എ.എം.യു.പി.എസ് വലിയോറ ഈസ്റ്റ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ എം യു പി സ്കൂൾ, ഒരു ഗ്രാമത്തിന്റെ വഴികാട്ടി

അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ ഉദ്ദേശിച്ചുകൊണ്ട് നാടിന്റെ നാനാഭാഗങ്ങളിൽ സ്ഥാപിതമാവുകയും പിന്നീട് അവ നാടിന്റെ അഭിമാന സ്തംഭങ്ങൾ ആവുകയും ചെയ്ത പള്ളിക്കൂടം എന്ന ഓമനപ്പേരിൽ നമ്മൾ അറിയപ്പെടുന്ന വിദ്യാലയങ്ങൾക്ക് എല്ലാം തന്നെ കൗതുകം നിറഞ്ഞ ഒത്തിരി ചരിത്രം പറയാനുണ്ടാകും. വലിയൊറ ഈസ്റ്റ് എ എം യു പി സ്കൂൾ എന്നറിയപ്പെടുന്ന ഈ സ്ഥാപനത്തിനും ഉണ്ട് ചരിത്രപരമായ നിയോഗങ്ങൾ. ആദ്യകാലത്തു രണ്ടു സ്ഥലങ്ങളിലായി മാറി മാറി പ്രവർത്തിക്കുകയും പിന്നീട് ഇന്ന് സ്ഥിതി ചെയ്യുന്ന വലിയൊറ അടക്കാപുര എന്ന പ്രദേശത്തു സ്ഥിരമാവുകയും ചെയ്തതോടെ ആണ് സ്ഥാപനത്തിന് വലിയൊറ  ഈസ്റ്റ്‌ എന്ന പേര് വീഴുന്നത്.ഇന്ന് വലിയൊറ  ഈസ്റ്റ്‌ എ എം യു പി സ്കൂൾ എന്നറിയപ്പെടുന്ന ഈ സ്ഥാപനത്തിന് ആദ്യം അംഗീകാരം ലഭിച്ചത് 1928 ലായിരുന്നു.

ആദ്യകാലത്ത് ഇതിന്റെ നിയന്ത്രണം കൊല്ലം തൊടികക്കാരുടെ  കയ്യിൽ ആയിരുന്നു. ക്രമേണ അത് മുതലമാട് ഭാഗത്തേക്ക് വന്നതിനു ശേഷം അഞ്ചു കണ്ടൻ അഹമ്മദ് ഹാജി എന്നവരുടെ നിയന്ത്രണത്തിൽ വന്നു. അതിനുശേഷം അദ്ദേഹത്തിന്റെ അനുജൻ കുഞ്ഞീതു കുട്ടി ഹാജി എന്നിവർക്ക് കൈമാറി. പിന്നീട് അദ്ദേഹത്തിന്റെ മകനായ അഞ്ചുകണ്ടൻ മുഹമ്മദ് ഹാജി എന്നിവരുടെ നിയന്ത്രണത്തിലും അതിനുശേഷം അദ്ദേഹത്തിന്റെ  ഭാര്യയായ പാത്തുമ്മക്കുട്ടി എന്നവരുടെ നിയന്ത്രണത്തിലും ആയി. ഇപ്പോൾ ഈ സ്കൂളിന്റെ മാനേജർ ആയി അവരുടെ മകനായ കുഞീതു കുട്ടി ഹാജി ആണ്.

വലിയൊറ ഈസ്റ്റ് എൽ പി സ്കൂൾ ആയി അടക്കാപുരയിൽ പ്രവർത്തിച്ചിരുന്ന അതേസമയം തൊട്ടടുത്ത ഒരു ബോർഡ് സ്കൂളും പ്രവർത്തിച്ചിരുന്നു.പഴയ മദ്രാസ് സംസ്ഥാനത്തിലെ 25 ജില്ലകളിൽ ഒന്നായ മലബാർ ജില്ലയുടെ കീഴിലായിരുന്നു ഈ ബോർഡ് സ്കൂൾ അന്ന്. സ്കൂളിന് പെണ്ണ് സ്കൂൾ എന്നായിരുന്നു നാട്ടുകാർ വിളിച്ചിരുന്നത്. ഉണ്ണിയലുക്കൽ കുഞ്ഞുമൊയ്തീൻ എന്നവരുടെ ഭാര്യ പാത്തുമ്മക്കുട്ടി സ്ഥാപനത്തിലെ ഒരു ജോലിക്കാരി ആയിരുന്നു പെൺകുട്ടികളുടെ വിദ്യാഭ്യാസം സാർവത്രികം ആക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ചെങ്കിലും പ്രതികരണം മോശമായതിനാൽ സ്ഥാപനം പിന്നീട് കച്ചേരിപ്പടി യിലേക്ക് മാറ്റുകയാണുണ്ടായത്. പിന്നീട് ഇവിടെ എയ്ഡ്ഡ് എൽ പി സ്കൂൾ മാത്രമായി ചുരുങ്ങി. ഈ സ്കൂളിൽ നിന്നും പഠനം തുടങ്ങി ഇവിടെത്തന്നെ അധ്യാപകനായ സേവനമനുഷ്ഠിച്ച സാഹിത്യകാരനായ വലിയോറ വിപി ഇന്നും നമുക്ക് അഭിമാനമാണ്. അങ്ങനെ ഉന്നതങ്ങളിൽ എത്തിയ എത്ര എത്ര പേരുകൾ. പല ദിശങ്ങളിലായി ആയി ജീവിക്കുന്നു.

1928 ൽ സ്ഥാപിച്ച സ്കൂൾ അഞ്ചാം ക്ലാസ്സ്‌ വരെ ആയിരുന്നു ആദ്യം. എന്നാൽ അഞ്ചു വർഷത്തിന് ശേഷം അതായത് 1933ൽ ഇവിടെ നിന്നും അഞ്ചാം ക്ലാസ്സ്‌ മാറ്റി നാലാം തരം വരെയാക്കി.1947 കാലഘട്ടത്തിൽ 165 ഓളം അഡ്മിഷനുകൾ മാത്രമേ ഉണ്ടായിരുന്നു ഒള്ളൂ. എന്നാൽ ക്രമേണ ഈ വിദ്യാലയം വിദ്യാർത്ഥികളുടെ എണ്ണം കൊണ്ട് മെച്ചപ്പെട്ട ഒരു സ്ഥാപനം ആയി വളർന്നു വന്നു.

സ്കൂളിന്റെ വളർച്ചയിൽ തങ്ങളുടേതായ കടമ നിർവഹിച്ച ഈ പ്രദേശത്തെ ജനതയുടെ ഒടുങ്ങാത്ത ഒരാഗ്രഹം ആയിരുന്നു ഇതിനെ ഒരു യു പി സ്കൂൾ ആക്കി ഉയർത്തുക എന്നത്. അതിനു വേണ്ടി ആയിരത്തോളം ആളുകൾ ഒപ്പിട്ട ഒരു മാസ് പെറ്റീഷൻ അന്നത്തെ ഭരണ സാരഥികൾക്ക് സമപ്പിക്കുകയുണ്ടായി.1962 കാലഘട്ടത്തിൽ ആയിരുന്നു ഈ ശ്രമം. അവശ്യ അനുഭാവപൂർവം പരിഗണിക്കുകയും 1962 ൽ തന്നെ യു പി സ്കൂൾ ആയി ഉയർത്തുകയും ചെയ്തു. പിന്നീട് ഉള്ള കാലങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണം അടിക്കടി വർധിക്കുകയും അതനുസരിച്ചു ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുകയും ചെയ്തു. അതോടെ ഇത് വലിയ ഒരു സ്ഥാപനം ആയി വളർന്നു. ഇന്ന് 30 ഡിവിഷനുകളിലായി 1200 ൽ അധികം വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനം ആണിത്.39 അധ്യാപകരും ഒരു ഓഫീസ് അറ്റന്ററും അടക്കം ഉള്ള വലിയ  ടീം തന്നെയാണ് ഈ സ്ഥാപനത്തെ സജീവമാക്കി കൊണ്ട് പോകുന്നത്. അവർക്കു ഒരു തണലായി പി ടി എ കമ്മിറ്റിയും മാനേജ്മെന്റും പ്രവർത്തിച്ചു വരുന്നു.

ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ്‌ വരെ 14 ഇംഗ്ലീഷ് മീഡിയം ക്ലാസും 16 മലയാളം മീഡിയം ക്ലാസ്സുകളും ഇന്ന് പ്രവർത്തിക്കുന്നു. പല ക്ലാസ്സ്‌ റൂമുകളും പ്രൊജക്ടർ അടക്കം ഉള്ള സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ ആയി ആണ് പ്രവർത്തിക്കുന്നത്.കമ്പ്യൂട്ടർ പഠനത്തിനായി വിപുലമായ സൗകര്യത്തോടെ ബാവ മാസ്റ്റർ മെമ്മോറിയൽ കമ്പ്യൂട്ടർ സെന്ററിന്റെ പ്രവർത്തനവും നടന്നു വരുന്നു. കേരള സർക്കാറിന്റെ ലൈബ്രറി നവീകരണ പരിപാടിയുടെ ഭാഗമായി സ്കൂളിലെ രക്ഷിതാക്കളുടെയും അധ്യാപകരുടെയും സംയുക്ത പ്രവത്തനത്തിന്റെ ഫലമായി മികച്ച ഒരു ലൈബ്രറി തന്നെ ഇവിടെ പ്രവർത്തിക്കുന്നു.കുട്ടികളുടെ യാത്രാപ്രശ്നം പരിഹരിക്കാൻ സ്കൂൾ ബസും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.രണ്ട് ഏക്കറോളം സ്ഥലത്തായി ഈ സ്ഥാപനം ഈ പ്രദേശത്തിന് ഒരു തിലകച്ചാർത്തായി തലയെടുപ്പോടെ ഉയർന്നു നിൽക്കുന്നു.1928 സ്ഥാപിതമായ ഈ സ്കൂൾ പ്രദേശത്തെ വിദ്യഭ്യാസ പുരോഗതിയിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.