വാഹനപ്പെരുപ്പമില്ലാത്ത ഭൂത കാലത്തിൽ നമ്മുടെയൊക്കെ വീടുകളിലേക്ക് നയിച്ചിരുന്നത് ഇത്തരം ഇടവഴികളാണ്. ബാല്യ കാലത്തിലേക്ക് ഒരു തിരിച്ചു നടത്തം ഉണ്ടെങ്കിൽ നാം ആദ്യം എത്തപ്പെടുക ഇടവഴികളിലേക്കാണ്. 
   മനസ്സിന്റെ സഞ്ചിയിൽ നിന്നും ഓർമ്മകളെ പൊടി തട്ടിയെടുക്കുമ്പോൾ എത്രയെത്ര അനുഭവങ്ങളാണ് ഇട വഴികൾ നമുക്ക് സമ്മാനിച്ചിരുന്നത്. ഉദയ സൂര്യന്റെ കിരണങ്ങൾ പെട്ടെന്ന് പതിയാത്ത ഇടവഴിയിലൂടെ ചെറുപ്പത്തിൽ യാത്ര ചെയ്യുന്നത് അല്പം ഭയമുള്ളതായിരുന്നു. ഇടവഴിയിൽ വെച്ച് പാമ്പിനെ കണാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ ബാല്യങ്ങളുടെ കൂട്ടുകാരനുമായിരുന്നു ഓരോ ഇടവഴികളും.  കൂട്ടുകാരോടൊത്ത് കണ്ണ് പൊത്തി കളിക്കുമ്പോൾ ഒളിച്ചിരുന്ന പ്രിയപ്പെട്ട സങ്കേതം. തന്തക്കുട ഊന്ന് വടിയാക്കി ചരലുകൾ നിറഞ്ഞ ഇടവഴികളിലൂടെ ശ്രദ്ധാ പാദമൂന്നി നടന്നു വന്നിരുന്ന നമ്മുടെ കാരണവന്മാർ പോയ കാലത്തെ കൗതുകം നിറഞ്ഞ നിറക്കാഴ്ചയായിരുന്നു. ഇടവഴികളിൽ ചിന്നി ചിതറിയ ഓർമ്മകളുടെ വളപ്പൊട്ടുകൾ പെറുക്കിയെടുക്കാൻ അക്ഷരക്കൂട്ടങ്ങൾക്ക് കഴിയില്ല. മനസ്സിന്റെ ചില്ലകളിൽ ഇടവഴി സ്മൃതികൾ ഊഞ്ഞാലാടി കൊണ്ടേയിരിക്കും.
   പുരോഗതിയുടെ പുതു നാമ്പുകൾ നമ്മുടെ നാട്ടിൽ മുളപൊട്ടി വളർന്നു പന്തലിക്കുമ്പോൾ ഇടവഴികളൊക്കെ റോഡുകൾക്ക് വഴി മാറുന്നു. എടാഴി, എടാഴിക്കുണ്ട് എന്നീ നാടൻ വാക്കുകളും നമ്മുടെ നാടുകളിൽ നിന്നും അപ്രത്യക്ഷമാവുന്നു. ഓർമ്മകളുടെ പുസ്തകത്താളിൽ നിന്നും പുതിയ തലമുറക്ക് പറഞ്ഞ് കൊടുക്കാനുള്ള കഥകളായി ഓരോ നാട്ടിടവഴികളും ചരിത്രത്തിലേക്ക് പോയ് മറയുന്നു.


റിഷാന വി
5E എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം